Tuesday, July 31, 2012

ചേമ്പിലയിലെ മഴത്തുള്ളികള്‍

ഇടവപ്പാതി കുളിപ്പിച്ചതുകൊണ്ടാവാം ആ സന്ധ്യയെ നിറക്കൂട്ടുകളണിയാതെ ഇത്ര സുന്ദരിയായി കാണാന്‍സാധിച്ചത്! മഴ സമ്മാനിച്ച രണ്ട് സ്ഫടികമുത്തുകള്‍ ആ ചേമ്പിലയില്‍ പ്രണയചാപല്യങ്ങള്‍ കാണിക്കുന്നത് ഞാന്‍ എന്നെ മറന്ന്‍ ആസ്വദിക്കുകയായിരുന്നു! പരസ്പരം ഉമ്മവയ്ക്കുന്നു, മെയ്യുരുമ്മി ഓടുന്നു, പുണരാന്‍ ശ്രമിക്കുന്നു.. പെട്ടെന്ന് ഒരുതുള്ളി ആ ചേമ്പിലയില്‍നിന്ന് പുറത്തേക്ക്! തൊട്ടുപിന്നാലെ മറ്റേത്തുള്ളിയും..! അവസാനം മരണമെന്ന നിത്യതയിലേക്ക്‌ രണ്ടും ഒന്നായ്‌..! ഹാ..

ഒരുനിമിഷം അതിലേക്കാഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോ ശ്രീമതിയുടെ ആ ശബ്ദം എന്നെ പിടിച്ചുനിര്‍ത്തി. “നിന്നോട് ഞാന്‍ പറഞ്ഞോ ഇങ്ങോട്ട് വരരുതെന്ന്? ഉവ്വോ?” പിന്നെ വേറൊരു ഒച്ച ‘ടെ ടെ ടെ ..' “ങ്യേ..ആ..” മോന്‍റെ കരച്ചിലും!

സ്വയം പിറുപിറുത്തുകൊണ്ട് ഞാന്‍ അകത്തേക്ക് നടന്നു. അടുക്കളയില്‍നിന്നാണ് മേളം. എന്നെക്കണ്ട ഉടനെ ശാശ്വത്‌ കരഞ്ഞുകൊണ്ട് എന്‍റെടുത്തേക്ക് വന്നു. “ന്‍റെ ശ്രദ്ധേ, നിന്റൊരു ദ്വേഷ്യം! അതേയ്.. ഇന്നോടുള്ള ദ്വേഷ്യം കുട്ട്യോടല്ല തീര്‍ക്കണ്ടേ! അതെന്തു ചെയ്തു പാവം!”

അവള്‍ വിടുമോ.. “അല്ലാ.. ഈ ദ്വേഷ്യമെന്ന വികാരം എനിയ്ക്ക് പാടില്ല്യെ വിഷ്ണേട്ടാ?? ഇത് നിങ്ങള്‍ ആണുങ്ങളുടെമാത്രം കുത്തകയാ?? ഇവനോട് ഒരു നൂറു തവണയായി ഞാന്‍ പറേണു ഈ അടുക്കളയില്‍ നിക്കല്ലേന്ന്! സകല സാധനോം വലിച്ചുവാരി ഇട്ടിട്ട്ണ്ട്! ഇതൊക്കെ ഇനി അടുക്കിപ്പെറക്കി വെയ്ക്കണെങ്കില്‍ നിസ്സാരപണിയല്ല. അതിനിടയ്ക്ക് ഇവനും! അതെങ്ങനെയാ; അടുക്കിപ്പറക്കി വെക്കുമ്പോഴേക്കും അടുത്ത വീട് മാറാനാകും! കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇതിപ്പോ എത്രാമത്തെ വീടാന്നു നിശ്ചയോണ്ടോ വിഷ്ണേട്ടന്?”

ഞാന്‍ ഒന്ന് ശങ്കിച്ചു. “ഹ്മ്മം.. മൂന്ന്‍”.

“മൂന്നോ?? അപ്പൊ നാലാമത്തെ വീടും, ഇതും ഏതുകണക്കിലാണാവോ പെട്വ?”

ഞാന്‍ ശുണ്ഠി നടിച്ചു. “നീയിപ്പോ ആ കണക്കെടുക്കാന്‍ നിക്കണ്ട. നിനക്കിപ്പോ എന്താ വേണ്ടേ? ഇതൊക്കെ അടുക്കിപ്പെറക്കി വെക്കണം. അത്രല്ലേ ള്ളൂ.. അങ്ക്ട് മാറ്. ഞാന്‍ ചെയ്തുതരാം.”

അവള്‍ മുഖത്തിനുനേരെ കൈകൂപ്പി.. “അയ്യോ വേണ്ടായെ.. സന്തതിനേം കൊണ്ട് അപ്പുറത്തുപോയിരുന്നാ മതി. അതന്നെ ഏറ്റവും വല്യ സഹായം.”

എന്റെ സന്തോഷത്തിന് മറ്റെന്തുവേണം. “അച്ഛന്റെ മുത്തുപ്പളുങ്ക് വാഡാ.. ഞാന്‍ അവനെ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മോനോട് പറഞ്ഞു “ഇനി ഇങ്ക്ടാമറ്റെ നീ വന്നാ..ങാ..!”

ഞാന്‍ അവനേംതൂക്കി ഉമ്മറത്തേക്ക് പോകാന്‍ തുടങ്ങുമ്പോഴുണ്ട് അടുത്തവന്റെ കരച്ചില്‍ ..

ശ്രദ്ധ ദഹിപ്പിക്കുന്നപോലെ എന്നെയൊരു നോട്ടം. “ദേ അടുത്തമൊതല്.. ഇനി ഒരു പണീം നടക്കില്ല്യ.. ഓരോ വീട്ടിലും നാലും അഞ്ചും വയസ്സാ രണ്ടുപേരും വ്യത്യാസം. എനിയ്ക്ക് മാത്രം ഇങ്ങനെ!

ഞാന്‍ മറുപടി പറയാന്‍ പോയില്ല. രണ്ടരവയസ്സ് എന്‍റെ ഭാര്യയ്ക്ക്‌ വല്യ വ്യത്യാസം തോന്നാത്തത് എന്‍റെ കുഴപ്പമല്ലല്ലോ... ഹും..

ഞാന്‍ മിണ്ടാതെ മോനേംകൊണ്ട് മറ്റൊരു ചേമ്പിലയും നോക്കിനടന്നു. നമുക്ക് പറ്റിയ പണി അതേള്ളൂ. എന്നാലും ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു.. ഇനി മിക്കവാറും എങ്ങും പോകേണ്ടിവരില്ല. സെക്ഷന്‍ ഹെഡ് ആയി പ്രൊമോഷന്‍ ആയിട്ടുണ്ട്‌. മാത്രവുമല്ല നല്ല ഒന്നാംതരം വീടാണ് കമ്പനി തന്നിരിക്കുന്നത്. കാസറഗോഡ് ജില്ലയിലെ വിദ്യാനഗറില്‍ . ഒറ്റപ്പെട്ട ഒരു ചെറിയ വലിയവീട്. പിറകുവശം ഒരു ചെറിയ റബ്ബര്‍ എസ്റ്റേറ്റ്‌ ആണ്. പത്തെണ്‍പത് മീറ്റര്‍ പോയാലെ അടുത്തൊരു വീടുള്ളൂ. എന്നാലും വിശാലമായ ആ പറമ്പ് ആസ്വദിക്കാന്‍ കഴിയുന്ന ആ സുഖം! അതിവള്‍ക്ക് പറഞ്ഞാ മനസ്സിലാവ്വോ! സത്യത്തില്‍ ഇങ്ങനൊരു വീട് തേടിയാണ് ഞാന്‍ കുറേ അലഞ്ഞത്. യോഗമുണ്ടെങ്കില്‍ ചുളുവിലയ്ക്ക് കമ്പനി ഇത് തരാനും മതി. ങാ.. നോക്കാം.

മകന്‍ എന്തോ ചോദിച്ചപ്പോഴാണ് ഞാന്‍ ഇഹലോകത്തേക്ക് വന്നത്. അപ്പോഴാണ്‌ അടിയോടിയെ ഓര്‍ത്തതും. സേലംബ്രാഞ്ചില്‍വച്ചാണ് അടിയോടി സുഹൃത്താകുന്നത്. സഹപ്രവര്‍ത്തകനും ആണ് കക്ഷി. മാത്രവുമല്ല കാസറഗോഡ്കാരനും. മോനെ അവന്റെ കുട്ടിസൈക്കിളില്‍ ഇരുത്തി ഞാന്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി.

“അടിയോട്യെ.. സുഖല്ലേ?? നാളെ ആളെത്ത്വല്ലോ ല്ലേ?? ദേ.. അവളോട്‌ ഞാന്‍ തന്റെ പേരിലാ ഉറപ്പു കൊടുത്തേക്കുന്നെ ട്ടോ”

“എന്‍റെ വിഷ്ണൂ.. നിങ്ങള് ബേജാറാവാണ്ടിരിക്കപ്പാ. നമ്മളല്ലേ ഏറ്റത്. നാളെത്തും അവര് രണ്ടാളും! പിന്ന പറഞ്ഞ ആള് എനക്ക് വേണ്ടപ്പെട്ട ആളന്നെ ട്ട്വാ..” പിന്നേം അല്‍പ കുശലങ്ങള്‍കൂടി. ഫോണ്‍വച്ചു.

പിറ്റേദിവസം കാലത്ത് കിടക്കയില്‍ തപ്പിയപ്പോള്‍ ശ്രദ്ധയില്ല. ഓ.. ഈ ഞായറാഴ്ചയെങ്കിലും ഇവള്‍ക്കൊന്നുറങ്ങിക്കൂടെ! കേക്കണ്ട.. തലയെടുക്കും. പിള്ളേര് രണ്ടും സുഖസുഷുപ്തി! തിരിഞ്ഞുകിടക്കാന്‍ ഒരുമ്പെടുമ്പോഴാണ് കാളിംഗ്ബെല്‍ ശബ്ദം. 'അടിയോടി അയച്ച ആള്‍ക്കാരായിരിക്കും.’ ഞാന്‍ വേഗം എണീച്ചു കണ്ണാടിനോക്കി മുടിയൊന്നൊതുക്കി താഴേക്കു നടന്നു. ശ്രദ്ധേ എന്ന് വിളിക്കാന്‍ തുനിഞ്ഞപോഴേക്കും അവള്‍ പോയി വാതില്‍ തുറക്കുന്നത്കണ്ടു.

“ആരാ?”

“അടിയോടി സര്‍ പറഞ്ഞിറ്റ്..”

‘ഓ..കേറിവരൂ..” ശ്രദ്ധ അവരെ അകത്തേക്ക് ആനയിച്ചു. പക്ഷെ ഒരു സെര്‍വന്റിനെയും, ബ്രോക്കെരെയും പ്രതീക്ഷിച്ച എനിയ്ക്ക് അകത്തുകേറിവന്ന അവരെ കണ്ടപ്പോള്‍ അമ്പരപ്പാണ് ഉണ്ടായത്. ചൈതന്യംസ്ഫുരിക്കുന്ന ഒരു വയോവൃദ്ധനും ഗോതമ്പിന്റെ നിറമുള്ള ഒരു പെണ്മണിയും! മൂക്കുത്തിയൊക്കെ ഇട്ട അവളെക്കണ്ടാല്‍ ഒരു അകത്തമ്മയുടെ ലുക്കായിരുന്നു. നല്ല ഒതുങ്ങിയ ശരീരം.

‘അതെയതെ! ഇനി അവളുടെ ആകാരഭംഗീം നോക്കിയിരുന്നോ. ഞാന്‍ കാട്ടിത്തരാം’ പെട്ടെന്ന് ആരോ എന്നോട് അങ്ങനെ പറഞ്ഞോ? അതോ തോന്നിയതോ? ഞാന്‍ ശ്രദ്ധയുടെ മുഖത്ത് നോക്കിയപ്പോള്‍ ഒരു ആക്കിയനോട്ടം അവളിങ്ങോട്ടും വിടുന്നുണ്ടായിരുന്നു! ശ്ശെഡാ.. അവളെനി മനസ്സില്‍ പറഞ്ഞതാവ്വോ! ആവും ഞാന്‍ മനസ്സിലാണല്ലോ പറഞ്ഞെ! അപ്പൊ അവളും മനസ്സിത്തന്നെ! ഹ്മം..

“ഇരിക്കൂ’ ശ്രദ്ധ പറഞ്ഞു. പിന്നെ സംസാരിച്ചത് ഞാനായിരുന്നു. മഞ്ജുനാഥന്‍ എന്നായിരുന്നു അയാളുടെ പേര്. അയാളോട് ഞാന്‍ പറഞ്ഞു “മറ്റു ബാധ്യതകളൊന്നും ഇല്ലാത്ത അല്‍പം പ്രായമായ സ്ത്രീയെ ആണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. കാരണം കാലത്ത് ഞങ്ങള്‍ രണ്ടാളും പോകും. പിന്നെ..”

അപ്പോഴേക്കും അയാള്‍ ഇടയ്ക്ക് കയറി. "ഇവക്ക് ഒരു ബാധ്യതയൂല്ല സര്‍. അസ്സലായിറ്റ്‌ കുഞ്ഞളേം നോക്കും, വീടും നോക്കും. അതുതന്ന്യോല്ല, ഓള് ഈട്ന്ന് ഏടിം പോവൂല്ല. അത് ഞാന്‍ ഗാരന്റിയ.."

ഞാന്‍ ഉടനടി മൊബൈലില്‍ അടിയോടിയെ വിളിച്ച് പുറത്തേക്കുനടന്നു. “എഡോ.. അടികൊണ്ടോടി.. താന്‍ എന്ത് പണിയാ കാണിച്ചേ!? തന്നോട് ഞാന്‍ എന്താ പറഞ്ഞെ?? ബാധ്യതകളൊക്കെ ഒഴിഞ്ഞ പരിചയസമ്പന്നയായ സ്ത്രീയെ വേണം എന്നല്ലേ. അതല്ലേ മാസം ആറായിരവും ഒരുമാസം കഴിഞ്ഞാല്‍ അഞ്ചുമാസത്തെ അഡ്വാന്‍സ്‌ എന്നൊക്കെ ഏറ്റത്! ഇതിപ്പോ.."

അപ്പോഴേക്കും അയാള്‍ പറഞ്ഞു “വിഷ്ണൂ.. വിഷ്ണൂ.. നിങ്ങള് കേക്ക് മാഷേ.. എഡോ ശുദ്ധം നോക്കുന്നവര്‍ വേണം എന്ന് നിങ്ങളല്ലേ പറഞ്ഞെ?”

“എന്നുവച്ച്?”” എനിയ്ക്ക് ദ്വേഷ്യം വന്നു.

“വിഷ്ണൂ.. മേധയെ എനക്കറിയാ. ഓളത്ര ചെറുപ്പൊന്ന്വല്ലല്ലാ.. സുഖോല്ലാത്ത എന്‍റെ അമ്മ മരിക്ക്ന്നവരെ പൊന്നുപോലെ നോക്കിയത് ഓളല്ലേ! അത്രേം നല്ല സ്ത്രീയാ. അറിയാലോ.. അമ്മ ഒറ്റയ്ക്കുള്ള വീട്ടിലാ ഓള് പിരിയാതെ നിന്നത്. മക്കളെക്കാളും സ്നേഹം അമ്മക്ക് ഓളോടായിരുന്നില്ലേ! നിവൃത്തികേടുകൊണ്ടാ ഓളീ പണിക്ക്. എന്തോ കടം ഉള്ളതുകൊണ്ടാ. ഓള് നല്ല വീട്ട്ലൊക്കെയെ പോലുള്ളൂ. മാത്ര്വല്ല.. ഓള് വീട്ട്ലുണ്ടെങ്കില്‍പ്പിന്ന നമുക്കൊന്നും അറിയുംവേണ്ട.” പിന്നെ ഒന്നു നിര്‍ത്തി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു “പിന്ന അൈനാരുല്ലഡോ..!”

ഞാന്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ശ്രദ്ധ അടുത്തുവന്നു. “അവര് നല്ല മാതിരിയാ വിഷ്ണേട്ടാ.. മേധ എന്നാ അവര്ടെ പേര്..”

ഞങ്ങളുടെ സംസാരം അവിടെ മുറിഞ്ഞു. കൂടെവന്ന ആള്‍ അപ്പോഴേക്കും പോകാന്‍ തയാറായി. ഒരു ചായ പോലും കുടിയ്ക്കാന്‍ നിന്നില്ല. ഞാന്‍ കുറെ നിര്‍ബന്ധിച്ചെങ്കിലും കേട്ടില്ല. “ഇല്ല സര്‍ , എനക്ക് പോണം ബേഗം. വീട്ടില് ഇന്ന് ചെറിയ മോളെ കാണാന്‍ ആള് വരും.”

ഞാന്‍ പണം കൊടുത്തതും അയാള്‍ വാങ്ങിയില്ല. "അതെല്ലാം അടിയോടി സര്‍ പറഞ്ഞിറ്റിണ്ട്" എന്നുപറഞ്ഞു അയാള്‍ സ്ഥലം കാലിയാക്കി.

ശ്രദ്ധ അവര്‍ക്ക് താഴത്തെ ബെഡ്റൂം കൊടുത്തു. ശാശ്വത് അവരുമായി കമ്പനി ആയി വേഗം. പക്ഷെ ഇളയവന്‍ കേശവ് മാത്രം അടുത്തില്ല. അവനു സമയം എടുക്കും. രാത്രി കിടക്കാന്‍ വന്നപ്പോള്‍ ശ്രദ്ധയുടെ മുഖം ഒരു നിലാവുദിച്ചപോലെ തിളങ്ങുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു “ഔ! സമാധാനായി എന്‍റെ ശ്രീമതിയുടെ മുഖം തെളിഞ്ഞല്ലോ!”

അവള്‍ എന്നെ നുള്ളി. “അല്ലെങ്കിലും എന്‍റെ മുഖത്തെന്തിനാ തെളിച്ചക്കുറവ്! ഈ ചെക്കന്‍ എപ്പോഴും എന്റടുത്തുണ്ടാവുമ്പോള്‍ എന്നെപ്പോലെ ഭാഗ്യവതി ആരുണ്ട്‌!” ഞാന്‍ അതിലിങ്ങനെ നിര്‍വൃതിപൂണ്ടിരുന്നു. അവള്‍ തുടര്‍ന്നു “വന്ന ആള്‍ നല്ല മാതിരിയാ ട്ടോ. എന്താ വൃത്തീം വെടിപ്പും!”

എനിയ്ക്ക് ചിരിവന്നു! “എന്‍റെ പെണ്ണേ; നീയിങ്ങനെ മണ്ടിയാവല്ലേ! പുത്തനച്ചി പുരപ്പുറം തൂക്കും”

“ഓ.. പിന്നേ. അതൊന്ന്വല്ല! ആള്‍ക്കാരെ കണ്ടാലറിയാലോ! മാത്രോല്ലാ വല്യോരു കുടുംബത്തിലെ പെണ്ണാത്രേ! അവര് കന്നഡബ്രാഹ്മിന്‍സാ.. അറിയോ!” കണ്ണൊക്കെ ഇങ്ങനെ മിഴിച്ചുമിഴിച്ച് അത് പറയുമ്പോള്‍ ശ്രദ്ധയുടെ ആ ഭാവം എനിയ്ക്കെന്നും ഹരമാണ്.

"എന്‍റെ ദൈവമേ!! അതിനുള്ളില്‍ നീ എല്ലാം ചികഞ്ഞോ! സമ്മതിക്കണം ഈ പെണ്ണുങ്ങളെ!"

“ഉം... വിഷ്ണേട്ടന് എന്തറിയാം ഞങ്ങള്‍ പെണ്ണുങ്ങളെ!”

പൊടുന്നനെ എന്തോ ഓര്‍ത്തപോലെ അവള്‍ പറഞ്ഞു “അയ്യോ ഞാന്‍ മോട്ടര്‍ ഓഫാക്കിയില്ല്യാ തോന്നണു! ദാ..വരുണുട്ടോ..” പറയലും പാച്ചലും കഴിഞ്ഞു.

ഇതെന്നും പതിവാ. എന്നും കിടക്കാന്‍നേരം ടാങ്ക് നിറച്ചൊഴുക്കിയാലെ അവള്‍ക്കു സമാധാനാവൂ! അതിനു കുറച്ചുമുന്നായിരിക്കും ടാങ്ക്നിറഞ്ഞു ഓഫ്‌ ചെയ്തിട്ടുണ്ടാവുക. എന്നാലും കിടക്കാന്‍ നേരം ഒന്നുംകൂടി.. രാവിലെ ടാങ്ക് നിറഞ്ഞിരിക്കണത്രേ! “ഇവള്ടെ ഈ പ്രാന്ത് എന്ന്മാറും ദൈവമേ!”

ഞാന്‍ ഉറക്കംപിടിച്ചുകഴിഞ്ഞ എന്‍റെ കരുമാടിക്കുട്ടരെ നോക്കി. അപ്പോഴാണ്‌ ഒരലര്‍ച്ച കേട്ടത്!

“ശ്രദ്ധേ.. എന്തെ... എന്താണ്ടായെ!!”

ഞാന്‍ ഓടിച്ചെന്നപ്പോഴേക്കും അവള്‍ പുറത്തു വീണുകിടക്കുകയായിരുന്നു. എന്‍റെ പിന്നാലെ മേധയും വന്നു. മേധ വേഗം അല്‍പം വെള്ളംതളിച്ചു. ശ്രദ്ധ കണ്ണുതുറന്ന് വീണ്ടും വലിയ വായില്‍ നിലവിളിച്ചു. “ഞാന്‍ വേഗം ആ മുഖമെടുത്തു മടിയില്‍ വച്ചു. “എന്താ മോളെ?? എന്താണ്ടായെ??" അവള്‍ മറുപടിയായി പുറത്തേക്ക് ചൂണ്ടിക്കാണിച്ചു. വല്ലാതെ ഭയന്നിരുന്നു അവള്‍ ! ഞാന്‍ പമ്പ്‌ഹൌസിന്റെ അങ്ങോട്ടേക്ക് നോക്കി. എനിയ്ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. വീടിനു ജസ്റ്റ്‌ പുറത്തായിരുന്നു പമ്പ്‌ഹൌസ്. ഞാന്‍ പോവാന്‍ നിക്കുമ്പോഴേക്കും അവളെന്റെ കൈപിടിച്ച് അരുതെന്ന് കാണിച്ചു. മേധ അവള്‍ക്കു വെള്ളം കൊടുത്തു. പക്ഷെ ഒരു കവിള്‍ ഇറക്കിയെന്ന് വരുത്തി പറഞ്ഞു “വിഷ്ണേട്ടാ, അവിടെ അവിടെ... ഒരു ഭീകരസത്വത്തെ കണ്ടു ഞാന്‍ ! ഒഹ്.. എനിയ്ക്കത് വിവരിക്കാന്‍ വയ്യ..! ഈ ഇംഗ്ലീഷ്ഫിലംസിലൊക്കെ കാണുന്നപോലെ..! അവളാ രൂപത്തെ വിവരിച്ചപ്പോള്‍ എനിയ്ക്കും ഭയംതോന്നി. പിന്നെ അവള്‍ കാതുരണ്ടുംപൊത്തി കൂനി ഇരിക്കുകയായിരുന്നു.

എന്നിട്ടും ശ്രദ്ധയുടെ എതിര്‍പ്പിനെ വകവെക്കാതെ ഞാന്‍ അങ്ങോട്ടേക്ക് പോയി. ലൈറ്റൊക്കെയുള്ള സ്ഥലമായിരുന്നു അവിടം. ചുറ്റുപാടുമൊക്കെ നോക്കി അപ്പോഴേക്കും മേധ ടോര്‍ച്ചുമായിവന്നു. ആ റബ്ബര്‍ക്കാട്ടിലും വെറുതെ അടിച്ചുനോക്കി. ഒന്നുംകണ്ടില്ല.

ശ്രദ്ധയാകെ ഭയന്നിരുന്നു. ആ ഹൃദയസാഗരത്തിന്റെ വേലിയേറ്റത്തിന്‍റെ അലകള്‍ എന്‍റെ നെഞ്ചാണ് ആ രാത്രി ഏറ്റുവാങ്ങിയത്. പാവം!

പിറ്റേന്നുതന്നെ മോട്ടറിന്റെ സ്വിച്ച് അകത്തുപിടിപ്പിച്ചു. പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറി. ആയിടയ്ക്ക് മോന് ഫിറ്റ്സുവന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി. അപ്പോള്‍ മേധയുടെ സാമീപ്യം കുറച്ചൊന്നുമല്ല ഞങ്ങള്‍ക്ക്‌ ആശ്വാസമേകിയത്! അവരുടെ കന്നഡച്ചുവയുള്ള സംസാരവും ആര്‍ദ്രമായ പെരുമാറ്റവും വളരെ ഇമ്പമായിരുന്നു! മെല്ലെ മേധ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിമാറുകയായിരുന്നു. എന്‍റെ ശ്രദ്ധേടെ പ്രിയഏടത്തിയായി അവര്‍ !

വീട്ടില്‍ ഉള്ള സാധനങ്ങള്‍കൊണ്ട് മാജിക്ക്‌ ആക്കുമായിരുന്നു അവര്‍. അവരുടെ ആ മിതവ്യയവും കുട്ടികളോടുള്ള കരുതലും ജോലിക്കുപോകുന്ന ഞങ്ങള്‍ക്ക് എന്തൊരു സമാധാനമായിരുന്നെന്നോ!

ഒരുദിവസം അര്‍ദ്ധരാത്രി ശ്രദ്ധയുടെ ഭീകരമായ നിലവിളി കേട്ടാണ് ഞാന്‍ നടുങ്ങിയുണര്‍ന്നത്! നോക്കിയപ്പോള്‍ കിടക്കയില്‍ അവളില്ല! ഞാന്‍ താഴത്തേക്കോടി. റഫ്രിജറേറ്ററിന്‍റെ ആ ഭാഗത്തായാണ് ശ്രദ്ധയുടെ ഒച്ച കേള്‍ക്കുന്നത്. ഇരുട്ടത്ത്‌ ഒന്നും കാണാന്‍ വയ്യ. ഇവിടെ ഒരു ലൈറ്റ് ഉണ്ടായിരുന്നതാണല്ലോ.. ചിന്തിച്ചപ്പോഴേക്കും ആരോ ലൈറ്റിട്ടു. ഞെട്ടി നോക്കിയപ്പോള്‍ മേധയാണ്. ഞങ്ങള്‍ റഫ്രിജറേറ്ററിന്‍റെ അങ്ങോട്ട് നോക്കിയപ്പോള്‍ അവിടിരിപ്പുണ്ട് ശ്രദ്ധ. ആകെ വിളറിയിരുന്നു! ഞാന്‍ ഓടിച്ചെന്നു. “നിനക്കെന്താ പറ്റ്യേ!!?? നീയെങ്ങനെയാ ഇവിടെത്ത്യെ??” അവള്‍ വല്ലാതെ പരവശപ്പെടുന്നുണ്ടായിരുന്നു. പക്ഷെ പൊടുന്നനെ അവള്‍ അലറി; “ആ സത്വം ഇതിനകത്തുണ്ട്... ഇവിടെയുണ്ട്! ഇവിടെ..”

“ഇവിടെയോ??” ഒന്ന് പരിഭ്രമിച്ചെങ്കിലും അത് പുറത്തുകാണിക്കാതെ ഞാന്‍ ചുറ്റുംനോക്കി പറഞ്ഞു. “ഇവിടൊന്നും ഒന്നുമില്ല. നിനക്ക് പ്രാന്താ..”

അവള്‍ കിതച്ചു. “ഇല്ല വിഷ്ണേട്ടാ, അത് ഇവിടെയുണ്ട്. എന്നെ തട്ടിയിട്ടതും ലൈറ്റ് ഓഫ്‌ ചെയ്തതും അതാണ്‌.”

ഞാന്‍ അമ്പരന്നു. അപ്പോള്‍ മേധ പറഞ്ഞു “ഈ ലൈറ്റ് ഞാനാല്ലോ കെടക്കുമ്പോ ഓഫാക്ക്യെ!”

ശ്രദ്ധ ഭയപ്പാടോടെ മേധയെ നോക്കി, പിന്നെ എന്നോട് പറഞ്ഞു “താഴെ വന്നപ്പോള്‍ ഞാന്‍ ലൈറ്റ് ഇട്ടിരുന്നു.”

ഞാന്‍ സന്ദേഹത്തോടെ എന്‍റെ ഭാര്യയുടെ അടുത്തേക്കുചെന്നു.. “നീയെന്തിനാ ഇപ്പൊ താഴെവന്നെ??”

അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു അപ്പോഴും..! “മോന്‍ .. മോന്‍ വിശക്കുന്നെന്നുപറഞ്ഞ് കരഞ്ഞപ്പോ..”

“എന്നിട്ട് അവനവിടെ ഉറങ്ങുന്നുണ്ടല്ലോ..” ഞാനത് പറഞ്ഞുതീര്‍ന്നില്ല, അപ്പോഴേക്കും അടുക്കളവാതില്‍തുറന്ന് ആരോ ഓടുന്നപോലെ തോന്നി.

ഞാന്‍ നോക്കിയപ്പോള്‍ ഒരു കറുത്തരൂപം.. പിന്നെ അമാന്തിച്ചില്ല.. സര്‍വ്വശക്തിയും എടുത്തു ഞാനും പിറകെ ആ ഇരുട്ടിലേക്കോടി. പക്ഷെ മതിലുചാടിയപ്പോള്‍ അതിനു പിഴച്ചു. ചാടിയ മതിലില്‍ തലയിടിച്ച്‌ അത് ബോധരഹിതമായി നിലംപതിച്ചു. അപ്പോള്‍ എനിയ്ക്ക് പിടിക്കാന്‍ എളുപ്പമായി. പിന്നെ അതൊരു മനുഷ്യജീവിയാണെന്നു ഉറപ്പിക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ല. അപ്പോഴേക്കും പുറത്തുള്ള ലൈറ്റെല്ലാം തെളിഞ്ഞു. ഞാന്‍ ആ രൂപത്തെ വെളിച്ചത്തിലേക്ക് വലിച്ചിട്ടു. വെളിച്ചത്തെത്തിയപ്പോഴാ മുഖംപോലെ തോന്നിക്കുന്ന ആ മുഖംമൂടി കണ്ടത്. അപ്പോഴേക്കും ശ്രദ്ധയും മേധയും പുറത്തെത്തി. ശ്രദ്ധ പറഞ്ഞു “പെട്ടെന്ന് പോലിസിലറിയിക്കാം. ദൈവാണ് അയാള്‍ടെ ബോധം എടുത്തത്‌.”

എനിയ്ക്ക് കലിവന്നു “ആഹാ.. അതൊക്കെ സമയോണ്ടല്ലോ.. ആദ്യം ഈ മുഖംമൂടി ഇളക്കിനോക്കട്ടെ! ആരാ വിരുതനെന്ന് അറിയാമല്ലോ! ഭദ്രമായി ഉറപ്പിച്ച ആ മുഖമൂടി ഇളക്കാന്‍ അല്‍പം ശക്തി എടുക്കേണ്ടിവന്നു എനിയ്ക്ക്.

“ആഹ്!!!” ഞാന്‍ ഭയന്ന് പിറകോട്ടുമാറി. ഒപ്പം ശ്രദ്ധയുടെ ആര്‍ത്തനാദവും..!

ഒരതിഭീകര സത്വം!!! കണ്ണിന്റെ സ്ഥാനത്ത് കുഴികള്‍മാത്രം! അതില്‍ ഒരു കുഴിയില്‍ ഭീകരത തോന്നിപ്പിക്കുന്ന ഒരു കണ്‍ഗോളം! ഒറ്റക്കണ്ണന്‍ ! മൂക്കില്ലാ, വായില്ലാ, ചെവിയില്ലാ..! നായയുടെ ചിറി അകത്തിയാല്‍ കാണുന്ന പല്ലുകള്‍പോലെ..! ഹോ! ഒരിക്കലേ നോക്കൂ ആരും! ആന്തലില്‍ നെഞ്ചൊക്കെ ഇപ്പൊ പൊട്ടി പുറത്തേക്കുവരുമെന്നു തോന്നി. മെയിലിലൊക്കെ ഇതുപോലുള്ളവ ഫോട്ടോഷോപ്പില്‍ കണ്ട ഓര്‍മ്മവന്നു എനിയ്ക്ക്! കണ്ണിറുക്കിച്ചിമ്മി..‍

എന്തായാലും ദുരാത്മാവല്ല, ഭീകരജീവിയും അല്ല! ആണെങ്കില്‍ ഇപ്പൊ നടക്കുക മറ്റൊന്നായിരുന്നു. ഞാന്‍ മൊബൈല്‍ എടുത്തു കീപാഡ് അണ്‍ലോക്ക്ചെയ്ത് വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും കാലില്‍ ഒരുതണുപ്പ്. നോക്കിയപ്പോള്‍ ഞെട്ടിപ്പോയി!

മേധ! കാലുപിടിച്ച് കരയുകയാണ് അവള്‍ ! ശ്രദ്ധയും ആ കാഴ്ചകണ്ട് അവിശ്വസനീയതോയോടെ നിന്നു. അവര്‍ പറഞ്ഞു “പോലീസിനെ അറീക്കല്ലേ സര്‍ ! ഓരെന്നെക്കാണാനായിറ്റ്‌ വന്നതാ..! എന്‍റെ പ്രാണനാ ഓര്...” അവര്‍ പൊട്ടിപ്പിളര്‍ന്ന്‍ കരയുകയായിരുന്നു. പിന്നെ അവര്‍ പറഞ്ഞ കഥകേട്ട് ഞാനും ശ്രദ്ധയും വീണ്ടും നടുങ്ങിപ്പോയി!!


ഒരു ജീവിതസത്യമായിരുന്നു അവിടെ കേട്ടത്! ഉഡുപ്പിക്ഷേത്രത്തിലെ ഊരാളക്കാരനായിരുന്ന കാളിദാസയുടെയും തന്ത്രിയുടെ മകള്‍ മേധയുടെയും പ്രണയകഥ!

പ്രണയം പുറത്തറിഞ്ഞപ്പോള്‍ എക്കാലത്തെയും സ്ഥിരംവില്ലരായ ജാതിയും ദാരിദ്ര്യവും ഇവിടെയും എത്തി. ആദ്യ പ്രഹരം കാളിദാസയുടെ ഊരാളപ്പണി കളഞ്ഞുകൊണ്ടായിരുന്നു. ആ ദു:ഖം മറക്കാനായായിരുന്നത്രേ ആ രാത്രി കൂട്ടരൊത്തുകൂടിയ കാളിദാസ കണക്കിലധികം മദ്യപിച്ചുപോയത്! പക്ഷെ അതയാളെ നിത്യദു:ഖത്തിലാഴ്ത്തി! മദ്യപാനം ശീലമില്ലാത്ത കാളിദാസയെ വീട്ടിലാക്കാന്‍ സുഹൃത്തുക്കളും ശുഷ്കാന്തി കാണിച്ചില്ല. ഫലത്തില്‍ , ബോധമില്ലാതെ വരുന്നവഴി ഛര്‍ദ്ദിച്ച് അവശനായി അയാള്‍ വീണുപോയി. കുറുക്കന്മാരുടെ വിഹാരകേന്ദ്രമായിരുന്നു ആ ഒറ്റയടിപ്പാത. ഈ ഛര്‍ദ്ദി മണത്തെത്തിയ കുറുക്കന്മാര്‍ക്ക് അന്ന് കുശാലായിരുന്നു. മദ്യലഹരിയില്‍ ഒന്നും അറിഞ്ഞില്ല കാളിദാസ. പക്ഷെ മുഖം നഷ്ടപ്പെട്ട കാളിദാസ മരിച്ചെന്നായിരുന്നു പിറ്റേന്ന് ജനം വിധിയെഴുതിയത്. മഹസ്സര്‍ തയ്യാറാക്കാന്‍ വന്ന ഒരു പോലീസുകാരനാണ് ജീവന്റെ തുടിപ്പുകണ്ട് ഇയാളെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ദീര്‍ഘനാളത്തെ ചികിത്സ അയാള്‍ക്ക്‌ ആരോഗ്യം കൊടുത്തു. പക്ഷെ നഷ്ടമായ മുഖംമാത്രം ആയില്ല. ഒന്നുരണ്ടുതവണ ആശുപത്രിവക പ്ലാസ്റ്റിക്‌സര്‍ജറിയെല്ലാം നടത്തിനോക്കി. പക്ഷെ പണത്തിനു പരിധിയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ പ്ലാസ്റ്റിക്‌സര്‍ജറി. അതുകൊണ്ട് വൈരൂപ്യം മറയ്ക്കാന്‍ ആശുപത്രിക്കാര്‍ കൊടുത്ത മാസ്ക് ആയിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. അതിനിടയില്‍ രണ്ടുതവണ ജീവനൊടുക്കാന്‍ നോക്കിയത് അയാളുടെ ആരോഗ്യവും ക്ഷയിപ്പിച്ചിരുന്നു. പിന്നെ കാളിദാസയ്ക്കായി സര്‍വ്വം ഇട്ടെറിഞ്ഞ് മേധ വന്നു. അയാളുടെ ഒരു വാക്കുകളും മേധയെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. തികഞ്ഞ യാഥാസ്ഥിതികരായിരുന്ന മേധയുടെ കുടുംബക്കാര്‍ക്ക് അവളെ പടിയടച്ച് പിണ്ഡംവയ്ക്കാന്‍ രണ്ടാമതൊന്നു ആലോചിക്കാനുണ്ടായിരുന്നില്ല! അങ്ങനെ ആ നാട്ടില്‍ ജീവിതം വഴിമുട്ടിയ അവര്‍ കാസറഗോഡേക്ക് വണ്ടികേറി. പക്ഷെ തന്റെ മുഖം ശരിയാവാതെ മേധയെ വിവാഹം കഴിക്കില്ലെന്ന ശാഠ്യത്തിലായിരുന്നത്രേ അയാള്‍ ! അതിന് പണമുണ്ടാക്കാനാണ് പാവം ആ സ്ത്രീ ശ്രമിക്കുന്നതും!

ഇത് മുമ്പെങ്ങോ പത്രത്തില്‍ വായിച്ചതോര്‍ത്തുപോയി ഞാനപ്പോള്‍ ! പകല്‍ പുറത്തിറങ്ങി നടക്കാന്‍ മനസ്സനുവദിക്കാത്തതുകൊണ്ട് അര്‍ദ്ധരാത്രിയേ ആ മനുഷ്യന്‍ പുറത്തിറങ്ങൂ!

നാട്ടാരും വീട്ടാരും തഴഞ്ഞ ആ മനുഷ്യന് മേധ എന്ന സ്ത്രീ ആരൊക്കെയായിരുന്നെന്നു വര്‍ണ്ണിക്ക അസാധ്യം! പക്ഷെ അറപ്പും വെറുപ്പും ഭയവും തോന്നുന്ന ആ ശരീരത്തിലെ മനസ്സിനെ പ്രണയിക്കുന്ന മേധയോട് എനിയ്ക്കാരാധന തോന്നി! 'ഞങ്ങള്‍ക്ക്' എന്നു പറയുന്നതാവും ശരി. പ്രണയത്തെപ്പോലും അത്ഭുതപ്പെടുത്തിയവള്‍ !


“ഓരെ പോലീസിനു കൊടുക്കല്ലേ സര്‍.. എനിം ഓര് എന്തങ്കിലും കടുംകൈ ചെയ്താ എനക്ക് താങ്ങാനാവൂലാ.. ഓര്ക്കുവേണ്ടിമാത്രാ ഈ ജീവിതം...” വീണ്ടും മേധയുടെ ആ ആര്‍ദ്രശബ്ദമാണ് എന്നെ ഉണര്‍ത്തിയത്.

വിതുമ്പിവിതുമ്പിക്കരയുകയായിരുന്ന അവരെ ശ്രദ്ധയാണ് പിന്നെ എഴുന്നേല്‍പ്പിച്ചത്!

“ന്‍റെ ഏടത്തീ.. ഞങ്ങളത്രേം ക്രൂരരൊന്ന്വല്ലാ ട്ടോ! ഇത്രയും കദനം മനസ്സില്‍ ഒതുക്കിയിട്ടായിരുന്നോ ഞങ്ങളോടൊപ്പം കഴിഞ്ഞത്! ന്തേ പറഞ്ഞില്ല്യാ..? എന്‍റീശ്വരാ.. മനുഷ്യനെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ഈ മനസ്സ് വേദനിപ്പിച്ചാല്‍ ദൈവംപോലും ഞങ്ങള്‍ക്ക് മാപ്പുതര്വോ! ആ കണ്ണീര് ഈ ഭൂമീല് വീണാ താങ്ങില്ല്യ ഭൂമി. കരയല്ലേ ഏടത്തീ..!” അതുംപറഞ്ഞ് അവരുടെ ആ കൈകവര്‍ന്ന് എന്‍റെ ഭാര്യ പൊട്ടിക്കരയുന്നത് കണ്ടപ്പോഴാണ് എന്‍റെ കണ്ണീര് ഒന്നുമല്ലെന്ന് ഞാനറിഞ്ഞത്!

അപ്പോഴേക്കും മനസ്സില്‍ ഒരായിരംവട്ടം ആ സ്നേഹദേവതയെ പ്രണമിച്ചിരുന്നു ഞാന്‍ ! പിന്നെ അവരോടു പറഞ്ഞു.. “മേധ വിഷമിക്കണ്ട. നമുക്ക് ശരിയാക്കാം കാളിദാസയെ!” എന്‍റെ സുഹൃത്ത്‌ ഒരു പ്ലാസ്റ്റിക്‌സര്‍ജെന്‍ ഉണ്ട്.” എന്നിട്ട് ഞാന്‍ ശ്രദ്ധയോട് പറഞ്ഞു “നമ്മടെ റിയൂല്ലേ.. അവനന്നെ! വീണ്ടും മേധയിലോട്ട് തിരിഞ്ഞു “അവന്‍ അമേരിക്കയിലാ. ഇതൊക്കെ നിഷ്പ്രയാസാ അവന്. ഞാന്‍ ഇപ്പോള്‍തന്നെ സംസാരിക്കാം അവനോട്. നമുക്ക് എല്ലാറ്റിനും വഴികാണാം..”

അവര്‍ കൈകൂപ്പി പൊട്ടിക്കരഞ്ഞു! അപ്പോഴും പ്രതീക്ഷയുടെ സൂര്യകിരണങ്ങള്‍ ആ മുഖത്ത്കണ്ടു ഞങ്ങള്‍ !

ഞാന്‍ പറഞ്ഞു “ഏയ്‌ കരയാതിരിക്കൂ.. ഇദ്ദേഹത്തിന്റെ കുറിപ്പ് വല്ലതും കയ്യിലുണ്ടോ? അപ്പോള്‍ അതുവച്ച് എനിയ്ക്ക് സംസാരിക്കാമല്ലോ..”

അവര്‍ വേഗം കണ്ണുതുടച്ചു “എല്ലാ ലിസ്റ്റും എന്‍റെ കയ്യിലുണ്ട് സര്‍ . ഞാന്‍ ഇപ്പൊ എടുത്തിറ്റ് വരാ..!” അവരോടി അകത്തേക്ക്.

അപ്പോഴേക്കും ശ്രദ്ധ വെള്ളവുമായിവന്നു. “ദാ അയാള്‍ക്ക് ഇത്തിരിവെള്ളം കൊടുക്കൂ. എന്നിട്ട് പേടിക്കണ്ടാന്ന് പറയൂ.”

ഞാന്‍ വേഗം വെള്ളവുംകൊണ്ട് അയാള്‍ടെ അടുത്തെത്തി. അതേ കിടപ്പുകിടന്ന അയാള്‍ടെ തല എന്‍റെ മടിയില്‍വച്ച് മെല്ലെ വെള്ളം കൊടുത്തു. ഇപ്പോള്‍ എനിയ്ക്കാ ഭയമോ അറപ്പോ ഇല്ലായിരുന്നു. പക്ഷെ ഞാനൊഴിക്കുന്ന വെള്ളമെല്ലാം പുറത്തേക്കൊഴുകുന്നുവെന്നല്ലാതെ ഉള്ളിലേക്ക് ഇറങ്ങുന്നില്ല...!!

ഒരുനടുക്കത്തോടെ ഞാന്‍ അയാളെ കുലുക്കി വിളിച്ചു.. പക്ഷെ ആ വീഴ്ചയിലന്നെ അയാള്‍ !!!!

ഒരായുസ്സിന്റെ സ്നേഹംകൊടുത്തും മതിവരാതെ, അയാള്‍ക്കായി ജീവിക്കുന്ന ആ സ്നേഹദേവത അപ്പോള്‍ ലിസ്റ്റുമായി ഓടിവരുന്നുണ്ടായിരുന്നു...





Viju Nambiar

No comments:

Post a Comment