Tuesday, July 31, 2012

യുളീസസും മയോമിയും, ഒരു യുദ്ധത്തിന്‍റെ ബാക്കിപത്രമാകുമ്പോള്‍


യാത്ര തുടങ്ങിയിട്ട് ഇന്നേയ്ക്ക് എത്രയായെന്നറിയില്ല. പകലും രാത്രിയുമെല്ലാം ഒന്നായി തീര്‍ന്ന് ഒടുവില്‍ വര്‍ഷങ്ങളുടെ കണക്കുകള്‍ ബോധമണ്ഡലത്തില്‍ നിന്ന് കൊഴിഞ്ഞു പോയി. ചുറ്റും കണ്ണിനേയും ശിരസ്സിനെ പോലും മരവിപ്പിച്ച് വീശിയടിക്കുന്ന തണുത്ത കാറ്റ്, കടലിന്‍റെ സീല്‍ക്കാരം. കപ്പലിന്‍റെ മറുവശത്ത് അദ്ദേഹം ഇരിക്കുന്നുണ്ട്, വിശ്വ വിജയിയായ യുളീസസ്, തന്‍റെ പ്രാണന്‍ .പ്രണയവും യുദ്ധവും ഒരേ ലഹരിയോടെ നേരിട്ട ധീരന്‍ . ചരിത്രത്തില്‍ എന്നുമുണ്ടാകും ഓര്‍മ്മപ്പെട്ത്തല്‍ പോലെ ചില നിലവിളികളും നിഴലുകളും. പക്ഷേ താന്‍ മാത്രം....മയോമി വെറുതേ ഒന്നു ചിരിച്ചു. "എന്തേ നിനക്ക് സങ്കടം തോന്നുന്നുണ്ടോ? ആരുമറിയാതെ എന്‍റെ പ്രണയമായി തുടരുക എന്നാല്‍ ഒരുപക്ഷേ എന്‍റെ ഈ കപ്പല്‍ യാത്രയുടെ അവസാനത്തില്‍ ..." യുളീസസിന്‍റെ വാക്കുകളിലെ നോവ് മയോമി ഒരു ചുംബനം കൊണ്ട് തുടച്ചെടുത്തു."പ്രിയപ്പെട്ടവനേ... നീ എനിക്കു വേണ്ടി നോവരുത്. യുദ്ധത്തിന്‍റെ അവശേഷിപ്പുകളില്‍ ഒരു ബലിയായി മാത്രം ഒടുങ്ങി തീരേണ്ട ഈ മയോമിയ്ക്ക് ഈ തിരയിലൊടുങ്ങാത്ത പ്രണയം പകര്‍ന്നത് നീയല്ലേ...? ഈ യാത്രയുടെ അവസാനം നീ അദൃശ്യനാകും , അവിടെ ഇത്താക്കയില്‍ നിന്നെ കാത്തിരിക്കുന്ന പെനിലോപ്പ് എന്ന പ്രിയതമ, നാഥനില്ലാത്ത നിന്‍റെ രാജ്യത്തെ അതിസമര്‍ത്ഥരായ പ്രജകള്‍ , വേണ്ട.. എനിക്ക് ഈ ദിനങ്ങള്‍ മതി. യാത്രയവസാനിക്കുമ്പോള്‍ നിന്‍റെ നാട്ടിലെ ഏതെങ്കിലും ഒരു ഓരത്ത് ഞാനുണ്ടാകും."

യുലീസസ് അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി, അതി തീവ്രമായ ആ നഷ്ടപ്പെടലിന്‍റെ നോവ് അവളുടെ കണ്ണുകളിലുണ്ട്. ഇതിഹാസതുല്യം തലയുയര്‍ത്തി നിന്ന ട്രോജന്‍ നഗരം അവളുടെ കണ്ണുകളില്‍ കത്തുന്നുണ്ടായിരുന്നു. യുളീസസിനു ചെറിയ ഭയം തോന്നി, പക്ഷേ മയോമിയുടെ മനസ്സിനു വല്ലാത്തൊരു ദൃഡതയായിരുന്നു. യുദ്ധത്തില്‍ പകരം വയ്ക്കാനൊന്നുമില്ലാതെ എല്ലാം നശിപ്പിച്ചവനോട് പ്രതികാരമില്ല. ഉള്ളു കത്തുന്ന പ്രണയം മാത്രം. അതറിയുന്നുണ്ട്, അവളുടെ ഹൃദയം താന്‍ അടുത്തെത്തുമ്പോള്‍ തിരമാല പോലെ അലയ്ക്കുന്നത്, മയോമിയെ സ്പര്‍ശിക്കുമ്പോള്‍ ഒരു തീനാളം ഉലഞ്ഞ് തന്നില്‍ വന്ന് തണുത്തുറയുന്നത്. യുളീസസ് മുഖമുയുര്‍ത്താതെ ഒരു ദീര്‍ഘശ്വാസമെടുത്ത് കടലിലേയ്ക്കു നോക്കിയിരുന്നു.

"പ്രിയപ്പെട്ടവനേ നീയോര്‍ക്കുന്നുണ്ടോ നാളുകള്‍ക്കു മുന്‍പ് നാമടുത്ത ആ ദ്വീപ്...മറവിപ്പഴം തിന്നു ചീര്‍ത്തവരുടെ ലോകം. ഒരുവേള ഞാന്‍ കരുതി ഇനി തിരിച്ചൊരു യാത്ര ഇല്ലെന്ന്. രക്ഷപെട്ടാലും ഞാന്‍ വരില്ലെന്ന്. അത്ര മനോഹരമായിരുന്നില്ലേ ആ നാട്. പക്ഷേ അന്ധന്‍മാരുടെ നാട്ടില്‍ എത്ര ഭംഗിയുണ്ടായിട്ടെന്തു കാര്യം അല്ലേ? ആസ്വദിക്കാന്‍ പ്രതീക്ഷകളില്ലാതെ എങ്ങനെ ഭംഗിയാസ്വദിക്കാന്‍ ? പിന്നെ തോന്നി അവരെ അജ്ഞതയുടെ തീരത്തെത്തിച്ച ആ പഴത്തിന്‍റെ സ്വാദറിയണമെന്ന്, നാമവിടെയായിരുന്ന കാലത്ത് ഒരെണ്ണം ഞാന്‍ പൊട്ടിച്ചതുമാണ്. ഒന്നുമറിയാതെ ഓര്‍മ്മകളില്ലാതെ ഇരുട്ടിന്‍റെ ലോകത്ത് ഞാന്‍ തനിയെ... പക്ഷേ അവിടെയും നീ എന്നെ നോക്കിയ ഒരു നോട്ടം എന്നെ മരവിപ്പിച്ചു. നീ മുന്നിലുണ്ടായിരിക്കുകയും ഞാന്‍ മറവിയുടെ മുഖംമൂടി അണിയുകയും ചെയ്യുക എന്നാല്‍ ഇതിലും ഭേദം ആ യുദ്ധഭൂമിയില്‍ എന്നെ തനിച്ചാക്കുകയായിരുന്നില്ലേ എന്ന് നിന്‍റെ നിശബ്ദത എന്നെ ഓര്‍മ്മിപ്പിച്ചു. ഇല്ല സാരമില്ല. എത്ര വര്‍ഷങ്ങള്‍ നൂറ്റാണ്ടുകള്‍ ഈ യാത്ര തുടരുമെന്നറിയില്ല... പക്ഷേ നീയൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ അറിവിന്‍റെ സാഗരത്തില്‍ മുങ്ങി നിവരട്ടെ..."യുളീസസ് ചിരിച്ചു. ആത്മവിശ്വാസമില്ലാത്ത ഒരു യുദ്ധവിജയിയുടെ തണുത്ത ചിരി മയോമിയെ നിരാശപ്പെടുത്തി. പത്തു വര്‍ഷത്തെ പോരാട്ടമാണ്, ഒടുവില്‍ ഒരു കുതിരയുടെ രൂപത്തില്‍ ട്രോജന്‍ നിരയെ തകര്‍ക്കുമ്പോള്‍ ഒളിച്ചിരുന്ന് താന്‍ കണ്ട പോരാട്ടത്തിന്‍റെ ചിരി എന്തേ നഷ്ടപ്പെട്ടു. തന്നെ ഓര്‍ത്തിട്ടോ, അതോ വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും എത്തിച്ചേരാനാകാതെ അകലത്തില്‍ നിന്ന് നാഥനില്ലാതെ നെടുവീര്‍പ്പിടുന്ന ഇത്താക്കയെ ഓര്‍ത്തുള്ള സങ്കടമോ...എന്തോ അദ്ദേഹത്തെ വെറുക്കാന്‍ ഇതൊന്നും ഒരു കാരനമായി തീരുന്നില്ലല്ലോ എന്നോര്‍ത്ത് മയോമി പിന്നെയും ചിരിച്ചു. ഒപ്പം യുദ്ധം നയിച്ച പോരാളികള്‍ എല്ലാം ഓരോ ദിക്കില്‍ വച്ച് നിശബ്ദമായി വിടവാങ്ങി. അവശേഷിച്ച വിരലിലെണ്ണാവുന്നവര്‍ കാത്തിരിക്കുന്നു, എന്നെങ്കിലും എത്തുമെന്ന് കരുതി കാത്തിരിക്കുന്ന നഗരം എത്ര വിദൂരമെന്ന് അറിയാതെ.

ഇറങ്ങിയ നഗരങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷണം ഇനിയും എത്ര ബാക്കിയുണ്ടെന്നറിയില്ല. യുളീസസിന്‍റെ വിളര്‍ത്ത കണ്ണുകളില്‍ നോക്കി മയോമി വെറുതേ ഇരുന്നു. ആദ്യമായി തന്നെ കണ്ടപ്പോള്‍ ആ കണ്ണുകളിലുണ്ടായിരുന്ന അഗ്നി ഇപ്പോഴില്ല. ഒരുപക്ഷേ അതിനപ്പുറം താന്‍ കണ്ട പ്രണയത്തെ കുറിച്ചുള്ള അഗാധതയില്‍ ഞരമ്പില്‍ തുടിച്ച ചൂടുള്ള രക്തത്തെ യുളീസസ് ഒതുക്കിയത് പലതവണ അറിഞ്ഞിട്ടുണ്ട്. മയോമി യുളീസസിനെ വെറുതേ നോക്കിയിരുന്നു.

"പ്രിയനേ ഞാനീ അണിഞ്ഞിരിക്കുന്ന വസ്ത്രം നീ എപ്പൊഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അന്ന് ട്രോജനില്‍ നിന്ന് നീയെന്‍റെ കൈപിടിച്ച് ഈ കപ്പലിലേയ്ക്ക് കയറ്റുമ്പോള്‍ ഞാനണിഞ്ഞിരുന്ന അതേ ചുവന്ന ഗൌണ്‍ . പലപ്പോഴും രാത്രിയില്‍ ഏവരും ഉറങ്ങിയതിനു ശേഷമാണ്, ഞാനിത് നനച്ചിടുക, രാത്രിയിലെ കടല്‍കാറ്റില്‍ തണുത്തുലഞ്ഞ് നേരം വെളുക്കുമ്പോഴേക്കും ഉണങ്ങിയിരിക്കും, അതുവരെ എന്‍റെ വസ്ത്രം ഇളം നീല നിറമുള്ള ഒരു കമ്പിളിയാണ്. നീ ഒരിക്കല്‍ പോലും എന്നോറ്റ് അതേ പറ്റി ചോദിച്ചില്ല. പക്ഷേ എത്ര വര്‍ഷങ്ങളായി , ഈ പതിവു വസ്ത്രത്തോട് ശരീരം മരവിപ്പ് കാട്ടിത്തുടങ്ങിയിരിക്കുന്നു. വസ്ത്രം ഉടലിനോട് ചേരാത്തതുപോലെ..."

യുളീസസ് പാതിചത്ത മിഴികളോടെ അവളെ നോക്കി,"ഞാന്‍ ഞാനറിഞ്ഞില്ല, സഞ്ചാരത്തിന്‍റെ ലഹരിയില്‍ ,നിന്‍റെ പ്രണയത്തിന്‍റെ അത്യഗാധതയില്‍ ഓരോ ദിനവും കടന്നു പോകുന്നുവെന്നലലതെ നിന്‍റെ ഉടലിനെ ഞാന്‍ മറന്നു പോയി, എന്നോടു ക്ഷമിക്കൂ പ്രിയപ്പെട്ടവളേ..."

മയോമി ചിരിച്ചു,"സാരമില്ല. ഒരിക്കല്‍ നിനക്കെന്‍റെ ഉടലായിരുന്നു വസന്തം. ഇരിക്കട്ടെ കപ്പലില്‍ ബാക്കിയുള്ള നിന്‍റെ വസ്ത്രങ്ങളിലൊന്ന് തല്‍ക്കാലം എനിക്കു നല്‍കുമോ? നിന്‍റെ കലാവാസന ഞാന്‍ നേരിട്ടു അറിയുകയും വേണം. കടലിനെ നോക്കിയിരുന്ന് പലപ്പോഴും വെള്ള തുണികളില്‍ നീ വരച്ചു കൂട്ടുന്ന ചിത്രങ്ങള്‍ ഞാനല്ലേ കണ്ടിറ്റുള്ളൂ, ലോകത്തിനു ഒരുപക്ഷേ അറിയില്ലായിരിക്കും. നിന്‍റെ കലാപരത എന്നിലുമായിക്കൂടെ? ഏറ്റവും മനോഹരമായി എന്‍റെ പ്രിയപ്പെട്ടവന്‍റെ വസ്ത്രം ഈ മയോമിയുടെ ശരീരത്തെ അണിയിക്കാന്‍ നിനക്കു മാത്രമല്ലേ കഴിയൂ...."

യുളീസസ് അഗ്നിയുയരുന്ന മയോമിയുടെ കണ്ണുകളിലേയ്ക്ക് നോക്കി, നിശ്ചയദാര്‍ഢ്യത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ മുഖത്തേയ്ക്കും.

രാത്രിയില്‍ ആകെയുണ്ടായിരുന്ന ചുവന്ന നീലമുള്ള ഗൌണ്‍ നനച്ച് ഉണക്കാനിട്ട് കണ്ണീരു വീണു പരു പരുത്ത വിരിപ്പിന്‍റെ മുകളില്‍ മയോമി ഇരുന്നു. അതിമുനുസമുള്ള പട്ടുവസ്ത്രം മയോമിയ്ക്ക് എത്ര മാത്രം പാകമാകുമെന്ന് യുലീസസിനു അറിയില്ല, പക്ഷേ ഓരോ ഭാഗങ്ങളും യുളീസസ് അതീവ ശ്രദ്ധയോടെ അണിയിച്ചു. യുളീസസിന്‍റെ വിറയ്ക്കുന്ന വിരലുകളിലേയ്ക്കും പിടയ്ക്കുന്ന കണ്ണുകളിലേയ്ക്കും മയോമി തന്‍റെ ചുണ്ടുകളെ ചേര്‍ത്തു വച്ചു.അന്നവരുടെ ആദ്യ രാത്രിയായിരുന്നു. മയോമിയ്ക്ക് വല്ലാതെ ശ്വാസം മുട്ടല്‍ തോന്നി, ഭ്രാന്തു പിടിച്ചവളേ പോലെ അവള്‍ അലറിക്കരഞ്ഞു, ഉച്ചത്തില്‍ ചിരിച്ചു.എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം അന്നാദ്യമായി പ്രണയത്തില്‍ മതിമറന്ന് ഇരുവരും ആഴത്തില്‍ ഉറങ്ങി. 

യുളീസസിന്‍റെ മഞ്ഞ നിറമുള്ള പട്ടു വസ്ത്രത്തില്‍ മയോമി സുന്ദരിയായിരുന്നു. പ്രഭാതത്തിന്‍റെ തണുപ്പ് അവര്‍ അറിഞ്ഞതേയില്ല. ചൂടു നിശ്വാസങ്ങള്‍ക്കപ്പുറം അവര്‍ ഉരികി ചേര്‍ന്നിരുന്നു.

അന്നു പതിവില്ലാത്ത മാറ്റങ്ങള്‍ ഏറെയുണ്ടായിരുന്നു പ്രകൃതിയില്‍. ചിറകടിച്ചു പറക്കുന്ന കടല്‍കാക്കകള്‍ ഒരു പ്രതീകമാണ്, തീരം അടുത്തതിന്‍റെ മുന്നറിയിപ്പ്. പ്രതീക്ഷയോടെ യുളീസസ് അങ്ങകലേയ്ക്കു നോക്കിയിരുന്നു. യുളീസസിന്‍റെ കണ്ണിലെ വിളര്‍ച്ച പൂര്‍ണമായും വിട്ടകന്നിരിക്കുന്നു. പ്രണയത്തിന്‍റേയും പ്രതീക്ഷയുടേയും ഇളം ചുവപ്പു നിറം.മയോമിയാണ്‍ ആദ്യം കണ്ടത് ദൂരെ പൊട്ടു പോലെ ഗോപുരം. യുളീസസ് അതു തിരിച്ചറിഞ്ഞു, ഇത്താക്കയുടെ കൊടിക്കൂറ പറക്കുന്ന ഗോപുരം. അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ട്രോജന്‍ യുദ്ധം നേടിയ യുളീസസ് സ്വന്തം നാട്ടില്‍ .കൊച്ചു കുട്ടിയെ പോലെ യുളീസസ് കരയുന്നതു കണ്ട് മയോമി നിശബ്ദമായി ഇരുന്നു. ആ തീരമണയുമ്പോള്‍ മയോമി എന്ന യുളീസസിന്‍റെ പ്രണയിനി ഇല്ലാതെയാകും. പിന്നെ താന്‍ അദ്ദേഹത്തിന്‍റെ ആയിരക്കനക്കിനു പ്രജകളില്‍ ഒരുവള്‍ . മൌനമായി അദ്ദേഹത്തെ നെഞ്ചില്‍ പേറാന്‍ വിധിക്കപ്പെട്ടവള്‍ . കപ്പലിലെ കൊടിക്കൂറ കണ്ടവര്‍ തീരത്തേയ്ക്ക് പഞ്ഞു വന്നു കൊണ്ടിരുന്നു, തങ്ങളുടെ പ്രിയ യുലീസസ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തീരമനഞ്നിരിക്കുന്നു. ഒപ്പമുള്ള ചുവന്ന ഗൌണ്‍ അണിഞ്ഞ പെണ്‍കുട്ടിയെ എല്ലാവരും മറന്ന കൂട്ടത്തില്‍ യുളീസസും മറന്നു.മറവിപ്പഴം തിന്ന പോലെ മയോമി സ്ഥലകാലബോധമില്ലാതെ തീരത്ത് വെറുതേയിരുന്നു. ബൌദ്ധിക തലം മരവിപ്പിലാണ്. താന്‍ അറിയപ്പെടാത്ത ഏതോ ഒരു രാജ്യത്താണെന്നും അറിയാത്ത നാട്ടുകാരുടെ ഇടയിലാണെന്നും അവള്‍ മറന്നതു പോലെ. തീരമില്ലാത്തവളെ പോലെ രാജ്യമില്ലാത്ത മയോമി നടന്നു. ലക്ഷ്യവും അഭയവും യുളീസസിന്‍റെ പ്രണയമെന്ന് തിരിച്ചറിഞ്ഞു കൊണ്ട്...അവള്‍ക്കറിയാമായിരുന്നു, യുളീസസ് മടങ്ങിയെത്തും. സഞ്ചാരിയാകാന്‍ നിയോഗിക്കപ്പെട്ടവനാണ്, യുളീസസ്. അടുത്ത യാത്രയ്ക്കുള്ള ഉടുത്തൊരുക്കവുമായി ഈ തീരത്തേയ്ക്കു തന്നെ യുളീസസ് മടങ്ങിയെത്തും. അതുവരെ ഒടുങ്ങാത്ത പ്രണയവുമയി മയോമിയുടെ കാത്തിരിപ്പ്...അല്ലെങ്കിലും കാത്തിരിപ്പ് അവസാനിക്കുന്നതേയില്ലല്ലോ.



Sree Parvathy 

No comments:

Post a Comment