Tuesday, July 31, 2012

സുഗുണനും ചങ്ങലയും.

മോല്യാര് പണ്ട് പറഞ്ഞിട്ടുണ്ട്....
മൂപ്പരു വിചാരിച്ചാല്‍ കടലിലെ വെള്ളം വറ്റുമെന്ന്....
ഒപ്പം ഒന്ന് കൂടി പറഞ്ഞു..!
ജീവന്‍ പോയാലും മൂപ്പര് വിചാരിക്കൂല്ലാന്ന്...
അല്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ..!?
കടലുണ്ടെങ്കിലല്ലേ കരയുള്ളൂ...
കരയുണ്ടെങ്കിലല്ലേ ഞാനുള്ളൂ...
ഞാനുണ്ടെങ്കിലല്ലേ.... അല്ലേ.....!!!
ഞാനുണ്ടോ ഇല്ലയോ എന്നത് ആര്‍ക്കാണ് പ്രശ്നം, അല്ലെങ്കില്‍ തന്നെ ഞാനുണ്ടായിട്ടെന്തിനാണ്....!
ദിവസവും ഒരു കിലോ അരിയുടെ ചോറും പലഹാരങ്ങളും തിന്ന് തീട്ടാക്കുന്ന ഒരു യന്ത്രം.
എന്നാലും അഹങ്കാരത്തില്‍ ഞാന്‍ പിന്നോട്ടല്ല.
ഈ ആലോചനയില്‍ തന്നെ എത്ര ഞാന്‍ വന്നു.

ഇതാണ് സുഗുണന്‍റെ കുഴപ്പം. വെറുതെ ഓരോന്ന് ആലോചിച്ചിരിക്കും. മറ്റുള്ളവര്‍ ആലോചിക്കാത്ത കാര്യങ്ങള്‍ ആലോചിച്ചപ്പോഴാണ്..... ചോദിക്കാത്ത കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അവന്റമ്മക്ക് പേടി തുടങ്ങിയത്.മുടി കൊഴിയാതിരിക്കാനുള്ള മരുന്നാണെന്നു പറഞ്ഞാണ് അവനെ കൊണ്ട് മാനസമിത്രവടകം കഴിപ്പിച്ചത്.അത് മാനസിക വിഭ്രാന്തിക്കുള്ള മരുന്നാണെന്ന് പിന്നാരോ പറഞ്ഞു... പറഞ്ഞു ചിരിച്ചു... അത് കാതുകളില്‍ നിന്ന് കാതുകളിലേക്ക്..... പാവം അമ്മ..... അമ്മയുടെ വാത്സല്യത്തില്‍ പിറന്ന സംശയങ്ങളായിരുന്നു സുഗുണനെ വാര്‍ത്തെടുത്തത്.

ഭൂമിയും ജീവജാലങ്ങളുമെല്ലാം ദൈവത്തിന്‍റെ സൃഷ്ടിയാണെന്നു പറഞ്ഞപ്പോള്‍ ദൈവത്തെ ആരാണ് സൃഷ്ടിച്ചതെന്ന സംശയം ഭ്രാന്താണോ....? വിത്താണോ ചെടിയാണോ ആദ്യം ഉണ്ടായത്‌ എന്ന് ആര്‍ക്കും സംശയിച്ചുകൂടെ....? ആരെങ്കിലും സൃഷ്ടിച്ചാലല്ലേ എന്തെങ്കിലും ഉണ്ടാവൂ...?!!.
ഇതൊക്കെ വെറും ഉദാഹരണങ്ങള്‍ മാത്രം... സുഗുണന്‍റെ സംശയങ്ങള്‍ കടലുപോലെ പരന്നു കിടക്കുകയാണ്...
പരീക്ഷകളില്‍ 90 ശതമാനം മാര്‍ക്ക് ‌ വാങ്ങി വിജയിച്ചതും സുഗുണന്‍റെ ഭ്രാന്തിന്‍റെ പ്രതിഫലനമായി ആളുകള്‍ കണ്ടു.ധാരണകള്‍ മാറ്റിമറിക്കാനുള്ള അവന്‍റെ ശ്രമങ്ങള്‍ അവരില്‍ ചിരിയുണര്‍ത്തി ...
ഒടുവില്‍ സുഗുണന്‍ സമൂഹത്തോട് വിളിച്ച് പറഞ്ഞു “എനിക്ക് ഭ്രാന്തില്ലാ.....” അതോടെ ഇതു വരെ സംശയങ്ങള്‍ മാത്രമായിരുന്ന കാര്യം അവര്‍ അടിവരയിട്ടുറപ്പിച്ചു. ഏത് അസുഖവും ഇല്ലെന്ന് ആര്‍ക്കും വിളിച്ചു പറയാം... സുഗുണന് ഭ്രാന്തില്ലെന്നു വിളിച്ചു പറഞ്ഞതില്‍ അവനെ ക്രൂശിക്കണോ....?

തന്നെ പുച്ഛത്തോടെ നോക്കി കാണുന്ന ലോകത്തിനെ വെറുത്താണ് മച്ചുമുറിയിലെ പുസ്തകങ്ങളോടൊപ്പം അവന്‍ ഏകാന്തതയുടെ തടവുകാരനായത്‌. അവന്‍റെ ലോകം ആ കൊച്ചുമുറിയിലേക്ക് ഒതുങ്ങിയപ്പോള്‍ അമ്മ ഒരു പാട് വേദനിച്ചു.
അവന്‍ സംതൃപ്തനായിരുന്നു. കിളിവാതിലിലൂടെ തഴുകുന്ന ഇളം തെന്നലില്‍ ആനന്ദം കണ്ട്... അതിലൂടെ ലോകം കണ്ട്.... പ്രകൃതിയുടെ സൗന്ദര്യം കണ്ട്.... അടുത്ത വാടകവീട്ടിലെ താമസക്കാരിയുടെ നക്ഷത്രക്കണ്ണുകളില്‍ കത്തുന്ന കാമം കണ്ട്... നിമിഷങ്ങള്‍... മണിക്കൂറുകള്‍... ദിവസങ്ങള്‍... പിന്നിട്ടു.

എം. കെ.നായര്‍ എന്ന നാട്ടുപ്രമാണി ഇരുട്ടിന്‍റെ മറവില്‍ ഇടയ്ക്കിടെ ആ വീട്ടിലേക്ക് വന്നുപോകുന്നത് കണ്ടപ്പോള്‍ അവന് ആകാംഷയുണര്‍ന്നു . പിന്നീടവന്‍ ജാഗരൂകനായ നിരീക്ഷകനായി. പിന്നത്തെ ദിവസങ്ങളില്‍ ആ നക്ഷത്രക്കണ്ണുള്ള സുന്ദരിയുടെ വീട്ടിലെ സന്ദര്‍ശകരുടെ നിര വളരെ വലുതായിരുന്നു. സുഗുണന്‍ എണ്ണികൊണ്ടിരുന്നു. ബാങ്ക് മുക്രി മൂസാക്ക... കപ്പ്യാര് തോമസേട്ടന്‍... വയസന്‍ ചൊറി ബാധിച്ച കേളുവേട്ടന്‍..... സഖാവ് അനന്തന്‍.... ഗാന്ധിയന്‍ കുമാരേട്ടന്‍.... 18 വയസിലേക്ക് കടക്കുന്ന സുധിക്കുട്ടന്‍... ജാതിമതഭ്രാന്തുകൊണ്ട് വൈരാഗ്യം സൃഷ്ടിച്ചവരും, രാഷ്ട്രീയവൈരം കൊണ്ട് കണ്ണ് കാണാത്തവരും, ചെറുപ്പക്കാരും, വയസ്സന്മാരും, കുഷ്ഠരോഗിയും,സമ്പന്നനും, പാവപ്പെട്ടവനും എന്ന് വേണ്ട വിവിധ ചിന്താഗതിക്കാര്‍ ഒന്നാവുന്ന കാഴ്ച. സുഗുണന്‍റെ മനസ്സില്‍ വീണ്ടും സംശയത്തിന്‍റെ നരിച്ചീറുകള്‍ ചിലച്ചുകൊണ്ടിരുന്നു. “ഇതാണോ ഈ സോഷ്യലിസം..?” ഇവര്‍ക്കൊക്കെ ജീവിക്കാന്‍ ഇരുട്ടുവേണം. എന്നിട്ട് ഇവരല്ലേ പകല്‍ വെളിച്ചത്തില്‍ ജീവിക്കുന്ന എന്നെ ഭ്രാന്തനെന്ന് വിളിച്ച് പരിഹസിക്കുന്നത്.!!

“എന്താ സുഗുണാ എപ്പോഴുമിങ്ങനെ ആലോചിച്ചിരിക്കുന്നത്...?”

മച്ചുമുറിയുടെ കൈവഴിയില്‍ വിനയന്മാഷ്‌. പേര് പോലെ തന്നെ എല്ലാവരോടും വിനയത്തോടെ മാത്രമേ മാഷ്‌ പെരുമാറുകയുള്ളൂ... സ്നേഹത്തിന്‍റെ നിറകുടം.

“കേമാന്മാരില്‍ മാഷേ മാത്രം കണ്ടില്ല...!!”

“എന്ന് വച്ചാല്‍ മറ്റു കേമന്മാരൊക്കെ തന്നെ വന്ന് കണ്ടുവോ...?”

“അതല്ല മാഷേ.... ആ വീട്ടില്‍ കേമന്മാരായ പലരും വന്ന് പോകുന്നു. മാഷെ മാത്രം കണ്ടില്ല...!!

“ഹ.. ഹ.. ഹ..” മാഷ്‌ പൊട്ടിച്ചിരിച്ചു.

അവിവേകമായോ പറഞ്ഞത്‌ എന്ന മട്ടില്‍ സുഗുണന്‍ തല കുനിച്ചു.

“അപ്പോള്‍ ഞാന്‍ കേമനാണെന്ന് താന്‍ അംഗീകരിക്കുന്നു.. അല്ലെ..? എന്നെ കണ്ടില്ലെങ്കില്‍ എനിക്കിതുവരെ അങ്ങനെയൊരാവശ്യം വന്നിട്ടില്ല..... അത്രേയുള്ളൂ....”

“അല്ല മാഷേ ഇതൊക്കെ പാപമല്ലേ..!!?”

“മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നത് അവരുടെ കാര്യാണ് കുട്ടീ... അതിനവര്‍ക്ക് ന്യായീകരണങ്ങളും ഉണ്ടാവും. അതോര്‍ത്ത് നമ്മളെന്തിനു വ്യാകുലപ്പെടുന്നു.! പിന്നെ, പാപത്തിന്‍റെ കാര്യം... കാമത്തിന്‍റെ ഉച്ചിഷ്ടം ഇവളെപോലുള്ളവര്‍ സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ പെണ്മക്കള്‍ക്ക് വഴി നടക്കാന്‍ കഴിയാത്തത്ര ദുര്‍ഗന്ധം വമിക്കും.”

“ഏങ്കിലവള്‍ ഗംഗയാണ്.... അഗ്നിയാണ്...”.

അന്നത്തെ ഇരുട്ടിന്‍റെ ജാരന്‍ സുഗുണനായിരുന്നു. അവന്‍റെ മന്ദത.. വ്യാകുലത.. എല്ലാം അവളുടെ പച്ചനോട്ടിന്‍റെ മണമുള്ള നഗ്നതയില്‍ ഉരുകിയൊലിച്ചു. കണ്ണീരോടെ നിലവിളക്കിനു മുന്പില്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന അമ്മയെ ഓര്‍ക്കാതെ... സഹജീവികളുടെ രോദനത്തില്‍ ഉരുകുന്ന മനസ്സ്‌ നഷ്ടപ്പെട്ട്... കരയാന്‍ മറന്ന്... ചിരിക്കാന്‍ മറന്ന്... ആവേശത്തോടെ അവന്‍ ഗംഗയില്‍ നീരാടി.

അന്ന് രാത്രി സുഗുണന്‍റെ അബോധമനസില്‍ കുറ്റബോധത്തിന്‍റെ കണികകള്‍ വളര്‍ന്നു കൊണ്ടേയിരുന്നു. പത്രത്താളുകളിലെ കുഴഞ്ഞു മറിഞ്ഞ ദൃശ്യങ്ങള്‍... ദു:സ്വപ്‌നങ്ങള്‍... ഉറക്കത്തില്‍ അലോസരപ്പെടുത്തികൊണ്ടിരുന്നു...

രതിചിത്രങ്ങള്‍ കണ്ടാസ്വദിക്കുന്ന അച്ഛന്‍റെ ചേഷ്ടകള്‍ ഒളിഞ്ഞുനോക്കുകയാണ് ആ പത്തുവയസുകാരന്‍.അനുകരിക്കാനും ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. തോലികള്‍ക്ക് എവിടെയോ ഒരു വലിഞ്ഞു മുറുക്കം. അതിന്‍റെ നിരാശയുണ്ട് അവന്‍റെ മുഖത്ത്.
വീട്ടിലേക്ക്‌ പോകുന്ന വഴിയിലെ കുന്ന് കയറുകയാണ് ആറുവയസ്സുകാരി സോന. അവന്‍റെ കണ്ണുകള്‍ അവളുടെ പിറകെയുണ്ട്. ഇന്നലെ സ്ക്രീനില്‍ കണ്ടവളും ഇവളും പെണ്ണല്ലേ..?! അതില്‍ കണ്ടതെല്ലാം ഇവളിലുമുണ്ടാകില്ലേ..?! പരിശോധിച്ചു.... സോനക്ക് കരച്ചില്‍ വന്നു. ഏട്ടനെപ്പോലെ കരുതിയ ആളാണ്‌ അടിവസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നത്. ഒറ്റച്ചവിട്ട്‌... അവന്‍ മറിഞ്ഞു വീണു. വര്‍ദ്ധി്ച്ച ശൗര്യത്തോടെ അവന്‍ എണീറ്റുവന്നു... അവള്‍ പിന്തിരിഞ്ഞോടാന്‍ ശ്രമിച്ചു.. കാല്‍ വഴുതി നേരെ കുളത്തിലേക്ക്‌...

അയ്യോ...! പാവം...
സുഗുണന്‍ ഞെട്ടി വിറച്ചു.

ആ വൃദ്ധമാതാവ്‌ ഒറ്റക്കാണ് താമസം. മക്കളെല്ലാം അന്യദേശങ്ങളില്‍ ഉയര്‍ന്ന ജോലിയില്‍ കഴിയുന്നു. മകന്‍റെ ഭാര്യയുടെ സഹോദരീപുത്രനാണ് ഒരു കൈസഹായം. 20 വയസ്സ് പ്രായം. അവന്‍ ഇടയ്ക്കു വരും. ചില ജോലികള്‍ ചെയ്ത് സഹായിക്കും. അന്ന് രാത്രി ആ ചെറുപ്പക്കാരന്‍ എന്തോ വെളുത്ത പൊടി മൂക്കിലേക്ക് വലിച്ചു കയറ്റുന്നു... കണ്ണുകള്‍ ചുവന്ന് ആരെയും ഭയപ്പെടുത്തുന്ന ചേഷ്ടകളോടെ ആ വൃദ്ധമാതാവിനെ പ്രാപിക്കാന്‍ ശ്രമിക്കുന്നു. ചെറുക്കാന്‍ ശ്രമിച്ച ആ വൃദ്ധയെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച്... മുട്ടിച്ച്... ഹൊ!!!....

എന്‍റെ ദൈവമേ....
സുഗുണന്‍റെ ഉള്ളില്‍ നിന്നും ഒരാര്‍ത്ത നാദം പുറപ്പെട്ടു.

ഒരച്ഛന്‍ ഒരു രാത്രി ഭാര്യയെക്കൊന്ന്‍ സെപ്റ്റിക്ടാങ്കില്‍ നിക്ഷേപിക്കുന്നു. പിന്നൊരു രാത്രി തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗീകമായി പീഡിപ്പിക്കുന്നു. ശേഷം അവളെയും രണ്ട് അനിയത്തിമാരെയും കൊന്ന് ചാക്കില്‍ കെട്ടി കുറ്റിക്കാട്ടിലെറിയുന്നു...

ഒരച്ഛന്‍... അച്ഛന്‍... അച്ഛന്‍...

മറ്റൊരച്ഛന്‍ മകളെ വെച്ച് വില പേശുകയാണ്. കൂടുതല്‍ വില പറഞ്ഞവന്‍റെ മുറിയിലേക്ക്‌ മകളെ പറഞ്ഞയച്ച്,കാറും ബംഗ്ലാവും സ്വപ്നം കണ്ട് കാവല്‍ നില്‍ക്കുന്നു...

അച്ഛന്‍... അച്ഛന്‍...

പാളത്തെ ഞെരിച്ചുകൊണ്ട് ട്രെയിന്‍ മുന്പോട്ട്‌ പായുകയാണ്. മിക്കവാറും ആളൊഴിഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ ഒരു പെണ്‍കുട്ടി ബാഗ്‌ മാറോട് ചേര്‍ത്ത് പരിഭ്രാന്തയായി നില്‍ക്കുന്നു. അവള്‍ ഒരു കുടുംബത്തിന്‍റെ ആശ്രയമാണ്. ഒറ്റ കൈയുള്ള ഒരു ചെകുത്താന്‍ അവളെ കടന്നു പിടിക്കുന്നു. ചെറുത്തുനില്‍പ്പിനിടയില്‍ അവള്‍ പാളത്തിലേക്ക് തലയടിച്ചു വീഴുന്നു. പൊട്ടിപിളര്‍ന്ന തലയുമായി കിടക്കുന്ന അവളുടെ മാറിലേക്ക്‌ ആ ചെകുത്താന്‍ ദ്രംഷ്ടകളിറക്കുന്നു.

അയ്യോ... സുഗുണന്‍ ഞെട്ടിയെഴുന്നേറ്റു. സത്യവും മിഥ്യയും, തെറ്റും ശരിയുംതമ്മിലുള്ള പോരാട്ടം.. പക്ഷേ ഏതാണ് സത്യം...? ഏതാണ് മിഥ്യ...? ഏതാണ് ശരി..? ഏതാണ് തെറ്റ്..?.
അവന്‍ പൊട്ടിക്കരഞ്ഞു. “പ്രണയമില്ലാതെ പ്രാപിച്ച് ഞാനും ഇവരിലൊരാളായോ...? ദൈവമേ!!! എന്തായാലും എനിക്കൊരു ചങ്ങല വേണം... ഇനി നക്ഷത്രക്കണ്ണുള്ള സുന്ദരിമാരുടെ അടുത്തെത്താതിരിക്കാന്‍”.
******************
ബിജു ശിവദാസന്‍

No comments:

Post a Comment