Tuesday, July 31, 2012

അനുപമയുടെ യാത്ര

 അനുപമ ഹസ്തിനപുരം കൊട്ടാര അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ കുമാരന്‍ ദേവവ്രതന്‍ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹം സാകൂതം നോക്കി. പിന്നെ സ്വത സിദ്ധമായ ഗാംഭീര്യ ശബ്ദത്തില്‍ അവളോട് ആരാഞ്ഞു.

“നീ ആരാണ്..?നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ .അയല്‍ രാജ്യത്ത് നിന്നോ മറ്റോ വന്നതാണോ..?”

“ഞാന്‍ അനുപമ. കലിയുഗത്തില്‍ ജീവിക്കുന്നവള്‍. അങ്ങയെ കാണുവാനുള്ള അതിയായ മോഹം കൊണ്ടു യുഗങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിച്ച് ഇവിടെ എത്തിയതാണ്."

“എന്നെ കണ്ടിട്ട് നിനക്കെന്തു സാധിക്കാനാണ്..?’

“അങ്ങയുടെ ആരാധികയായി ഈ ഹസ്ഥിനപുരത്തില്‍ ജീവിക്കുക. അങ്ങയുടെ സുഖ ദുഖങ്ങളില്‍ പങ്കു ചേരുക.”

“എന്‍റെ ആരാധികയോ..?അത്ഭുതമായിരിക്കുന്നു. അത്ര മാത്രം എനിക്കെന്തു മേന്മയാണുള്ളത്..?”

“സ്വന്തം പിതാവിന്‍റെ ഇച്ഛ നിറവേറ്റുന്നതിനായി പ്രതിജ്ഞയെടുത്ത അങ്ങയെ ആരാധിക്കുകയും ആഗ്രഹിക്കുകയും ചെയ്യാത്ത പെണ്‍കുട്ടികള്‍ കാണുമോ....?"

“എന്നെ ആഗ്രഹിച്ചിട്ടു കാര്യമില്ല കുട്ടി. ഞാന്‍ അചഞ്ചലമായ ഒരു ശഫഥം എടുത്തവനാണെന്നു അറിയില്ലേ..?”

“അത് വിഡ്ഢിത്തമായിരുന്നു എന്ന് കാലം തെളിയിചില്ലേ..?”

“അതെങ്ങനെ എനിക്ക് മനസ്സിലാക്കാനാകും...? ഞാന്‍ നിന്നെപ്പോലെ കാലത്തിനു മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആളല്ലല്ലോ. എന്‍റെ തീരുമാനത്തില്‍ ഞാന്‍ സന്തോഷവാനാണ്. അച്ഛന് രണ്ടാണ്‍മക്കള്‍ പിറന്നിരിക്കുന്നു. ചിത്രാംഗതനും വിചിത്ര വീര്യനും. അച്ഛന്‍റെ കാലശേഷം അവരുണ്ട് ഈ ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍.”

“എന്നെ ഈ കൊട്ടാരത്തില്‍ താമസിപ്പിക്കുവാന്‍ ദയവുണ്ടാകണം.”

“ശരി. പക്ഷേ അനുപമ എന്ന പേര് ഇവിടവുമായി ഇണങ്ങുന്ന ഒന്നല്ല,നീ ഉമ എന്ന പേരില്‍ അന്തപ്പുര തോഴിയായി ഇവിടെ കഴിഞ്ഞു കൊള്ളൂ. ആഗ്രഹിക്കുമ്പോഴെല്ലാം നിനക്ക് ഞാനുമായി സംവദികുകയും ആകാം”. അനുപമ ഉത്സാഹത്തോടെ അന്തപ്പുരം ലക്ഷ്യമാക്കി നടക്കുന്നു.

ലാപ്‌ ടോപ്പിനു മുന്നില്‍ കണ്‍ മിഴിച്ച് സ്വപ്നം കണ്ടിരുന്ന അനുപമയെ മുറിയിലേക്ക്‌ കടന്നു വന്ന അഭിഷേകിന്‍റെ ശബ്ദമാണ് ഉണര്‍ത്തിയത്.

“ഞാന്‍ വിചാരിച്ചു നീ ഏതോ സിനിമാ സീഡി കാണുകയാണെന്ന്. ഇതേതാ ഈ പുരാണ സീരിയല്‍..?”

അഭിഷേകിന്‍റെ ശബ്ദം കേട്ട അനുപമ തലയുയര്‍ത്തി നോക്കി.

“ഇത് പഴയ മഹാഭാരതം സീരിയലാ അഭിഷേക്. എന്‍റെ കൂട്ടുകാരി ഹിമ അവളുടെ അമ്മൂമ്മക്ക് വേണ്ടി വാങ്ങിയ സീഡികളാണ്. എന്‍റെ ബാഗില്‍ കിടന്നത് കൊണ്ട് വെറുതെ ഒന്ന് നോക്കിയെന്നേ ഉള്ളു. കണ്ടു തുടങ്ങിയപ്പോള്‍ നല്ല ഇന്ട്രെസ്റ്റ്. ഇപ്പോള്‍ മുഴുവനും കാണണമെന്നു തോന്നുന്നു. നമ്മള്‍ അറിഞ്ഞിരിക്കുന്ന കഥകള്‍ വിഷ്വലൈസു ചെയ്തു കഴിയുമ്പോഴുള്ള ആ ഡിഫ്ഫെറന്‍സ് ഉണ്ടല്ലോ ...ദാറ്റ്‌ ഈസ്‌ ഗ്രേറ്റ്‌.”

“അപ്പോള്‍ ഇന്ന് ഫിലിമിനു പോകാമെന്ന് പറഞ്ഞത് നീ മറന്നോ..? ”

“ഓ...ഞാനത് മറന്നു. സാരമില്ല സമയമുണ്ടല്ലോ ഒരു പത്തുമിനിറ്റ്. ഞാന്‍ റെഡി.” ലാപ്‌ ടോപ്പ്‌ അടച്ചു വെച്ചുകൊണ്ടവള്‍ പറഞ്ഞു.

വിവാഹ നിശ്ചയിച്ചതിനു ശേഷം വീട്ടുകാരുടെ അനുവാദത്തോടെ അനുപമയോടൊപ്പം പുറത്തു പോകുന്നതിന്‍റെ ഉത്സാഹം അഭിഷേകിന്‍റെ മുഖത്തുണ്ടായിരുന്നു.

“ഞങ്ങള്‍ പോയി വരാം അമ്മെ....”

എന്ന് പറഞ്ഞു അഭിഷേകിനൊപ്പം കാറില്‍ കയറുമ്പോഴും അനുപമയുടെ മനസ്സില്‍ പാതി നിര്‍ത്തിക്കളഞ്ഞ രംഗങ്ങളായിരുന്നു.

രാത്രി ഉറക്കം ഇളച്ചു ‘മഹാഭാരതം’ കണ്ടു കൊണ്ടിരിക്കുമ്പോഴും അനുപമയുടെ മനസ്സില്‍ മറ്റു കഥാ പാത്രങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് ചലനം സൃഷ്ടിക്കാനായില്ല. അവള്‍ ദേവവ്രതന്‍റെ ആരാധികയായി ഹസ്ഥിനപുരമാകെ ചുറ്റി നടന്നു. യുദ്ധമുറകള്‍ പരിശീലനം ചെയ്യുന്ന ഗംഗാദത്തനെ ആരാധനയോടെ നോക്കിക്കണ്ടു. അദ്ദേഹത്തോടൊപ്പം ഗംഗാ മാതാവിനെ നമസ്കരിച്ചു. പുലര്‍ച്ചെ എപ്പോഴോ ലാപ്‌ ടോപ്പിനു മുന്നില്‍ തല ചായ്ച് ഉറങ്ങിപ്പോയ അനുപയെ രാവിലെ അമ്മയാണ് വിളിച്ചുണര്‍ത്തിയത്.

“എന്തായിത്..? അനൂ...നിനക്കിന്നു ഒഫീസില്ലേ..?”

അനുപമ ചാടി എഴുന്നേറ്റു കണ്ണ് തുറന്നു. ഓഫീസില്‍ പോകുവാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മയെ നോക്കി. എന്നിട്ട് പതുക്കെ ഉരുവിട്ടു.

“അമ്മേ...ഗംഗ..”

“ഗംഗയോ..? ഏതു ഗംഗ...?”

സ്വബോധം വീണ്ടു കിട്ടിയ അനുപമ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കിയ ശേഷം “അയ്യോ ഇത്രേം സമയമായോ..?അമ്മയ്ക്കെന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ..” എന്ന് പറഞ്ഞു കൊണ്ടു ധൃതിയില്‍ ബാത്ത് റൂമിലേക്കോടി.

“അടുത്ത മാസം വേറൊരു വീട്ടില്‍ ചെന്ന് കയറേണ്ട കുട്ടിയാ. ഓരോരോ ശീലങ്ങള്‍. ”ബാഗിനുള്ളിലേക്ക് ടിഫിന്‍ കാരിയര്‍ വെക്കുന്നതിനിടെ അവര്‍ പിറുപിറുത്തു.

“അനൂ നിന്‍റെ...ബ്രേക്ക്‌ഫാസ്റ്റ് മേശപ്പുറത്തുണ്ട് എനിക്ക് പോകാറായി. അച്ഛനിതാ കാര്‍ സ്റ്റാര്‍ട്ടാക്കുന്നു ” അമ്മ ധൃതിയില്‍ കുളിമുറിയുടെ മുന്നില്‍ വന്നു പറഞ്ഞു.

“ഈ കുട്ടിയുടെ ഒരു കാര്യം. ഓഫീസില്‍ പോലും സമയത്തിനു പോകില്ല.” അകന്നു പോകുന്ന അമ്മയുടെ ശബ്ദം കേട്ട അനുപമ കുളിച്ചു തോര്‍ത്തുന്നതിനിടെ ചിരിച്ചു.

“കുട്ടീ..അനൂ..ഈ സീഡികള്‍ തിരിച്ചു കൊടുക്കാറായില്ലേ...? ഇതിപ്പോള്‍ എത്ര പ്രാവശ്യമാ നീയീക്കാണുന്നത്...?

രാവിലെ തന്നെ ലാപ്‌ ടോപ്പിനു മുന്നിലിരിക്കുന്ന അനുപമയോട് തെല്ല് ഈര്‍ഷ്യയോടെ ആണവര്‍ ചോദിച്ചത്. അനുപമ അത് കേട്ടില്ലെന്നു തോന്നുന്നു. സീരിയലില്‍ ഭീഷ്മരുടെ പല പ്രായത്തിലുള്ള മുഖങ്ങളെ വിശകലനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവളപ്പോള്‍.

“ഇന്ന് ഓഫീസില്‍ പോകുന്നില്ലേ.നീ..? ഇന്നും വൈകി പോകാനാണോ ഉദ്ദേശം..? “

“ഇന്ന് ലീവാ..” അനുപമ തല ഉയര്‍ത്താതെ പറഞ്ഞു.

“ങേ..ലീവോ..? ലീവെല്ലാം ഇപ്പോഴേ തീര്‍ത്ത്‌ കഴിഞ്ഞാല്‍ പിന്നെ കല്യാണമാകുമ്പോള്‍ എന്ത് ചെയ്യും...?

അനുപമ അത് കേട്ടതായി ഭാവിച്ചില്ല. മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ കുറച്ചു നേരം കൂടി അവളുടെ മുറിയുടെ വാതിലിനടുത്ത് നിന്ന ശേഷം അമ്മ തിരികെപ്പോയി.

അന്ന് അനുപമയുടെ ഫോണില്‍ അഭിഷേകിന്റെ കോളുകള്‍ വന്നിട്ടും അവള്‍ അറിഞ്ഞില്ല. അവളുടെ ശ്രവണേന്ദ്രിയത്തില് അപ്പോള്‍ ഫോണിന്റെ റിംഗ് ടോണിനേക്കാള്‍ ഉച്ചത്തില്‍ ഭാരത യുദ്ധ കാഹളം മുഴങ്ങുകയായിരുന്നു. അന്തരീക്ഷം ആകെ ശബ്ദാനമയം..കുതിരക്കുളമ്പടികള്‍..ആനകളുടെ ഉച്ചത്തിലുള്ള ചിഹ്നം വിളികള്‍....അസ്ത്രങ്ങള്‍ ചീറിപ്പായുമ്പോഴുള്ള മൂളക്കങ്ങള്‍...മുറിവേറ്റു കിടക്കുന്ന പോരാളികള്‍ അവളെ വേദനിപ്പിച്ചു.

വൈകുന്നേരം ഓഫീസ്‌ വിട്ടു വരുന്ന വഴി ദേഷ്യത്തോടെ വീടിനുള്ളിലേക്ക് കയറി വരുന്ന അഭിഷേകിനെ സിറ്റ്ഔട്ടില്‍ നിന്ന അനുപമയുടെ അമ്മ തെല്ല് ആശങ്കയോടെയാണ് നോക്കിയത്.

“എത്ര പ്രാവശ്യമാണെന്നോ ആന്റീ ഞാന്‍ അവളെ വിളിച്ചത്. ഒന്ന് അറ്റെന്‍റ് ചെയ്തതു പോലുമില്ല. ഓഫീസില്‍ വരാതെ സീഡിയും കണ്ടിരിക്കുകയാണെന്നു ആന്‍റി പറഞ്ഞിട്ടും എനിക്ക് വിശ്വാസം വന്നില്ല. ഇവളെന്താ ഈ കാട്ടിക്കൂട്ടുന്നത് ..?”

അമ്മ ഒന്നും മിണ്ടാനാവാതെ അഭിഷേകിന്‍റെ ദേഷ്യം സ്ഫുരിക്കുന്ന മുഖത്തേക്ക്‌ നോക്കി നിന്നു.

“അനൂ..നിനക്ക് ഫോണെടുക്കാന്‍ വയ്യാത്ത എന്ത് പ്രോബ്ലാമാണുള്ളത്..?”

മുറിയില്‍ വന്ന അഭിഷേക് അവളോടു കോപത്തില്‍ ആരായുമ്പോമ്പോഴും അയാള്‍ വന്നു കയറിയതറിയാതെ അവള്‍ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു.

“എന്തെങ്കിലും ഒന്ന് പറയൂ..അനൂ..” ക്ഷമ നശിച്ച അയാളുടെ ശബ്ദം ഉയര്‍ന്നു.

അനുപമ ഭാവഭേദമില്ലാത്ത കണ്ണുകള്‍ ഉയര്‍ത്തി അഭിഷേകിനെ നോക്കി. വീണ്ടും സ്ക്രീനിലേക്ക് കണ്ണയച്ചു ഒരു പ്രാസംഗികയെപ്പോലെ പറയാന്‍ തുടങ്ങി.

“അഭിഷേക്, ഈ ഗംഗാദത്തന്‍ എന്നോ ദേവവ്രതന്‍ എന്നോ മാത്രം ഭീഷ്മര്‍ അറിയപ്പെടുന്നതായിരുന്നു നല്ലത് അല്ലെ..? ബുദ്ധി ശൂന്യമായ ഒരു ശഫഥത്തിന്‍റെ പേരില്‍ ഒരാളുടെ പേര് മാറുക. വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്..?”

"നിനക്കിതെന്തു പറ്റി..? നീ ഇതെന്തൊക്കെയാണ് പറയുനത്..?"

“ഞാന്‍ പറഞ്ഞതില്‍ എന്താ കുഴപ്പം..? വ്യാസന്‍ ഒരു തെറ്റ് എഴുതി വെച്ചാല്‍ നമ്മള്‍ അത് അംഗീകരിക്കണം എന്നുണ്ടോ..?" അനുപമ വിട്ടു കൊടുക്കുവാന്‍ ഉദ്ദേശമില്ലാതെ പുലമ്പി.

“നിന്നെ ഇന്ന് ഓഫീസില്‍ കണ്ടില്ലല്ലോ..നീയാ ഫോണെടുത്തു നോക്ക് എന്‍റെ എത്ര മിസ്സ്ഡ് കോളുകള്‍ അതില് ഉണ്ടെന്ന്” അഭിഷേകിനു ക്ഷമ നശിച്ചു കഴിഞ്ഞു.

അനുപമ അത് ശ്രദ്ധിക്കാതെ സ്ക്രീനില്‍ സ്റ്റില്‍ ചെയ്തു വെച്ചിരിക്കുന്ന ഭീഷ്മരുടെ മുഖത്തേക്ക് നോക്കി വീണ്ടും അവനോടെന്തോ പുലമ്പി.

“നിനക്ക് വട്ടാണ്...”

അഭിഷേക് സമനില വിട്ടു പൊട്ടിത്തെറിച്ചു. അവന്‍റെ ഭംഗിയുള്ള മുഖത്ത് വിരിഞ്ഞ കോപത്തിന്‍റെ അലകള്‍ അവളെ സ്പര്‍ശിച്ചതേ ഇല്ല. അവനെ ഒരു നിമിഷം നോക്കിയ ശേഷം അവള്‍ വീണ്ടും സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.

ചായക്കപ്പുമായി മുറിയിലേക്ക്‌ വന്ന അമ്മ ധൃതിയില്‍ തിരികെ പോകാന്‍ ഒരുങ്ങുന്ന അഭിഷേകിനെയാണ് കണ്ടത്‌. ചോദ്യ ഭാവത്തില്‍ നിന്ന അമ്മയോടു അയാള്‍ ക്രുദ്ധനായി പറഞ്ഞു.

“അവള്‍ക്കു വട്ടാ... മുഴുത്ത വട്ട് ... വേഗം കൊണ്ടു പോയി ചികിത്സിക്ക്..”

പുറത്ത്‌ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ട് അവര്‍ ശിലയായി നിന്നു.

ആകുലനായിരിക്കുന ഗംഗാദത്തന്‍റെ അടുത്ത്‌ അനുപമ എത്തി.

“എന്ത് പറ്റി..? അങ്ങാകെ പരീക്ഷിണനാണല്ലോ..?”

“അനുപമ.. നീ ഇപ്പോഴും ഇവിടുണ്ടോ..?”

അതെ...ഞാന്‍ അങ്ങയോടൊപ്പം ഇവിടെത്തന്നെയുണ്ട്. രാജ്യ കാര്യങ്ങളുടെ തിരക്കില്‍ എന്നെ അങ്ങ് കാണുന്നില്ല എന്നെ ഉള്ളു മനസ്സിന്‍റെ ഐക്യം കൊണ്ടു അങ്ങയുടെ വിചാര വികാരങ്ങള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.”

“നീ ചിത്രാംഗദന്‍റെ മരണ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ. ഇനി വിചിത്ര്യ വീര്യനിലാണ് എന്‍റെ എല്ലാ പ്രതീക്ഷയും. താമസിയാതെ വിചിത്രവീര്യന് പറ്റിയ ഒരു വധുവിനെ തേടണം... ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍ ഒരു അനന്തരാവകാശി ഉണ്ടായല്ലേ പറ്റൂ. കാശിരാജവിന്‍റെ മൂന്നു കന്യകമാരുടെയും സ്വയംവരം വിളംബരം ചെയ്തിരിക്കുന്നു. പക്ഷേ വിചിത്രവീര്യനെക്കൊണ്ട് ആ സ്വയംവരത്തില്‍ ജയിക്കാനാകുമെന്നു തോന്നുന്നില്ല.”

“പിന്നെന്തു ചെയ്യും..?”

ഞാന്‍ ഒന്ന് തീരുമാനിച്ചു കഴിഞ്ഞു ഞാന്‍ തന്നെ കാശിയില്‍ ചെന്ന് കന്യകമാരെ ഹസ്ഥിനപുരത്തു കൊണ്ടു വന്നു വിചിത്രവീര്യന്‍റെ മാഗല്യം നടത്തും. ഞാന്‍ അതിനായി ഉടനെ പുറപ്പെടുകയാണ്."

“ഞാന്‍ അങ്ങേക്ക് യാത്രാ മംഗളങ്ങള്‍ നേരുന്നു.”

പരിവാരങ്ങളുമായി രഥത്തില്‍ കയറി യാത്രയാകുന്ന ദേവവ്രതനെ അനുപമ സന്തോഷത്തോടെ യാത്രയാക്കി.

"കാശീ രാജ്യത്തെ കുമാരിമാര്‍ ഇവിടെ എത്തിയിട്ടും അങ്ങ് സന്തോഷവാനല്ലല്ലോ. അങ്ങയുടെ ഉദ്യമം സഫലമായിട്ടും അങ്ങ് വീണ്ടും അസ്വസ്ഥനാകുന്നതെന്ത്‌...? വിചിത്ര വീര്യന്‍റെ മാഗല്യത്തിനു എന്താണിനിയും താമസം..? ”

“അസ്വസ്ഥതക്ക് കാരണം ഉണ്ട് അനുപമ. കന്യകകളില്‍ ഒരുവളായ അംബ സ്വാല രാജാവിന്‍റെ കാമുകിയാണെന്ന്‍ ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ്.”

“അവളെ തിരിച്ചയക്കൂ....മനസ്സില്‍ മറ്റൊരു പുരുഷനെ വെച്ച് എങ്ങനെ അവള്‍ക്ക് വിചിത്ര്യവീര്യനെ വരിക്കാനാവും..?”

“നിന്‍റെ വാക്കുകളെ ഞാന്‍ മാനിക്കുന്നു. അവളെ ഞാന്‍ തിരികെ കൊണ്ടു വിടാം.”

“അനൂ..എന്താ മോളേ പ്രശ്നം .? ഇന്ന് നീയെന്താ ഓഫീസില്‍ പോകാതിരുന്നത്..? ഇന്ന് അഭിഷേക് വന്നിട്ട് അവന്‍ പിണങ്ങിപ്പോയെന്നു അമ്മ പറഞ്ഞല്ലോ..?മോള്ക്കിതെന്തു പറ്റി..?”

സൌമ്യനായി അടുത്തു വന്നു ചോദിക്കുന്ന അച്ഛന്‍റെ മുഖത്തേക്ക് ലാപ്പ് ടോപ്പില്‍ നിന്നും കണ്ണെടുത്ത അനുപമ മിഴിച്ചു നോക്കി.

“ഒരു ദിവസം ലീവെടുക്കണം എന്ന് തോന്നി ഇവിടെ ഇരുന്നതാണച്ഛാ. അതിനു അഭിഷേക് ഇവിടെ വന്നു വല്ലാതങ്ങു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ചായ പോലും കുടിച്ചില്ല എന്ന് പറഞ്ഞു അമ്മയും എന്‍റെ നേരെ വഴക്കിനു വന്നു.."

“മോളു വാ..വന്നു ഭക്ഷണം കഴിക്ക്.അഭിഷേക് കുറച്ചു മുന്പെന്നെ വിളിച്ചിരുന്നു. അവനു പിണക്കമൊന്നും ഇല്ല. ഇനി അങ്ങനൊന്നും ഉണ്ടാവാതെ നോക്കണം.” അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

അത്താഴ മേശയില്‍ തളര്‍ന്നിരുന്നു ഭക്ഷണം കഴിക്കുന്ന അമ്മയെ അവള്‍ കളി പറഞ്ഞു ചിരിപ്പിച്ചു . ഊണ് കഴിഞ്ഞ ഉടനെ തന്നെ അഭിഷേകിനെ വിളിച്ചു ‘സോറി’ പറയുന്നത് കേട്ട അമ്മ ആശ്വാസത്തോടെ അച്ഛനെ നോക്കി.

കാലം നീങ്ങുന്നതനുസരിച്ചു ഹസ്ഥിനപുരത്തിലെ മാറ്റങ്ങള്‍ പഠിക്കുന്ന അനുപമ വീണ്ടും ദുഖിതനായ ഭീഷ്മര്‍ക്കൊപ്പം എത്തുന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന അനുപമയെ നോക്കി ഭീഷമര്‍ എല്ലാം തകര്ന്നവനെപ്പോലെ പുലമ്പി.

“എന്‍റെ വിചിത്ര വീര്യന്‍ മരണപ്പെട്ടു കഴിഞ്ഞു. ഈ ഹസ്ഥിനപുരത്തിനു ഇനി ആരുണ്ട്. ..?”

‘വാര്ധക്യത്തിലേക്ക് പ്രാവേശിച്ചു തുടങ്ങിയെങ്കിലും താങ്കള്‍ക്കു ഇനിയും വിവാഹമാകാം ദേവവ്രതാ. ഹസ്ഥിനപുരം നാഥനില്ലാതാകുന്നതിനേക്കാള്‍ വലുതാണോ താങ്കളുടെ ശഫഥം..? ഹസ്ഥിനപുരത്തിന്‍റെ നന്മയല്ലേ അങ്ങാഗ്രഹിക്കുന്നത്...?”

“എന്‍റെ പിതാവിന് ഞാന്‍ കൊടുത്ത വാക്ക് എനിക്ക് പാലിച്ചേ പറ്റൂ. പക്ഷേ അത് പോലെ തന്നെ എനിക്ക് വിലപ്പെട്ടതാണ് ഈ കുരു വംശത്തിന്‍റെ നില നില്‍പ്പ്. മാതാവ് സത്യവതിയുടെ ആദ്യ പുത്രനായ വ്യാസനെ വരുത്തി ഞാന്‍ ഈ കുരു വംശം നില നിര്‍ത്തും.”

കുട്ടികളായ ധൃതരാഷ്ടരെയും പാണ്ഡുവിനെയും ഉദ്യാനത്തിലിരുത്തി കളിപ്പിക്കുന്ന ഗംഗാദത്തന്‍റെ അടുത്തു അനുപമ എത്തുന്നു.

“ഇപ്പോള്‍ അങ്ങയുടെ ആകുലതകള്‍ എല്ലാം മാറിക്കാണുമല്ലോ...അങ്ങ് എത്ര സന്തോഷവാനായിരിക്കുന്നു.”

”അതെ..ഞാന്‍ ഇപ്പോള്‍ അതീവ സന്തുഷ്ടനാണ്. എന്‍റെ ഹസ്ഥിനപുരത്തെ വരും കാല നാഥരാണിവര്‍." പാണ്ഡുവിനെയും ധൃതരാഷ്ട്രരെയും ചേര്‍ത്തണച്ചുകൊണ്ട് കൊണ്ടു സന്തോഷത്തോടെ ഗംഗാദത്തന്‍ പറഞ്ഞു.

“അങ്ങു സന്തോഷവാനായി ഇരിക്കുന്നത് കാണുന്നത് തന്നെ എന്‍റെ സന്തോഷം..”

രാവേറെ ചെന്നിട്ടും അനുപമയുടെ മുറിയില്‍ വെള്ച്ചം കണ്ട അമ്മ സംശയത്തോടെയാണ് അനുപമയുടെ മുറിയിലേക്ക് ചെന്നത്.

“മോളേ അനൂ,നിനക്ക് ഉറങ്ങാറായില്ലേ...? എന്നും ഇങ്ങനെ വൈകി ഉറങ്ങിയാല്‍ രാവിലെ എങ്ങനെ ഉണരും..?”

ഉറക്കച്ചടവുള്ള കണ്ണുകളുമായി സ്ക്രീനില്‍ നോക്കിയിരുന്ന അനുപമ അമ്മയെ ഈര്ഷ്യയോടെ തല ഉയര്‍ത്തി നോക്കി.

“ഞാനുറങ്ങി കൊള്ളാം .അമ്മ പൊയ്ക്കൊള്ളു”.

“രണ്ടു ദിവസമായി നീ ഓഫീസില്‍ പോയിട്ട് അതോര്‍മ്മ വേണം. വെളുക്കും വരെ ലാപ്‌ ടോപ്പിനു മുന്നില്‍ ഉറങ്ങാതിരിക്കുക, ഉച്ചയാകുമ്പോള്‍ ഉണരുക. എന്താ നിന്‍റെ ഉദ്ദേശം..?”

അമ്മ ദേഷ്യത്തോടെ പറഞ്ഞിട്ട് പോകുന്നത് കണ്ട അനുപമ ലൈറ്റണച്ചു ഉറങ്ങാന്‍ കിടന്നു.

ഭാരത യുദ്ധത്തിന്‍റെ തലേ നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ക്ഷീണിതനായ ഗംഗാദത്തന്‍ എന്ന വൃദ്ധന്‍ അനുപമയെ സമീപത്തു കണ്ടു തളര്‍ന്ന കണ്ണുകളോടെ ഒന്നും മിണ്ടാനാവാതെ അവളെ നോക്കുന്നു.

“നാളെ നടക്കാന്‍ യുദ്ധത്തെപ്പറ്റി താങ്കള്‍ക്ക് എന്നോടൊന്നും പറയാനില്ലേ..?”

“ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കെതിരെ ആയുധമുയര്‍ത്തേണ്ടി വരുന്ന എന്‍റെ ധര്‍മ്മ സങ്കടം നീ മനസ്സിലാക്കുന്നില്ലേ അനുപമ..? ഞാനെന്തു ചെയ്യണം..? യുദ്ധഭൂമിയില്‍ ഇരു പക്ഷവും ശത്രുക്കളെങ്കില്‍ എനിക്കവര്‍ ശത്രുക്കളല്ല. കൌരവരും പാണ്ഡവരും തമ്മില്‍ എനിക്കെന്തന്തരം..? പക്ഷെ എനിക്കെന്‍റെ ഹസ്ഥിനപുരത്തെ കാത്തു സൂക്ഷിച്ചേ പറ്റൂ. എന്‍റെ ഈ ജന്മത്തിലെ നിയോഗം എനിക്ക് മറക്കാനാവില്ലല്ലോ.”

“അതെ....അങ്ങ് അങ്ങയുടെ നിയോഗമനുസരിച്ചു പ്രവര്‍ത്തിക്കൂ.’

രാവിലെ തന്നെ കുളിച്ചു വന്ന അനുപമ നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നു മേക്ക്‌അപ്പ് ചെയ്യുന്നത് കണ്ട അനുപമയുടെ അമ്മ ചിന്താ ഭാരത്തോടെ പത്രവും പിടിച്ചിരുന്ന അച്ഛന്‍റെ അടുത്തു വന്നു ആശ്വാസത്തോടെ പറഞ്ഞു.

“എന്റീശ്വരാ..എന്തൊക്കെയായിരുന്നു ഈ രണ്ടു ദിവസം ഈ കുട്ടി കാട്ടി കൂട്ടിയത്‌. ഇന്നിപ്പോള്‍ ദാ...നോക്കൂ.. ഓഫീസില്‍ പോകുവാനൊരുങ്ങുന്നുണ്ട്. വെറുതെ എന്‍റെയും രണ്ടു ദിവസത്തെ ലീവു കളഞ്ഞു. ഇവള്‍ക്ക് പനി പിടിച്ചത് കൊണ്ട് വരാതിരുന്നതെന്നാ ഞാന്‍ ചോദിച്ചവരോടൊക്കെ പറഞ്ഞത്‌. ഇനിയൊന്നു സമാധാനമായി ഓഫീസില്‍ പോകാമല്ലോ.”

“ഇതാ നിന്‍റെ സ്വഭാവം. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അത് മാത്രമോ എന്നെയും ഭയപ്പെടുത്തും. നീയും സമയം കളയാതെ ഓഫീസില്‍ പോകുവാന്‍ നോക്ക് .”

അനുപമയെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വിളിക്കാന്‍ മുറിയില്‍ ചെന്ന അമ്മ അവളെ കണ്ടമ്പരന്നു.

വിവാഹ നിശ്ചയത്തിനു ധരിച്ച ലഹങ്കയുമണിഞ്ഞു നില്‍ക്കുന്നു.

“അനൂ...ഇത് നിശ്ചയത്തിനു വാങ്ങിയ ഡ്രെസ്സല്ലേ..? നീയെന്താ ഇതിട്ടു കൊണ്ട് പോകുന്നത്..?” അവര്‍ സംശയത്തോടെ ആരാഞ്ഞു.

“അവിടെങ്ങനാമ്മേ...ക്യാഷ്വല്‍ ഡ്രെസ്സ് ഇടുക..?”

“നീയെന്നും ക്യാഷ്വലിലല്ലേ ഓഫീസില്‍ പോകാറുള്ളത്‌..?”

“ഓഫീസിലോ..?ഓ...ഞാന്‍ അമ്മയോട് പറയാന്‍ മറന്നു. ഞാന്‍ ഇന്ന് ഹസ്ഥിനപുരത്തേക്കാണ്.”

കണ്ണാടിയിലേക്ക് നോക്കി അലുക്കുകളുള്ള ദുപ്പട്ട തലയിലൂടെ ഇട്ടു പിന്‍ ചെയ്തു കൊണ്ടു അനുപമ പറഞ്ഞു. അവളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഏതോ പുരാണ സീരിയലില്‍ നിന്നും ഇറങ്ങിവന്ന കഥാ പാത്രമാണെന്ന്‍ അവര്‍ക്ക് തോന്നി. കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങള്‍. മുഖത്ത് കനത്ത മേക്കപ്പ് !!!!!!

“ഇതെന്തൊക്കെയാ മോളെ ഇപ്പറയുന്നത്...? ഹസ്ഥിനപുരത്തെക്കോ..? ആ ഡ്രെസ്സ് മാറിയിട്ട് വെറുതെ അതുമിതും പറയാതെ ഓഫീസില്‍ പോകാന്‍ നോക്ക്.” അവര്‍ ഭയാശങ്കയോടെ പറഞ്ഞു.

“എനിക്കൊരാള് വിഷമിക്കുന്നത് നോക്കി നില്‍ക്കാനാവില്ല അമ്മേ....എനിക്ക് പോയേ പറ്റൂ..” എന്ന് പറഞ്ഞു കൊണ്ടു അമ്മയെ തട്ടി മാറ്റി പുറത്തേക്കിറങ്ങുവാന്‍ തുടങ്ങുന്ന അവളെ തടഞ്ഞു കൊണ്ടു അമ്മ ഉറക്കെ കരഞ്ഞു തുടങ്ങി.

“ഒന്നിങ്ങു വരൂ..ഇവള്ക്കെന്തോ സുഖമില്ലാത്തപോലെ....”

പരിഭ്രാന്തനായി ഓടി വന്ന അച്ഛനെയും ശ്രദ്ധിക്കാതെ അനുപമ പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു....

അച്ഛന്‍ അവളെ വീടിനുള്ളിലേക്ക് വലിച്ചിഴക്കുന്നത് നോക്കി നില്‍ക്കാനെ അമ്മക്ക് കഴിഞ്ഞുള്ളൂ. വഴിയിലൂടെ പോകുന്നവര്‍ ആരെങ്കിലും ഇത് ശ്രദ്ധിക്കുന്നുണ്ടോ എന്നവര്‍ പരിഭ്രമത്തോടെ ഗേറ്റിലേക്ക് കൂടെ കൂടെ നോക്കി. അച്ഛനോട് എതിര്‍ത്തു നിന്ന അനുപമ ഒടുവില്‍ മുറ്റത്തെ പൂച്ചട്ടിയിലേക്ക് കുഴഞ്ഞു വീഴുന്നത് കണ്ട അവര്‍ ഓടിച്ചെന്നു അവളെ താങ്ങി.

കുരുക്ഷേത്ര ഭൂമിയില്‍ മരണാസന്നനായി ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ അടുത്തു ദു:ഖിതയായ അനുപമ. എങ്ങും മുറിവേറ്റ യോദ്ധാക്കളുടെ ദീന രോദനങ്ങള്‍, മുറിവേറ്റ കുതിരകള്‍, താറുമാറായി കിടക്കുന്ന രഥങ്ങള്‍..

“മഹാനായ ഗംഗാദത്താ.... താങ്കളുമായുള്ള എന്‍റെ അവസാന കൂടിക്കാഴ്ചയാണിത്. ഇപ്പോഴെങ്കിലും മനസ്സിലാക്കൂ..വ്യര്‍ത്ഥമായ താങ്കളുടെ ശഫഥത്തെപ്പറ്റി. ഈ ഹസ്ഥിനപുരം താങ്കളിലൂടെ നില നിന്നിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ..? അങ്ങനെയെങ്കില്‍ ഈ രാജ്യത്തിന്‍റെ ചരിത്രം വേറൊന്നാകുമായിരുന്നില്ലേ..? വ്യാസനിലൂടെയാണോ അതോ ശന്തനുവിന്‍റെ സ്വപുത്രനിലൂടെയായിരുന്നോ ഈ വംശം നില നില്‍ക്കേണ്ടിയിരുന്നത്..?"

“നിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശരശയ്യയില്‍ കിടക്കുന്ന ഈ വൃദ്ധനാകില്ലല്ലോ അനുപമാ.. എന്തെല്ലാം കണ്ടു ഈ ജന്മത്തില്‍. സഹോദര പുത്രന്മാരുടെ സ്പര്‍ധ,അമ്മയെപ്പോലെ ബഹുമാനിക്കേണ്ട സഹോദര ഭാര്യയെ രാജ സദസ്സില്‍ അപമാനിക്കപ്പെട്ടത്, പ്രിയ പാണ്ഡുവിന്‍റെ മക്കള്‍ രാജ്യം നഷ്ടപ്പെട്ട് അലഞ്ഞത്. അച്ഛന് കൊടുത്ത ശഫഥത്തോളം തന്നെ എനിക്ക് വലുതായിരുന്നു. ഈ രാജ്യം അത് കൊണ്ടു ഈ ജീവിതം തന്നെ രാജ്യത്തിനായി ഉഴിഞ്ഞു വെച്ചു. പലതും കണ്ടില്ലെന്നു നടിക്കേണ്ടിവന്നു. ഈ അവസാന മണിക്കൂറുകളില്‍ അത് പാഴായോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.”

“സ്വച്ഛന്ദ മൃത്യുവായ ഞാന്‍ ദിവസങ്ങളായി ഈ ശരശയ്യയിലാണ്. നാളെ ഉത്തരായനത്തിന്‍റെ തുടക്കം എനിക്ക് സ്വര്‍ഗലോകം പൂകുവാന്‍ പറ്റിയ ദിവസം. നാളത്തെ സൂര്യോദയത്തിനായി ഞാന്‍ കാത്തു കിടക്കുകയാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ ഞാന്‍ നിറവേറ്റുന്ന എന്‍റെ ഒരേ ഒരു ആഗ്രഹം. മരിക്കുന്നതിനു മുന്‍പ് നീ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വര്‍ഷങ്ങളായി എന്‍റെ മനോഗതങ്ങള്‍ പങ്കു വെച്ചവളല്ലേ നീ..അതും ഒരു കലിയുഗ സന്തതി..”

“അങ്ങ് ഈ ഭൂമിയില്‍ നിന്ന് മായുന്ന കാഴ്ച്ചമാത്രം എനിക്ക് സഹിക്കാനാവില്ല. തിരിച്ചു ഞാന്‍ കലിയുഗത്തിലേക്ക് മടങ്ങുകയാണ്. ഈ ദ്വാപരയുഗത്തില്‍ നടന്നതോര്‍ത്തു അങ്ങ് ദുഖിക്കരുത്. കലിയുഗത്തില്‍ സംഭവിക്കുന്നതോര്‍ത്താല്‍ ഇതൊക്കെ എത്ര നിസ്സാരം. ദ്വാപരയുഗത്തില്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കേഴുന്ന ഒരു ദേവവ്രതനെങ്കിലും ഉണ്ടല്ലോ.കലിയുഗത്തില്‍ അതും ഇല്ലാതായി.”

ഗംഗാ ദാത്തനോടു വിട പറഞ്ഞു അനുപമ കലിയുഗത്തിലേക്ക് യാത്രയാകുന്നു.

മുറിയില്‍ റൌണ്ട്സിനു വന്ന ഡോക്ടര്‍ സൈമണെ ഉല്‍ക്കണ്ടയോടെ നോക്കി നില്‍ക്കുന്ന അഭിഷേകിനോടു ശാന്തതയോടെ ഡോക്ടര്‍ പറഞ്ഞു തുടങ്ങി.

“വിചാരിക്കുന്നത് പോലെ സീരിയസ് ഒന്നും അല്ല പ്രശ്നം. വീരാരാധന കൂടുന്നത് കൊണ്ടു ചില ചഞ്ചല മനസ്സുകള്‍ ഉണ്ടാക്കുന്ന കുസൃതി. ഒരു നിസ്സാര രോഗം. അനുപമ ഒരാഴ്ചക്കുള്ളില്‍ റിക്കവര്‍ ചെയ്യും. അടുത്ത മാസം നടത്താന്‍ ഉദ്ദേശിക്കുന്ന വിവാഹത്തിനു ഇതൊരു തടസ്സമേ അല്ല.”

ആശുപത്രി കിടക്കയില്‍ കണ്ണ് തുറന്നു കിടക്കുന്ന അനുപമയുടെ അടുത്തിരുന്ന അവളുടെ അമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അനുപമ അപ്പോഴും താന്‍ നടത്തിയ വിചിത്ര യാത്രയുടെ ഓര്‍മ്മകളില്‍ തളര്‍ന്നു കിടന്നു.



Rosili Joy

സമാഗമം


വൃത്തിയായി ചെത്തിയെടുത്ത കരിങ്കല്‍ പതിച്ച പാതയിലൂടെ ഹോട്ടല്‍ ഹില്വ്യൂ പാലസിലെ അഡ്മിനിസ്ട്രേറ്റര്‍ സ്യൂട്ടിലേക്ക് നടക്കുമ്പോള്‍ വല്ലാത്ത ഒരു അമ്പരപ്പായിരുന്നു മനസില്‍. ഒരു പക്ഷേ “ജയന്‍, ബാംഗ്ലൂര്‍” എന്ന വിലാസത്തില്‍ നിന്നായിരിക്കാം ഞാനാണെന്നു അവള്‍ ഊഹിച്ചത്. വീണ്ടുമൊരിക്കല്‍ കൂടി അവളെ കണ്ടുമുട്ടുമെന്നു കരുതിയതേ ഇല്ല.

വാതില്‍ തുറന്ന് അകത്തേയ്ക്കു ക്ഷണിക്കുമ്പോള്‍ ആരെയോ തേടുന്ന പോലെ അവള്‍ വീണ്ടും വീണ്ടും പുറത്തേയ്ക്ക് നോട്ടം എറിഞ്ഞു കൊണ്ടിരുന്നു.

“ഇന്ദു വന്നില്ല....ഉറങ്ങുകയാണ്....ഷി ഈസ് ഹാവിങ്ങ് എ ബാഡ് ഹെഡ് എയ്ക്ക് “ ഞാന്‍ പറഞ്ഞു.

“അത് വളരെ കഷ്ടമായി പോയി...എനിവേ യു ഗെറ്റ് ഇന്‍” സ്മിത വേണ്ടത്ര ആതിഥ്യമര്യാദയോടു കൂടി തന്നെ പറഞ്ഞു.

“ഇരിക്കു ജയന്‍....ഞാന്‍ വെള്ളമെടുത്തിട്ടു വരാം”...

സ്യൂട്ടില്‍ കണ്ണോടിച്ചു. രസകരമായി ഒരുക്കിയിരിക്കുന്നു. മരപ്പലകള്‍ പാകിയിരിക്കുന്ന നിലം. ചുവരില്‍ രവിവര്‍മ്മ ചിത്രങ്ങള്‍. ഷെല്ഫിലെ ഒട്ടുമിക്ക ഭാഗവും പുസ്തകങ്ങള്‍ കയ്യടക്കിയിരിക്കുന്നു.

“ഇപ്പോഴും നീ വായന കൈ വിട്ടിട്ടില്ല അല്ലേ?” ട്രേയില്‍ നിന്ന് കൂള്‍ഡ്രിങ്ങ്സ് എടുത്തുകൊണ്ട് ചോദിച്ചു.

“ഇപ്പോള്‍ അതു മാത്രമേ ബാക്കിയുള്ളൂ. ഇവിടത്തെ ഏകാന്തതയില്‍ പുസ്തകങ്ങള്‍ മാത്രമാണ് എനിക്കു കൂട്ട്”

“ഒന്നു ചോദിക്കാന്‍ വിട്ടു...നീയിവിടെ...?

“സുരേഷിന് ഇവിടെയായിരുന്നു ജോലി.... എല്ലാം വളരെ അപ്രതീക്ഷിതമായിരുന്നു.“

“ ഐ അം സോറി...സ്മിത...റിയലി സോറി...ഞാനറിഞ്ഞിരുന്നില്ല“

“ഇറ്റ്സ് ഒ ക്കെ ജയന്‍.. പിന്നെ നീയെങ്ങിനെ ഇവിടെ ?”

“ഹണിമൂണ്‍ ഊട്ടിയിലാക്കണമെന്ന് ഇന്ദുവിന് ആഗ്രഹം.. നെറ്റില്‍ സെര്‍ച്ച് ചെയ്തതും ഹോട്ടല്‍ കണ്ടു പിടിച്ചതും ബുക്കു ചെയ്തതും എല്ലാം ഇന്ദുവാണ്....‍”

“ഓഹ്...റിയലി?”

“ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ..റൂം നമ്പര്‍ 103 വേണമെന്ന്. ഓര്‍മ്മകളിലേക്ക് മടക്കം വേണമെന്നു തോന്നി....

“ഇപ്പോഴും അതെല്ലാം നീ ഓര്‍ത്തിരിക്കുന്നുവോ?”

........................................................................................................................................................................


പുറത്തു നിന്ന് ക്യാമ്പ് ഫയറിന്നു ചുറ്റും നൃത്തം ചെയ്യുന്ന യുവത്വങ്ങളുടെ ആരവം കേള്‍ക്കാം. ജീവിതത്തിലെ ഏറ്റവും സുന്ദരവും സുരഭിലവുമായ കാലം.

“അച്ഛനുമായി ഇപ്പോള്‍...”

“എല്ലാ ദിവസവും സംസാരിക്കും.....സുഖമല്ലേ എന്നു ചോദിക്കും...തിരിച്ചും അത്രമാത്രം.. ഞാന്‍ വല്ലാതെ വെറുത്തു പോയി ആ മനുഷ്യനെ..”

“ജയന്‍...അങ്ങനെ ഒന്നും പറയരുത്....”

“...എന്റെ മനസില്‍ തങ്കവിഗ്രഹമായിരുന്നു ...മൈ റോള്‍ മോഡല്‍..എന്നോടൊപ്പം എല്ലാകാര്യത്തിനും ഉണ്ടാകും എന്നു കരുതി...പക്ഷേ വാക്കാണ് വലുതെന്ന്....ഞാന്‍ ജനിക്കുന്നതിനു മുമ്പേ തീരുമാനിച്ച എന്റെ വിവാഹം..വാക്കുമാറുന്നതിനേക്കാള്‍ സ്വന്തം മകന്‍ ജീവിതകാലം മുഴുവുന്‍ മനസ്സുരുകി ജീവിക്കട്ടേ എന്നു തീരുമാനിച്ചില്ലേ...... സ്നേഹിക്കണമെന്നുണ്ട്....പക്ഷേ പറ്റുന്നില്ല...”


“ഇറ്റ്സ് ഒക്കെ ജയന്‍...ജസ്റ്റ് ലീവ് ഇറ്റ്...എല്ലാം ആഗ്രഹിക്കുന്ന പോലെ നടക്കില്ലല്ലോ“

“ഫിലോസഫി...ഐ ജസ്റ്റ് ഡോണ്ട് ലൈക്ക് ദാറ്റ്... നഷ്ടങ്ങളെയും ഇച്ഛാഭംഗങ്ങളെയും അതിജീവിക്കാന്‍ മനുഷ്യന്‍ പടച്ചുണ്ടാക്കുന്ന വാചകങ്ങള്‍“

“ജയന്‍ കൂള്‍ ഡൌണ്‍..”

“എനിക്കറിയില്ല നിനക്കെങ്ങനെ എല്ലാം മറക്കാന്‍ സാധിച്ചുവെന്ന്?...അതോ എല്ലാം മറന്നതായി നീ അഭിനയിക്കുന്നതോ?”

........................................................................................................................................................................


പുറത്തെ മഞ്ഞ് ചില്ലു ജാലകങ്ങള്‍ക്കു സമീപം വന്ന് ഉള്ളില്‍ കയറാന്‍ തിരക്കു കൂട്ടുന്നു..

“ജയന്‍ നമുക്കൊന്നു പുറത്ത് നടക്കാന്‍ പോയാലോ?”

“നിനക്കെന്താ വട്ടുണ്ടോ? ഈ കൊടും തണുപ്പത്ത് പുറത്തിറങ്ങാന്‍”

“പ്ലീസ്...ഡാ”

എന്റെ മനസിനെ വരുതിയിലാക്കാന് എന്നും‍ അവള്‍ ഉപയോഗിച്ചിരുന്ന വാക്ക്..


വാതിലുകള്‍ തുറന്നതും മുറിയിലേക്കൊരു ശീതക്കാറ്റടിച്ചു കയറി. വളരെ യാന്ത്രികമായി ഞങ്ങള്‍ പുറത്തിറങ്ങി.

ക്യാമ്പ് ഫയറില്‍ അവശേഷിച്ചിരുന്ന തീ കൂടി കെട്ടിരിക്കുന്നു. എരിയുന്ന കനലില്‍ നിന്ന് ഉയരുന്ന പുകയും കുറേ ചാരവും മാത്രം അവശേഷിക്കുന്നു.

“നമ്മുടെ സ്വപ്നങ്ങള്‍ പോലെ തന്നെ അല്ലേ” കനല്‍ കൂമ്പാരത്തിലേക്ക് ചൂണ്ടി അതു പറയുമ്പോള്‍ അവളുടെ മുഖത്തൊരു വിഷാദ ചായ പടര്‍ന്നിരുന്നു. ചുവന്ന ഷാള്‍ ഒന്നുകൂടി ശരീരത്തോടു വരിഞ്ഞു മുറുക്കി, കൈകള്‍ കൂട്ടി തിരുമ്മി ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിട്ടു.

അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ഇപ്പോഴും അവയുടെ വശ്യതയ്കൊരു കുറവുമില്ല.

“എന്താണു ജയന്‍ ...ഇങ്ങനെ നോക്കുന്നത്”?

“ഞാന്‍ വായിച്ചെടുക്കുകയായിരുന്നു നിന്റെ മനസ്സ്..നിന്റെ കണ്ണുകളില്‍ നിന്ന് ”

“ഇല്ല ജയന്‍...നിനക്കൊരിക്കലും അതിനു കഴിയില്ല. നിനക്ക് കഴിഞ്ഞിട്ടില്ല.” സംസാരത്തില്‍ ഗദ്ഗദം വരാതിരിക്കാന്‍ അവള്‍ വളരെ പാടുപെടുന്നുണ്ടെന്നു തോന്നി..

“കണ്ടോ ജയന്‍...ഇന്ന് പൂര്‍ണ്ണ ചന്ദ്രനാണ്... പതിവില്‍ കൂടുതല്‍ വലിപ്പം തോന്നുന്നില്ലേ നിനക്ക്... ഒരു പക്ഷേ...നമ്മുടെ സല്ലാപം കേള്‍ക്കാന്‍ ആകാശത്തുനിന്നിറങ്ങി വന്നതാണോ?

“ആയിരിക്കും....“

അപക്വമായ മനസ്സില്‍ വീണ്ടും പ്രണയത്തിന്റെ നെരിപ്പോടുകള്‍ എരിയാന്‍ തുടങ്ങി. മള്‍ട്ടിപ്ലെക്സുകളിലെ ക്യാബിന്‍ സീറ്റുകളില്‍‍ ഇടം പിടിച്ച യുവത്വങ്ങളുടെ മനസ്സായിരുന്നു ഞങ്ങള്‍ക്കപ്പോള്‍. എവിടെ നിന്നോ ഒരു കൂട്ടം ചിത്ര ശലഭങ്ങള്‍ അവിടേയ്ക്ക് പാറി വന്നു. പാതി ഉറക്കത്തിലായിരുന്ന പൂവുകള്‍ ഉണര്‍ത്തെഴുന്നേറ്റു. പ്രഥമ സമാഗമം പോലെ അവ ശലഭങ്ങളെ സ്വികരിച്ചു.

........................................................................................................................................................................

മഞ്ഞിന്റെ കുളിരിലും ദേഹത്തു പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ തുടച്ച് തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ കുറ്റബോധം ആളിപ്പടരുകയായിരുന്നു. സുഖകരമായ ആലസ്യത്തില്‍ ഒരു സ്വപ്നത്തിലെന്നോണം സ്മിത അവളുടെ മുറിയിലേക്ക് കയറി വാതിലടച്ചു.

ഇന്ദുവിനെ ഉണര്‍ത്താതെ മെല്ലെ വാതില്‍ തുറന്നു അകത്തു കയറീ. നെരിപ്പോട് കത്തിയമര്‍ന്നിരിക്കുന്നു. കറുത്ത കരിമ്പടത്തിനകത്ത് ഇന്ദു സുഖസുഷുപ്തിയില്‍. അവളുടെ മുഖത്തെ നിഷകളങ്കത, മനസില്‍ കുറ്റബോധത്തിനെ വീണ്ടും കൂട്ടിയേ ഉള്ളൂ.

കിടന്നിട്ടും പുലരുവോളം ഉറക്കം വന്നതേയില്ല.

കാലത്ത് ചെക്കൌട്ട് ചെയ്തിറങ്ങുമ്പോള്‍ സ്മിത കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവളുടെ പൊട്ടിയ ചുണ്ടില്‍ നിന്നും ഇറ്റു വീഴാന്‍ നില്‍ക്കുന്ന രക്തകണത്തിലായിരുന്നു എന്റെ ശ്രദ്ധ അത്രയും.

Gehesh Edakkuttathil

പലതരം ഡിസൈനുകൾ


ചിത്രശലഭങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുക്കുവാനുള്ള എന്റെ യാത്രകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്… ഞാനിപ്പോള്‍ രാമനാഥന്റെ താഴ്വരയിലേക്കു യാത്രചെയ്യുന്നതും അതിനുതന്നെ.,

അല്‍പനാളുകള്‍ക്കുമുമ്പ് രാമനാഥന്‍ എഴുതി.....

    'ഇവിടെ.,എന്റെയീ താഴ്വരയിൽ., സൂര്യകാന്തിപ്പൂക്കളും, വെള്ളാരങ്കല്ലുകളുമുള്ള പുഴയുടെ തുരുത്തിൽ., പതിവുപോലെ അവ വന്നെത്തിയിരിക്കുന്നു. ഏതോ ശൈത്യരാജ്യത്തുനിന്നും വഴിയൊട്ടേറെ താണ്ടി നിലാവുനിറഞ്ഞ ഒരു രാത്രിയില്‍ അവ പറന്നിറങ്ങുകയായിരുന്നു. ഇപ്പോള്‍ തുരുത്തിലാകെ വര്‍ണങ്ങളുടെ നിറവാണ്.വെള്ളാരങ്കല്ലുകളിലും സൂര്യകാന്തികളിലും അവ പാറിക്കളിക്കുന്നു.പരസ്പരം ഉമ്മവെച്ച്, ചിറകുരുമ്മി, ചുണ്ടുരുമ്മി, മഞ്ഞുവീഴുന്ന പുലര്‍കാലങ്ങളില്‍ ഇലകള്‍ക്കു ചുവട്ടില്‍ ഇണചേര്‍ന്ന്......'

ചിത്രശലഭങ്ങള്‍ എന്റെ മനസില്‍ നിറയാന്‍ തുടങ്ങിയത് നഴ്സറിക്ലാസിലെ ഒരു പാട്ടില്‍ നിന്നായിരുന്നു. 'ഓ മൈ ബട്ടര്‍ഫ്ലൈസ് !. ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍ !. ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ അതിമനോഹരമായ ഒരു ഗാനമായിരുന്നു അത്. എന്തുകൊണ്ടോ, അതിന്റെ ഈണവും താളവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അന്നു മുതല്‍ ചിത്രശലഭങ്ങളും കടുത്ത ഒരു ആകര്‍ഷണമായി എന്റെ മനസില്‍ നിറയുവാന്‍ തുടങ്ങി...

ഞാന്‍ മുറ്റത്തും തൊടിയിലും വന്നിറങ്ങുന്ന അവയുടെ വര്‍ണങ്ങളിലും ചലനങ്ങളിലും മതിമറന്ന് അവയ്കു പിറകേ അലഞ്ഞ് പകലുകളധികവും ചിലവഴിച്ചു.രാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ സ്വര്‍ണച്ചിറകുള്ള ശലഭങ്ങള്‍ പറന്നിറങ്ങി. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളുടെ നൂറുനൂറായിരം സങ്കലനങ്ങള്‍ എന്റെ മുന്നിലൂടെ പറന്നു നീങ്ങി...

പാഠപുസ്തകങ്ങളുടെ നാളുകളില്‍ പ്രത്യേക തരത്തിലുള്ള അവയുടെ ജീവിതരഹസ്യങ്ങളും, നിയോഗങ്ങളും എന്നില്‍ കൗതുകങ്ങള്‍ നിറച്ചു. പൂമ്പാറ്റകളോടും പ്രകൃതിയോടുമുള്ള എന്റെ ആവേശവും, സ്നേഹവും ശ്രദ്ധിക്കപ്പെടുകയും., 'ബെസ്റ്റ് നാച്വര്‍ ലവര്‍ സ്റ്റുഡന്റ് ' എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

പാഠങ്ങളുടെ അവസാനം എന്റെ കാലഘട്ടത്തിലെ മറ്റു ചെറുപ്പക്കാരെപ്പോലെ അശാന്തമായ മനസും, തീപിടിച്ച തലച്ചോറുമായി ഞാന്‍ തെരുവുകളില്‍ അലയുകയുണ്ടായില്ല., പകരം എന്റെ മനസില്‍ വര്‍ണസ്വപ്നങ്ങള്‍ പാറി. തലച്ചോറില്‍ താഴ്വരകളുടെ തണുപ്പും ശാന്തിയും എപ്പോഴും നിറഞ്ഞു നിന്നു.

"സുഹൃത്തുക്കളെ., നാടിനു തീ പിടിച്ചിരിക്കുന്നു....” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് തെരുവുകളിലൂടെ അവര്‍ ജാഥ നയിക്കുമ്പോഴും, "ഞങ്ങള്‍ക്കൊരു ജീവിതം തരിക...” എന്നു പറഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ചു ചെയ്യുമ്പോഴും, ഒട്ടൊരു പുച്ഛത്തോടെ അവരുടെ യാത്രയും നോക്കി., ഞാൻ മലഞ്ചരിവിൽ, പൂമരങ്ങളുടെ തണലിലൂടെ.... 'ചിത്രപതംഗമേ നിന്‍ മോഹക്കാഴ്ചകളെന്‍ കരളില്‍ തേന്‍മഴയായ് പെയ്തിറങ്ങുന്നു..! ഹാ പെയ്തിറങ്ങുന്നു..!ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവർ....!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട്,അവയെ തേടി നടന്നു...

തൊഴില്‍ അന്വേഷണത്തിന്റെ നാളുകളില്‍ എനിക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.... ' How to win over others'., 'കൂട്ടുകാരെ മലര്‍ത്തിയടിച്ച് നിങ്ങള്‍ക്കു മാത്രം എങ്ങിനെ വിജയം നേടാം'., 'യുവാക്കള്‍ ഉപയോഗിക്കേണ്ട പെര്‍ഫ്യൂമുകള്‍ ഏതെല്ലാം'., 'വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകത' എന്നിങ്ങനെ വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങള്‍ നിരന്തരം വായിച്ച് 'ബെസ്റ്റ് ബുക്ക് റീഡർ' ആയി ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും, ഒരു നല്ല ചെറുപ്പക്കാരനു വേണ്ടതായ എല്ലാ ഗുണങ്ങളും വളരെ വേഗം സായത്തമാക്കുകയും ചെയ്തു. അതുകൊണ്ടാവും 'ഇന്‍ഡ് സ്റ്റീഫന്‍സണ്‍ ഡിസൈനേഴ്സ് ' എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി എനിക്കു പെട്ടന്ന് തന്നെ കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.

സവിശേഷമായ വ്യക്തിത്വം, ശാന്തമായ മനസ്, തികഞ്ഞ കലാബോധം എന്നിങ്ങനെയുള്ള പല പരീക്ഷകളുടെ ഒടുവില്‍ അവരെന്നെ കലാവിഭാഗത്തിന്റെ പ്രധാനി ആയി നിയമിക്കുകയായിരുന്നു.

"വൈവിധ്യമാര്‍ന്ന   ഡിസൈനുകള്‍ നിങ്ങള്‍ എങ്ങിനെയാണ്   തയ്യാറാക്കുവാന്‍ പോവുന്നത് ?” എന്ന അഭിമുഖവേളയിലെ ചോദ്യത്തിന് " ചിത്രശലഭങ്ങളുടെ ചിറകുകള്‍ ഉപയോഗിച്ച് !" എന്ന എന്റെ ഉത്തരം അവരില്‍ വലിയ മതിപ്പുളവാക്കി. "തികച്ചും നൂതനമായ ആശയം., കലാകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ നല്ല ഒരു വാഗ്ദാനമാണ്.” എന്നിങ്ങനെ എന്നെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

അന്നുമുതല്‍ ഞാന്‍ 'കമ്പനിയുടെ ആൾ....' എന്ന നിലയില്‍ അവയെ തേടിയുള്ള എന്റെ യാത്രകള്‍ ആരംഭിച്ചു.

അവയാവട്ടെ ചെമ്പരത്തിപ്പൂക്കളില്‍ ഇണയോടൊത്ത് പറന്നിരുന്ന്, ചുണ്ടുരുമ്മി തേന്‍ പങ്കുവെക്കുമ്പോഴോ, ഏകാന്തമായ തീരഭൂമികളിലെ ഇളംവെയിലിന്റെ സുഖമറിയുമ്പോഴോ, നീല നിലാവിലൂടെ മഞ്ഞുമലകളുടെ ഗന്ധം നുകര്‍ന്ന് കൂട്ടമായി പാറി നീങ്ങുമ്പോഴോ എന്റെ പിടിയിലമരുന്നു.

പിന്നീടു ഞാന്‍ 'ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആർ...! ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് ഒരു കലാകാരനു വേണ്ട, സൂക്ഷ്മതയോടെയും, ശ്രദ്ധയോടെയും., നിറഞ്ഞ മനസോടെ., ഭാവനയുടേയും, ബുദ്ധിയുടേയും കണിശമായ ഉപയോഗപ്പെടുത്തലോടെ അവയുടെ ചിറകുകള്‍ അരിഞ്ഞെടുക്കുന്നു.....

ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യുകയാണ്.

ഏതോ കാട്ടരുവി ഒഴുകി സമതലങ്ങളില്‍ പ്രവേശിക്കുന്നിടത്താണത്. അവിടെ അരുവിയുടെ തുരുത്തില്‍ മഞ്ഞുകാലത്തിന്റെ ആരംഭ നാളുകളില്‍ അവ പറന്നിറങ്ങുകയായി. അകലങ്ങളിലെ ഏതോ ശൈത്യഭൂമിയില്‍ നിന്നാരംഭിക്കുന്ന ദേശാടനത്തിന്റെ തുടര്‍ച്ചയിലെ ഇടത്താവളമാണത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുനാള്‍ അവ അപ്രത്യക്ഷമാവുകയും ചെയ്യും.

'അതിനുമുമ്പ് നീ വന്നെത്തുക' രാമനാഥന്‍ എഴുതി.

അതുകൊണ്ടാണ് ഞാന്‍ എഴുത്ത് കിട്ടിയ ഉടന്‍ യാത്രയാരംഭിച്ചത്.

ഇതു പതിവുള്ളതാണ്. അവ വന്നിറങ്ങുമ്പോള്‍ അവന്‍ എന്നെ വിവരമറിയിക്കുന്നു. ഞാന്‍ വളരെ വേഗം അവന്റെ താഴ്വരയിൽ, പുഴയുടെ തുരുത്തിൽ, വെള്ളാരങ്കല്ലുകള്‍ക്കും, സൂര്യകാന്തികള്‍ക്കും ഇടയില്‍ ചെന്ന്.....

കമ്പനി അയച്ചുതന്ന വാഹനം, രാജപാത വിട്ട് സമതലങ്ങളിലേക്കുള്ള ചെറിയ റോഡിലേക്കു തിരിഞ്ഞു. രാമനാഥന്റെ താഴ്വരയിലേക്ക് ഇനി അധികം ദൂരമില്ല... ഞാന്‍ 'ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്ന മൂളിപ്പാട്ടു പാടിക്കൊണ്ട് ബാക് സീറ്റിലിരുന്ന് 'ജീവിത വിജയത്തിനുള്ള നൂറ്റി ഒന്ന് കുറുക്കുവഴികൾ...' എന്ന പുസ്തകത്തിന്റെ പേജുകള്‍ മറിച്ചു......


Pradeep Kumar

ഇവളെന്റെ സ്നേഹിത

വിമാനം വളരെ താഴ്‌ന്നു പറക്കുകയാണ്.ലാന്‍ഡ്‌ ചെയ്യാന്‍ തുടങ്ങുകയാണെന്ന് തോന്നുന്നു.ഞാന്‍ താഴേക്ക്‌ നോക്കി.എന്തെന്നില്ലാത്ത സന്തോഷം.ഒരു വര്‍ഷത്തെ പ്രവാസം.പക്ഷെ പത്തു വര്ഷം ആയതു പോലെ തോന്നുന്നു.അമ്പലത്തിലെയും പള്ളികളിലെയും ശബ്ദം ....ആ അരണ്ട വെളിച്ചം എല്ലാം വല്ലാത്ത സന്തോഷം തരുന്നു.വിമാനം ലാന്‍ഡ്‌ ചെയ്തു.ഞങ്ങള്‍ പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങി.പെട്ടെന്ന് തന്നെ എല്ലാം ക്ലിയര്‍ ചെയ്തു പുറത്തേക്കിറങ്ങാന്‍ ഓരോരുത്തരും തിരക്ക് കൂട്ടുകയാണ്.ഒടുവില്‍ പുറത്തേക്കു...ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് എയര്‍ പോര്ടിലേക്ക് കയറി.അധികം സാധനങ്ങള്‍ ഇല്ലാത്തതുകൊണ്ട് പ്രയാസമുണ്ടായില്ല.പുറത്തേക്കു ഇറങ്ങി ചുറ്റും കണ്ണോടിച്ചു.എല്ലായ്പോഴും എന്നെ കൂട്ടി പോകാനായി വരുന്നത് അച്ച്ചനായിരുന്നു.എന്നാല്‍...ഒരു നെടുവീര്‍പ്പുതിര്‍ത്തുകൊണ്ട് പുറത്തേക്കു വന്നു."യാത്ര ഒക്കെ സുഘമാല്ലയിരുന്നോ?"അളിയനാണ് ,ഒപ്പം എന്റെ സുഹൃത്തായ മുരളിയും."ഓ കുഴപ്പമൊന്നും ഇല്ലായിരുന്നു".പറഞ്ഞു തീരുമ്പോഴേക്കും പോകാനുള്ള കാര്‍ എത്തിക്കഴിഞ്ഞു.ഞാന്‍ കാറിലേക്ക് കയറി ഇരുന്നു.പിന്നെ നാട്ടു വിശേഷങ്ങള്‍.ഞാന്‍ എല്ലാം കേട്ടിരുന്നു."നമുക്ക് ശംഖും മുഖത്ത് നിര്‍ത്തി നോക്കാം ചിലപ്പോള്‍ നല്ല മീന്‍ ഉണ്ടാവും".അളിയന്‍ പറഞ്ഞു.ഞാനും സമ്മതിച്ചു.കാര്‍ ഒരു മുക്കുവത്ത്തിയുടെ അടുത്ത് നിര്‍ത്തി.ഗള്‍ഫ്‌ ആണെന്ന് മനസിലായത് കൊണ്ട് വില ചോതിച്ചതോന്നും ഒരു കൂടുതലായി അവര്‍ക്ക് തോന്നിയില്ല.മീന്‍ വാങ്ങി കാറിലേക്ക് കയറി ഞങ്ങള്‍ വീണ്ടും യാത്ര ആയി."എടാ രണ്ടു ദിവസം കൂടി മുന്നേ വന്നിരുന്നെങ്കില്‍ നിനക്ക് ശ്രീലക്ഷ്മിയെ ജീവനോടെ കാണാമായിരുന്നു.ഇന്നലെ അവള്‍ മരിച്ചു.കഷ്ട്ടമായി പോയി.ഒരു കണക്കിന് മരിച്ചത് നന്നായി".ആരോടെന്നില്ലതേ മുരളി പറഞ്ഞു.പാവം ശ്രീലക്ഷ്മി ഞാന്‍ മനസ്സില്‍ ഓര്‍ത്തു.അവളെ ആദ്യമായി കാണുന്നത് ഡോക്ടര്‍ ബിജുവിന്റെ ഹോസ്പിറ്റലില്‍ വച്ചാണ്.ഞാനന്ന് പാരലല്‍ കോളേജില്‍ പഠിപ്പിക്കുകയാണ്.സ്കൂട്ടറില്‍ നിന്ന് ഉരുണ്ടു വീണു കാല് കുറച്ചു മുറിഞ്ഞു.അങ്ങിനെയാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.ഏതായാലും രണ്ടു ദിവസം അവിടെ കിടക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു.അങ്ങിനെ ഞാന്‍ അവിടെ അഡ്മിറ്റായി.തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുകയാണ് ശ്രീലക്ഷ്മി.വെളുത്തു കൊലുന്നനെയുള്ള സുന്ദരിയായ ശ്രീലക്ഷ്മി.ആകര്‍ഷകമായ കണ്ണുകള്‍.ഭംഗിയുള്ള കണ്ണുകള്‍ എങ്ങിലും വല്ലാത്ത വേദന ആ കണ്ണുകളില്‍ വായിക്കാമായിരുന്നു.വൈകിട്ട് ഡോക്ടര്‍ വന്നപ്പോള്‍ എന്നെ പരിചയപ്പെടുത്തി.ഒരു പ്രത്യക രോഗമാണ് അവള്‍ക്കു.കാലിന്റെ ഉപ്പൂറ്റി പഴുക്കുന്നു.ഓപ്പറേഷന്‍ ചെയ്തു ഒന്നോ രണ്ടോ മാസം ആകുമ്പോഴേക്കും വീണ്ടും അത് പോലെ.വല്ലാതെ വേദന സഹിക്കുന്നുണ്ടെന്നു അവളെ കാണുമ്പൊള്‍ തന്നെ നമുക്ക് മനസിലാകും.വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി.കാലുകളിലെ വേദനയെക്കാള്‍ കൂടുതലായി അവളുടെ ഹൃദയം വേദനിക്കുന്നു എന്നെനിക്കു മനസിലായി.നല്ല സാമ്പത്തിക ശേഷിയുള്ള ഒരു വീട്ടിലെ ഒരേ ഒരു മകളായിരുന്നു അവള്‍.പഠിക്കാന്‍ പോകുന്ന ബസിലെ ഡ്രൈവര്‍ ബാബുവുമായി അടുപ്പത്തിലായ അവള്‍ക്കു അയാളെ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്നായി.ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്ത് നോക്കി എന്നാല്‍ വാശിക്കാരി ആയിരുന്ന അവളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.അങ്ങിനെ അവരുടെ വിവാഹം ആര്‍ഭാടമായി തന്നെ നടന്നു.വളരെ താമസിയാതെ അവളില്‍ ഈ രോഗം കണ്ടു തുടങ്ങി.ആദ്യമൊക്കെ അതൊരു സാധാരണ രോഗമാണെന്ന് കരുതിയെങ്ങിലും....അത് കാന്‍സര്‍ പോലെ ഒരസുഘമാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു ഡോക്ടര്‍മാര്‍.അതാ വീടിനെ ആകെ തളര്‍ത്തി.ഇതൊക്കെ ശ്രീലക്ഷ്മി പറയുമ്പോഴും അവള്‍ നിരവികാരയായിരുന്നു.ഇടയ്ക്കു തമാശ പോലെയാണ് അവള്‍ പറഞ്ഞത്.മരണത്തെ കണ്മുന്നില്‍ കണ്ടിട്ടും പതറാത്ത അവളുടെ മനോ ധൈര്യം എന്നെ അതിശയിപ്പിച്ചു.എന്നാല്‍ പിന്നീട് അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ ആ നിര്‍വികാരത എന്താണെന്നു എനിക്ക് മനസിലായി.അവളുടെ അസുഖം അറിഞ്ഞ ശേഷം ബാബു അവിടെ നിന്നും പോയി.അപ്പോള്‍ അയാള്‍ക്ക് ഗവണ്മെന്റ് ജോലിയും കിട്ടിയിരുന്നു.ഒടുവില്‍ അയാള്‍ മറ്റൊരു വിവാഹം കഴിച്ചു.അവള്‍ ചിരിച്ചു ഇത് പറയുമ്പോള്‍.എന്നാല്‍ ഉള്ളില്‍ ഒരു കടല്‍ ഇരമ്പുന്നത് ഞാന്‍ കേട്ട്."എനിക്ക് വിഷമം ഇല്ല സര്‍ (പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്നത് കൊണ്ട് എന്നെ സാര്‍ എന്നാണ് അവള്‍ വിളിച്ചിരുന്നത്)
ഞാനില്ലതായാലും ബാബുവേട്ടന് ജീവിക്കണ്ടേ?ഒരു കണക്കിന് നന്നായി.എനിക്ക് സമാധാനത്തോടെ മരിക്കാമല്ലോ".ഇടയ്ക്കു അവള്‍ തേങ്ങിയോ?അറിയില്ല.രണ്ടു നാള്‍ക്കു ശേഷം ഞാന്‍ വീട്ടിലേക്കു പോയി.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ഡോക്ടര്‍ ബിജുവിനെ കണ്ടു.അപ്പോഴേക്കും ശ്രീലക്ഷ്മി ഡിസ്ചാര്‍ജ് ചെയ്തു പോയിരുന്നു.ഞാനവളെ കുറിച്ച് ഡോക്ടറോട് ചോദിച്ചു.ഒരു പ്രതീക്ഷയും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ ശ്രീലക്ഷ്മിയുടെ ചില ധാരണകളില്‍ പിഴവുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു.അതൊരു വിഷമിപ്പിക്കുന്ന സത്യം തന്നെ ആയിരുന്നു.ശ്രീലക്ഷ്മിയുടെ ഭര്‍ത്താവു അവള്‍ കരുതും പോലെ മറ്റൊരു വിവാഹം കഴിച്ചു പോയതല്ല......മറിച്ച്, അവളുടെ വേദന കണ്ടു ....മനം മടുത്തു തൂങ്ങി മരിക്കുകയായിരുന്നു.....!എന്നാല്‍ ഈ വിവരമൊന്നും ആരും അവളെ അറിയിച്ചില്ല.ഡോക്ടര്‍ എന്നോട് പ്രത്യകം പറഞ്ഞു ഞാനായി അവളെ അത് അറിയിക്കരുതെന്ന്.ഇല്ലെന്നു ഞാന്‍ ഡോക്ടര്‍ക്ക്‌ ഉറപ്പു കൊടുത്തു.അയാള്‍ വേറെ വിവാഹം കഴിച്ചു എങ്കില്‍ ആയിക്കോട്ടെ പക്ഷെ എന്നെ ഒരിക്കലെങ്കിലും ഒന്ന് വന്നു കണ്ടിരുന്നെങ്കില്‍....അവള്‍ പലപ്പോഴും എന്നോട് ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ഞാന്‍ അവളെ കാണാന്‍ ചെന്ന്.തീരെ അവശ ആയിരുന്നു അവള്‍."സാര്‍ ഇന്നി വരുമ്പോള്‍ ......ഞാനുണ്ടാവില്ല ......".അവളതു പറയുമ്പോള്‍ ആ കണ്ണുകള്‍ നനഞിരുന്നു.അങ്ങിനെ ഒന്നും പറയരുത്.ഞാന്‍ അവളോട്‌ പറഞ്ഞു.അവള്‍ പറഞ്ഞത് പോലെ സംഭവിച്ചിരിക്കുന്നു."നീ എന്താ ആലോചിക്കുന്നെ?വീടെത്തി ഇറങ്ങിന്നില്ലേ?" മുരളിയുടെ ചോദ്യം എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.

ഇനിയും ബാക്കി -


രാത്രി ഒന്‍പതുമണി നേരം. തെളിച്ചം കുറഞ്ഞ നിലാവെട്ടത്തില്‍ കല്ലും ചരലും നിറഞ്ഞ വെട്ടുവഴിയിലൂടെ രമേശനും സുരേഷും ഒച്ചയെടുക്കാതെ മെല്ലെ നടന്നു. കൈയില്‍ പെന്‍ടോര്‍ച്ചൊരെണ്ണം ഉണ്ടെങ്കിലും തെളിച്ചിട്ടില്ല. ടോര്‍ച്ചുവെട്ടമൊക്കെ കണ്ടാല്‍ ആരെങ്കിലും ശ്രദ്ധിച്ചു കൂടായ്കയില്ല. വെട്ടുവഴിയുടെ മേലേ ഭാഗത്ത് കുറച്ചു വീടുകളുണ്ടെന്നു തോന്നുന്നു, മണ്ണെണ്ണ വിളക്കിന്റെ വെട്ടം കാണാം.

“ഏടാ രമേശാ.. കുറേങ്കൂടി ചെന്നാ പാറക്കൂട്ടത്തിന്റവിടേന്ന് മേളിലോട്ട് തെറ്റണോന്നല്ലേ രാജേട്ടന്‍ പറഞ്ഞെ?” സുരേഷ് മന്ത്രിയ്ക്കും പോലെ രമേശനോട് ചോദിച്ചു.

“ആടാ..കുറേ നേരായില്ലേ നടപ്പു തൊടങ്ങീറ്റ്.. അയ്യാളു നമ്മളെ മക്കാറാക്കീതാണോ..?” രമേശന്റെ ശബ്ദത്തില്‍ ആകെയൊരു എക്കച്ചെക്ക.

“ഏയ് അങ്ങനായിരിക്ക്വോ..?..എന്താണേലും കൊറേങ്കൂടി നടന്ന്വോക്കാം..”

“കോഴിമുക്ക്“ കവലയില്‍ ലാസ്റ്റ് ബസിറങ്ങി നടപ്പു തുടങ്ങീട്ടിത് അരമണിക്കൂറായി. ബസിറങ്ങിയപ്പോള്‍ കിളിയുടെയും  ചില യാത്രക്കാരുടെയും അര്‍ത്ഥം വെച്ചുള്ള നോട്ടം രണ്ടുപേരും കണ്ടില്ലാന്നു വെച്ചു. കവലയിലെ മുറുക്കാന്‍ പീടികക്കാരന്റെ പെട്രോമാക്സ് വെട്ടത്തിനു മുഖം കൊടുക്കാതെ വേഗം വെട്ടുവഴിയ്ക്ക് വച്ചു  പിടിയ്ക്കുകയായിരുന്നു.

രമേശനും സുരേഷും അയല്‍ക്കാരാണ്. രണ്ടു പേരും ടൌണിലെ പാരലല്‍ കോളേജില്‍ ബി.എ.യ്ക്ക് ഒന്നാം വര്‍ഷം പഠിയ്ക്കുന്നു. ഒന്നിച്ചു പോക്കും വരത്തും. അവധി ദിവസങ്ങളില്‍ രണ്ടുപേരും ചൂണ്ടയിടാനെന്ന വ്യാജേന പുഴയോരത്തു പോകും. പുഴയോരത്തെ വഞ്ചിക്കൂട്ടത്തിലും മുളങ്കാട്ടിലും പതുങ്ങിയിരുന്നാണ് ചൂണ്ടയിടീല്‍. അന്നൊരു ദിവസം പുഴക്കരെ പശുവിനെ കെട്ടാന്‍ വന്ന തോമാക്കുട്ടിയാണ് ആ രഹസ്യം കണ്ടുപിടിച്ചത്. അക്കരെ കുളിയ്ക്കുന്ന പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലാണ് രണ്ടിന്റേം പണി. വിവരം പുറത്തറിയിയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയ തോമാക്കുട്ടിയ്ക്ക് ഒരു പൈന്റ് റം മേടിച്ചുകൊടുത്താണ് അന്ന് മുഖം രക്ഷിച്ചത്.

വൈകിട്ട് എട്ടരവരെ സ്കൂള്‍ മൈതാനത്തിരുന്നു വര്‍ത്തമാനം പറഞ്ഞിട്ടേ രമേശനും സുരേഷും പിരിയുകയുള്ളു. വര്‍ത്തമാനങ്ങളില്‍ മുക്കാലേമുന്താണിയും പെണ്ണുങ്ങളെ പറ്റിയാണ്.  രണ്ടു പേരും ഒരു കാര്യത്തില്‍ തുല്യദുഖിതരായിരുന്നു. നിറം കറുപ്പായതു കൊണ്ടും മുഖസൌന്ദര്യം കുറവായതു കൊണ്ടും ഒരു പെണ്ണും അവരെ ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചതായി അവര്‍ക്കു തോന്നിയിട്ടില്ല. നേരെ നിന്ന് ഒരുത്തിയോടു പേരു ചോദിയ്ക്കാന്‍ പോലും ഇത്രേം കാലമായിട്ടും രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുമില്ല. എന്നു വെച്ച് അവര്‍ക്കും സ്വപ്നങ്ങളില്ലാതിരിയ്ക്കുമോ? എത്രയെത്ര സിനിമകളില്‍ സ്നേഹവും പ്രേമവും കണ്ടിരിയ്ക്കുന്നു?അതുപോലെയൊക്കെ ഒരു പെണ്ണിന്റെ ഇഷ്ടവും ചിരിയും കൊതിയ്ക്കാത്ത ഏതൊരുവനാ ഉള്ളത്? എല്ലാ രാത്രികളിലും തങ്ങളുടെ പെണ്ണിനെപറ്റി രസം പറഞ്ഞ് ഒത്തിരി ചിരിയ്ക്കുകയും നിരാശപ്പെടുകയും ചെയ്തിരുന്നു അവര്‍.

അങ്ങനെ ഒരു രാത്രിയിലാണ്  നാലു വീടിനപ്പുറത്തുള്ള മരപ്പണിക്കാരന്‍ രാജേട്ടന്‍ മൈതാനത്തു കൂടെ വന്നത്. രാജേട്ടനെ കണ്ടു നല്ല പരിചയമുണ്ട്. മരപ്പണിക്കാരനാണെങ്കിലും യാതൊരു ദുശ്ശീലവുമില്ലാ രാജേട്ടന് ‍. വെള്ളമടി, ബീഡിവലി, യാതൊന്നുമില്ല. മധ്യവസ്കന്‍. രമേശന്റെയും സുരേഷിന്റെയും വര്‍ത്താനവും ചിരിയും കണ്ടപ്പോള്‍ രാജേട്ടനും ഒപ്പം കൂടി മൈതാനത്തിരുന്നു. അതോടെ രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടി. രാജേട്ടനെ പോലൊരു മുതിര്‍ന്ന ആളോട് എന്തു സംസാരിയ്ക്കാനാണ്..?

“എന്താടാ പിള്ളേരെ ഇത്ര ചിരീം വര്‍ത്താനോം? പറ രാജേട്ടനും കേള്‍ക്കട്ടെ..” പുള്ളി ചിരിച്ചുകൊണ്ട് രണ്ടാളോടും ചോദിച്ചു.

“ഏയ് ചുമ്മാ ഞങ്ങളോരോന്നിങ്ങനെ... പണിയൊക്കെ ഉഷാറല്ലേ രാജേട്ടാ..?”

“പിന്നേ.. അതിനൊന്നും ഒരു കൊയപ്പോമില്ല...”

പിന്നേം കുറേ നേരം അവരങ്ങനെ വര്‍ത്താനം പറഞ്ഞിരുന്നു. അതോടെ ഒരു കാര്യം ബോധ്യായി, രാജേട്ടന്‍ നല്ല രസികനാണ്. വര്‍ത്താനം കേട്ടിരിയ്ക്കാന്‍ ഒരു മടുപ്പുമില്ല. പിന്നെ പലദിവസങ്ങളിലും രാജേട്ടന്‍ കൊച്ചുവര്‍ത്താനം പറയാന്‍ കൂടി. അങ്ങനെയൊരു ദിവസമാണ് ഒട്ടും പ്രതീക്ഷിയ്ക്കാതെ അങ്ങേര്‍ ഒരു ചോദ്യം ചോദിച്ചത്.

“നിങ്ങളിതേവരെ ഒരു പെണ്ണിനെ തൊട്ടിട്ടുണ്ടോ..?”

അപ്പോഴാണ് രമേശനും സുരേഷും അക്കാര്യം ചിന്തിച്ചത്. ശരിയാണ് ഇതേവരെ മനസ്സോടെ ഒരു പെണ്ണിനെ തൊടാമ്പറ്റിയിട്ടില്ല. ബസിലെ തിരക്കില്‍ വല്ലപ്പോഴുമൊക്കെ ഒത്തു കിട്ടാറുണ്ട്. എങ്കിലും അത് ഒരു തരം കട്ടെടുക്കലല്ലേ, മനസ്സോടെ കിട്ടുന്നതല്ലല്ലോ. കോളേജിലെ നെയ് പോലത്തെ സുന്ദരികളെ തൊടുന്നതായി ചില രാത്രികളില്‍  സ്വപ്നം കണ്ടിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ല. രണ്ടുപേരുടെയും മൌനത്തിലേയ്ക്ക് പിന്നെയും രാജേട്ടന്‍ വാക്കുകള്‍ വാരിയിട്ടു,

“എടാ ആണാണെന്നും പറഞ്ഞ് നടന്നിട്ടു കാര്യമില്ല. നിങ്ങള് പുഴവക്കത്ത് കുളിസീന്‍ കാണാന്‍ പോകുന്നത് എനിയ്ക്കറിയാം. അറിയോ എന്റെ പതിഞ്ചാം വയസ്സില്‍ ഞാന്‍ ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടുണ്ട്..!”

രമേശനും സുരേഷിനും മേലാകെ കുളിരു കോരിയിട്ടു. പെണ്ണിന്റെ ചുംബനത്തിന് തേനിനേക്കാള്‍ മധുരമാണെന്നാണ് കേട്ടിരിയ്ക്കുന്നത്. വെണ്ണയില്‍ തൂവലാല്‍ തലോടും പോലാണത്രെ സ്പര്‍ശനസുഖം..!

 “കല്യാണമൊക്കെ കഴിയ്ക്കും മുന്‍പ് ഇക്കാര്യത്തിലൊക്കെ ഒരു പരിചയം വേണമെടാ.. ഇതൊക്കെ എല്ലാ ആണുങ്ങളും ചെയ്യുന്നതാ. നിങ്ങളൊക്കെ കോളേജിലല്ലേ പഠിയ്ക്കുന്നേ.. ഇഷ്ടം പോലെ പീസ്സില്ലേ അവ്ടെ. വല്ലോം തടഞ്ഞിട്ടുണ്ടോ..?”

“ഇല്ല..” വിഷമത്തോടെ ഉമിനീരിറക്കി രമേശന്‍ പറഞ്ഞു. “നമ്മളെയൊക്കെ ആരുനോക്കാനാ രാജേട്ടാ..? കാണാന്‍ നല്ല മെനയുണ്ടെങ്കിലേ അവളുമാരു മൈന്‍ഡാക്കൂ..”

അപ്പോള്‍ കടന്നുപോയ ചെറുകാറ്റില്‍ അവരുടെ നെടുവീര്‍പ്പ് ലയിച്ചു ചേര്‍ന്നു.

“ഹ ഹ പോകാന്‍ പറ അവളുമാരോട്.. നിങ്ങള്‍ക്ക് കാര്യം നടക്കണോ.. കോഴിമുക്കില്‍ ഒരു കക്ഷിയുണ്ട്.. പക്ഷേ കാശു കൊടുക്കണം...”

“വേണ്ട രാജേട്ടാ.. അതൊന്നും ശരിയല്ല..” കേട്ടപാടെ രമേശന്‍ പറഞ്ഞു.

“നിന്നോടൊക്കെ പറഞ്ഞ എന്നെ വേണം തൊഴിയ്ക്കാന്‍...” രാജേട്ടന്‍ മുഖം കോട്ടി എഴുനേറ്റു.

“രാജേട്ടനറിയുന്ന കക്ഷിയാ...?” സുരേഷ് വിക്കി വിക്കി ചോദിച്ചു.

“അറിയാതെ പിന്നെ..? അങ്ങനെയൊന്നും ചെന്നാല്‍ കാര്യം നടക്കത്തില്ല. എന്റെ പേര് പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞൂന്നു മാത്രം, വേണങ്കി മതി..” ഇത്രേം പറഞ്ഞു രാജേട്ടന്‍ എഴുനേറ്റു പോയി.

“ഏടാ രമേശാ അയാളു പറഞ്ഞതു കേട്ടോ.. നമുക്കൊന്നു ട്രൈ ചെയ്താലോടാ...?”

“പോടാ.. നാട്ടുകാരറിഞ്ഞാല്‍ തൂങ്ങിച്ചത്താ മതി. ഞാനില്ല..” അങ്ങനെ പറഞ്ഞെങ്കിലും രമേശന്റെ മനസ്സില്‍ ഒരനക്കം തോന്നാതിരുന്നില്ല.

“ആരറിയാനാടാ.. കോഴിമുക്ക് ഈടുന്നു എട്ടുപത്തു കിലോമീറ്റര്‍ ദൂരെയല്ലേ.. നമ്മളെ ആരും അറിയോന്നുമില്ല്ല..”

“പക്ഷേ കാശ്.... നൂറുരൂപയെങ്കിലും വേണ്ടേ...”

ഇന്നേയ്ക്ക് കൃത്യം രണ്ടാഴ്ച മുന്‍പായിരുന്നു ഇപ്പറഞ്ഞ സംഭവോം രാജേട്ടന്റെ ഈ വര്‍ത്താനോം. ഒരാഴ്ചകൊണ്ട് രമേശനും സുരേഷും കാര്യം തീരുമാനിച്ചു. ഒരു പ്രാവശ്യം, ഒരൊറ്റപ്രാവശ്യം ഈ സംഗതിയൊന്നറിയണം. നൂറുരൂപ ഉണ്ടാക്കാന്‍ വീട്ടില്‍ കുറേ കള്ളത്തരങ്ങളും മറിമായങ്ങളും ചെയ്യേണ്ടി വന്നു. എല്ലാം റെഡിയായപ്പോള്‍ രാജേട്ടന്‍ വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു.

അരണ്ട വെളിച്ചത്തില്‍ മുന്‍പില്‍ വലിയൊരു പാറക്കൂട്ടം കണ്ടു. രാജേട്ടന്‍ പറഞ്ഞ അടയാളം. അതിന്റെ ഇടതു വശത്തൂടെ വെട്ടുവഴി താഴേയ്ക്കും വലതു വശത്തൂടെ ചെറിയൊരു നടവഴി മേളിലേയ്ക്കും പോകുന്നു. അവര്‍ നടവഴിയിലേയ്ക്കു കയറി. ഇരു വശവും റബര്‍ തോട്ടമാണ്. നല്ല ഇരുട്ടുണ്ട്. രണ്ടു മൂന്നു തവണ കാലു കല്ലിനിടിച്ചതോടെ അല്പാല്പം ടോര്‍ച്ച് തെളിയ്ക്കേണ്ടി വന്നു. വീണു കിടക്കുന്ന റബറിലയിലൂടെ എന്തോ ഇഴഞ്ഞു പോയപോലെ. അവര്‍ ആകെ പേടിച്ചു പോയി. വല്ലാതെ ശ്വാസം തിങ്ങി.

“ഏടാ സുരേഷേ നമ്മക്കു തിരിച്ചു പോകാടാ...” രമേശന്‍ കിതച്ചു കൊണ്ടു പറഞ്ഞു. സുരേഷും ആകെ പതറിപ്പോയിരുന്നു.

“നമ്മുക്ക് ലേശം ഇരിയ്ക്കാം..”

രണ്ടു പേരും ഒരു കല്ലിന്മേല്‍ ഇരുന്നു. റബര്‍ക്കൂട്ടത്തിനിടയിലൂടെ അല്പാല്പം നിലാവ് നിലത്തു വീഴുന്നുണ്ട്. ചെറിയ കാറ്റില്‍ അവ ചലിച്ചു കൊണ്ടിരുന്നു. അല്പം അകലെ എവിടെയോ ഒരു പട്ടി കുരച്ചു. അപ്പോള്‍ വെട്ടു വഴിയിലൂടെ ചിലര്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടു കയറി വരുന്നുണ്ടായിരുന്നു. രമേശനും സുരേഷും വേഗം കല്ലിന്മേല്‍ നിന്നിറങ്ങി റബര്‍ മരത്തിനു മറഞ്ഞു നിന്നു. താഴെ നിന്നു വന്നവര്‍ വെട്ടു വഴിയിലൂടെ തന്നെ പാറക്കൂട്ടം കടന്നു പോയി. അപ്പോഴാണ്  ശ്വാസം നേരെ വന്നത്.

“സുരേഷേ.. വാ നമ്മക്കു തിരിച്ചു പോകാം..” രമേശന്‍ പിന്നെയും തോണ്ടി.

“ഏതായാലും വന്നതല്ലേ.. പോയി നോക്കാടാ.. വരാന്നേരം നല്ല ഉത്സാഹായിരുന്നല്ലോ..?” സുരേഷ് കടുപ്പത്തില്‍ പറഞ്ഞു.

അവര്‍ പിന്നെയും മുന്നോട്ടു നടന്നു. കുറച്ചു കൂടി ചെന്നപ്പോള്‍ രാജേട്ടന്‍ പറഞ്ഞപോലെ തന്നെ അതാ ഓടിട്ട ചെറിയ വീട്. അതു കണ്ടപ്പോള്‍ നെഞ്ചിടിച്ചെങ്കിലും വല്ലത്തൊരു ഉത്സാഹം. വീടിന്റെ മുറ്റത്തിനു താഴെ അവര്‍ നിന്നു. റബര്‍ തോട്ടത്തിന്റെ നിഴലില്‍ ആ വീടാകെ കറുത്തിരുണ്ടു കിടന്നു. ഉള്ളില്‍ എവിടെയോ നേരിയ വെളിച്ചമുണ്ട്. ഇനിയെന്തു വേണം എന്ന് രണ്ടുപേരും മുഖാമുഖം നോക്കി.

“വാതിലിനു തട്ടി വിളിച്ചാലോ.. രാജേട്ടന്റെ പേരു പറഞ്ഞാ മതീന്നല്ലേ പറഞ്ഞെ..” സുരേഷ് പിറുപിറുത്തു.

“ഏടാ വേറെ ആരേലും കാണ്വോ അവിടെ..? എന്നാല്‍ എല്ലാം കഴിഞ്ഞു..” രമേശനും ഒച്ചതാഴ്ത്തി പറഞ്ഞു.

“നീപോകുന്നോ ആദ്യം..?”

“വേണ്ട നീ ചെല്ല്.. ഞാന്‍ രണ്ടാമതു പൊക്കൊളാം..” രമേശന്‍ പുറകോട്ടു നിന്നു.

അവസാനം സുരേഷ് തന്നെ പോകാന്‍ തീരുമാനിച്ചു. മിടിയ്ക്കുന്ന നെഞ്ചോടെ പതുക്കെ പതുക്കെ കാല്‍ വലിച്ചുവെച്ച് അവന്‍ ആ വീടിന്റെ വാതില്‍ക്കല്‍ എത്തി ചെവിയോര്‍ത്തു. അകത്ത് അനക്കമൊന്നുമില്ല. നല്ല നിശബ്ദത. അല്പം വിറയലോടെ  വാതില്‍ തട്ടി. പിന്നെയും രണ്ടു മൂന്നു തവണ തട്ടി. അപ്പോള്‍ അകത്തൊരനക്കം. അല്പസമയത്തിനകം വാതില്‍ മെല്ലെ തുറന്നു. മണ്ണെണ്ണ വിളക്കുമായി ഒരു രൂപം..

“ആരാടാ...?”

വാതില്‍ക്കല്‍ നിന്ന സുരേഷും മുറ്റത്തിനു താഴെ നിന്ന രമേശനും ഒരു പോലെ ഞെട്ടി. വെളിച്ചം മുഖത്തു വീണപ്പോള്‍ ആ രൂപത്തെ കണ്ടു. ഒരു സ്ത്രീ തന്നെയാണ്. വാരിക്കെട്ടിയ മുടിയും ഉലഞ്ഞ വസ്ത്രങ്ങളും. അവര്‍ വിളക്കു പുറത്തേയ്ക്കു നീട്ടിയപ്പോള്‍ പരുങ്ങി നില്‍ക്കുന്ന സുരേഷിനെ കണ്ടു..

“എന്താടാ നായീന്റെ മോനെ, ഈടെ പതുങ്ങി നില്‍ക്കുന്നെ...?”

മുറ്റത്തിനു താഴെ രമേശന്‍ വേഗം പുറകോട്ട് മൂന്നാലു ചുവടു വച്ചു ഓടാന്‍ തയ്യാറായി.. സുരേഷ് ആകെ പരവശനായിപ്പോയിരുന്നു..

“രാജേട്ടന്‍... മരപ്പണിക്കാരന്‍....” ഒരു വിധത്തില്‍ അവന്‍ വിക്കി വിക്കിപ്പറഞ്ഞു. പെട്ടെന്ന് ആ സ്ത്രീ വിളക്കു താഴ്ത്തി.

“കയറി വാ...” അവര്‍ വിളിച്ചു.  അവന്‍ സങ്കോചത്തോടെ അകത്തു കയറി. ഉടനെ അവര്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ മറുകൈയിലിരുന്ന വെട്ടുകത്തി അവന്‍ കണ്ടത്. അവര്‍ അത് ഒരു മൂലയിലേയ്ക്കിട്ടു..

“പേടിയ്ക്കണ്ട, രാത്രിയില്‍ ആരാ വരുന്നതെന്ന് അറിയത്തില്ലല്ലോ ഒരു ധൈര്യത്തിന്....”

അരണ്ട മണ്ണെണ്ണ വെളിച്ചത്തില്‍ സുരേഷ് അവരെ ശരിയ്ക്കും കണ്ടു. മുപ്പത്തഞ്ചു വയസ്സെങ്കിലും പ്രായം ഉണ്ടാകും.  വിദൂര സ്വപ്നങ്ങളില്‍ പോലും ഇതുപോലൊരു മുഖം ഉണ്ടായിരുന്നില്ല എന്ന് ഒരാന്തലോടെ അവന്‍ അറിഞ്ഞു. മുറിയിലെ ഇരുട്ടിന്റെ ആക്രമണത്തെ തടയാന്‍ മണ്ണെണ്ണവിളക്ക് വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

“അകത്തോട്ടു വാ...”  പൊളിഞ്ഞ പ്ലൈവുഡ് കതക് തള്ളിക്കൊണ്ട് അവര്‍ പറഞ്ഞു. സുരേഷിന്റെ കാലുകള്‍ ചലിച്ചില്ല. പുറത്തേയ്ക്കിറങ്ങിയോടാന്‍ അവന്‍ അതിയായി ആശിച്ചു. പെട്ടെന്ന് ആ സ്ത്രീ അവന്റെ കൈപിടിച്ച് അകത്തേയ്ക്ക് വലിച്ചു. അസാമാന്യ കരുത്താണവര്‍ക്കെന്ന് അവനു മനസ്സിലായി. നിലം പറിഞ്ഞ് അവന്‍ ഉള്ളിലേയ്ക്ക് വലിച്ചെടുക്കപ്പെട്ടു. അവിടെ പഴകിയ ഒരു കട്ടിലില്‍ രണ്ടു കുട്ടികള്‍ ഉറങ്ങുന്നു. നിലത്തൊരു പായയും മുഷിഞ്ഞ തലയിണയും. അലക്ഷ്യമായി വാരിവലിച്ചിട്ട കുറേ പഴന്തുണികള്‍ ഒരു മൂലയില്‍.  ഇരുട്ടില്‍ പൊതിഞ്ഞ ഏതോ ദുര്‍ഗന്ധം ആമുറിയിലുണ്ട്. അവര്‍ തിരിഞ്ഞു നിന്ന് വസ്ത്രം അഴിയ്ക്കാന്‍ തുടങ്ങി.

മുറ്റത്തിനു താഴെ നിന്ന രമേശന്‍ അക്ഷമനായി. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. അപരിചിതമായ സ്ഥലത്ത്, അപരിചിതയായ ഒരു സ്ത്രീയുടെ വീടിനു താഴെ പതുങ്ങി നില്‍ക്കേണ്ടി വരുക.! ആരെങ്കിലും കണ്ടാല്‍ എല്ലാം കഴിഞ്ഞു. അവനാകെ ആത്മനിന്ദ തോന്നി. ഒരാവേശത്തിന് ഇറങ്ങിപുറപ്പെട്ടതാണ്. സുരേഷ് വന്നാലുടനെ സ്ഥലം വിടണമെന്ന് അവനുറച്ചു, എന്തായാലും തനിയ്ക്കീ പരിപാടി വേണ്ട. രാജേട്ടനെ മനസ്സില്‍ നാലഞ്ചു തെറി പറഞ്ഞു. റബര്‍ തോട്ടത്തിലെ കരിയിലയില്‍ കൂടി ആരോ നടക്കുന്നപോലെ അവനു തോന്നി. ഒരു മൂങ്ങ ഉച്ചത്തില്‍ ചിറകടിച്ചു തലയ്ക്കു മുകളിലൂടെ പറന്നു പോയി.

“രമേശാ..” അരികില്‍ നിന്ന് ആ വിളി കേട്ടപ്പോള്‍ അവന്‍ ഞെട്ടിത്തെറിച്ചു. തൊണ്ട വരണ്ടുപോയി..

“ഞാനാ.. നീ പോകുന്നോ.” സുരേഷാണ്. അവന്‍ വന്നതു അറിഞ്ഞേയില്ലല്ലോ.

“വേണ്ടാ.. വേം തിരിച്ചു പോകാം”

അവര്‍ വേഗം താഴേക്കു നടന്നു. വഴിയരുകിലെ മുള്‍ക്കൂട്ടത്തില്‍ കാലുടക്കിയതും കല്ലിന്മേല്‍ നഖമിടിച്ചതും അറിഞ്ഞതേയില്ല. രമേശന്  സുരേഷിനോട് അറപ്പു തോന്നി. കോഴിമുക്കു കവല വരെ അവര്‍ ഒന്നും സംസാരിച്ചതേയില്ല. പീടികക്കാരന്‍ അടച്ചുപോയിരിയ്ക്കുന്നു. അവിടം വിജനമായിരുന്നു. നിലാവെളിച്ചം മാത്രം. ഇനി നാട്ടിലേയ്ക്കു വണ്ടിയൊന്നും കിട്ടാനില്ല, നടക്കുക തന്നെ.

“എങ്ങനെ ഉണ്ടായിരുന്നു...?” അതുവരെ പിടിച്ചു നിര്‍ത്തിയ ചോദ്യം രമേശന്റെ വായില്‍ നിന്നു ചാടി.

“ഇതാ..” സുരേഷ് പോക്കറ്റില്‍ നിന്നും നൂറു രൂപാനോട്ട് എടുത്തു കാണിച്ചു.

“കാശുകൊടുത്തില്ലേ..?”

“അവരു മേടിച്ചില്ല.. ജോലി ചെയ്യാതെ കൂലി വേണ്ടാന്ന്..”

“അതായത്..........................”

“അതേടാ.. എന്നെക്കൊണ്ടാവുന്നില്ല.. മനസ്സുവന്നില്ല. അവിടെ കിടന്നുറങ്ങുന്ന രണ്ടു കുഞ്ഞുങ്ങള്‍.  ആ സ്ത്രീയുടെ മുഖം.. ഏടാ.. നമുക്കറിയാത്ത ഒത്തിരി കാര്യങ്ങള്‍ ലോകത്തുണ്ട്. അതൊന്നും പറഞ്ഞുതരാന്‍ എനിയ്ക്കറിയത്തില്ല.. “

സുരേഷിന്റെ മുഖത്തുകൂടി ചാലിട്ടൊഴുകിയ നനവില്‍ നിലാവെളിച്ചം തിളങ്ങി. അപ്പോള്‍ ആകാശത്ത് ആയിരം നക്ഷത്രങ്ങള്‍ തിളങ്ങുകയും വെണ്‌മേഘത്തുണ്ടുകള്‍ പഞ്ഞിപോലെ ഒഴുകുകയും ചെയ്തു. ഇരുണ്ട നിറമുള്ള നിശബ്ദതയില്‍ പൂക്കള്‍ വിതറി കിഴക്കന്‍ കാറ്റ് കടന്നുപോയി. അവര്‍ രണ്ടുപേരും കൈകള്‍ കോര്‍ത്തുപിടിച്ച്  വെറുതെ പൊട്ടിച്ചിരിച്ചു. പിന്നെ ആ  വിജനപാതയിലൂടെ വലിഞ്ഞു നടന്നു, വീട്ടിലേയ്ക്ക്.


Biju Kumar Alakode

മണല്‍ വഴികള്‍.


വാതില്‍ തുറക്കുമ്പോള്‍ തിടുക്കപ്പെട്ട് തണുപ്പ് അകത്തേക്ക് കയറി. നട്ടുച്ചയാണന്ന് വെയില്‍ മയക്കം കണ്ടാല്‍ തോന്നില്ല .ദേഹമാകെ തണുപ്പിന്‍റെ നഖപ്പാടുകള്‍.
നാദിര്‍ മുഹമ്മുദ് ഹസ്സന്‍ വാതില്‍ ഒന്നുകൂടി മുറുക്കി അടച്ചു.റോഡുകള്‍ ഏറെക്കുറെ വിജനം.ഇനി കാറുകള്‍ പുറത്ത് ദയയില്ലാതെ ഹോണ്‍ മുഴക്കി ക്കൊണ്ടിരിക്കും.പിടഞ്ഞു ചെന്നാലും ചോദിക്കും.
ഒരു മണിക്കൂറായല്ലോ ഞാനിവിടെ. നീ ഉറങ്ങുകയായിരുന്നോ?
ഒരു പാക്കറ്റ് സിഗ്രട്ട്,അല്ലങ്കിലൊരു പെപ്സി.അത്രയൊക്കെയേ ആവശ്യമുണ്ടാവൂ.നൂറിന്‍റെ നോട്ട് വച്ച് നീട്ടും.ചില്ലറ ചോദിച്ചാല്‍,അല്പം മുഷിഞ്ഞ നോട്ടു തിരികെ കൊടുത്താല്‍ മരിച്ചു പോയ ഉമ്മാനെ തെറി പറയും.തീരെ തര്‍ക്കിക്കാറില്ല.ഇവിടുത്തെ കാലാവസ്ഥയും,ആളുകളുടെ സ്വഭാവവും പ്രവചാനാതീതമാണ്.രണ്ടും എളുപ്പത്തില്‍ തകിടം മറിയും.
തിരക്കുള്ളപ്പോള്‍ പുറത്തേക്ക് ഓടിപ്പോകുന്നതില്‍ ചിലര്‍ മുഷിയും.ന്യായം പറയും.അപ്പോഴൊക്കെ അവരുടെ മുഖത്ത് പരിഹാസത്തിന്‍റെ ചിതമ്പല്‍ ഉണ്ടാവും .ഒന്നും കണ്ടതായിനടക്കില്ല.ഒരു ബാക്കാലയില്‍ നിന്ന് പോവുകയെന്നത്,ഏറെ മെയ്‌ വഴക്കം വേണ്ട ട്രപ്പീസ് കളിയാണ്.
മദ്രസ്സ പൂട്ടിയത് കൊണ്ട് തിരക്കില്ല.അല്ലങ്കില്‍ ഇന്നേരം നോമ്പ് തുറക്ക് സമാനമാണ്.എല്ലാവര്‍ക്കും ഒരേ സമയം സാധങ്ങള്‍ വേണം.നാല് കൈ മതിയാവില്ല.പെപ്സിയും,ചോക്ലേറ്റും,ലൈസും പെട്ടിക്കണക്കിനു കാലിയാവും.
കുറച്ചു കളവ് പോയന്നുമിരിക്കും.കുറച്ചു നാള്‍ മുന്‍പ് തൊട്ട് അപ്പുറത്ത് താമസിക്കുന്ന ജോര്‍ദാനി ഡോക്ടറുടെ മകള്‍ നാല് കിറ്റ്‌ കാറ്റ് വാങ്ങി.രണ്ട് ബോണ്ടി ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചു.പ്രായത്തെക്കാള്‍ വളര്‍ന്നവള്‍.മോഷ്ട്ടിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ലാത്ത കുട്ടി.അതൊരു ശീലമാവാം,അല്ലങ്കില്‍ കൂടെയുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാനുള്ള ശിശു സഹജമായ മോഹമാവാം.
ഞാന്‍ ഡോക്ടറുടെ അകൌണ്ടില്‍ രണ്ട് റിയാല്‍ ചേര്‍ത്തെഴുതി.അതിലെ ശെരി തെറ്റുകളെ പറ്റി ഞാനധികം ചിന്തിച്ചിട്ടില്ല.
ടെലിഫോണ്‍ നിര്‍ത്താതെ പിടഞ്ഞു.
ഫ്ലാറ്റ് നമ്പര്‍ 212 ലേക്ക് ഒരു ഫാമിലി ബോട്ടില്‍ പെപ്സി,രണ്ട് പാക്കെറ്റ് മാല്‍ബോറോ.
ഓര്‍ഡര്‍ കുറിച്ച് കമ്പിയില്‍ കുത്തി വെച്ചു.
ഓരോ ഫ്ലാറ്റിലും ഒരു ദിവസം ഒരുപാട് തവണ കയറിയിറങ്ങണം.എല്ലാ ഓര്‍ഡറും ഒന്നിച്ചു തന്നാല്‍ ഉപകാരമാവുമെന്ന് എപ്പോഴും പറയുന്നതാണ്.എന്നാലും അവര്‍ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും.
മുഹമ്മദ്‌ ഇനിയും വന്നിട്ടില്ല.ഹോം ഡെലിവറിയാണ് അവന്‍റെ പ്രധാന പണി.അവന്‍റെ പേര് മനോഹരന്‍ എന്നോ,മോഹനന്‍ എന്നോ ആണ്.ആരാണാവോ മുഹമ്മദ്‌ എന്ന് വിളിച്ചു തുടങ്ങിയത്!
ആളുകളുമായി ഇടപഴകാന്‍ അവനു നന്നായി അറിയാം.എന്നെ പ്പോലെ വേഗത്തില്‍ ശുന്ടി പിടിക്കാറില്ല.ഞാന്‍ കണ്ട ഹിന്ദികളില്‍ അധികവും സൌമ്യരും,ക്ഷമാശീലരുമാണ്.ഒരു കാര്യത്തില്‍ അവന്‍ എപ്പോഴും ആശങ്ക പ്പെട്ടുകൊണ്ടിരുന്നു.
ശമ്പളം വൈകുമോ?
പ്രാരാബ്ധങ്ങളുടെ നടുവിലാണവന്‍.
മുഹമ്മദ്‌ എന്ന് വിളിക്കുമ്പോള്‍ അവന്‍റെ മുഖം അത്ഭുതത്തോടെ വിടരുന്നത് ഞാന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്.
ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ആരും വിളിക്കാറില്ല.മുസ്ലിങ്ങള്‍ അല്ലാത്തവരോട് സലാം പറയാറില്ല.
മുഹമ്മദ്‌ തെല്ലൊന്നു വിശദീകരിച്ചു.
നിങ്ങളുടെ സംസ്കാരം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.മുഹമ്മദ്‌ എന്നത് ഒരു മാതൃകാ പുരുഷന്‍റെ പേരാണ്.ആ പേരില്‍ അഭിസംബോധന ചെയ്യുന്നതും,ദൈവനാമത്തില്‍ നന്മനേരുന്നതും ഏറ്റവും ഉത്തമം എന്നുമാണ് ഞങ്ങള്‍ കരുതുന്നത്.ഏറ്റവും പഴക്കമുള്ള ഒരു സംസ്കാരത്തിന്‍റെ അടയാളമാണത്‌.സലാമിന്‍റെ വിശാലതയിലേക്ക്‌
വരാതെ,അതിന്‍റെ ഖ്യാതിയെ തളച്ചിടുന്നത് ഒട്ടും ശരിയല്ലന്നാണ് എന്‍റെ അഭിപ്രായം.
നിങ്ങളുടെ നാട്ടില്‍ വിവാഹിതനാവുന്ന പുരുഷന് ധാരാളം,സ്വത്തും,സ്വര്‍ണ്ണവും കിട്ടില്ലേ?എന്തൊരു വിചിത്രമായ
സമ്പ്രദായങ്ങള്‍!എനിക്ക് നാല്‍പ്പത് വയസ്സ് കഴിഞ്ഞു.ഞാനിപ്പോള്‍ അവിവാഹിതനായി കഴിയുന്നത്‌,മഹറിനുള്ള
പണമില്ലാത്തത് കൊണ്ടാണ്.ഒരു വീട് വെക്കണം,മഹര്‍ കണ്ടെത്തണം.പെണ്‍ മക്കളുണ്ടായിരുന്നങ്കില്‍ വാപ്പയുടെ
ചികിത്സയെങ്കിലും ഭംഗിയായി നടക്കുമായിരുന്നു.
നാദിര്‍ മുഹമ്മദ്‌ ഹസ്സന്‍ തണുപ്പില്ലാത്ത വെള്ളം കുടിച്ച് ചുണ്ട് തുടച്ചു.
ജീവിക്കുക എന്നത് എവിടെയും അത്ര എളുപ്പമുള്ള കാര്യമല്ല.തമ്മില്‍ ഭേദം നിങ്ങളുടെ നാടാണ്.ഇവിടുത്തെ ഒരു കിലോ അരിയുടെ കാശ് കൊണ്ട് നിങ്ങള്‍ക്ക് നാല് കിലോ അരി നാട്ടില്‍ വാങ്ങിക്കാം.
അങ്ങിനെ ചിന്തിക്കുന്നതില്‍ വലിയ കാര്യമില്ല.
മുഹമ്മദ്‌ ഇടപെട്ടു.
അതാതു നാടിന്‍റെ ലഭ്യതക്കും,വ്യവസ്ഥിതിക്കും, അനുസരിച്ചാവും വില നിലവാരത്തിന്‍റെ അടിസ്ഥാനം.ഇന്ത്യന്‍ മണിയില്‍ കണക്കാക്കിയാല്‍ പെട്രോളിന് ഇവിടെ ഏഴ് രൂപയേ വേണ്ടൂ.ഞങ്ങള്‍ അതിന് ആറിരട്ടി വിലയാണ് കൊടുക്കുന്നത്.ഇവിടെ ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വിലക്ക് രണ്ട് ലിറ്റര്‍ പെട്രോള്‍ കിട്ടില്ലേ?
എന്‍റെ വീടിന്‍റെ കക്കൂസിന് പിന്നിലും,പറമ്പിലും താനേ വളരുന്ന പപ്പായയാണ് പതിനാറ് റിയാല്‍ കൊടുത്ത് നിങ്ങള്‍ വാങ്ങി കഴിക്കുന്നത്‌.വേലിതറികളായി നില്‍ക്കുന്ന മുരിങ്ങ മരത്തിലാണ്,പന്ത്രണ്ട് റിയാലിന്‍റെ മുരിങ്ങാക്കായ ഉണ്ടാവുന്നത്.
അവരുടെ വര്‍ത്തമാനങ്ങള്‍ ക്കിടയിലെക്കാണ് അബൂ സലിഹ് അബ്ദുള്ള കടന്നു വരുന്നത്.
അയാള്‍ പതിവിലും ഉന്മേഷവാനാണ്‌.
ഇന്ന് കുറച്ച് സാധനങ്ങള്‍ വേഗം വീട്ടില്‍ എത്തിക്കണം.രാത്രി ഒരു പാര്‍ട്ടിയുണ്ട്.
താങ്കള്‍ വലിയ സന്തോഷത്തിലാണല്ലോ.
നാദിര്‍ മുഹമ്മദ്‌ ഹസ്സന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
ശരിയാണ് .ഞാന്‍ ഏറെ സന്തോഷവാനാണ്.എനിക്കിന്ന് ആറാമത്തെ പെണ്‍കുട്ടി ജനിച്ചു.
മബ്രൂക്... മബ്രൂക് .അവര്‍ ഒരുമിച്ച് അനുമോദിച്ചു.കൈ കൊടുത്തു.
ശുക്രന്‍. ശുക്രന്‍ .ഇന്ന് രാത്രി ഭക്ഷണം എന്‍റെ വക.കബ്സയും,അലീസയും കഴിക്കുന്നതില്‍ വിരോധമില്ലല്ലോ.
അബൂ സാലിഹ് അബ്ദുള്ള നിറഞ്ഞു ചിരിച്ചു.
രണ്ട് പോക്കറ്റിലും മല്‍ ബോറോ റെഡ് തിരുകി അയാള്‍ വണ്ടിയിലേക്ക് കയറി.

2

മസീഹാ ഇബ്രാഹീമിന്‍റെ സംശയത്തിന് പിന്നെയും തീ പിടിച്ചു.
എന്‍റെ മഹറിന്‍റെ പണം കൊണ്ട് വാപ്പ മറ്റൊരു നിക്കാഹ് കഴിക്കുമോ?
ജേഷ്ട്ടത്തി ഫാതിമ്മയുടെ മഹര്‍ കൊണ്ടാണ് വാപ്പ രണ്ടാമതും നിക്കാഹ് കഴിച്ചത്.അവളേക്കാള്‍ പ്രായം കുറവാണല്ലോ രണ്ടാനുമ്മാക്ക്.
മസീഹാ ഇബ്രാഹിമിന് മുപ്പത് വയസ്സ് കഴിഞ്ഞു.മഹറിന്‍റെ കാര്യത്തില്‍ വാപ്പ വിട്ട് വീഴ്ച ചെയ്യാത്തത്‌ കൊണ്ടാണ്
ഒരു ബന്ധവും കരക്ക്‌ അടുക്കാത്തത് എന്ന് അവള്‍ക്ക് നന്നായിട്ടറിയാം.കൂടുതല്‍ സംഖ്യചോദിക്കുമ്പോള്‍ പെണ്ണിന്‍റെ മൂല്യം കൂടുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാവാം.ഇതൊരു സാധാരണ സംഭവം എന്ന മട്ടിലാണ് എല്ലാവരും ഇതിനെ കാണുന്നത്.ഒരു പെണ്ണിന്‍റെ മനസ്സിനൊപ്പം എത്ര പേര്‍ സഞ്ചരിച്ചിട്ടുണ്ട്?അവളുടെ സ്വപ്നങ്ങളുടെ നിറഭേദ ങ്ങളെ എത്ര പേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്?സിനിമയില്‍ കാണുന്നതല്ല ജീവിതം.കണ്ണിന്‍റെ മുന കൂര്‍പ്പിച്ചു കാവലിരിക്കുന്നവരാണ് ഏറെയും.
അവളുടെ മൊബൈലില്‍ ഷാക്കിറ പാടുന്നു.
അപ്പുറത്ത് വലീദ് അബ്ദുല്‍ റാഷിദ്‌.മിസ്റി.പെര്‍ഫ്യും സെയില്‍സ് മാന്‍.
അവള്‍ മധുരമുള്ള ശബ്ധത്തില്‍ അവനെ തൊട്ടു.
നിന്നെ കാണാന്‍ വന്ന കിളവന്‍ എന്ത് പറഞ്ഞ്?
പതിവ് പോലെ മഹറില്‍ ഉടക്കി.അതല്ല കാര്യം.ഉള്ള നേരം കൊണ്ട് അയാള്‍ എന്നെ കണ്ണ് കൊണ്ട് ബലാല്‍സംഗം ചെയ്ത്‌.
അവള്‍ ശബ്ദം താഴ്ത്തി പ്പറഞ്ഞു.
ആര്‍ത്തി മാത്രേ ഉണ്ടാവൂ.പൂത്തുലയും മുന്‍പ് കൊമ്പ് ഒടിഞ്ഞ്താഴെ വീഴും.
അവര്‍ ഉറക്കെ ചിരിച്ചു.
ആ കിളവനായാലും മതി.സ്വത്തും,സൌകര്യവും ധാരാളം.നമ്മുടെ സന്തോഷത്തിനും,സ്വാതന്ത്രത്തിനും തടസ്സമുണ്ടാവില്ല.ഞാന്‍ നിങ്ങളുടെ അടിമയാണന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നാല്‍ മതി.
കുറച്ച് കാശുമായി നിന്‍റെ വാപ്പാനെ വന്നു കണ്ടാലോ?
ആ തമാശ അവള്‍ക്കത്ര രുചിച്ചില്ല.ഒരു സൌദിയുടെ കൂലിപ്പണിക്കാരന് ഇതിനു മാത്രം കാശ് എവിടെ നിന്നാ.
ഇനി കാശ് ഒത്താല്‍ തന്നെ ഈ രാജ്യത്തെ നിയമങ്ങളെ എങ്ങനെ മറികടക്കാനാണ്?ആണുങ്ങളെപ്പോലെ അന്യ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് നിക്കാഹ് ചെയ്യാന്‍ അനുവാദമില്ലല്ലോ. ഇവിടുത്തെ സ്ത്രീകള്‍ക്ക് സ്വദേശികളെ മാത്രമേ വിവാഹം ചെയ്യാനാവൂ.ഇതൊന്നും നിനക്ക് അറിയാത്തതാണോ?
അറിയാം ഞാനൊരു തമാശക്ക്.
നിന്‍റെ യൊരു തമാശ.ഓരോരോ ആവശ്യങ്ങള്‍ക്ക് വാങ്ങിയ കാശിന് ഞാന്‍ കണക്കു വെച്ചിട്ടില്ല നീയിപ്പോള്‍ ചെവി ചേര്‍ത്ത്‌ പിടിച്ചിരിക്കുന്ന മൊബൈല്‍ അടക്കം ...വേണ്ട. എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട.
അവള്‍ മനസ്സില്‍ തോന്നിയതൊന്നും പറഞ്ഞില്ല.
വിഷയം മാറ്റി.
അടുത്തൊന്നും നേരില്‍ കാണാന്‍ കഴിയില്ല. ഡ്രൈവര്‍ നാട്ടില്‍ പോയി.പിന്നെ നിന്‍റെ ചിരിയിലും,പെരുമാറ്റത്തിലും
രണ്ടാനുമ്മാക്ക് നേര്‍ത്ത സംശയങ്ങള്‍ മണക്കുന്നുണ്ട്.അല്ലങ്കില്‍ ഇത്രയധികം പെര്‍ഫ്യും വാങ്ങിക്കൂട്ടാന്‍ എനിക്കതി ന്‍റെ കച്ചോടം ഇല്ലല്ലോ.
അത് പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത് .ഇന്നലെ ഒരു പെര്‍ഫ്യും ലാന്‍ഡ്‌ ചെയ്തിട്ടുണ്ട്.
ഇതിലൊന്നും എനിക്ക് യാതൊരു ഭ്രമവുമില്ല .നിന്നെ കാണാന്‍ ഉള്ള ഒരു വളഞ്ഞ വഴിമാത്രം.
അവന്‍ സുന്ദരമായ ഒരു ചിരി അവളുടെ കാതില്‍ നിറച്ചു.
രണ്ടാനുമ്മ ആള് കൊള്ളാലോ
മതി.മതി.നിന്‍റെ കണ്ണുകള്‍ അവരെ വിവസ്ത്രയാക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
പിടിക്കപ്പെട്ട കള്ളന്‍റെ ജാള്യം അവളിപ്പോള്‍ കാണുന്നില്ല.വിളറിയ ശബ്ദത്തെ അവന്‍ വേഗത്തില്‍ തിരിച്ച് പിടിക്കാന്‍ അവന്‍ അപ്പോള്‍ പരിശ്രമിച്ചു കൊണ്ടിരുന്നു.
അവള്‍ വശ്യമായി പൈതൊഴിഞ്ഞു.
സമിനമിന വാക്ക വാക്ക ഹേ ഹേ .....
മസീഹാ ഇബ്രാഹിമിന്‍റെ മൊബൈലിന് വിശ്രമമില്ല.
ഇപ്പോള്‍ സംസാരിക്കുന്നത് അല്‍ ദഫ്ര ക്ലിനിക്കിലെ പലസ്തീന്‍ ഡോക്ടറാണ്.
രണ്ട് കുട്ടികളുടെ പിതാവ്.സന്ധിക്കാന്‍ ഏറ്റവും സുരക്ഷിതമായ ഇടം ഹോസ്പിറ്റ ലാണാന്നു അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ആള്‍.
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒരു സുഡാനിയുണ്ട്.കറുപ്പിന്‍റെ മുഗ്ദത മുഴുവന്‍ ആവാഹിചെടുത്തവന്‍.അവന്‍ പറയുന്നത് സത്യമാണങ്കില്‍ എന്നേക്കാള്‍ പത്ത് വയസ്സ് ഇളയവന്‍.ഞാനിക്കാര്യം അവനോടും പറഞ്ഞിട്ടില്ല.പറയുന്ന കാര്യങ്ങള്‍ നേരാണന്ന് എന്താണ് ഉറപ്പ്?അവനിപ്പോള്‍ യൂറോപ്പിലാണത്രെ.രാത്രി സംസാരിക്കാനാണ് അവനു പ്രിയവും,സൌകര്യവും.ഉറക്കം ഒഴിവാക്കുന്നത് ഓര്‍ക്കുമ്പോള്‍ അവനെ തന്നെയാണ് ഞാന്‍ ഒഴിവാക്കുക.
ചിലപ്പോള്‍ വല്ലാത്ത മടുപ്പാണ്.പതിനേഴ്‌ ഇഞ്ച് സ്ക്രീനില്‍ നിന്ന് ലോകത്തെ അടര്‍ത്തി മാറ്റി,ബെഡ്ഡില്‍ കമിഴ്ന്നു കിടക്കും.പേടിപ്പെടുത്തുന്ന നിശബ്ദതയാണ് വീട് നിറയെ.മുറികളില്‍ അപരിചിതമായ വഴികള്‍.
ഷാക്കിറ പലവട്ടം പാടി തളര്‍ന്നു.
ഫാസ്റ്റ് ഫുഡിന്‍റെ മാദകത്വത്തില്‍ കൊഴുത്ത ദേഹം പലതരം വിശപ്പിനാല്‍ ഉണര്‍ന്നു കൊണ്ടിരുന്നു.
ആകാശം ഒന്ന് കാണണമെന്ന് തോന്നുമ്പോള്‍ എന്ത് ചെയ്യും?പുറത്തിറങ്ങണമെങ്കില്‍ കറുപ്പില്‍ പൊതിഞ്ഞെടുക്കണ്ടേ?
വണ്ടിയോടിക്കാന്‍ നിയമം അനുവദിക്കുന്നില്ല.ടാക്സിയില്‍ പോകണമെങ്കില്‍ ഒരു പുരുഷ സാന്നിധ്യം ഉറപ്പ് വരുതണ്ടേ.
എല്ലാം ഊരി എറിയണമെന്നു തോന്നും ചിലപ്പോള്‍.അങ്ങിനെ ഒരിക്കല്‍ ചെയ്തിട്ടുമുണ്ട്.അന്ന് മുതലാണ്‌ ശ്രീലങ്കന്‍ വേലക്കാരിയും അവളും ഒരേ മുറിയില്‍ ഉറങ്ങാന്‍ തീരുമാനിച്ചത്.
മസീഹാ ഇബ്രാഹിം ,ഡിസ്പോസിബിള്‍ കണക്ഷന്‍ മാത്രം ബോധപൂര്‍വം തെരഞ്ഞെടുത്തു.
ഇന്ത്യക്കാരെ എന്തുകൊണ്ടോ അവള്‍ക്കിഷ്ട്ടമല്ല.അവരെ കുറിച്ച് പറയുമ്പോള്‍ വിസയെടുക്കാന്‍ ബാങ്കില്‍ അടക്കേണ്ട കാശുമായി മുങ്ങിയ മലയാളി മുഖമാണ് അവള്‍ ഓര്‍ക്കുക.
സോറി .ഇഗ്ലണ്ടില്‍ നിന്ന് ആല്‍ബെര്‍ട്ടോ വിളിക്കുന്നു.കുറെ നാളായി അവന്‍ വിളിച്ചിട്ട്.നിങ്ങളോട് എനിക്ക് ചിലത് കൂടി സംസാരിക്കാനുണ്ട്.അതിന് മുന്‍പ് ഞാനീ കോള്‍ ഒന്ന് അറ്റെന്റ് ചെയ്യട്ടെ.

അഹ് മദ് മുഈനുദ്ധീന്‍..