Tuesday, July 31, 2012

"അപ്പു എന്ന രാജകുമാരന്‍ "


രാവിലെ മുതല്‍ ഉള്ള തലവേദനക്ക് ശേഷം വൈകുന്നേരം സ്‌കൂള്‍ വിട്ടപ്പോള്‍ രാജേട്ടന്‍ ബസ്‌സ്‌റ്റോപ്പില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
അകലെ വച്ചു കണ്ടപ്പോള്‍ തന്നെ ചിരിച്ചു. ആ ഹൃദ്യമായ ചിരി. 'സുര്യ വേഗം വാ ബസ്സ്‌ വരാറായിട്ടുണ്ട്‌.' ബസില്‍ തിരക്കായിരുന്നു. വീട്ടിലേയ്‌ക്ക്‌ കുറെ ദൂരമുണ്ട്‌. പാടവും തോടുമൊക്കെ കടക്കണം.

'എന്താ സുര്യ നിനക്ക് ഒരു ഉത്സാഹക്കുറവ്‌. നിന്റെ മുഖം ആകെ വാടി ഇരികുന്നല്ലോ'

'അതു രാജേട്ടന്റെ തോന്നലാ. എനിക്ക്‌ ഒരു കുഴപ്പവുമില്ല.'

പിന്നെ ഒരു സന്തോഷവാര്‍ത്തയുണ്ട്‌. നിനക്ക്‌ മുന്നാരിലെക്കുള്ള  ട്രാന്‍സ്‌ഫര്‍ ശരിയായിട്ടുണ്ട്‌. അതായത്‌ അടുത്ത അദ്ധ്യായനവര്‍ഷം മുതല്‍ നമ്മളൊരുമിച്ചാകും.'

അതുകേട്ടപ്പോള്‍ സുര്യക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഏന്നെങ്കിലും ഒരു സമയത്ത്‌ പ്രതീക്ഷിച്ചിരുന്നതാണ്‌.

'എന്താടോ ഒരു സന്തോഷമില്ലാത്തത്‌.'

'ഒന്നുമില്ല.' സുര്യ ഒന്ന്മൂളി .

'എനിക്കറിയാം നിനക്ക്‌ അച്‌ഛനെയും അമ്മയെയും വിട്ടുപോരാന്‍ വിഷമം കാണും. പിന്നെ നിന്റെ സ്‌കൂളും കുട്ടികളും. ഈ പാവം ഭര്‍ത്താവിനെ കുറിച്ച് ആരു ചിന്തിക്കാന്‍ അല്ലേ സുര്യ.'

'ഈ രാജേട്ടന്റെ ഒരു കാര്യം. എനിക്ക്‌ ഈ പറഞ്ഞ വിഷമങ്ങളൊന്നുമില്ല. തോടു കടക്കാന്‍ രാജേട്ടന്‍ സഹായിച്ചു. വഴിയൊക്കെ പൊട്ടിപൊളിഞ്ഞു കിടക്കുന്നു. മഴക്കാലമാകുമ്പോളാണ്‌ വിഷമം.'

അച്‌ഛനും അമ്മയും മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു.

'മോനേ... യാത്രയൊക്കെ സുഖമായിരുന്നോ?'

'അതേ അച്‌ഛാ.'

'രാജാ. ഇനി കാപ്പി കുടിച്ചിട്ടാകാം സംസാരം. മോളേ അടുക്കളയിലേക്കു വാ.' അമ്മ വിളിച്ചു.

രാജേട്ടന്‍ വെളുപ്പിനുതന്നെ പോകാന്‍ തയ്യാറായി.

'നാളെ പോയാല്‍ പോരേ മോനേ..'

'അച്‌ഛാ.. ഇന്ന്‌ അത്യാവശ്യമായി അവിടെയെത്തണം. അടുത്ത ആഴ്‌ച ഞാന്‍ വരും.'

'സുര്യ മോളെ ഞാന്‍ പോട്ടെ.'

'ശരി രാജേട്ടാ.'

കുറെ ദൂരം സുര്യയും രാജന്റെ കൂടെ നടന്നു.

'ഇനി സുര്യ പൊയ്‌ക്കോളൂ. സ്‌കൂളില്‍ പോകാനുളളതല്ലേ.'

രാജന്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ സുര്യ നോക്കിനിന്നു.

പാവം രാജേട്ടന്‍. ഒരു കുഞ്ഞിനെപോലെ നിഷ്‌ക്കളങ്കന്‍. വിവാഹം കഴിഞ്ഞിട്ട്‌ അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ ഒരു വഴക്കുപോലും പറഞ്ഞ ഓര്‍മ്മയില്ല. ഒരു അച്ഛന്‍ ആകാന്‍ ഏറ്റവും കുടുതല്‍ ആഗ്രഹിച്ച ആള്‍.
കുട്ടികള്‍ ഉണ്ടാകാത്തത് എന്റെ കുഴപ്പം ആണെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും രാജേട്ടനും  അച്‌ഛനും അമ്മയും സ്വന്തം മകളെപോലെയാണ്‌ തന്നെ സ്‌നേഹിക്കുന്നത്‌.

ഇവിടെയാണെങ്കില്‍ ഏട്ടനും താനും മാത്രം. ഏട്ടന്‍ വിദേശത്താണ്‌. ചെറുപ്പകാലത്തും ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. അച്‌ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഓമനയായിരുന്നു. പഠിച്ചു തീര്‍ന്ന ഉടനെ ജോലി കിട്ടി. നല്ല സ്‌കൂള്‍ നല്ല സഹപ്രവര്‍ത്തകര്‍. സ്വന്തം അമ്മയെപോലെ സ്‌നേഹിക്കുന്ന കുട്ടികള്‍. തനിക്ക്‌ ജീവിതത്തില്‍ എന്നും സുഖമായിരുന്നു.

പക്ഷേ ഒന്നുമാത്രം കിട്ടിയില്ല. താലോലിക്കാന്‍ ഒരു കുഞ്ഞിനെ. പ്രാര്‍ത്ഥനകളും നേര്‍ച്ച കാഴ്‌ചകളും നടത്തി.

"സുര്യക്ക് ഈ ലോകത്തില്‍ മക്കളില്ലാത്തവളായി കഴിയാനായിരിക്കും വിധി.'

അവള്‍ നെടുവീര്‍പ്പിട്ടു.

രാജേട്ടന്റെ അച്‌ഛനും അമ്മയും ആശ്വസിപ്പിച്ചു. 'മോളേ നീ വിഷമിക്കേണ്ട. ദയാപരനായ ഈശ്വരന്റെ കൈകളില്‍ നിനക്കു തരുവാനുളള നന്മയും കരുതി വച്ചിട്ടുണ്ട്‌. എന്റെ മോള്‍ക്ക്‌ തീര്‍ച്ചയായും അതു ലഭിക്കും.'

'എന്റെ അമ്മേ'

ലക്ഷിയമ്മ അവളുടെ മുടിയില്‍ തലോടി. സുര്യയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി.

അയ്യോ ടീച്ചര്‍ കരയുന്നു. എന്തുപറ്റി ടീച്ചര്‍. തലവേദനയാണോ. ക്ലാസിലെ കുരുന്നുകള്‍ ഓടിയെത്തി. സുര്യ സാരിത്തുമ്പുകൊണ്ട്‌ കണ്ണുതുടച്ചു. ഒന്നുമില്ല കണ്ണിലൊരു കരടുപോയി.

'ടീച്ചറേ സത്യം പറഞ്ഞേ. എന്തോ ഓര്‍ത്തു കരഞ്ഞതല്ലേ.' അപ്പു ചെറുപുഞ്ചിരിയോടെ മുന്നില്‍.

'അല്ല. അപ്പു ബഞ്ചില്‍ പോയിരുന്നോ.'

അവന്‍ മനസ്സില്ലാ മനസ്സോടെ പോയി. ടീച്ചറിനെ ഉറ്റുനോക്കികൊണ്ടിരുന്നു.

'അപ്പു, ഒന്നുമില്ലന്നേ' - സുര്യ അവന്റെ കയ്യില്‍ പിടിച്ചു.

ടീച്ചറേ പനിയാണോ. അനുവിന്റെ ശബ്‌ദം.

'അനൂ മോളെ ടീച്ചറിന്‌ ഒരു കുഴപ്പവുമില്ല. നിങ്ങള്‍ക്കു കഥ കേള്‍ക്കണമെന്നുണ്ടോ?

അതു കേള്‍ക്കാത്ത താമസം ക്ലാസ്‌ നിശബ്‌ദമായി. കുട്ടികള്‍ കാതോര്‍ത്തിരുന്നു.

ആരോരുമില്ലാത്ത കണ്ണന്റെ കഥ മാലു പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അപ്പു സങ്കടത്തോടെ പറഞ്ഞു.

'എന്നെപോലെ അല്ലേ ടീച്ചര്‍.'

സുര്യയുടെ കണ്ണു നിറഞ്ഞു. അപ്പു കരയുകയാണോ. അപ്പുവിന്‌ ടീച്ചറുണ്ടല്ലോ. ഈ കൂട്ടുകാരൊക്കെ ഉണ്ടല്ലോ.

കഴിഞ്ഞ വര്‍ഷമാണ്‌ അപ്പുവിനെ ഈ സ്‌ക്കൂളില്‍ ചേര്‍ത്തത്‌. എല്ലാ കുട്ടികളുടെയും പേരും വീടുമൊക്കെ ചോദിച്ചപ്പോളാണ്‌ കുട്ടികള്‍ പറഞ്ഞത്‌ 'ടീച്ചറേ, അപ്പുവിനോട്‌ ചോദിക്കേണ്ട. അവന്‌ ആരുമില്ല. അവന്റെ അച്‌ഛനും അമ്മയും മരിച്ചുപോയി. ക്ലാസ്‌ നിശബ്‌ദമാക്കാന്‍ വളരെ പാടുപെട്ടു.

മായ ടീച്ചറിനോട്‌ സുര്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

'എന്റെ ടീച്ചറെ ഒന്നും പറയണ്ട ആ കൊച്ചിന്റെ കാര്യം. അപ്പുവിന്റെ അമ്മയ്‌ക്ക്‌ സുഖമില്ലായിരുന്നു. എന്നും മരുന്നും മന്ത്രവും. കഴിഞ്ഞ വര്‍ഷം അവര്‍ മരിച്ചു. രണ്ടാഴ്‌ചക്കുശേഷം ഒരപകടത്തില്‍ അച്‌ഛനും.

അപ്പു ആരുടെ കൂടെയാണ്‌?

സ്വന്തപ്പെട്ടവരെന്നു പറയാന്‍ ആരുമില്ല. ഒരകന്ന ബന്ധുവിന്റെ വീട്ടിലാണ്‌. ചെറിയ കുട്ടിയാണെങ്കിലും അവനെകൊണ്ട്‌ അവര്‍ പണികളൊക്കെ ചെയ്യിക്കും. ബുക്കും പുസ്‌തകവുമൊക്കെ ഞങ്ങളൊക്കെയാണ്‌ കൊടുക്കുന്നത്‌.

സുര്യക്ക് വളരെ വിഷമം തോന്നി. പാവം കുഞ്ഞ്‌. ഈ ഇളംപ്രായത്തില്‍ അവന്റെ അനാഥത്വം. എന്നും അപ്പുവിന്റെ കാര്യം അച്‌ഛനോടും അമ്മയോടും പറയും. ഒരിക്കല്‍ രാജേട്ടനോടും പറഞ്ഞു. രാജേട്ടന്‍ ശ്രദ്ധിച്ചു കേട്ടിരുന്നു.

സുര്യ , ദൈവം അവനെ നോക്കിക്കൊളളും. അവന്റെ നക്ഷത്രക്കണ്ണുകളും ചുരുണ്ട മുടിയും ക്ഷീണിച്ച മുഖവും സുര്യയുടെ മനസ്സില്‍ തെളിഞ്ഞു.

സുര്യ അവന്റെ ആവശ്യങ്ങളൊക്കെ നിവര്‍ത്തിച്ചു. ഉച്ചയ്‌ക്ക്‌ അവന്‍ പൈപ്പിലെ വെളളം കുടിച്ച്‌ വിശപ്പടക്കുന്നതുകണ്ട്‌ സുര്യ ഓടിച്ചെന്നു.

മോനേ അപ്പൂ, വരൂ ഇന്ന്‌ ടീച്ചറിന്റെ കൂടെയാണ്‌ അപ്പു ചോറുണ്ണുന്നത്‌.'

'വേണ്ട ടീച്ചര്‍. എനിക്ക്‌ ഒട്ടും വിശപ്പില്ല.'

'വരൂ, ടീച്ചര്‍ ഉണ്ണണമെങ്കില്‍ അപ്പു വരണം.'

സുര്യ സ്വന്തം പാത്രത്തില്‍ അവന്‌ ചോറു വാരികൊടുത്തു. മറ്റ്‌ അധ്യാപകര്‍ അത്ഭുതത്തോടെ നോക്കിനിന്നു.

സ്‌ക്കൂളടയ്‌ക്കാറായി. ഇനി അടുത്ത വര്‍ഷം താനിവിടെ ഉണ്ടാവില്ല. പുതിയ സ്ഥലത്ത്‌, പുതിയ ചുറ്റുപാടില്‍ രാജേട്ടന്റെ സ്‌ക്കൂളിനടുത്തുതന്നെ ഒരു വീടു നോക്കുന്നുണ്ട്‌. സുര്യക്ക് ആകെ വിഷമമായി. തനിക്ക്‌ അപ്പുവിനെ പിരിഞ്ഞു പോകാനാവുമോ.

അവനെ മനസ്സില്‍ നിന്നും മായ്‌ക്കാനൊക്കുന്നില്ല.

അവന്‍ എന്റെ മകനായിരുന്നെങ്കില്‍..

പരീക്ഷയുടെ അവസാന ദിവസമെത്തി. ഇനി രണ്ടുമാസത്തെ അവധി.

സുര്യ  ടീച്ചര്‍ പോകുകയാണെന്ന്‌ കേട്ടപ്പോള്‍ കുട്ടികള്‍ക്കൊക്കെ വിഷമമായി.

ടീച്ചര്‍ പോകേണ്ട.

ഞങ്ങള്‍ക്കിനി ആരാണ്‌ കഥ പറഞ്ഞുതരുന്നത്‌. അവരുടെ നൊമ്പരം തന്റെയും നൊമ്പരമാണ്‌. ഈ കുഞ്ഞുങ്ങളെ പിരിഞ്ഞ്‌ എങ്ങനെ പോകും.

എല്ലാ കുട്ടികളും പോയപ്പോള്‍ അപ്പു തന്റെ അരികിലെത്തി.

ടീച്ചറു പോകുകയാണോ?

ഇനി വരില്ലേ

അപ്പുവും ഇനി പഠിക്കുന്നില്ല. പളളിക്കൂടത്തില്‍ പോകണ്ടെന്ന്‌ ചിറ്റമ്മ പറഞ്ഞു. അവരുടെ കൈയില്‍ പണമില്ലെന്ന്‌. ടീച്ചറിന്റെ കൂടെ ഞാനും പോരട്ടെ.

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അപ്പൂ... നമുക്കു പിന്നെ കാണാം. കുട്ടികള്‍ വരുന്നുണ്ട്‌.

സ്‌ക്കൂടച്ചപ്പോള്‍ത്തന്നെ രാജേട്ടന്‍ ധൃതി കൂട്ടി വീടൊക്കെ ശരിയാക്കി. പറ്റിയാല്‍ രണ്ടുദിവസത്തിനകം ഇങ്ങോട്ടു പോര്‌.

അപ്പുവിനെ കാണണമെന്നുണ്ടായിരുന്നു. പറ്റിയില്ല.

പുതിയ വീടും അന്തരീക്ഷവുമൊക്കെ ഇണങ്ങിത്തുടങ്ങി.

പെട്ടെന്നാണ്‌ സുശീല ടീച്ചറിന്റെ ഫോണ്‍ വന്നത്‌.

ടീച്ചറേ.. അപ്പുവിനു പൊളളല്‍ പറ്റി. ഗുരുതരമാണ്‌. എങ്ങനെ സംഭവിച്ചുവെന്നൊന്നും ബന്ധുക്കള്‍ പറയുന്നില്ല. പെട്ടെന്നെത്തണം.

'എന്താ സുര്യ.. എന്തുപറ്റി.'

'രാജേട്ടാ.. അപ്പൂ..അവളുടെ ശബ്ദം ഇടറി...ചെവിയില്‍ അപ്പുവിന്‍റെ നിഷ്കളങ്കമായ ചോദ്യം ഉയര്‍ന്നു "ടീച്ചര്‍ ഞാനും വരട്ടെ???'

'സുര്യയും രാജേട്ടനും പെട്ടന്ന് ആശുപത്രിയിലേക്ക് പുറപെട്ടു.. ഓരോ നിമിഷവും അപ്പു തനിക്കു ആരോ ആണ് എന്ന് സുര്യക്ക് തോന്നി പോയി...'

ആശുപത്രിയില്‍ ശരീരമാസകലം പൊളളലേറ്റ്‌ അപ്പു. അവന്റെ കുഞ്ഞുമുഖം മാത്രം പൊളളലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. കഠിനമായ വേദനയില്‍ അവന്‍ ഞരങ്ങുന്നു.

എന്റെ മോനേ... നിനക്കെന്തുപ്പറ്റി സുര്യക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

അല്‍പം കൂടുതലാണ്‌. അടുത്ത്‌ എപ്പോഴും ആളുവേണം.

സുര്യ ആ സര്‍ക്കാര്‍ ആശുപത്രിയിലെ മരവിക്കുന്ന തറയില്‍ ഊണും ഉറക്കവുമില്ലാതെ അവനു വേണ്ടി കുട്ടിരുന്നു.

അപ്പുവിനു വേണ്ടിയുളള പ്രാര്‍ത്ഥന മാത്രം. മൂന്നാം ദിവസം അവന്‍ പതുക്കെ കണ്ണു തുറന്നു.
ടീച്ചര്‍ എനിക്ക് ആരും ഇല്ല.. അവന്റെ നിഷ്കളങ്കമായ ആ വാക്കുകള്‍ക്ക് മുന്‍പില്‍ ഈ ലോകവും അതിന്റെ മോഹങ്ങളും വെറും ചീട്ടു കൊട്ടാരം പോലെ മറിഞ്ഞു വീണു..

രാജേട്ടന്‍ അവന്റെ അരികിലെത്തി.

മോനേ.. ഇനി മുതല്‍ ഇത് നിന്റെ ടീച്ചറല്ല.. മോന്റെ അമ്മയാണിത്‌..
 നീ ഇന്നു മുതല്‍ ഞങ്ങളുടെ രാജകുമാരനും .

രാജേട്ടന്റെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്നു വീണ വാക്കുകള്‍ സുര്യയുടെ മനസ്സില്‍ ആശ്വാസത്തിന്റെ കുളിരു പകര്‍ന്നു........


Jerin Abraham 

No comments:

Post a Comment