Tuesday, July 31, 2012

നനയാത്തവർ

തടാകത്തിനു ഇളം നീലകലർന്ന പച്ച നിറമാണ്‌. പ്രത്യേകിച്ചും നിലാവുള്ളപ്പോൾ. നിലാവുള്ളപ്പോൾ എത്രപേർ തടാകത്തിൽ മുങ്ങി കിടന്നിട്ടുണ്ടാവും? സാദ്ധ്യത കുറവാണ്‌. എനിക്കറിയാം. അതു കൊണ്ട്‌ ഞാൻ പറഞ്ഞത്‌ വിശ്വസിച്ചോള്ളൂ. ഇതു സത്യമാണ്‌.

എനിക്കു ചുറ്റും പായലുകളും പാറകളുമാണ്‌. മാത്രമല്ല, ചുവന്ന ചെകിളകളും, സ്ഫടികതുല്യമായ കണ്ണുകളുമായി ഒഴുകുന്ന മത്സ്യങ്ങളുമുണ്ട്‌. അവ നീന്തുകയാണ്‌ പറയുന്നത്‌ ഒരു വലിയ തെറ്റിദ്ധാരണയാണ്‌. അവയും എന്നെ പോലെ ഒഴുകുകയാണ്‌. എന്നാൽ ഞാനവരെ പോലെയല്ല, എനിക്ക്‌ കൈകാലുകളുണ്ട്‌. തോളറ്റം വരെ നീണ്ട തലമുടിയുണ്ട്‌. എനിക്കസാധ്യമായത്‌ ഒരു കാര്യം മാത്രം. തടാകത്തിന്റെ ഉപരിതലത്തിനപ്പുറമെനിക്ക്‌ സഞ്ചരിക്കാനാവുന്നില്ല. എന്റെ പരിധി അവിടെ ആരാലോ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വെള്ളത്തിനു മുകളിലേക്ക്‌ തലയുയർത്തുമ്പോഴേക്കും എന്റെ നെഞ്ച്‌ പിടഞ്ഞു തുടങ്ങും. മത്സ്യങ്ങളെ പോലെ ജലത്തിനുള്ളിൽ വെച്ച്‌ ശ്വാസമെടുക്കാനെനിക്ക്‌ കഴിഞ്ഞിരുന്നു. അതൊരു കഴിവായിട്ടൊന്നും തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച്‌ ഇതെല്ലാം തന്നെ സ്വാഭാവികമാണ്‌. ഇവിടെ ഈ തടാകത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതും തികച്ചും സ്വാഭാവികം.

എന്റെ സാമ്രാജ്യം ഈ തടാകമാണെന്നും, ഇവിടെ എന്നെക്കൂടാതെ ഒരേയൊരാൾ - അതും ഒരു വൃദ്ധൻ മാത്രമാണുള്ളതെന്നും ഞാൻ മനസ്സിലാക്കിയത്‌ ഏതാനും മാസങ്ങൾക്ക്‌ മുൻപാണ്‌. ഇവിടെ ഞാനെങ്ങനെ എത്തിപ്പെട്ടുവെന്നതിനു എനിക്കെന്റേതായ വിശദീകരണമുണ്ട്‌. നിലാവുള്ള ഒരു രാത്രിയിൽ ഒരു തോണിയിൽ ഒറ്റയ്ക്ക്‌ വന്ന് തണുത്ത്‌ കിടക്കുന്ന ജലാശയത്തിലേക്ക്‌ ചാടുവാൻ എന്നെ പ്രേരിപ്പിച്ച കാരണം - അതു ഞാനാനോരോടും പറയുവാനുദ്ദേശിക്കുന്നില്ല. അതൊരു രഹസ്യമായി തന്നെയിരിക്കണമെന്നെനിക്കു നിർബന്ധമുണ്ടെന്നു കരുതിക്കോളൂ!.

വൃദ്ധനായ സുഹൃത്തിനെ കുറിച്ച്‌ പറയാനധികമൊന്നുമില്ല. അയാളും വന്നതൊറ്റയ്ക്കാണ്‌. എന്നെ പോലെ തടാകം മുഴുവനും ഒഴുകി നടന്ന് കാണാനയാളിഷ്ടപ്പെടുന്നില്ല. ഞാനയാളെ കണ്ടത്‌ യാദൃശ്ചികമായിട്ടായിരുന്നു. ഇരുണ്ട ഒരു മൂലയിൽ കൂനികൂടിയിരിക്കുകയായിരുന്നു അയാൾ. അയാൾ കറുത്തിട്ടാണ്‌. അതു കൊണ്ടെനിക്ക്‌ ആദ്യമയാളെ കാണുവാൻ കഴിഞ്ഞില്ല. അയാൾ സംസാരിക്കുവാൻ വൈമുഖ്യമുള്ളവനാണ്‌. അതു കൊണ്ടെന്നെ കണ്ടിട്ടും ഒന്നും ചോദിച്ചില്ല. എന്നിട്ടുമെങ്ങനെയോ അയാളെന്റെ കണ്ണിൽ പെട്ടു. എന്റെ ദൃഷ്ടിയുടെ അതിരുകൾക്കുള്ളിൽ വന്നുപെട്ട രൂപത്തിനോട്‌ ഞാൻ പേർ ചോദിച്ചു. എത്രനാളായിവിടെ വാസം തുടങ്ങിയിട്ടെന്ന് ചോദിച്ചു. ഉത്തരങ്ങൾ മാത്രം. തിരിച്ച്‌ ഒരു ചോദ്യം പോലുമുണ്ടായില്ല. അയാൾ തിരിച്ചൊന്നും ചോദിക്കാത്തതിൽ ഞാൻ നിരാശനായി. 'ഇനി ഈ ഭാഗത്തേക്ക്‌ വരികയേയില്ല'. ഞാൻ തീരുമാനമെടുത്തു. പക്ഷെ അതിനു ശേഷം ഒന്നു രണ്ടു വട്ടം ഞാനെന്റെ തന്നെ പ്രതിജ്ഞ ലംഘിച്ചു. ഒരിക്കൽ താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കണ്ട്‌ അതിന്റെ വേരുകളെവിടെയെന്നന്വേഷിച്ച്‌ പോയപ്പോൾ. മറ്റൊരിക്കൽ, അയാളവിടെ തന്നെയിപ്പോഴുമുണ്ടാവുമോ എന്ന് വെറുമൊരു തോന്നൽ ശക്തമായപ്പോൾ, എന്റെ ജിജ്ഞാസയടക്കാനായി പോയപ്പോൾ. അയാൾ അവിടെ തന്നെയുണ്ടായിരുന്നു (അല്ലാതെവിടെ പോവാനാണ്‌?!). കണ്ട സ്ഥിതിക്ക്‌ ഒരു കുശലത്തിനാണ്‌ ഇവിടെയെങ്ങനെ എത്തിപ്പെട്ടു എന്നാരാഞ്ഞത്‌ (ആരുമായും സംസാരിക്കാനില്ലാതെ ഞാൻ കുറച്ച്‌ മുഷിഞ്ഞിരുന്നുവെന്ന് കൂട്ടിക്കോള്ളൂ). എന്റെ ചോദ്യത്തിനയാൾ നൽകിയ ഉത്തരം രസാവഹമായിരുന്നു. അയാളൊറ്റയ്ക്ക്‌ മീൻ പിടിക്കാൻ വന്നതായിരുന്നതത്രെ!. ചൂണ്ടയിൽ ഒരു വലിയ മത്സ്യം കൊരുത്തുവെന്നും, അയാൾ സർവ്വശക്തിയും പ്രയോഗിച്ച്‌ ചൂണ്ട വലിക്കുവാൻ ശ്രമിച്ചുവെന്നും പറഞ്ഞു. പായലു പിടിച്ചു തുടങ്ങിയ തോണിയിൽ നിന്നും അയാൾ കാൽ വഴുതി വീഴുകയായിരുന്നു!. ആ ഭാഗം പറയുമ്പോൾ ഒരു നേർത്ത ചിരി അയാളുടെ ചുണ്ടുകളിൽ പടരുന്നത്‌ ഞാൻ ശ്രദ്ധിച്ചു. വീഴ്ച്ചകളെല്ലാം ചിരിയുണർത്താൻ പ്രാപ്തമാണ്‌. അതു മറ്റുള്ളവരുടേതായാലും, സ്വന്തം വീഴ്ച്ചയായാലും. ചിരിക്കുന്നത്‌ മര്യാദയ്ക്കെതിരാകുമോ എന്നു സംശയിച്ചിരുന്ന എനിക്ക്‌ അയാളുടെ ചിരി കണ്ടപ്പോൾ ചിരിയിൽ പങ്കുചേരാതിരിക്കാനായില്ല.

അന്നയാൾ സംസാരിച്ചത്‌ മുഴുവനും ഏതാന്തതയെ കുറിച്ചായിരുന്നു. സംസാരിച്ചത്‌ മുഴുവനും എന്നു പറഞ്ഞത്‌ - ഒരു വാക്ക്‌ മാത്രം. അതിപ്രകാരമായിരുന്നു - 'ഇവിടെയൊറ്റയ്ക്ക്‌..'. അതിനു ശേഷമുള്ള അയാളുടെ മൗനം... അതെന്റെയുള്ളിലെവിടെയോ കുടുങ്ങി കിടന്നു. തിരിച്ച്‌ എന്റേതു മാത്രമായ ഇടത്തിലേക്ക്‌ വന്നു കഴിഞ്ഞപ്പോഴും അതവിടെ കുടുങ്ങി കിടക്കുന്നത്‌ ഞാനറിഞ്ഞു. ശബ്ദങ്ങൾ മാത്രമല്ല, നിശ്ശബ്ദതയും കുടുങ്ങി കിടക്കുമെന്ന് അന്നു ഞാൻ മനസ്സിലാക്കി. അതൊരു പുതിയ അറിവു തന്നെ. അതേക്കുറിച്ച്‌ കൂടുതലാലോചിച്ചപ്പോൾ ഒരു വെളിപാട്‌ പോലെ എനിക്ക്‌ മനസ്സിലായി. ഞാനും ആ വൃദ്ധനും തമ്മിൽ ഒരു വ്യത്യാസവുമില്ല. എനിക്ക്‌ ആ വൃദ്ധനുമായി പങ്കു വെയ്ക്കാൻ മൗനമല്ലാതെ മറ്റൊന്നുമില്ല. സ്വന്തമായി ഒരു പേരു പോലും. എന്റെ പേരു ഞാൻ മറന്നു പോയിരുന്നു. ഏകാന്തവാസത്തിൽ പെട്ടു പോയിടത്ത്‌ പേരിനെന്ത്‌ പ്രസക്തി?

തടാകത്തിൽ ചില ദിവസങ്ങളിൽ ഒരു ശബ്ദം കേൾക്കാം. യന്ത്രങ്ങളുടെ ചക്രങ്ങൾ വെള്ളത്തിനെ ശക്തിയോടെ തള്ളിമാറ്റി കൊണ്ട്‌ കറങ്ങുമ്പോഴാണത്‌. അത്‌ സഞ്ചാരികളുടെ ബോട്ടിന്റെ താഴെയായിട്ടാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. ശബ്ദം കേൾക്കുമ്പോൾ ഞാൻ പരപ്പിലുയർന്ന് വന്ന് ഉത്സാഹഭരിതരായ സഞ്ചാരികളെ നോക്കും, കൈ വീശി കാണിക്കും. എനിക്കവരെ കാണാൻ കഴിഞ്ഞുവെങ്കിലും, അവർക്കെന്നെ കാണാൻ കഴിയുന്നില്ലെന്നും, എന്റെ സാമീപ്യം തിരിച്ചറിയുന്നില്ലെന്നും മനസ്സിലായപ്പോൾ ഒരു ചെറിയ നിരാശ തോന്നി.

വെളിച്ചം കുറഞ്ഞയൊരു ദിവസമായിരുന്നു അന്ന്. മോട്ടോറിന്റെ ശബ്ദം കേട്ട്‌ ഞാനൊഴുകി ചെന്നു. എന്റെ സന്തോഷം മറ്റുള്ളവരുടെ സന്തോഷമെന്തെന്നറിയലാണ്‌. ഞാനവരെ തന്നെ നോക്കി നിന്നു. അവരിൽ ചിലരെങ്കിലും എന്നോടൊപ്പമുണ്ടായിരുന്നെങ്കിലെന്നാശിച്ചു.
ഞാനാഗ്രഹിച്ചതേയുള്ളൂ.
പ്രാർത്ഥിക്കുകയുണ്ടായില്ല.
എന്റെ ആഗ്രഹങ്ങൾക്കിത്രയും ശക്തിയുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മഴ പെയ്തു തുടങ്ങുകയും, ശബ്ദമുണ്ടാക്കി നൃത്തം ചെയ്തവർ വശങ്ങളിൽ നീല ചായമടിച്ച ബോട്ടിലൂടെ ഓടുകയും ചാടുകയും ചെയ്യുന്നത്‌ കണ്ടു.
'വെറും വെള്ളമാണിത്‌!'
'നിങ്ങളെന്തിനോടുന്നു?'
ഞാനത്ഭുതത്തോടു കൂടി വിളിച്ചു ചോദിച്ചു.
അവരിൽ ചിലരുടെ മുഖങ്ങളിൽ പരിഭ്രമം നിറയുന്നത്‌ ഞാൻ കണ്ടു.
അതു മഴ പെയ്തിട്ടല്ല, ബോട്ട്‌ ഒരു വശത്തേക്ക്‌ ചായുന്നത്‌ കൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കിയത്‌ കുറച്ച്‌ വൈകിയാണ്‌. പിന്നീടെല്ലാം വളരെ പെട്ടെന്നാണുണ്ടായത്‌. നോക്കി നിൽക്കെ അവരിൽ ചിലർ ആരോ എടുത്തെറിഞ്ഞ പോലെ എന്റെ മുന്നിൽ വന്നു വീണു. നിമിഷങ്ങൾക്കകം ബോട്ട്‌ ഒരു വശത്തേക്ക്‌ ചെരിഞ്ഞ്‌ മുഴുവനായും വീണു. അവർ നിലവിളിക്കാൻ വായ്‌ തുറക്കുന്നതും, ജലം അവരെ വിഴുങ്ങുന്നതും കണ്ടു. ജലത്തിന്റെ ആർത്തി ഇതിനു മുമ്പ്‌ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. എനിക്ക്‌ തോന്നി - ജലം വിഴുങ്ങുന്നത്‌ അവരെയല്ല, അവരുടെ നിലവിളികളെയാണെന്ന്. ശക്തിയോടെ കൈകാലുകൾ കുടഞ്ഞ്‌, കണ്ണുകൾ തുറിച്ച്‌..ഇത്ര ഭീകരമായ മുഖഭാവങ്ങൾ ഇതിനു മുമ്പ്‌ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. നീണ്ട മുടിയുള്ളവരെ ചിലർ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട്‌ നീന്തി മാറുന്നത്‌ കണ്ടു. നീണ്ട മുടിയില്ലാത്തവർ ഒരു പക്ഷെ, ആ നിമിഷം സ്വയം ശപിച്ചിരിക്കാനിടയുണ്ട്‌. പക്ഷെ അവർ വൈകി പോയി. ഞാൻ കൈകാലിട്ടടിക്കുന്നവർക്ക്‌ ചുറ്റുമായി ഒഴുകി നടന്നു. അവർക്കെന്താണ്‌ സംഭവിക്കാൻ പോകുന്നത്‌ എന്നറിയാനുള്ള സ്വാഭാവികമെങ്കിലും, ക്രൂരമായ ഒരു ജിജ്ഞാസയെനിക്കുണ്ടായിരുന്നു. അത്‌ എന്റെ മുന്നിൽ വെച്ച്‌ സംഭവിച്ചു.
അതിങ്ങനെയാണ്‌..
കുറച്ച്‌ നേരത്തെ പിടച്ചിൽ കഴിഞ്ഞ്‌ അവർ നിശ്ചലരായി താഴേക്ക്‌ സാവധാനം വന്നു. മുഴുവൻ സമയവും ഞാനവരെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. മത്സ്യങ്ങൾ അവരുടെ വിളറിയ കവിളുകളിലും, കാൽവണ്ണയിലും അവറ്റകളുടെ ചുണ്ടുകൾ ചേർക്കുന്നത്‌ കണ്ടു. പെട്ടെന്ന്, താഴ്‌ന്ന് വന്ന രൂപങ്ങൾ പിടഞ്ഞു. അവരിരൊരാളുടെ വിളറിയ ശരീരത്തിൽ നിന്നും, സ്ഫടിക തുല്യമായ ഒരു രൂപം പുറത്തേക്ക്‌ വന്നു. ആ രൂപത്തിനു താഴ്‌ന്നടിഞ്ഞ ശരീരവുമായി നല്ല സാമ്യമുണ്ടായിരുന്നു. വസ്ത്രമുരിഞ്ഞ്‌ നഗ്നരാവുന്നത്‌ പോലെയാണത്‌ സംഭവിച്ചത്‌. അതു ശീഘ്രവും, ആയാസരഹിതവുമായിരുന്നു. അപ്പോഴൊന്നും എന്റെ വൃദ്ധസുഹൃത്തിനെ അവിടെയൊന്നും കണ്ടില്ല. ഈ കാഴ്ച്ച കാണാൻ എന്റെ സുഹൃത്തിനു ഭാഗ്യമുണ്ടായില്ലല്ലോ എന്നു ഞാൻ വ്യസനിച്ചു. സ്ഫടിക രൂപം എന്റെ നേരെ തിരിഞ്ഞ്‌ അത്ഭുതത്തോടെ ചോദിച്ചു,
'നീയാരാണ്‌?'
എന്നെ അവർക്കിപ്പോൾ കാണാമെന്ന സത്യം എന്നെ എന്തു മാത്രം ആഹ്ലാദിപ്പിച്ചുവെന്നോ?
സ്ഫടിക രൂപങ്ങളുടെ എണ്ണം കൂടി കൂടി വന്നു. എന്റെ സന്തോഷവും. എനിക്കുമന്റെ സുഹൃത്തിനും സ്ഫടിക രൂപമാണുള്ളത്‌. അവരും ഞങ്ങളും തമ്മിലൊരു വ്യത്യാസവുമില്ല എന്നതും ഞാൻ ശ്രദ്ധിച്ചു. സംസാരിക്കാൻ വൈമുഖ്യമുള്ളയാളാണെങ്കിലും ഈ വാർത്ത എന്റെ സുഹൃത്തിനെ അറിയിക്കേണ്ടതുണ്ട്‌!. ഞങ്ങളുടെ സംഘബലം കൂടി വരികയാണ്‌!
ഞാൻ ഒഴുകാൻ തുടങ്ങുകയായിരുന്നു. അപ്പോൾ കണ്ടു, എന്റെ സുഹൃത്ത്‌ അവിടേക്ക്‌ ഒഴുകി വരുന്നത്‌.
ആ ചുണ്ടുകളിൽ പടർന്നിരുന്ന് ഞാൻ ശ്രദ്ധിച്ചു.
അന്നു ചൂണ്ടയുമായി വീണ കാര്യം പറഞ്ഞപ്പോൾ കണ്ട അതെ ചിരി..
എന്റെ സുഹൃത്ത്‌ സന്ത‍ാഷവാനാണ്‌.
എന്റെ സന്തോഷം മറ്റുള്ളവരുടെ സന്തോഷമെന്തെന്നറിയലാണ്‌.
ഇതു ഞാൻ നേരത്തെ ഒരു വട്ടം പറഞ്ഞെന്നു തോന്നുന്നു..അല്ലേ?



Sabu MH

No comments:

Post a Comment