ഒരു ഡിസംബര്‍ കൂടി.
നാലു വര്‍ഷങ്ങളുടെ മനസ്സിന്‍റെ പിരിമുറുക്കങ്ങള്‍ ഇവിടെ അവസാനിക്കുകയാണ്. അകതാരിലെ ഉള്‍ക്കോണുകളില്‍ എവിടെയോ താഴിട്ടുവച്ച നീലിമ, അനിയന്ത്രിതമായ ആത്മഹര്‍ഷമായി പുറത്തേക്കു പ്രവഹിക്കും പോലെ !. അനന്തഗോപന്‍റെ മെയില്‍ ധ്രിതിയില്‍ തുറക്കുമ്പോള്‍ത്തന്നെ , മനസ്സിന്‍റെ ചില്ല് വാതിലിലൂടെ വൈകാരികതയുടെ ലാവ അതിന്‍റെ കുത്തൊഴുക്ക് തുടങ്ങിയിരുന്നു. ഗ്രാമസഭയുടെ തിരക്കുകളില്‍ വീണു കിട്ടിയ ഇടവേളയില്‍ ഇന്‍റ്റര്‍നെറ്റിന്‍റെ സ്വകാര്യതയിലേക്ക് ഊളിയിടുമ്പോള്‍ ആനന്തുവിന്‍റെ പുനര്‍ജ്ജനി വീണ്ടും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഓഫീസിലെ പുഷ്ബാക്ക് ചെയറിലേക്ക് അമര്‍ന്നിരുന്ന് തിരികെ ഒഴുകിയെത്താന്‍ കഴിയാത്തവിധം ഗതിമാറി ഒഴുകിയ പുഴയുടെ നിസ്സഹായതയോടെ, അവന്‍റെ അക്ഷരങ്ങളിലേക്ക് പതിയെ വഴുതിവീണു.
"കൃഷ്ണേന്ദുവിന്"
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇത് പോലൊരു ഡിസംബറില്‍ നിന്നെ കാണാന്‍ ഞാന്‍ എത്തേണ്ടിയിരുന്നതാണ്. പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന സമാനതകളില്ലാത്ത സത്യമായിരുന്നു നീ, എന്നത് എന്‍റെ തിരിച്ചറിവ്. ആയതിനാല്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു. ഈ ആഴ്ച മുഴുവന്‍ മൂന്നാറിലെ 'ഹില്‍വ്യൂ റിസോര്‍ട്ടില്‍' ഞാന്‍ ഉണ്ടാകും. സ്വന്തം മനസിനെ തന്നെ സംവദിച്ചു തോല്പിക്കാന്‍ നിനക്ക് കഴിയുന്നുവെങ്കില്‍, വരുമെന്ന് പ്രതീക്ഷിക്കുന്നു.
അനന്തു
' 'ഇടവേളകളില്‍ എന്നെ ഇങ്ങനെ സമര്‍ത്ഥമായി കബളിപ്പിക്കാന്‍ നിനക്കെങ്ങനെ കഴിയുന്നു'
എന്ന ഒറ്റവരിയില്‍ മറുപടി എഴുതി അവസാനിപ്പിച്ചിട്ടും അവന്‍ തന്നെയായിരുന്നുഎന്‍റെ സ്വപ്നങ്ങളില്‍. ആവര്‍ത്തനങ്ങളുടെ ശവപറമ്പ് മാത്രമാണ് ജീവിതം, അനുഭവങ്ങള്‍ എന്നെ പഠിച്ചതും ആ സമവാക്യങ്ങള്‍ മാത്രമാണ്. പ്രണയം കാതങ്ങള്‍ അകലെ എത്തിപിടിക്കാനുള്ള മരീചിക തന്നെയായി തെന്നി മാറിപ്പോകുകയും ചെയ്യുന്ന സങ്കീര്‍ണ്ണതയില്‍ സ്വയം ഒടുങ്ങുകയായിരുന്നില്ലേ ഞാന്‍. എങ്കിലും അടുത്ത കൂട്ടുകാരികള്‍ പോലും അസൂയയോടെ നോക്കിനിന്നിരുന്ന എന്‍റെ രൂപലാവണ്യം, അവനും കാലവും കാണാതെ പോകുകയയിരുന്നെന്നു ചില ഏകാന്തതകളില്‍ സ്വയം തോന്നിയിട്ടുണ്ട്. അച്ഛനും അമ്മയും ലാളിച്ചു വഷളാക്കിയ പെണ്ണെന്ന അഹങ്കാരവുമായി കാലത്തെ വെല്ലുവിളിച്ചു നടന്ന ഏതോ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ദിവസത്തിലാണ് ഞാന്‍ അവനെ ആദ്യമായി കണ്ടത്ത്. ഗ്രാമത്തിന്‍റെ മുഴുവന്‍ ശാലീനതയും ത്രസിച്ചിരുന്ന വായനശാലിയിലെ തടി ബഞ്ചില്‍, മിക്ക വൈകുന്നേരങ്ങളിലും ആരവങ്ങളില്‍ നിന്നൊഴിഞ്ഞു അവന്‍ ഉണ്ടാകുമായിരുന്നു. വെളുത്ത് മെലിഞ്ഞു, ആഴക്കടല്‍ പോലെ വശ്യമായ കണ്ണുമായി എന്‍റെ അനന്തു.വായനശാലയില്‍ ഗബ്രിയേല്‍ മാര്കോസിന്‍റെ ' ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍'ഷെല്‍ഫില്‍ തിരയുന്ന ഒരു വൈകുന്നേരം, അന്നാണ് അവന്‍ ആ പുസ്തകം നീട്ടി ആദ്യമായി ചിരിച്ചത്. ഒരു പെണ്‍കുട്ടിയെന്ന മുന്‍വിധിയില്ലാതെ, അതിന്‍റെ പരിമിതികളില്ലാതെ ചുറ്റുപാടുകളെ നോക്കികാണാന്‍ പഠിപ്പിച്ച അച്ഛന്‍ തന്നെയാണ് എന്നെ വായനയുടെ ലോകത്തേക്ക് തള്ളിയിട്ടതും. തുറന്നു വച്ച പുസ്തകം വായിച്ചു തീരുനതിനു മുന്‍പേ യാത്ര പറഞ്ഞു പോയെങ്കിലും, തടിച്ച പുസ്തകതാളുകള്‍ക്കിടയില്‍ ജീവിച്ചു മരിച്ച അച്ഛന്‍ ഇന്നും എന്നും എനിക്കൊരു ഒരു മഹാമേരു പോലെയാണ്. പുസ്തകങ്ങളിലും അക്ഷരങ്ങളിലും തപസ്സു ചെയ്ത അച്ഛന്‍ അനന്തുവിന്‍റെയും പ്രിയപ്പെട്ട മാഷായി മാറാന്‍ പിന്നെ സമയം എടുത്തില്ല; വീട്ടിലെ വേണ്ടപെട്ട മറ്റൊരാള്‍ എന്ന സ്ഥാനം തന്നെയായിരുന്നു എന്നും അനന്തുവിന്, മാത്രവുമല്ല അവന്‍റെ സാമീപ്യം എന്നെക്കാളുപരി അച്ഛനെയും ആസ്വദിപ്പിച്ചിരുന്നു എന്ന് പറയുന്നതാകും ശരി. മാറിനിന്ന് നോക്കുമ്പോള്‍,കീറ്റ്സിനെയും ഷെല്ലിയെയും ഒപ്പം പ്രത്യയശാസ്ത്ര ദര്‍ശനങ്ങളെയും സ്നേഹിച്ചിരുന്ന അവന്‍ എന്നും സമൂഹത്തിന്‍റെ പാരമ്പര്യ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തെക്കാണ് നടന്നിരുന്നത് എന്ന് തോന്നും. കടന്നു പോകുന്ന ഓരോ മന്ദമാരുതനും പ്രണയത്തിന്‍റെയും, വിരഹത്തിന്‍റെയും ഒപ്പം മനുഷ്യന്‍റെ ഒടുങ്ങാത്ത ത്വരയുടെയും പകയുടെയും അടയാളങ്ങള്‍ എന്ന് പറഞ്ഞിരുന്ന അവന്‍ ഒരിക്കല്‍ പാര്‍ക്കിലെ ആളൊഴിഞ്ഞ മൂലയില്‍ ഇരുന്നപ്പോഴാണ്, പ്രണയത്തെ കുറിച്ചുള്ള അവന്‍റെ സങ്കല്പങ്ങള്‍ പങ്കുവച്ചത് . നീലക്കണ്ണുകള്‍ ഉള്ള, ജീവിതത്തെ നിഷേധമായി കാണുന്ന പെണ്ണാണ് അവന്‍റെ സങ്കല്‍പം എന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ അപരിചിതമായ ഒരു തീക്ഷ്ണത കളിയാടിയിരുന്നു. ജീവിതത്തിന്‍റെ പെയ്തൊഴിയലില്‍, നിറമുള്ള സ്വപ്നങ്ങളുമായി ഓടിനടന്ന തന്നെപോലൊരു പെണ്‍കുട്ടിയുടെ മനസ്സില്‍ തീഷ്ണമായ പ്രണയം കോറിയിടാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും, സൌഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള ചെറിയ അതിര്‍വരമ്പിനെ അതിന്‍റെ സുതാര്യതയില്‍ നിലനിര്‍ത്തിക്കൊണ്ട് സൌഹൃദത്തിന്‍റെ കൈപിടിക്കാനായിരുന്നു അനന്തു നിലകൊണ്ടത്. ആ നിലപാടുകള്‍ അവന്‍റെ വ്യക്തിത്വത്തിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചിരുന്നെങ്കിലും , എവിടെയോ എന്നോ ഞാനറിയാതെ മനസ്സില്‍ പുതിയ ദിശാമാറ്റങ്ങള്‍ സംഭവിച്ചിരുന്നുവോ? എങ്കിലും അപ്പൂപ്പന്‍ത്താടിപോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പാറിനടന്ന അപൂര്‍വത അതായിരുന്നു എപ്പോഴും എന്റെയുള്ളിലെ അനന്തു.
ഉത്സവപറമ്പുകളിലും, സിനിമാശാലകളിലും ഒരു നിഴലായി കൂടെ നടക്കാനും, ബൈക്കില്‍ ചേര്‍ന്നിരുന്നു മണിക്കൂറുകള്‍ നീളുന്ന യാത്രകളും ഒരു ലഹരി പോലെ അന്നൊക്കെ ഞാന്‍ ആസ്വദിച്ചിരുന്നു. നിനച്ചിരിക്കാതെ അച്ഛന്‍ തന്നിട്ട് പോയ ശൂന്യത പിടിച്ചുലച്ചപ്പോള്‍, ആ വിഹ്വലതയെ സൗഹൃദത്തിന്റെ മൂടുപടം കൊണ്ട് ഒപ്പിയെടുത്തതും അനന്തു തന്നെയായിരുന്നു. പക്ഷെ സമര്‍ത്ഥമായ ഒരുതിരക്കഥ പോലെ തയ്യാറാക്കപ്പെട്ട എന്‍റെ ജീവിതത്തിന്‍റെ ഏടുകളില്‍ നിന്ന് എന്തിനായിരുന്നു അവന്‍ ഓടിയകന്നത്? കഴിഞ്ഞ നാലുവര്‍ഷവും അവനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാം ഒരുപാടുതവണ സ്വയം ചോദിച്ചിട്ടുള്ള ചോദ്യവും ഇത് തന്നെയാണ്.കാറിന്‍റെ വിന്‍ഡ്ഷീല്‍ഡ് താഴ്ത്തിയപ്പോള്‍, കോടമഞ്ഞിന്‍റെ ഗന്ധമുള്ള കാറ്റ് മുഖത്തേക്ക് ഇരച്ചു വീണു. പോകുകതന്നെ വേണം എന്ന് മനസ്സ് നൂറാവര്‍ത്തി പറഞ്ഞപ്പോഴും, ലീവ് എഴുതിയിട്ട് മൂന്നാറിലേക്ക് യാത്രയാകുമ്പോഴും അവ്യക്തതകള്‍ മാത്രമായിരുന്നു ബാക്കി. ശുഷ്ക്കമായ ഔദ്യാഗികതയുടെ ആലസ്യത മാറ്റിയെടുക്കാന്‍ ഒരു നീണ്ട ഡ്രൈവും പിന്നെ നിനച്ചിരിക്കാതെ വീണു കിട്ടിയ ഈ കണ്ടുമുട്ടലും കാരണമായേക്കാം എന്നൊരു തോന്നല്‍. കോളേജ് പഠനകാലത്ത് തന്നെ ഡ്രൈവിംഗ് എനിക്കൊരു ഹരമായിരുന്നു. അവനെ കൂടെ ഇരുത്തി കിലോമീറ്ററുകള്‍ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുന്നതും, ഗ്രാമത്തിലെ ചെറിയ ചായക്കടകളില്‍ കയറി ചൂട്ചായ മൊത്തിക്കുടിക്കുന്നതും ഒക്കെ ഒരു ഫ്ലാഷ് ബാക്ക് പോലെ ചിന്തകളില്‍ കടന്നു പോകുന്നു. ഒരിക്കല്‍ ഏറണാകുളത്തിന്‍റെ തിരക്കുകളില്‍ അമിതവേഗതിയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ തുടയില്‍ നുള്ളി ''നിന്‍റെ ഉള്ളില്‍ ഒരു പുരുഷന്‍ അമിതാവേശത്തോടെ ഉണര്‍ന്നിരിക്കുന്നു'' എന്ന് തമാശ രൂപേണ അവന്‍ പറഞ്ഞു, എവിടെയും കടന്നു ചെല്ലാനും എന്തിനെയും കൂസലില്ലാതെ നേരിടാനും കിട്ടിയ ചങ്കുറപ്പ് അമ്മ പോലും അന്ഗീകരച്ചിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യം, പക്ഷെ "നീയൊരു പെണ്ണാണ്' എന്ന അമ്മയുടെ ഓര്‍മപെടുത്തലുകള്‍ എനിക്കെന്നും നര്‍മ്മം കലര്‍ന്ന ഒരു സ്നേഹവായ്പ്പായെ തോന്നിയിട്ടുള്ളൂ.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മറ്റൊരു പകലും അവനെ തേടി മൂന്നാറില്‍ വന്നിട്ടുണ്ട്, ഒരു രാത്രിയും പകലും മൂന്നാറിന്‍റെ ശബളിമയില്‍ അവനെത്തേടി കാത്തിരുന്നിട്ടുo. എന്ത് കൊണ്ടാകാം അവന്‍ വരാതിരുന്നത്?. പിന്നെയും നീണ്ട രണ്ടു വര്‍ഷങ്ങള്‍ എന്തിനായിരിക്കാം നിശബ്ദനായി ഇരുളില്‍ മറഞ്ഞത്? എഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ അനന്തമായ ആഴി തന്നെയാണ് അനന്തു എന്ന് തോന്നിപോകാറണ്ട്. എങ്കിലും ക്ഷണിച്ചു വരുത്തി കബളിപ്പിച്ചു എന്നൊരു ചെറിയ തോന്നല്‍ പോലും ഉണ്ടായില്ല എന്നാലോചിക്കുമ്പോള്‍ മാത്രമാണ്, എന്‍റെ മനസ്സിനെ അവനു വേണ്ടി എത്രമാത്രം പാകപ്പെടുത്തിയിരിക്കുന്നു എന്നറിയുന്നത്. കാര്‍ റിസോര്‍ട്ടിലെ വലിയ മാവിന്‍റെ ചുവട്ടില്‍ നിര്‍ത്തി, റിസപ്ഷ നിലേക്ക് നടക്കുമ്പോള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത പിരിമുറുക്കത്താല്‍ ഞാന്‍ അടിമുടി ഉലഞ്ഞിരുന്നു. എവിടെയും അവിചാരിതകള്‍ മാത്രം അത് തന്നെയാണ് ജീവിതവും. ജീവിതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുകള്‍ ഇല്ലാതിരുന്ന വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ഔദ്യോഗിക ജീവിതത്തിന്‍റെ കയ്പ്പുകളിലേക്ക് എടുത്തെറിയപ്പെട്ടു. ഒറ്റപ്പെടലിന്‍റെയും, വിഹ്വലതകളുടെയും തടവറയില്‍ പിന്നെയും കുറെ നാള്‍.
റിസോര്‍ട്ടിന്‍റെ കൊതിപ്പിക്കുന്ന ലോഞ്ചില്‍ അവന്‍ ഉണ്ടായിരുന്നു, നാലു വര്‍ഷത്തിന്‍റെ ഇടവേള അവനില്‍ മാറ്റങ്ങള്‍ വരുത്തിയില്ല എന്നതാണ് ഏറെ ആശ്വസിപ്പിച്ച ഘടകം. നെറ്റിയിലേക്ക് പാറികിടന്ന എണ്ണമയമില്ലാത്ത മുടിയും, കറുത്ത ലിനണ്‍ ഷര്‍ട്ടും, വലിയ കറുത്ത കരയുള്ള മുണ്ടും ഒക്കെയായി അവന്‍ കൂടുതല്‍ ആകര്‍ഷണീയമായതു പോലെ തോന്നി. അവനു അഭിമുഖമായി ഇരിക്കുമ്പോഴും പറയാന്‍ മനസ്സില്‍ ബാച്ചി വച്ചതൊക്കെ പറഞ്ഞു തീര്‍ക്കണം എന്ന് തീരുമാനിച്ചുറച്ചിരുന്നു. ഒരിക്കലും പിടിതരാതെ തെന്നി മാറുന്ന അവന്‍റെ കണ്ണുകളില്‍ എല്ലാം പറയാതെ പറയുന്ന ആ കുസൃതി ചിരി ഇപ്പോഴും തത്തികളിക്കുന്നുണ്ട്.
പറഞ്ഞു തുടങ്ങിയതും അവന്‍ തന്നെ. തമ്മില്‍ കാണാതിരുന്ന നാലു വര്‍ഷങ്ങളും തന്നെ നിഴല്‍ പോലെ പിന്തുടരുകയായിരുന്നു അവന്‍ എന്നറിഞ്ഞപ്പോള്‍ എവിടെയോ ഒരു നോവ് പടര്‍ന്നു. ഇത് പോലെ മറ്റൊരു ഡിസമ്പറിന്‍റെ തണുത്ത പ്രഭാതത്തിലാണ് അന്നവന്‍ വീട്ടിലേക് വന്നത്, ജോലിക്കുള്ള ആഡ്വൈസ്മെമ്മോ കിട്ടിയത് മുതല്‍ അവനെ കാണാനും കാര്യങ്ങള്‍ പറയാനും വല്ലാതെ ആഗ്രഹിച്ചിരുന്ന ദിവസവും കൂടിയായിരുന്നു അത്. അമ്മയെ തനിച്ചാക്കി നഗരത്തിലെ ലേഡീസ് ഹോസ്ടലിലേക്ക് മാറുന്നതിന്‍റെ വിഷമം ഒരു ഭാഗത്ത് അലട്ടിയിരുന്നപ്പോള്‍ അവന്‍റെ സാമീപ്യം ഇല്ലാതാകുന്നതിനെ കുറിച്ചും ഞാന്‍ വല്ലാതെ ഭയന്നിരുന്നു. ഒരുപക്ഷെ സൌഹൃദത്തിന്‍റെ ശക്തമായ വന്‍മതില്‍ ചുറ്റും ഉണ്ടായിട്ടും അവനറിയാതെ പ്രണയത്തിന്‍റെ നേര്‍ത്ത മഞ്ഞു നൂലുകള്‍ എന്നില്‍ ഉണ്ടായിരുന്നിരിക്കാം. എന്നത്തേയും പോലെ കവിളില്‍ നുള്ളിനോവിക്കുമ്പോള്‍ ഒരിക്കലും ഇല്ലാത്ത പോലെ ചേര്‍ന്ന് നിന്നതും ഒരുപക്ഷെ ആ അനുഭൂതിയില്‍ ആയിരുന്നു. കുറേനേരം കണ്ണുകളില്‍ നോക്കി നിന്ന് അവനിലേക്ക് വലിച്ചടുപ്പിച്ക്കുമ്പോള്‍, അത് ഞാനും പ്രതീക്ഷിചിരുന്നുവോ? വൈദ്യുത തരംഗങ്ങള്‍ ശരീരമാകെ പടരുന്നത് ഞാന്‍ അറിഞ്ഞു,അവന്‍റെ വിരലുകള്‍ മുടിയിഴകളില്‍ ഓടിനടന്നപ്പോള്‍,.ചുണ്ടുകളില്‍ അവന്‍റെ സ്പര്‍ശനം ഒരു വിസ്ഫോടനം പോലെ കടന്നു പോയപ്പോള്‍ അറിയാതെ കണ്ണുകള്‍ കൂമ്പിയടഞ്ഞു പോയി. എന്നിലെ പെണ്ണ് പതിയെ പെയ്യാന്‍ തുടങ്ങുക തന്നെയായിരുന്നു. ശരീരത്തിന്‍റെ ഭാഷ നിര്‍ഗളം തുടരുമ്പോഴും, നിശബ്ദമായിരുന്നു നിമിഷങ്ങള്‍. അവന്‍റെ കാന്തികശേഷിയുള്ള കൈവിരലുകള്‍ മോഹച്ചരടുകള്‍ വകഞ്ഞു മാറ്റിയ നിമിഷം, നിഷേധ ഭാവത്തില്‍ അവനെ ഞാന്‍ തടഞ്ഞിരിക്കാം. അത് ഒരു നിര്‍ജീവതയായി അനന്തുവിലേക്ക് പരിപര്‍ത്തനം ചെയ്യപ്പെട്ടു.ആ നിമിഷങ്ങളില്‍ ഉള്ള തിരിച്ചറിവ് അവനെ വേദനിപ്പിച്ച്ചിരിക്കാം, ഒരു പക്ഷെ അത് തന്നെയായിരിക്കാം ഈ നീണ്ട നാലു വര്‍ഷങ്ങള്‍ മാറിനില്‍ക്കാന്‍ അവനെ പ്രേരിപിചിട്ടുള്ളതും.'നമ്മള്‍ ഇങ്ങനെ ആകാന്‍ പാടില്ലായിരുന്നു കൃഷ്ണേ' എന്ന് പറഞ്ഞു അവന്‍ പിന്‍വാങ്ങിയപ്പോഴും,കുറ്റബോധം തരിമ്പും എന്നില്‍ അവശേഷിച്ചിരുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം.
''കൃഷ്‌ണേന്ദു'' എന്ന ആര്‍ദ്രമായ വിളിയാണ് വീണ്ടും അനന്തുവിലേക്ക് എത്തിച്ചത്. ആ സംഭവത്തിന് ശേഷം തനിച്ചിരുന്ന രാവുകളില്‍ ഒക്കെയും മനസിന്‍റെ അകത്തളങ്ങളില്‍ നിന്ന് എന്നെ ആട്ടിയിറക്കാന്‍ അവന്‍ ശ്രമിച്ചിരുന്നതായും, അത് നടക്കാതെ വന്നപോഴാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടാന്‍ തീരുമാനിച്ചതും. പക്ഷെ നിയോഗങ്ങള്‍ മാറിമറിഞ്ഞത് ജീവിതത്തിന്‍റെ തന്നെ മറ്റൊരു വേദനിപ്പിക്കുന്ന ഫലിതമായി മാറി. എന്നിലേക്കുള്ള യാത്രയില്‍ നിയോഗം കാറപകടമായി മൂന്നാറിന്‍റെ ഹെയര്‍പിന്‍ വളവുകളില്‍ അവനെ കാത്തിരുന്നപ്പോള്‍, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള യാത്രയില്‍ അവനു നഷപെട്ടത് ശരീരത്തിന്‍റെ ഒരു ഭാഗികമായ ചലനശേഷിയാണ്. അവിശ്വസനീയമായി അവനെ നോക്കിയിരിക്കുമ്പോഴും, അവന്‍റെ കണ്ണുകളിലെ കുസൃതി കുഞ്ഞോളങ്ങളെപ്പോലെ ഇളകി നടന്നു ."നിന്‍റെ ചിന്തകളിലോ വികരങ്ങളിലോ ഒരു അനന്തു ഇപ്പോഴും ജീവിച്ചിരിക്കുന്നുവെങ്കില്‍,അത് പിഴുതെറിയാന്‍ ഈ കണ്ടുമുട്ടല്‍ കാരണമാകണം, ജീവിതത്തെ അതിന്‍റെ ശീലങ്ങള്‍ക്കു വിടാതെ കുടുംബം എന്ന അനിവാര്യതയ്ക്കു നീ തയ്യാറാകണം" എന്ന് പറഞ്ഞവസനിപ്പിക്കുമ്പോള്‍ അവന്‍ എന്‍റെ കണ്ണുകളില്‍ നോക്കിയതെയില്ല . അപ്പോള്‍ ഒരു പരാജയപ്പെട്ടവന്‍റെ മുഖമായിരുന്നു എന്‍റെ അനന്തുവിന്. സിറ്റിയിലെ ഹോസ്റ്റല്‍ ബഹളങ്ങളില്‍ നിന്ന് ഫ്ലാറ്റിന്‍റെ ഏകാന്തതയിലേക്ക് മാറുമ്പോള്‍, നഷ്ടപ്പെട്ടിരുന്നത് എന്നും അവന്‍റെ സാമീപ്യം തന്നെയായിരുന്നു, അതുമാത്രമായിരുന്നു നാളിതു വരെ വേറൊരു പുരുഷനെ അന്ഗീകരിക്കാന്‍ മനസിനെ പാകപെടുത്താത്തതും . രാത്രികളില്‍ ഫ്ലാറ്റിലെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ ഇരുന്നു എറണാകുളത്തിന്‍റെ നിയോണ്‍ സൌന്ദര്യം ആസ്വദിക്കുമ്പോള്‍ വെറുതെ സൊറ പറഞ്ഞിരിക്കുവാന്‍ അനന്തു വന്നിരുന്നെങ്കില്‍ എന്നാലോചിച്ചിട്ടുണ്ട്, അതോ തീവ്രമായ വിരഹം ഉള്ളിലൊതുക്കി ഒരുനാള്‍ അനന്തു വരുമെന്ന് തന്നെ ഞാനും വിശ്വസിച്ചിരുന്നുവോ?
അരികിലേക്ക് ചെര്‍ന്നിരുന്ന് ടീപ്പോയിലെ ഫ്ലാസ്കില്‍ നിന്ന് ചായ പകര്‍ന്നു നല്‍കുമ്പോള്‍ അവന്‍ കുറച്ചു കൂടി റിലാക്സ് ആയതു പോലെ തോന്നി. എങ്കിലും ആ പകലിന്‍റെ നിശബ്ദത വല്ലാതെ വാചാലമായിരുന്നു, പിന്നെ എപ്പോഴോ റൂമിലേക്ക് അവനെ ചേര്‍ത്ത് പിടിച്ചു നടക്കാന്‍ സഹായിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. "പരസ്പരം മടുക്കുന്നത് വരെ ഇങ്ങനെ ചേര്‍ന്ന് നടക്കാന്‍ നമുക്കാവില്ലേ അനന്തു" എന്ന് ചോദിയ്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ അപ്പോള്‍ ...അതിനിടയിലെപ്പോഴോ ഗദ്ഗദം വഴിമുടക്കി.. ജീവിതത്തിന്‍റെ പച്ചപ്പുകള്‍ തേടി അപ്രതീക്ഷിത പ്രണയത്തിന്‍റെ പുതിയ കുളിര്‍ക്കാറ്റുകള്‍ മൂന്നാറിന്‍റെ മടിക്കുത്തുകളില്‍ അപ്പോഴും അലയടിച്ചുക്കൊണ്ടിരുന്നു. അവന്‍റെ നനുത്ത സ്പര്‍ശം എന്നിലേക്ക് സംഗീതമായി ഒഴുകി നടന്നപ്പോള്‍, കുന്നിന്‍ ചരിവിലെ പൈന്‍ മരങ്ങളില്‍ അലസമായി വെയില്‍ ചായുന്നതും ഞാന്‍ അറിഞ്ഞിരുന്നു.
No comments:
Post a Comment