'അപ്പൂ...കഥയുടെ ബാക്കി പറ...'ചന്ദു ചിണുങ്ങാന്‍ തുടങ്ങിയിരുന്നു...നിവൃത്തിയില്ലാതെ ഗോപിനാഥന്‍ കഥയുടെ കെട്ടഴിച്ചു...'ഒരിടത്തൊരിടത്ത് ...ഹും ചന്ദു മൂളി 'ഒരിടത്തൊരിടത്ത്....ഒരു പശുവും പശുക്കുട്ടിയും ഉണ്ടായിരുന്നു...''വേണ്ട.. വേണ്ടാ ഈ കഥ വേണ്ട.എനിക്കു പപ്പിനിയുടെ കഥ കേള്‍ക്കണം .'ഗോപിനാഥന്റെ കണ്ണുകള്‍ മിഴിഞ്ഞു.'പപ്പിനിയുടെ കഥയോ...''അപ്പു പറഞ്ഞില്ലേ ..മക്കളെയൊക്കെ കളഞ്ഞിട്ടു പപ്പിനി പോയെന്നു...ബാക്കി പറ അപ്പൂപ്പാ..'കൊഞ്ഞുംപോള്‍ മാത്രമേ ചന്തു അയാളെ അപ്പൂപ്പാ എന്നു വിളിക്കാറുള്ളൂ... 'അത് ഇനി എന്താ പറയുക ചന്തൂട്ടാ.പപ്പിനി പോയി..പിന്നെ പപ്പിനിയെ കണ്ടത് ഏതോ ഒരു അമ്പലത്തിലെ ആല്‍ചുവട്ടിലാണ്.പദ്മിനി എന്ന പ്രൌഡി ഇല്ലാതെ വെറുമൊരു നാടോടിയെപ്പോലെ.കാവിയുടുത്ത് ജടയോക്കെ വളര്‍ന്നു ഒരു വല്ലാത്ത രൂപം.പദ്മിനി പിന്നെ തിരികെ വന്നില്ല..ആരെയും വേണ്ടായിരുന്നു പദ്മിനിക്ക്.. എല്ലാവരെയും മറന്നിരുന്നു പദ്മിനി.ഒരു ദിവസം പട്മിനിയെ തേടി ഒരാള്‍ ആ ആല്‍ച്ചുവട്ടിലെത്തി.അവരുടെ ഭര്‍ത്താവ്.മൂത്ത മകന്‍ മരിച്ചു എന്ന വിവരം അറിയിക്കാന്‍.പക്ഷെ ഏറ്റവും സ്നേഹിച്ച മകന്റെ മരണം പട്മിനിയെ കരയിച്ചില്ല.
"ജനിച്ചാല്‍ എല്ലാരും ഒരിക്കല്‍ മരിക്കും..അതിപ്പോ എന്താ ഇത്ര കാണാന്‍..ദേഹി പോയില്ലേ..ദേഹം മാത്രം ആര്‍ക്കു വേണ്ടി കാത്തു വെക്കുന്നു...പുഴുക്കള്‍ കയറും മുന്നേ എരിച്ചടക്കുക''അമ്പലത്തിനു പുറത്തേക്കു നടന്നകന്നു അത് അയാളോട് പറഞ്ഞിട്ട്.
നെഞ്ചിലെ വെള്ളി രോമങ്ങളില്‍ ചന്തുവിന്റെ ശ്വാസം ആഞ്ഞു തട്ടിയപ്പോള്‍ അയാള്‍ കഥ നിര്‍ത്തി.പതിയെ ചന്തുവിനെ കട്ടിലിലേക്ക് കിടത്തി...അവനു ശല്യമുണ്ടാക്കാതെ അയാള്‍ തന്‍റെ ചാര്കസാലയിലെക്കിരുന്നു....പുറത്തു മഴ നല്ല തിമിര്‍ത്തുപെയ്യുന്നുണ്ടായിരു
ന്നു..മഴ എന്നും ഒരു കൂട്ടായി ഉണ്ടായിരുന്നു..എന്നും എന്തിനും.മഴ പെയ്തുതോര്‍ന്നു തെളിഞ്ഞൊരു ആകാശമായി ഒരിക്കലും പപ്പിനിയെ കണ്ടിട്ടില്ല.ആദ്യമായി കാണുമ്പോഴും മഴ ഉണ്ടായിരുന്നുവല്ലോ അവളുടെ കൂട്ടിനു.അന്നു ആദ്യ കാഴ്ചയില്‍ തന്നെ പപ്പിനിയെ ഇഷ്ടപ്പെട്ടു പോയിരുന്നു.സ്വന്തമായി ഒരു കൊച്ചു വീടും പിന്നെ അല്‍പ്പം തന്റേടവും മാത്രമായിരുന്നു ആകെയുണ്ടായിരുന്നത്.ആ തന്റേടം കൂട്ടിപ്പിടിചായിരുന്നു രാമനാട്ടുകരയിലെ വലിയ കാരണവരുടെ മുന്നിലേക്ക് പപ്പിനിയെ ചോദിച്ചു പോയതും.വെറുതെയായില്ല യാത്ര.തന്‍റെ ചങ്കൂറ്റം തന്നെയാണ് അദ്ദേഹത്തിന് പിടിച്ചതും.അങ്ങനെ രാമനാട്ടുകരയിലെ പദ്മിനി ഒന്നുമല്ലാത്ത ഗോപിയുടെ ഭാര്യയായി.കല്യാണ ദിവസം ഒരാഘോഷം പോലെ മഴയെത്തി.ഇടവപ്പാതി കൊടുമ്പിരിക്കൊണ്ട നാളുകളില്‍ ഒരു മഴക്കല്യാണം.പക്ഷെ അന്നുകണ്ട കാര്‍മേഘം മൂടിയ ആകാശം പോലെ നിന്ന പദ്മിനിയുടെ മിഴികള്‍ പിന്നീടൊരിക്കലും തെളിഞ്ഞില്ല.ആദ്യരാത്രിയില്‍ തന്നെ ചങ്കൂറ്റത്തോടെ അവള്‍ പറഞ്ഞു.ഇഷ്ടമല്ലായിരുന്നു ഈ കല്യാണം എന്നു.കാരണങ്ങള്‍ ഒരു കലഹ വാക്കിന്റെ മൂര്‍ച്ചയോടെ അവള്‍ നിരത്തുമ്പോള്‍ ചിരിയാണ് വന്നത്.അതിശയം തോന്നിയില്ല.വിദ്യാഭ്യാസം വളരെ കുറവ്, ബീഡിക്കറയുള്ള ചുണ്ടുകള്‍ ,കാണാന്‍ അധികം ഭംഗിയില്ല.പിന്നെ വേറെ ഒന്നു കൂടി ഭര്‍ത്താവിന്റെ വീടിനു വലിപ്പം കുറവാണെന്ന്.
അതൊക്കെ ഒരു കുറുമ്പ് മാത്രമായി കാണാന്‍ കഴിഞ്ഞു അന്നു.പല പല ഇണക്കങ്ങളും പിണക്കങ്ങളും.മഴയോടുള്ള അവളുടെ കൊതി അതൊരു വല്ലാത്ത കൊതിയായിരുന്നു.നാല് കുട്ട്യോള്‍ടെ അമ്മയായിട്ടും മഴ വന്നാല്‍ അവളൊരു കൊച്ചുകുട്ടിയാകും.ആ മഴ മുഴുവന്‍ നനയും.വാത്സല്യത്തോടെ അവളെ പലപ്പോഴും ഒരു കുട്ടിയായി കാണാന്‍ എനിക്കു കഴിഞ്ഞു.രാമനാട്ടുകര തറവാടിന്റെ അസ്ഥിവാരം വരെ തോന്ടിയിട്ടും കേസുകള്‍ അവസാനിച്ചിരുന്നില്ല.അത് മനസിലാക്കുംപോളെക്കും വൈകിപ്പോയിരുന്നു.ചെയ്ത തൊഴിലുകളൊക്കെ പൊട്ടിയപ്പോള്‍ മദ്യത്തില്‍ അഭയം തേടാനെ ആ പ്രായത്തില്‍ കഴിഞ്ഞുള്ളു.പപ്പിനി ആരോടും മിണ്ടാതെയായിരിക്കുന്നു.ഇപ്പോള്‍ അവള്‍ മഴ കണ്ടാല്‍ ചിരിക്കാറില്ല.മഴ നനയാറില്ല.കൂട്ട് കൂടാനും കിന്നാരം പറയാനും പോകാറില്ല.ഒടുവില്‍ ബാക്കിയായ ചിതലരിച്ചുതുടങ്ങിയ ആ വലിയ വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങുവാന്‍ ആയിരുന്നു അവളുടെ ശ്രമം.എല്ലാവരെയും ഭരിച്ചുശീലിച്ച പപ്പിനി പിന്നീട് ഭരിച്ചതൊക്കെ സ്വന്തം ജീവിതത്തിനോട് മാത്രമായിരുന്നു.അവളെ തളംകെട്ടിനിന്ന ഭീകരമായ നിശഭ്ധത എന്നെ ഇടയ്ക്കിടെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.കുട്ടികളെയൊന്നും അവള്‍ ശ്രധിക്കാതെയായി.അടുക്കളയും ബെഡ്റൂമുമായി ഒതുങ്ങിക്കൂടി.രാത്രികളില്‍ കട്ടന്‍ബീഡിയുടെ മണവും വാറ്റുചാരായത്തിന്റെ ലഹരിയുമായി വന്നു കയറുമ്പോള്‍ നിലത്തുറക്കാത്ത കാലുകളെ റൂമിലേക്ക് നയിച്ച് വേഷം മാറ്റിച്ചു കിടത്തിയിട്ട് താഴെ ഒരു പഴംപായില്‍ ഉറങ്ങാതെ കിടക്കുന്ന പദ്മിനിയെ ഇടയ്ക്കു ബോധം വരുമ്പോള്‍ കാണാമായിരുന്നു... ഒരു ലഹരിയുടെ രാത്രിയില്‍ താഴേക്കിറങ്ങി അവളെ കീഴ്പെടുതുമ്പോള്‍ ശവശരീരം പോലെ കിടന്നുതന്ന പദ്മിനിയുടെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.പുറത്തു കൂട്ടായി പെയ്ത മഴയുടെ കണ്ണീരു പോലെ.അവള്‍ക്കു അന്നൊക്കെ എന്തിനോടാണ് വെറുപ്പ് എന്നു മനസിലാക്കാന്‍ കഴിഞ്ഞില്ല.''പൊട്ടിയടര്‍ന്നുപോയ തറവാടിന്റെ അസ്ഥിവാരത്തിലേക്ക് നോക്കുമ്പോള്‍ തോന്നുന്ന നഷ്ടബോധമാകാം.ഉത്തരവാധിത്വമില്ലാതെ കുടിച്ചു എല്ലാം നശിപ്പിക്കുന്ന ഭര്ത്താവാകാം.ചിറകു വിരിക്കാത്ത മക്കളെ ഓര്‍ത്തുള്ള വിങ്ങലുകളുമാകാം ആ പഴയ തറവാട്ടമ്മയുടെ കണ്ണീരില്‍ ഉണ്ടായിരുന്നത്.രാവിലെ അവള്‍ പൊട്ടിത്തെറിച്ചു.ശക്തമായിത്തന്നെ.ഒടുവില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും മനസിലുണ്ട്.''മടുത്തു എനിക്കു.ഇനി നിങ്ങളെന്റെ ദേഹത്ത് തൊടില്ല...'' പിറ്റേന്ന് മുറിയില്‍ ഒരു കുറിപ്പുണ്ടായിരുന്നു...''ദൈവം വിളിക്കുന്നു ഞാന്‍ പോകുകയാണ്.മരിക്കാനല്ല..ഇനി എന്‍റെ ജീവിതം ഇനി ഭക്തിക്കു വേണ്ടി മാത്രം..അന്വേഷിക്കരുത് തിരികെ വിളിക്കുകയുമരുത്..എന്‍റെ കുട്ട്യോളെ ഓര്‍ത്തു ഞാന്‍ വേദനിക്കുന്നില്ല..വാ കീറിയവന്‍ വയറു നിറക്കാനുള്ളതും കൊടുക്കും.ക്ഷമിക്കുക എല്ലാവരും.ഇതാണെന്റെ വഴി..'' മാസങ്ങള്‍ക്ക് ശേഷം പപ്പിനിയെ കണ്ടു.. ഏവൂര്‍ അമ്പല നടയില്‍.കാവിചുറ്റി ജടവളര്‍ത്തി ആ പഴയ ജന്മിയുടെ മകള്‍ .പിന്നെ പപ്പിനി തിരികെവന്നില്ല.കുറ്റബോധം തലയ്ക്കു പിടിച്ചു ഭ്രാന്തനെപ്പോലെ അലഞ്ഞ നാളുകള്‍ . കുടിനിര്തിയപ്പോളും മിച്ചഭൂമിയില്‍ കൃഷിയിറക്കുംപോളും മാപ്പിരന്നു പലവട്ടം അവള്‍ക്കരികിലേക്ക് പോകുമ്പോളും പ്രതീക്ഷകളായിരുന്നു.പോക്കുകളുടെ തവണകള്‍ വര്‍ധിച്ചപ്പോള്‍ ഒട്ടൊരു വേദനയോടെ അറിഞ്ഞു.എല്ലാം വെറുതെയാണെന്ന്.ഒടുവില്‍ കരുതി അവള്‍ ജയിച്ചോട്ടെ.അവള്‍ ജയിച്ചു .എന്നും പപ്പിനി ജയിചിട്ടെ ഉള്ളൂ. അവസാനമായി കണ്ടത് രാജുവിന്റെ മരണം അറിയിക്കുംപോളാണ്.അവളുടെ വാക്കുകളില്‍ ആ മരണം നിസ്സാരമായി തോന്നിപ്പോയി."ജനിച്ചാല്‍ എല്ലാരും ഒരിക്കല്‍ മരിക്കും..അതിപ്പോ എന്താ ഇത്ര കാണാന്‍..ദേഹി പോയില്ലേ..ദേഹം മാത്രം ആര്‍ക്കു വേണ്ടി കാത്തു വെക്കുന്നു...പുഴുക്കള്‍ കയറും മുന്നേ എരിച്ചടക്കുക''അന്നു രാജുവിനെ ദഹിപ്പിക്കുമ്പോള്‍ മഴ പെയ്തിരുന്നു.പപ്പിനിയുടെ പ്രിയ കൂട്ടുകാരി.മകളോട് പറഞ്ഞു ഒരു ചിരിയോടെ.''കണ്ടില്ലേ മോളെ അവള്‍ക്കു വരാതിരിക്കാന്‍ ആവില്ല.ഈ മഴയോടൊപ്പം അവളുണ്ട്...''അത് പറയുമ്പോള്‍ അറിഞ്ഞിരുന്നില്ല അങ്ങുദൂരെ അതേ ആല്‍ച്ചുവട്ടില്‍ മഴ നനഞ്ഞുകിടക്കുന്നു ഗോപിനാഥന്റെ പ്രിയപ്പെട്ട പദ്മിനിഭായിയുടെ വിറങ്ങലിച്ച ശരീരം എന്ന സത്യം.അവള്‍ക്കേറ്റവും ഇഷ്ടമുള്ള മകനായിരുന്നുവല്ലോ രാജു.അതാവും അവന്റെ കൂടെ പോയ്ക്കളഞ്ഞത്. ആ വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.ചന്തുവിന്റെ കൂര്‍ക്കംവലി കേള്‍ക്കാം.നേരിയ താളത്തില്‍ .മഴ തുള്ളിവെച്ചിട്ടില്ല.ബീഡി പകുതിക്കു വെച്ചുകെട്ടുപോയിരിക്കുന്നു.മഴത്തുള്ളി വീണു നനഞ്ഞ തീപ്പട്ടി എടുത്തു അതു കത്തിക്കുവാന്‍ ഒരു വിഭലശ്രമം നടത്തി.പിന്നെ വേണ്ട എന്നു വെച്ചു കിടക്കുമ്പോള്‍ അയാളോര്‍ത്തു.പാതിരാ കഴിഞ്ഞു ഇന്ന് കറുത്ത വാവാണ്.മഴതുള്ളികള്‍ക്കിടയില്‍ നിന്നു കൊണ്ടു പപ്പിനി തന്നെ പരിഹസിച്ചു ചിരിക്കുന്ന പോലെ അയാള്‍ക്കു തോന്നി..ആ പഴയ തറവാടിന്റെ നിലവറയില്‍ നിന്നും ചിതല്‍കൂട്ടങ്ങള്‍ തന്നെവന്നു പൊതിയും പോലെ.ഉമ്മറത്തെ മങ്ങിയവെളിച്ചത്തിലേയ്ക്കു വന്നുകേറുന്ന ഈയലുകള്‍ കരിഞ്ഞുവീഴുന്നത് നോക്കികിടന്നു അയാള്‍ ഉറങ്ങിപ്പോയി.ഇടക്കെപ്പോളോ പദ്മിനി വന്നിരുന്നു 'ഒരു സ്വപ്നമായി.കൈകളില്‍ പിടിച്ചിരുന്നവള്‍ വിതുമ്പി.അവളുടെ കണ്ണുനീര്‍ തുടക്കുവാന്‍ കൈകള്‍ നീട്ടിയെങ്കിലുംകഴിഞ്ഞില്ല.'' അല്ലെങ്കിലും പപ്പിനി കരയുന്നത് എന്തിനു വേണ്ടി എന്നു പോലും അറിയുവാന്‍ അയാള്‍ക്കായിരുന്നില്ലല്ലോ.
തിരക്കിലായിരുന്നു.ഗോപിനാഥന്‍.നന്ദിനിയെ കറക്കണം.പപ്പിനി പോയ ശേഷം നേരംപുലരും മുന്നേ എഴുന്നേല്‍ക്കും ഗോപിനാഥന്‍ .അവള്‍ക്കിഷ്ടമുള്ള പശുവാണ്, അവള്‍ ഇട്ടു കൊടുത്ത പേരാണ് നന്ദിനി.ഇത്തിരിയോളം പാല് മാത്രമേ ഉള്ളെങ്കിലും രാമനാട്ടുകരവീട്ടില്‍ അതുമതിയാകുമായിരുന്നു.അതുകൊണ്ടുതന്നെ പാല് നന്ദിനി അറിഞ്ഞു തന്നെ കൊടുത്തിരുന്നു.നടുവേദനമൂലം ഇന്നു പാലുകറക്കുന്നത് ലാലുവാണ്.കറുത്തവാവിന്റെ മണമുള്ളോരു കാറ്റുണ്ടായിരുന്നു ആകാശത്ത്.പരാക്രമം കാട്ടുന്ന നന്ദിനിയെ നോക്കിക്കൊണ്ട് ഗോപിനാഥന്‍ മുറ്റത്തു മുട്ടുകുത്തിയിരുന്നു.കൂട്ടിനു ചന്തുവും.ഇന്നലെ മുതലേ വാശിയാണവന്.നന്ദിനിയെ കറക്കുന്നത് കാണണം എന്നു.ചന്തു എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.ഇന്നലെ നന്ദിനി കുത്താന്‍ വന്ന കാര്യങ്ങളും.പറങ്ങിമാവില്‍ കയറുമ്പോള്‍ ഇടുപ്പ്ഭാഗം ഉരഞ്ഞു പോയതും ആന്റിയമ്മ മരുന്നിട്ടു തന്നതും ഒക്കെ...ഗോപിനാഥന്‍ നായര്‍ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അയാള്‍ നന്ദിനിയെതന്നെ നോക്കി ഇരിക്കുകയായിരുന്നു.കാറ്റു നല്ലശക്തിയോടെയാണ് വീശുന്നത്.ഇടക്കെപ്പോഴോ അയാള്‍ ആത്മഗതം പോലെ പറഞ്ഞു.''മഴ വരും ഇപ്പോള്‍ ..''ചന്തുവിന് ഉത്സാഹം കൂടി..മഴ നനയാന്‍ അവനു ഭയങ്കര ഇഷ്ടമാണ്.മഴ പെയ്യുമ്പോള്‍ പറങ്ങിമാവില്‍ കയറിയിരുന്നു ചെറിയ കൊമ്പുകളില്‍ ചില്ലാട്ടം നടത്തും അവന്‍ ...വഴക്കുപറയുന്ന ഗോപിനാഥനെ കൊഞ്ഞനം കുത്തിക്കാണിക്കും.'അപ്പൂ പോയെ ചുമ്മാ പനി പിടിപ്പിക്കല്ലേ' ഇതൊക്കെയാ അവന്റെ വര്‍ത്തമാനങ്ങള്‍.എന്നും അമ്മവീടാണ് അവനു സ്വര്‍ഗം.ഇടയ്ക്കിടെ വിജയലക്ഷ്മി പറയാറുണ്ട് അച്ഛന്റെ കൂടെകൂടി ചെക്കനിപ്പോ നാവെടുതാല്‍ വികടസരസ്വതിയാണെന്നു.തറുതല തന്നെ തറുതല.
മഴ ചാറിത്തുടങ്ങി...ലാലു തൊഴുത്തില്‍ നിന്നു ബഹളം വെച്ചു..'ചന്തു മോനെ കേറിപ്പോ അകത്തു.'ചന്തു കേട്ട ഭാവമില്ല...''ഈ അച്ചനിതെന്തിന്റെ കേടാ.വെളുപ്പിനെ കൊച്ചിനേം കൂടെ പനി പിടിപ്പിക്കും. ചന്തൂ പോ അകത്തു. മാമന്‍ വടിയെടുക്കുമേ.''ചന്തു വിരണ്ടു..മാമന്റെ തല്ലു അത്ര സുഖമുള്ളതല്ല.അപ്പൂപ്പാ വാ പോയേക്കാം എന്നു പറഞ്ഞു അവന്‍ അയാളുടെ കൈകളില്‍ പിടിച്ചു വലിച്ചു.വെട്ടിയിട്ടതടി പോലെ ഗോപിനാഥന്‍ നിലത്തേക്ക് വീണു.ചന്തു ഭയന്നു പോയി.നന്ദിനി അപ്പോളേക്കും ശാന്തയായിരുന്നു.ലാലു ഒന്നും കണ്ടില്ല.കാറ്റു നിലച്ചിരുന്നു.മഴ മാത്രം അവിടെ ചന്തുവിനും ഗോപിനാതനും കൂട്ടിനു.ചന്തു ഉറക്കെ വിളിച്ചു.മാമാ..മാമാ..ഇങ്ങോട്ട് വായോ ദേയി അപ്പൂ..... ലാലു ഓടി അടുത്തെത്തി.അച്ഛനെ കുലുക്കി വിളിച്ചു.കയ്യില്‍നിന്നും താഴെവീണ പാല്പാത്രത്തില്‍ നിന്നും ഒഴുകിയിറങ്ങിയ പാല്‍തുള്ളികള്‍ മഴവെള്ളത്തിനൊപ്പം ഒലിച്ചിറങ്ങി അയാളില്‍ ലയിച്ചു.ലാലുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ചന്തു കരഞ്ഞു കൊണ്ടു പറഞ്ഞു..''മാമാ അപ്പൂനെ നനയുന്നു.....''നിറഞ്ഞ കണ്ണുകളോടെ ലാലു പറഞ്ഞു..''സാരല്ല്യ അതു മഴയല്ല.അമ്മയാണ്.അച്ഛനെ കൊണ്ടോവാന്‍ വന്നതാ.കൊണ്ടോക്കോട്ടേ...''അയാള്‍ പറഞ്ഞത് മനസിലായില്ലെങ്കിലും അപ്പോള്‍ ചന്തു അറിഞ്ഞിരുന്നു തന്‍റെ അപ്പൂ ഇനി ഇല്ലാന്ന്.. മഴ പെയ്തോഴിഞ്ഞില്ല..അന്നു മുഴുവനും...പ്രിയ കൂട്ടുകാരിക്ക് പ്രിയപ്പെട്ടവനെ തിരികെ കൊടുത്ത സന്തോഷത്തോടെ അന്നു മഴ അലറിപ്പെയ്തു...ഒരിക്കലും പെയ്തിട്ടില്ലാത്ത പോലെ....
സുജിത്ത് മുതുകുളം (നിരഞ്ജന്‍ തംബുരു)
No comments:
Post a Comment