Tuesday, July 31, 2012

ഇന്‍ത കാഫിര്‍ ....!


" ഇന്‍ത കാഫിര്‍ ..., ഇന്‍ത ഇബ്നു ജഹന്നം ...."*

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആ അറബിയുടെ ആക്രോശവും ഉഗാല്‍ * ചുഴറ്റിയുള്ള അടിയും ഇന്നും നല്ലോരോര്‍മ്മയാണ്. ഇന്നത്തെ ഈ സുഖത്തിന്റെ അടിസ്ഥാനം ആ വേദന ആയിരുന്നെന്നുള്ള ഓര്‍മ്മ.

അടിയേറ്റ് പുറം നീറിയെരിയുമ്പോഴും മനസ്സില്‍ പ്രക്ഷുബ്ധമായ ന്യായാന്യായ വടംവലികളൊന്നും തന്നെയുണ്ടാകാറില്ല. വല്ലപ്പോഴും കണ്ണില്‍ ഉറഞ്ഞു കൂടുന്ന രണ്ടു തുള്ളികള്‍ അല്ലാതെ..!

വക്കു ചളുങ്ങിയ കഞ്ഞിക്കലത്തിലെ വറ്റുകളെന്നും വരണ്ട സ്വപ്‌നങ്ങള്‍ പോലെ ചിതറിക്കിടന്നിരുന്നു, ബാല്യത്തില്‍ !

വിശപ്പിന്റെ കുറുങ്ങലില്‍ വലിച്ചു കുടിക്കുന്ന കഞ്ഞിവെള്ളത്തില്‍ ഉപ്പില്ലാതിരുന്നത് ഒരു പക്ഷെ, അച്ഛനുപേക്ഷിച്ചിട്ടും അമ്മയുടെ കരയാത്ത കണ്ണുകളുടെ കാരുണ്യമായിരുന്നിരിക്കാം. ഇല്ലെങ്കില്‍ എനിക്കും പറയേണ്ടി വന്നേനെ, കഞ്ഞികലത്തില്‍ അമ്മയുടെ കണ്ണീരിന്റെ ഉപ്പും കലര്‍ന്നിരുന്നുവെന്നു !

വിശപ്പിന്റെ വിളിയില്‍ ഊര്‍ന്നു വീണ ഉടുചേല അഴിഞ്ഞു തന്നെ കിടക്കട്ടെ, വിശപ്പ് അകറ്റണമല്ലോ എന്ന് അമ്മ ആശ്വസിച്ചപ്പോള്‍ ; ദൂരെ ഏതോ മഹാനഗരത്തിന്റെ മാറിടത്തിലേക്ക് ഇരമ്പിക്കുതിച്ച ഒരു തീവണ്ടിയുടെ മൂത്രപ്പുരക്കരികില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തലയൊളിപ്പിച്ചിരുന്നു, മാന്യത രക്ഷിക്കുവാന്‍.

വര്‍ഷങ്ങള്‍ക്കു ശേഷം കനിഞ്ഞു കിട്ടിയ വിസയും പാസ്പോര്‍ട്ടും നെഞ്ചോടു ചേര്‍ത്തു ഇരമ്പി പൊങ്ങുന്ന വിമാനത്തിന്റെ ചെറുജാലകത്തിലൂടെ താഴേക്കു നോക്കുമ്പോള്‍ , മഹാനഗരത്തിലെ പേരു കേട്ട ചേരിപ്രദേശം അടുത്തടുത്തടുക്കിയ ചെറുതകരത്തട്ടുകള്‍ പോലെ പുകമേഘങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു, പിന്നെ മറഞ്ഞു.

"സാലെ ഹറാമി മദിരാസി..." എന്ന വിളികളും മറാത്തി തെറിവാക്കുകളും അതുപോലെ മറക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു.

അറബിയുടെ ഉഗാല്‍ കൊണ്ടുള്ള അടി ആദ്യമാദ്യം അസഹനീയമായിരുന്നു.

അന്യമതസ്ഥര്‍ നരകത്തിന്റെ സന്തതികള്‍ ! നരകം എന്നേക്കുമായ്‌ എഴുതി വാങ്ങിയ അവര്‍ , എന്നും നികൃഷ്ടരെന്ന രീതിയിലെ പെരുമാറ്റം.

എന്നാലും ഈ നരകസന്തതികളെ ഇവര്‍ക്ക് വേണം .ഇവന്മാരുടെയൊക്കെ എച്ചില്‍ കോരുവാനും, വിസര്‍ജ്യം വാരുവാനും, തലയിലേയും മുഖത്തേയും രോമങ്ങള്‍ വെട്ടാനും.... മാത്രമല്ല മറ്റേടത്തെ....... ഫ്ഫൂ..... പലരാത്രികളിലും ചുരമാന്തിയുയരുന്ന രോഷം ചുണ്ടിലെ ചോരയായ്‌ നാവില്‍ രുചിക്കുമ്പോള്‍ കാര്‍ക്കിച്ചു നീട്ടി തുപ്പി.

"അണ്ണാ, നിങ്കള്‍ ഒരു കാഫിര്‍ ആയത് കൊണ്ട് ഇപ്പിടിയെല്ലാം അടിക്കുന്നത്. നിങ്കള്‍ മുസ്ലീം ആകൂ. നിങ്കളുടെ കഫീല്‍* സ്നേഹത്തോടെ ആകും .നോക്കിക്കോ ."

ബൂഫിയ* നടത്തുന്ന തമിഴ്‌നാട്ടുകാരന് ‍മുഹമ്മദ്‌ ഗനി തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുമ്പോള്‍ പുച്ഛത്തില്‍ ചിറികോട്ടി, ഈന്തപ്പനയോല വലിച്ചുകെട്ടി തഴമ്പുവീണ കൈകള്‍ തിരുമ്മി പുറത്തേക്കു നോക്കി വെറുതെ ഇരിക്കും .

"ഓന്‍ പറേണത് ശര്യാണ് പിള്ളേ . ങ്ങള് ന്തായാലും ഇബ്ട വന്നുപെട്ട്. ചോയ്ക്കാനും പര്യാനും ആര്യോട്ടില്ലാനും . ആലോയിക്ക് പിള്ളേ. ദീനുല്‍ ഇസ്‌ലാം അത്ര മോസോന്നുംല്ലാ. ങ്ങള് ആയി നോക്കീന്‍ന്ന്‍, അപ്പൊ അറ്ര്യാ വെവരം...!"

ചെറിയ വാനില്‍ മസാലപ്പൊടികളും മറ്റും ബക്കാല*കള്‍ തോറും കച്ചവടം നടത്തുന്ന സത്താര്‍ ഒരു നാള്‍ ഗനിയെ പിന്താങ്ങുമ്പോള്‍ , ആ "മുസ്ലിം ചായക്ക്‌" വല്ലാത്ത സ്വാദ്‌ തോന്നി.

"യാ സയ്യദ്‌, അന ഈജി എബ്ഗ മുസ്‌ലിം ."*

അറിയാവുന്ന അറബിയില്‍ ഒച്ച പതറാതെ അങ്ങനെ പറയുമ്പോള്‍ , ഉറച്ച തീരുമാനമായി മനസ്സില്‍ ആവര്‍ത്തിച്ചു. മരുഭൂമിയിലെ വന്‍ പാറക്കെട്ടുകള്‍ പോലെ അതവിടെ ഉറയ്ക്കട്ടെ. മണല്‍കാറ്റില്‍ വീണ്ടും തെളിഞ്ഞു തിളങ്ങട്ടെ.

ലിംഗത്തില്‍ തീക്കൊള്ളികൊണ്ട് കുത്തിയിറക്കുന്ന അനുഭവം ശിരസ്സില്‍ വലിഞ്ഞു നീറിയപ്പോള്‍ കണ്ണടച്ച് പല്ലുകള്‍ കൂട്ടിയമര്‍ത്തി.

ഉഗാല്‍ ചുഴറ്റി വരുന്നിരുന്നവന്‍റെ " മാഷാ അല്ലാഹ് , മബ്‌റൂക്ക് "* എന്ന വാക്കുകളിലെ തെളിമയും ശുദ്ധിയും ശ്രദ്ധിച്ചു കിടന്നു. അവന്‍റെ ഉഗാലിനും എന്‍റെ മുതുകിനും ഇനി വിശ്രമം എന്നത് ഈ വേദനയിലും ആശ്വാസം !

"അനസ്‌" എന്ന പേരിനൊപ്പം എന്തെങ്കിലും ചേര്‍ക്കേണ്ടതുണ്ടോ "ഇഖാമ*"യില്‍ എന്ന അറബിയുടെ ചോദ്യത്തിന് "പിള്ള" എന്ന് അറിയാതെ പറയുമ്പോള്‍ മനസ്സിലായി, സ്വജാതിയില്‍ ഊറ്റം കൊണ്ടിരുന്ന ചോരഗുണം ഇനിയും ഞരമ്പുകളില്‍ ശേഷിക്കുന്നുണ്ടെന്ന്..!

"അനസ്‌ പിള്ള"

ബൂഫിയയില്‍ ഇഖാമയിലെ പേര് ഗനി ഉറക്കെ വായിക്കുമ്പോള്‍ തഴമ്പുവീണ കൈവിരലില്‍ അറബിയുടെ കാറിന്‍റെ താക്കോല്‍ തിരിയുകയായിരുന്നു.അടിമപ്പണിയില്‍ നിന്നും മോചനം . അറബിയുടെ തലയിലെ 'വട്ടി'ന്റെ അടിവാങ്ങിയിരുന്നവന്‍ ഇപ്പോള്‍ അറബിക്കാറിന്‍റെ 'വട്ടു' പിടിക്കുന്നു !

നല്ല വസ്ത്രം ധരിച്ചു വെള്ളിയാഴ്ച നമസ്ക്കാരത്തിനു ശേഷം "കബ്സയും"* കഴിച്ച് ബൂഫിയയിലേക്ക് നടക്കുമ്പോള്‍ പിറകില്‍ ഉഗാല്‍ ചുഴറ്റുന്ന ശബ്ദത്തിനൊപ്പം ഉയര്‍ന്ന, പകരം വന്ന ശ്രീലങ്കക്കാരന്‍റെ രോദനം കേട്ടില്ലെന്നു നടിച്ചു . മറ്റൊരു കാഫിര്‍ ,നരകത്തിന്റെ സന്തതി !

"ന്‍റെ അനസു.., പ്പോങ്ങക്ക് മനസ്സിലായാ ദീനുല്‍ ഇസിലാമിന്റെ പോരിശ. ങ്ങളിപ്പോ ആളാകെ മാറീല്ലേ..?"

പേപ്പര്‍ ഗ്ലാസിലെ ചായ മൊത്തിക്കുടിച്ചും കൊണ്ട് സത്താര്‍ തുടര്‍ന്നു.

"മ്മടെ മസാല കമ്പനീന്റെ മനെജരോരാളുണ്ട്, നാട്ടില് വെല്ല്യ കഷ്ടൊക്കെയായിര്ന്നു. കേട്ടാ ഗനി .."

തലതിരിച്ചു ഗനിയുടെ ശ്രദ്ധ ക്ഷണിച്ചും കൊണ്ട് സത്താര്‍ പറഞ്ഞു :

" അന്‍റെ നാട്ടീന്നാന്നു തോന്ന്‍ണ്‌, ഓര് ഒരു കാഫിര്‍ പെങ്കൊച്ചിനെ സ്നേഹിച്ചോണ്ടും വന്ന് ദീനുല്‍ ഇസിലാമീ ചേര്‍ത്ത് നിക്കാഉം കയിച്ചു. ന്‍റെ റബ്ബേ പ്പോ ന്താ ചേല് .. മൂപ്പര് കണ്ണടച്ച് തൊറക്കണ സമേം കൊണ്ടല്ലേ മാനേജരായി ദുബായ്ക്കും ഇബടെക്കും ഒക്കെ ബന്നേ. മൂപ്പര് മൂപ്പത്യാരേം കൊണ്ടന്ന് ഉംറേ൦* ചെയ്യിച്ചേച്ചുമാ പോയ്‌ത് ..!"

"ആമാം സത്താര്‍ണ്ണാ, പോന ജുമാക്ക്* പള്ളീലെ ശൊന്നാങ്കോ, ഒരു കാഫിര്‍ മുസിലീമായാല്‍ ഒരു പള്ളി കെട്ടുന്ന കൂലിയാക്കും. അവരുക്ക് സുബര്‍ക്കം* തുറന്തു കൊടുക്കപ്പെടുമാം..!"

ആശ്ചര്യം കലര്‍ന്ന വിവരണങ്ങള്‍ കേട്ടു സന്തോഷിച്ചു. കഷ്ടപ്പാടിന്റെയും വേദനകളുടെയും ജീവിതം അവസാനിച്ചിരിക്കുന്നു.അതെ , ഇപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ എനിക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ്.അറബിയുടെ അടിയില്ല, തെറിയില്ല. ഒരു കുടുംബാംഗത്തോടെന്നപോലെ അവരിപ്പോള്‍ പെരുമാറുന്നു. വാക്കുകളിലെ കാര്‍ക്കശ്യം പോലും മാറിയിരിക്കുന്നു. മാറ്റത്തിന്റെ നാളുകള്‍ . നല്ല വസ്ത്രം, നല്ല ഭക്ഷണം, നല്ല ശമ്പളം, എല്ലാത്തിലുമുപരി മനുഷ്യന്‍ കൊതിക്കുന്ന സ്വാതന്ത്ര്യം !"അല്‍ഹംദുലില്ലാഹ്" പുതിയ ദൈവത്തെ അവന്‍റെ ഭാഷയില്‍ വാനോളം പുകഴ്ത്തി നന്ദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബൂഫിയയില്‍ വിഷമിച്ചിരുന്ന സത്താറിനെ പുതുമതത്തിന്റെ സഹാനുഭൂതിയോടെ സഹായിച്ചപ്പോള്‍ ഞാനൊരു "പുയ്യാപ്ല"യുമായി !

"തലാഖ്‌" എന്ന വാക്ക് ഒരു പുരുഷന്‍ മൂന്നു പ്രാവശ്യം ഉച്ചരിച്ചാല്‍ അവനു ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാമത്രേ !

പുതുമതത്തിന്റെ ഈ പുതിയ അറിവ് എന്നെ വല്ലാതെ ചിന്തിപ്പിച്ചു , ഒപ്പം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീയുടെ അവസ്ഥയെ കുറിച്ചോര്‍ത്തപ്പോള്‍ വല്ലാതെ വിഷമവും. ഇങ്ങനെയും നിയമമോ ?

ഒറ്റവാക്കിന്റെ മൂന്നാവര്‍ത്തനത്തില്‍ ഒറ്റയാക്കപ്പെട്ട ആ സ്ത്രീയെ കുറിച്ച് ആലോചിക്കും തോറും വിഷമവും സഹാനുഭൂതിയും ഏറി വന്നു.

"എനിക്കു സമ്മതം."

നേര്‍ത്ത പെണ്‍ശബ്ദം ഫോണില്‍ കേട്ടു.

സത്താര്‍ തന്ന ഫോട്ടോയിലെ ചുണ്ടില്‍ നിന്നും, ഫോണില്‍ കേട്ട നേര്‍ത്ത സ്വരം കിനാക്കണ്ട് കണ്ണടച്ചു കിടന്നു.

മഴയുടെ വരവറിയിച്ച് പൊടിക്കാറ്റ്‌ ആഞ്ഞു വീശി. കുഞ്ഞു കാരക്കാമരങ്ങള്‍ ഇളകിയാടുന്നത് സന്തോഷം കൊണ്ടാണെന്ന് സങ്കല്‍പിച്ചു തലയിലെ തൊപ്പി കാറ്റില്‍ പറക്കാതിരിക്കുവാന്‍ ഒന്ന് കൂടി അമര്‍ത്തി വെച്ച് പള്ളിക്കുള്ളിലേക്ക് കയറി.

മതപുരോഹിതന്മാരെയും, ഗനി തുടങ്ങിയ അടുത്ത സുഹൃത്തുക്കളേയും സാക്ഷിയാക്കി സത്താറിന്റെ ഇരുകരങ്ങളും ഗ്രഹിച്ച് അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയെ "ഹലാലായ"* ഭാര്യയായി സ്വീകരിച്ചു."മബ്‌റൂക്ക് .... മബ്‌റൂക്ക്" ശബ്ദങ്ങള്‍ക്കിടയില്‍ , ഒരു കല്ല്യാണത്തിന് പെണ്ണും താലിയും വേണ്ടെന്ന പുതുമതത്തിന്റെ മറ്റൊരു പാഠം ആഴത്തില്‍ ചിന്തിക്കാതെ പാതിയില്‍ ഉപേക്ഷിച്ചു.

ഒരു വര്‍ഷം കൂടി കഴിഞ്ഞ്, ഒരു വീട് വെയ്ക്കുവാനുള്ള കാശും സംഘടിപ്പിച്ചു നാട്ടില്‍ പോയാല്‍ മതിയെന്ന് ജ്യേഷ്ഠസഹോദര സ്ഥാനത്തു നിന്ന് സത്താര്‍ ഉപദേശിച്ചപ്പോള്‍ അനുസരിച്ചു.

പാതിരാവില്‍ ഫോണിലൂടെയുള്ള പതിഞ്ഞ ശബ്ദങ്ങളില്‍ ഞങ്ങള്‍ പാതി മുറിഞ്ഞ സ്വപ്നങ്ങളെ ചേര്‍ത്തുതുന്നി മനോഹര മാളികയുണ്ടാക്കി അതില്‍ താമസിച്ചു ... ഉണ്ടുറങ്ങി ....!

അപ്പോഴും എന്‍റെ നെഞ്ചിലെ വിയര്‍പ്പില്‍ പഴയ ഫോട്ടോ പറ്റിച്ചേര്‍ന്നു കിടന്നിരുന്നു...!

എന്‍റെ ശബ്ദവിന്യാസങ്ങള്‍ അവള്‍ക്ക് സുപരിചിതമായി. അവളുടെ ഇഷ്ടങ്ങള്‍ വാങ്ങിക്കൂട്ടി പെട്ടി നിറയ്ച്ചു ഞാന്‍ കാത്തിരുന്നു. മഴയുടെ വരവറിയിക്കുന്ന പൊടികാറ്റിനായ്.....!

ഇന്നലെ രാത്രി എയര്‍പോര്‍ട്ടില്‍ യാത്രയാക്കുമ്പോള്‍ സത്താറിന്റെയും ഗനിയുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സത്താര്‍ ഇടയ്ക്കു ഓര്‍മ്മപ്പെടുത്തി, നാട്ടില്‍ എയര്‍പോര്‍ട്ടില്‍ സത്താറിന്റെ അനിയന്‍ സ്വീകരിക്കുവാന്‍ വരും അവന്‍റെ നമ്പര്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കൂ. ചിലപ്പോള്‍ മൊബൈല്‍ വര്‍ക്ക്‌ ചെയ്തില്ലെങ്കിലോ ?

കെട്ടിപ്പിടിച്ചു സത്താര്‍ വീണ്ടും പറഞ്ഞു, "ഓളെ ങ്ങള് കൊണ്ടന്നു ഉംറ ചെയ്യിക്കണം ."

ഫ്ലൈറ്റിനുള്ളില്‍ മൊബൈല്‍ ഓഫ്‌ ചെയ്യുന്നതിനു മുന്‍പ് കേട്ട ശബ്ദത്തില്‍ തുടിക്കുന്ന മനസ്സിന്‍റെ താളം നിറഞ്ഞു തുളുമ്പിയിരുന്നു. വിങ്ങിപൊട്ടുന്ന വാക്കുകള്‍ ഇടമുറിയുമ്പോള്‍ ഹൃദയം തുടിച്ചു തെറിക്കുന്നതറിഞ്ഞു.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നു, പച്ചപ്പിന്റെയും മഴയുടെയും നിത്യസൗന്ദര്യത്തിലേക്ക് മനം നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി.

ഇപ്പോള്‍ , ഇവിടെ ഈ ഒറ്റ ബള്‍ബിന്റെ പ്രകാശം മുനിഞ്ഞു കത്തുന്ന ഈ ഇരുണ്ട മുറിയിലെ മേശ മുകളില്‍ നിരത്തിയിട്ടിരിക്കുന്ന മലയാള പത്രങ്ങളുടെ വലിയ തലക്കെട്ടുകള്‍ ഓരോ അക്ഷരങ്ങളായ് തെളിഞ്ഞെഴുന്നേറ്റു പ്രാകൃത നൃത്തം വയ്ക്കുന്നു.

"ഗള്‍ഫില്‍ ഇന്ത്യന്‍ പൗരന്മാരുടെ മതംമാറ്റം തീവ്രവാദത്തിനായ്."

"അന്താരാഷ്ട്രതലത്തില്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ്. "

"മതം മാറിയ യുവാവ് കാശ്മീരില്‍ വെടിയേറ്റുമരിച്ചു."

"പുതിയ ആയുധം - ലവ് ജിഹാദ്‌ !"

"അനസ്‌ പിള്ളേ "

പുറകിലെ ഇരുട്ടില്‍ നിന്നും ആരോ വിളിക്കുന്നു. പ്രയാസപ്പെട്ട് ഇരുട്ടിന്‍റെ മൂലയിലേക്ക് തുറിച്ചു നോക്കി.

അവിടെ, ഉഗാല്‍ ചുഴറ്റി ആരോ, "ഇന്‍ത കാഫിര്‍...., ഇന്‍ത ഇബ്നു ജഹന്നം....! "

-----------------------------------------------------------------------------------



ഇന്‍ത കാഫിര്‍ ..., ഇന്‍ത ഇബ്നു ജഹന്നം - നീ അമുസ്ലീം.., നീ നരകത്തിന്റെ സന്തതി.

ഉഗാല്‍ - അറബികള്‍ ശിരോവസ്ത്രത്തിനു മുകളില്‍ അണിയുന്ന കറുത്ത നിറത്തിലെ കട്ടിയുള്ള ഇലാസ്റ്റിക് വളയം.

കഫീല്‍ - വിസ നല്‍കിയ അറബി. ( സ്പോണ്‍സര്‍ എന്നതിന്റെ അറബി വാക്ക്)

ബൂഫിയ - ചെറിയ ചായക്കട

ബക്കാല - പലചരക്ക് കട

യാ സയ്യദ്‌, അന ഈജി എബ്ഗ മുസ്‌ലിം- യജമാനനെ, എനിക്കു മുസ്ലിം ആകണം .

മാഷാ അല്ലാഹ്, മബ്‌റൂക്ക് - അവിശ്വസീനയം ...! അഭിനന്ദനങ്ങള്‍ ..!

ഇഖാമ - തിരിച്ചറിയല്‍ കാര്‍ഡ്

കബ്സ - ബിരിയാണി പോലുള്ള ഒരു അറബിഭക്ഷണം. .

ഉംറ - മുസ്ലിം സമുദായത്തിന്‍റെ ഹജ്ജ്‌ അല്ലാതെയുള്ള പാപമോചനത്തിനുള്ള മക്കയിലേക്കുള്ള യാത്ര.

ജുംആ - വെള്ളിയാഴ്ച ഉച്ചക്കുള്ള നമസ്കാരം

സുബര്‍ക്കം - സ്വര്‍ഗ്ഗം .

ഹലാലായ - നല്ലതായ, നിയമാനുസൃതമായ


Amjath Khan 

No comments:

Post a Comment