നഗരത്തിന്‍റെ ഓരത്തെ ജനനിബിഡമായ പൂക്കടകളുടെ അടുത്തേയ്ക്കെത്താന്‍ അയാള്‍ നന്നേ പാടു പെട്ടു.
ആരുടെയൊക്കെയോ പ്രണയപൂജയ്ക്ക് അര്‍പ്പിക്കപ്പെടാന്‍ തണ്ടോടെ അറുക്കപ്പെട്ട പല നിറത്തിലുള്ള പനിനീര്‍ പൂവുകള്‍ നിരന്നു കിടക്കുന്നു. പൂവുകള്‍ മയങ്ങിപ്പോകാതിരിക്കാന്‍ വില്‍പ്പനക്കാര്‍ ശ്രദ്ധാപൂര്‍വം ഇടയ്ക്കിടയ്ക്ക് വെള്ളം തളിക്കുന്നുണ്ട്.. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു.. ആഘോഷ രാവിന്‍റെ വര്‍ണ ദീപങ്ങള്‍ തെളിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം!
പൂക്കടകളുടെ മുന്‍പിലെ തിരക്ക് അനുനിമിഷം കൂടിക്കൂടി വന്നു. തലേന്ന് ബോധം മറയുന്ന വരെ കുടിച്ചതിന്‍റെ ക്ഷീണവും, ഉറക്കച്ചടവും കാരണം കാലുകള്‍ നിലത്തുറക്കാതെ, തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ നിന്ന് - വന്‍ തിരമാലകളില്‍ കരയിലേക്കടിയുന്ന ചത്ത തിമിംഗലത്തെ പോലെ - അയാള്‍ പാതയുടെ അരികിലേക്ക് വലിച്ചെറിയപ്പെട്ടു!
"ഒരു പനിനീര്‍ പൂവിലും വിലപിടിച്ച സമ്മാനം തന്നെ അവള്‍ക്കു കൊടുക്കണം. അതവള്‍ അര്‍ഹിക്കുന്നുമുണ്ട്!" ഉരുണ്ടു പിടഞ്ഞെണീറ്റു നഗരത്തിന്‍റെ മറ്റൊരു കോണിലേക്ക് അയാള്‍ വേച്ചു വേച്ചു നടന്നു.
*****
എപ്പോഴാണ് ഇന്ന് ഉറക്കമുണര്‍ന്നത്? അയാള്‍ ഓര്‍മിച്ചെടുക്കുവാന്‍ ശ്രമിച്ചു. വെള്ളിമേഘങ്ങള്‍ പരന്നൊഴുകുന്ന സുന്ദരവും വിചിത്രവുമായ ഒരു സ്വപ്നത്തില്‍ ഒരു മാലാഖ തനിക്ക് ഒരു ചുവന്ന പനിനീര്‍പൂവ് നല്‍കിയതും, ഇത് നിന്‍റെ പ്രണയിനിക്ക് സമ്മാനിക്കണമെന്നു പറഞ്ഞതും അവ്യക്ത ചിത്രമായി തെളിഞ്ഞു വന്നു. പെട്ടെന്ന് ഒരു ചൂട് കാറ്റ് അവിടെ വീശിയടിച്ചു, മാലാഖ ആ ചൂട് കാറ്റില്‍ അലിഞ്ഞു തീര്‍ന്നു! .. താന്‍ ഒരു നിലയില്ലാ കയത്തില്‍ വീണത് പോലെ അഗാധതയിലേക്ക് പതിച്ചു! വെള്ളിമേഘങ്ങള്‍ മാഞ്ഞു തുടങ്ങുമ്പോള്‍ ചുറ്റും നരവീണ ചുവരുകള്‍ !
അബോധത്തില്‍ നിന്ന് അര്‍ഥബോധത്തിലേക്കുള്ള പരിണാമത്തില്‍ തലേന്ന് നദിക്കരയിലെ കല്‍ബെഞ്ചില്‍ വെച്ച് തന്‍റെ പ്രിയപ്പെട്ടവള്‍ പറഞ്ഞതു അയാളുടെ ഓര്‍മയിലേക്ക് വന്നു: "വിലപിടിപ്പുള്ളതൊന്നും വേണ്ട, ഒരു ചുവന്ന പനിനീര്‍ പൂവ് മാത്രം മതി".
അതീവ നിഷ്കളംഗതയോടെയും പ്രേമപൂര്‍വവുമാണ് അവള്‍ അത് പറഞ്ഞതെങ്കിലും, ആ നിമിഷത്തില്‍ അയാള്‍ക്ക് തന്നോട് തന്നെ വല്ലാത്തൊരു പുച്ഛമാണ് തോന്നിയത്! തന്‍റെ പിഞ്ഞിത്തുടങ്ങിയ പഴയ കോട്ടും, വെട്ടിയൊതുക്കാത്ത താടിയും മുടിയും, തന്റെ ദാരിദ്ര്യത്തെ കുറിച്ച് അവള്‍ക്ക് ചില സൂചനകള്‍ നല്കിയിട്ടുണ്ടാവും!
ഭിക്ഷപോലെ, അല്ലെങ്കില്‍ ഔദാര്യം പോലെ വെച്ച് നീട്ടപ്പെടുന്ന പ്രേമം അഭിമാനിയായ ഏതൊരു പുരുഷന്‍റെയും നെഞ്ചില്‍ തറച്ചു കയറുന്ന മുള്ളുകള്‍ പോലെ വേദനയുണ്ടാക്കുന്നതാണ്!
കണ്ണ് നിറയുന്നുണ്ടോ ? കൈലെസ്സെടുത്തു മുഖം അമര്‍ത്തി തുടയ്ക്കുമ്പോള്‍ അവള്‍ പുഴയിലേക്ക് ചെറിയ കല്ലുകള്‍ പെറുക്കി എറിഞ്ഞു കൊണ്ട് വെറുതെ പൊട്ടിച്ചിരിക്കുകയായിരുന്നു ... പെട്ടെന്ന് ഒരു പിഞ്ചു ബാലികയെപ്പോലെ അവള്‍ ഓടി വന്ന് അയാളുടെ മടിയില്‍ തല ചായ്ച്ചു കിടന്നു. ആ നിഷ്കളങ്ക സ്നേഹത്തെ ഒരു നിമിഷം തെറ്റിധരിച്ചതില്‍ അയാള്‍ സ്വയം ശപിച്ചു! അവളുടെ ചുരുണ്ട മുടിയിഴകളിലൂടെ മെല്ലെ വിരലോടിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാണെന്ന് ഒരു നിമിഷം തോന്നി...
ചുവരിലെ വയസ്സന്‍ ഘടികാരം കിതച്ചു കൊണ്ട് മണി മൂന്നായെന്നു ഓര്‍മിപ്പിച്ചു! കട്ടിലില്‍ നിന്ന് ഞെട്ടിപിടഞ്ഞു അയാള്‍ എണീറ്റു. തലേന്നവള്‍ക്ക് കൊടുത്ത വാക്ക്.. സ്വപ്നത്തിലെ മാലാഖ.. ചുവന്ന പനിനീര്‍ പൂവ്... പുഴക്കര..
തലേന്ന് വൈകിട്ട് അവളോട് യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം, തെരുവീഥികളിലൂടെ എങ്ങോട്ടെന്നില്ലാതെ ഭ്രാന്തനെ പോലെ അലഞ്ഞതും,
രാത്രിയിലെ ഏതോ യാമത്തില്‍ മൂക്കറ്റം കുടിച്ചിട്ട് കട്ടിലിലേക്ക് മറിഞ്ഞു വീണതും അവ്യക്തമായ ഓര്‍മകളില്‍ ഉണ്ട് ...
നേരം വൈകി. പുഴക്കരയില്‍ അവള്‍ കാത്തിരിക്കുന്നുണ്ടാവും.. നിലത്ത് കിടന്ന ഓവര്‍ കോട്ട് വലിച്ചു കേറ്റിക്കൊണ്ട് ധൃതിയില്‍ അയാള്‍ കോണിപ്പടികള്‍ ഇറങ്ങി. ഇറങ്ങുമ്പോള്‍ കീശയില്‍ പരതി നോക്കി. ഏതാനും ചെറു നാണയങ്ങള്‍ മാത്രം! പ്രിയപ്പെട്ടവള്‍ക്ക് ഒരു പൂവ് സമ്മാനിക്കാനും ഞാനൊരു തെണ്ടിയെ പോലെ ആരോടെങ്കിലും ഇരക്കേണ്ടി വരുമോ ?
അപ്പോള്‍ അതാ മറ്റൊരു വിപത്ത്!! ദൈവമേ... ഇതെന്തൊരു പരീക്ഷണം? സത്രമുടമസ്ഥന്‍ തന്നെ കാത്തെന്ന പോലെ കോണിയുടെ ചുവട്ടില്‍ നില്‍ക്കുന്നു!! മൂന്നുമാസത്തെ വാടക ഇനിയും കൊടുത്തിട്ടില്ല! അയാളുടെ കണ്ണുവെട്ടിച്ച് പലപ്പോഴും പുറത്തു കടക്കാനായിട്ടുണ്ട്. ഇനി അഥവാ പിടിക്കപ്പെട്ടാല്‍ തന്നെ എന്തെങ്കിലും ന്യായങ്ങള്‍ നിരത്തി തല്‍ക്കാലം രക്ഷപ്പെടാറുമുണ്ട്. സാധുക്കളായ മറ്റു വാടകക്കാരോട് ക്രൂരനായ പിശാചിനെപ്പോലെ പെരുമാറുന്ന ഈ മനുഷ്യന്‍, തന്നോട് പലപ്പോഴും അല്‍പ്പം അലിവ് കാണിച്ചിരുന്നത് ഒരിക്കലും തന്‍റെ 'മുടന്തന്‍ ന്യായങ്ങളോ' ' കള്ള കഥകളോ' വിശ്വസിചിട്ടാവില്ല. തീര്‍ച്ച!
പക്ഷെ ഇന്നെന്തു ഒഴിവു കഴിവ് പറയും?
എന്നാല്‍ മറിച്ചായിരുന്നു സംഭവിച്ചത്.. ഒരു ചെറു പുഞ്ചിരിയോടെ ആ മനുഷ്യന്‍ തന്‍റെ കൈ വെള്ളയില്‍ ഏതാനും നോട്ടുകള്‍ വെച്ചു തന്നു!
എന്തിനു തന്നു? താന്‍ അയാള്‍ക്ക് കടപ്പെട്ടവന്‍ അല്ലെ ? ഇത് സ്വപ്നമോ സത്യമോ ? ജീവിതത്തില്‍ ഇതുവരെയും അയാള്‍ ഒന്ന് പുഞ്ചിരിച്ചു കണ്ടിട്ട് കൂടിയില്ല!! അല്‍പ്പം മുന്‍പ് കണ്ട സ്വപ്നത്തില്‍ പനിനീര്‍ പൂവ് സമ്മാനിച്ച ആ മാലാഖ, ഇയാളുടെ അരികിലും എത്തിയോ? ഇന്ന് സന്ധ്യക്ക് പുഴക്കരയില്‍ വെച്ച് എന്‍റെ പ്രിയപ്പെട്ടവളോടോത്തുള്ള പ്രണയ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കാന്‍? പക്ഷെ ആ സമയത്ത് ഒന്നും ചോദിക്കാനോ, ഒരു നന്ദി വാക്ക് പറയാനോ മിനക്കെടാതെ ഏതോ വിചിത്രമായ ശക്തിയുടെ സ്വാധീനത്താല്‍ എന്ന പോലെ അയാള്‍ ഒരു കൊടുങ്കാറ്റിന്‍റെ വേഗതയില്‍ നഗരത്തിലേക്ക് വെച്ചു പിടിച്ചു.
അങ്ങനെയാണ് പനിനീര്‍ പൂക്കള്‍ വില്‍ക്കുന്ന തെരുവില്‍ അയാള്‍ എത്തിപ്പെട്ടതും, തിക്കിലും തിരക്കിലും പെട്ട് ഒരു വശത്തേക്ക് എടുത്തെറിയപ്പെട്ടതും..
ഭ്രാന്ത് പിടിച്ച ചിന്തകള്‍ക്കൊപ്പം അയാളുടെ നടത്തയുടെ വേഗതയും കൂടി... ഒടുവില്‍ മറ്റൊരു തെരുവിലെ ചൂതാട്ട കേന്ദ്രത്തില്‍ ആ നടത്തം അവസാനിച്ചു.
"ഒരു പനിനീര്‍ പൂവിലും വിലപിടിച്ച സമ്മാനം തന്നെ അവള്‍ക്കു കൊടുക്കണം. അതവള്‍ അര്‍ഹിക്കുന്നുമുണ്ട്! "
ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്വപ്നസമാനമായ ഒരു ദിവസം ആയിരുന്നു അത്! സ്വപ്നത്തില്‍ വന്ന മാലാഖ ഈ ചൂതാട്ട കേന്ദ്രത്തിലും തന്‍റെ സഹായത്തിനെത്തിയിരിക്കുന്നു!
തുടര്‍ച്ചയായുള്ള ജയങ്ങള്‍!! ചുവപ്പിലും കറുപ്പിലും എല്ലാം നേട്ടങ്ങള്‍ തന്റെ ഭാഗത്തേക്ക് തന്നെ കുമിഞ്ഞു കൂടുന്നു! ആളുകള്‍ തന്‍റെ പക്ഷം ചേര്‍ന്ന് ഹര്‍ഷാരവം മുഴക്കുന്നു! കളി വീണ്ടും വീണ്ടും തുടര്‍ന്നു. വല്ലാത്ത ഒരു തരം ലഹരി നിറഞ്ഞ നിമിഷങ്ങള്‍!!.,. മെല്ലെ മെല്ലെ തന്‍റെ പിന്നില്‍ നിന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന ആളുകളുടെ മുഖങ്ങളില്‍ ഭയത്തിന്‍റെ നിഴലുകള്‍ വീണു തുടങ്ങി. നാണയത്തുട്ടുകള്‍ വാരിക്കൂട്ടുമ്പോള്‍ അപരിചിതനായ ഒരു വൃദ്ധന്‍ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു: മതി നിര്‍ത്തു! ഇനി അപകടമാണ്!
"ഒരു പനിനീര്‍ പൂവിലും വിലപിടിച്ച സമ്മാനം തന്നെ അവള്‍ക്കു കൊടുക്കണം. അതവള്‍ അര്‍ഹിക്കുന്നുമുണ്ട്! " "അവളോടൊത്തു കഴിയാന്‍ പുഴക്കരയിലൊരു മനോഹരമായ കൊട്ടാരം!" "നിറയെ പരിചാരകര്‍ !" "രാജകുമാരിയെപ്പോലെ അവള്‍," "വിരുന്നു സല്‍ക്കാരങ്ങള്‍ ", "വിലകൂടിയ മദ്യം" "ആഹാ.." വിജയലഹരിയില്‍ മതിഭ്രമം ബാധിച്ചവനെപ്പോലെ അയാള്‍ വിളിച്ചു കൂവി..
നേടിയതെല്ലാം വീണ്ടും കറുത്ത കളത്തില്‍.. വെച്ചു... ഒരു നിമിഷം! പകല്‍ കണ്ട സ്വപ്നത്തിലെ പോലെ ഒരു ചൂട് കാറ്റടിച്ചു! വെള്ളിമേഘങ്ങള്‍ ഉരുകി നീങ്ങി! മാലാഖ എവിടെയോ പോയി മറഞ്ഞു! കണ്ണില്‍ ഇരുട്ട് കയറി ..
എല്ലാം നഷ്ട്ടപ്പെട്ടു പുറത്തേക്കിറങ്ങുമ്പോള്‍ തെരുവ് വിജനമായിരുന്നു! പൂക്കടകള്‍ അടച്ചിരുന്നു! തെല്ലകലെ കാണുന്ന തന്‍റെ പതിവ് മദ്യശാലയിലെ അരണ്ട വെളിച്ചം ലക്ഷ്യമാക്കി നടക്കുമ്പോള്‍ അയാള്‍ കീശയില്‍ പരതി നോക്കി. ഒരു ചില്ലിക്കാശു പോലുമില്ല! ഇവിടെ പണയം വെയ്ക്കുവാന്‍ ഇനി തന്‍റെ മുഷിഞ്ഞു പിഞ്ഞി തുടങ്ങിയ ഈ കോട്ട് മാത്രം! ആളോഴിഞ്ഞു തുടങ്ങിയ മദ്യശാലയുടെ ഓരത്തതാ, തന്നെ കാത്തെന്ന പോലെ ആ വൃദ്ധന്‍ ഇരിക്കുന്നു, കുറച്ചു മുന്‍പ് തന്നോട് കളി മതിയാക്കാന്‍ ആവശ്യപ്പെട്ട അതേ മനുഷ്യന്‍!,! തന്റെ ദുരവസ്ഥ ഒരു ദീര്‍ഘ ദര്‍ശിയെപ്പോലെ തിരിച്ചറിഞ്ഞിട്ടെന്നവണ്ണം മതിവരുവോളം മദ്യം അയാള്‍ വാങ്ങിത്തന്നു.. ഒന്നും ചോദിക്കാതെ .. ഒന്നും പറയാതെ!
ബോധം മറയുന്ന വരെ കുടിച്ചു!
പുഴക്കരയില്‍ പോയി . കുറേനേരം വാവിട്ടു കരഞ്ഞു! പിന്നെ എന്തോ പ്രേരണയാലെന്ന പോലെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു..ആ നടത്ത യുഗങ്ങളോളം നീളുന്ന.. തീര്‍ത്താല്‍ തീരാത്ത പ്രാശ്ചിത്യം പോലെ നീണ്ടു... ഉറങ്ങിക്കിടക്കുന്ന നഗരത്തിലെ വീടുകള്‍ക്കെല്ലാം ഒരേ നിറമായിരുന്നു! ഒടുവില്‍ എങ്ങനെയോ അവളുടെ വീട് കണ്ടു പിടിച്ചു .
രാത്രിയുടെ ഏതു യാമത്തിലായാലും, അവളുടെ വീടിന്റെ മുന്നിലൂടുള്ള വഴിയിലൂടെ ബോധത്തിലോ അബോധാവസ്ഥയിലോ നടന്നു നീങ്ങുമ്പോള്‍ കാണാറുള്ള ഒരു പതിവ് കാഴ്ചയുണ്ട്. അവളുടെ കിടപ്പ് മുറിയുടെ പാതിചാരിയിട്ട കിളിവാതിലിലൂടെ അരിച്ചിരിങ്ങുന്ന വിളക്കിന്‍റെ അരണ്ട വെളിച്ചം! അവള്‍ ഉറങ്ങുമ്പോഴും ഉറങ്ങാതെ തെരുവിലൂടെ നടന്നു നീങ്ങുന്ന നിന്ദ്യനായ ഈ ചൂതാട്ടക്കാരനു ഒരല്‍പം വെളിച്ചം പകരാമെന്നു നിനയ്ക്കുന്ന അവളുടെ മനസ്സ്!
പക്ഷെ ഇന്ന് കിളിവാതിലില്‍ ആ വെളിച്ചവും കാണുന്നില്ല !! ധൈര്യം സംഭരിച്ചു വീടിന്റെ വാതില്‍ക്കല്‍ പോയി നോക്കി. ഒരു ദുര്‍നിമിത്തം പോലെ വാതില്‍ പുറത്തു നിന്ന് തഴുതിട്ടിരിക്കുന്നു!! ഭൂമി നെടുകെ പിളരുകയാണോ ? അയാള്‍ക്ക് കാലുകള്‍ കുഴഞ്ഞു! തളര്‍ന്നു മുട്ടില്‍ ഇരുന്നു. പൊട്ടി പൊട്ടി കരഞ്ഞു.. നെഞ്ച് തകരും വരെ കരഞ്ഞു... വാതിലിന്റെ ചുവട്ടില്‍ കിടന്നൊരു കടലാസ്സു കഷണം ആ കണ്ണീരില്‍ കുതിര്‍ന്നു. അയാള്‍ എടുത്തു നോക്കി. അതവള്‍ തനിക്ക് എഴുതി വെച്ച കത്തായിരുന്നു! അപ്പോഴേക്കും കണ്ണീരില്‍ കുതിര്‍ന്നു അക്ഷരങ്ങളൊക്കെ മാഞ്ഞു പോയിരുന്നു! അയാള്‍ കോട്ടിനുള്ളില്‍ കയ്യിട്ടു നെഞ്ചിന്‍റെ ഭാഗത്ത് നിന്ന് ഒരു ചുവന്ന പനിനീര്‍പ്പൂവ് പറിച്ചെടുത്തു ആ കടലാസ്സില്‍ വെച്ചിട്ട് തിരിച്ചു നടന്നു..
ശ്മശാനം പോലെ ചാരനിറം പൂണ്ടു കിടക്കുന്ന ഭൂമിയിലേക്ക് അപ്പോഴും ചന്ദ്രന്‍ വെറുതെ നിലാവ് പൊഴിച്ച് കൊണ്ടിരുന്നു! നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ദേവാലയത്തിന്റെ ഗോപുരം സ്വര്‍ഗത്തിലേക്ക് നീളുന്ന കോണിപ്പടി പോലെ തോന്നിച്ചു! ഗോപുരത്തിന്‍റെ വാതില്‍ തുറന്നു കിടന്നിരുന്നു... അയാള്‍ മെല്ലെ അതിലെ കയറിപ്പോയി.. അവളുടെ വീട്ടില്‍ നിന്നും സ്വര്‍ഗത്തിലേക്ക് ഒരു ചുവന്ന രേഖ അവശേഷിപ്പിച്ചു കൊണ്ട്!
Christo Gabriel
No comments:
Post a Comment