Tuesday, July 31, 2012

പ്രണയ നക്ഷത്രങ്ങള്‍


പ്രണയ നക്ഷത്രങ്ങള്‍ - ഒരു അനശ്വര പ്രണയ കഥ
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക. ആകാശത്തേക്ക് തുറക്കുന്ന ചില്ല് വാതിലുകളുള്ള അരുണിന്‍റെ സ്വപ്ന ഭവനം. കിഴക്കേ മാനത്ത് തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ . കാര്‍ത്തിക വിളക്കുകളുടെ മുമ്പില്‍ നന്ദ പുഞ്ചിരിതൂകി നിന്നപ്പോള്‍ അരുണ്‍ ഒരു നിമിഷം സ്വപ്നാടനത്തിലായി. .‍ ." നന്ദ ‍ ദേ നോക്ക് മാനത്ത്‌ ... കണ്ടോ രണ്ടു നക്ഷത്രങ്ങള്‍ .. പ്രണയനക്ഷത്രങ്ങള്‍ .? " അറിയാതെ വീണ അരുണിന്‍റെ വാക്കുകള്‍ കേട്ട് ഏഴു വയസുള്ള ശാരികയും, ശരത്തും ഓടിയെത്തി." ഡാഡി , പ്ലീസ് . . ക്കും . . കാണണം മമ്മേടെ പ്രണയ നക്ഷത്രങ്ങളെ " . . നന്ദ പറഞ്ഞു . . " കുട്ട്യോള്‍ക്ക് കാണാന്‍ പറ്റൂല്ലാട്ടോ , അത് പ്രണയിക്കുന്നവര്‍ വിളിച്ചാലേ വരൂ " . . ന്ത്വാ . . മമ്മേ പ്രണയം . . എന്നുള്ള ശാരി മോളുടെ ചോദ്യത്തിന് അരുണിനെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു .. " ഇതാണ് മോളേ പ്രണയം " ... ശാരി മോളുടെ പൊട്ടിച്ചിരിയില്‍ നക്ഷത്രങ്ങള്‍ വിരിഞ്ഞപ്പോള്‍ പ്രഭ മങ്ങിയ കാര്‍ത്തിക ദീപങ്ങള്‍ നാണിച്ച് തല താഴ്ത്തി. ശാരിയുടെ കുട്ടിക്കാലത്തെ അതെ ചിരി , അതേ രൂപം . . മൂന്നു തലമുറയുടെ സുകൃതം. . ഒരു അദൃശ്യ രൂപം മോളെ തലോടുന്നതായി നന്ദയ്ക്ക് തോന്നി . . മാലാഖയുടെ കുപ്പായമിട്ട ആ രൂപത്തിന് ശാരിയുടെ അതേ മുഖമായിരുന്നു .." അരുണ്‍ " എന്ന് വിളിച്ചപ്പോഴേക്കും കൈകള്‍ വീശി ആ രൂപം ആകാശത്തിന്‍റെ അനന്തതയിലേക്ക് ഊളിയിട്ടു ... കിഴക്കേ മാനത്ത് മിന്നി മറഞ്ഞ രണ്ടു നക്ഷത്രങ്ങളുടെ തേജസ്സ്‌ ശാരിയുടെയും , ഗോപന്‍റെയും മാര്‍ബിളില്‍ തീര്‍ത്ത പ്രണയ കുടീരത്തിലെ സ്ഫടിക നക്ഷത്രങ്ങളിലേക്ക് അപ്പോള്‍ ഇറങ്ങി വന്നു. ഇതെല്ലാം നന്ദയുടെ തോന്നലുകളാവാം , സങ്കല്‍പ്പങ്ങളാകാം ചിലപ്പോള്‍ വിശ്വാസമാകാം . . അധര്‍മ്മികളുടെ തേരോട്ട ഭൂമിയില്‍ മരണം വിധിക്കപ്പെട്ട ശാരിയുടെയും, ഗോപന്‍റെയും . . പിന്നെ നന്ദനാ വര്‍മ്മയുടെയും ഒക്കെ കഥയില്‍ സാധു ജനങ്ങളെ പരിരക്ഷിക്കാന്‍ വിശ്വാസങ്ങളും , ദൈവങ്ങളും ഒക്കെ കൈകോര്‍ക്കുന്നത് പ്രകൃതി നിയമമായി കഥ സാക്ഷ്യപ്പെടുത്തുന്നു . . . [സ്നേഹാശംസകളോടെ : ബിജു പാലക്കാട് ]
ഇവിടെ കഥ തുടങ്ങുന്നു :
. . സംസ്കാരം കൊണ്ടും ഭാഷ കൊണ്ടും പ്രശസ്തമായ വള്ളുവനാട്ടിലെ കലയെയും സാഹിത്യത്തെയും ഒക്കെ സ്നേഹിച്ച ഒരു രാജകുടുംബത്തിന്‍റെ പുതിയ തലമുറ. ഒറ്റപ്പാലം വടക്കേ മനയ്ക്കല്‍ രാജശേഖര വര്‍മ്മ, മാലതീ മേനോന്‍ ഇവരുടെ മക്കളും ഇരട്ട സഹോദരിമാരുമാണ് ശാരികയും, നന്ദനയും. രൂപ സാദൃശ്യമുള്ള ഇവരെ തിരിച്ചറിയാന്‍ ചിലപ്പോള്‍ അയല്‍വാസികള്‍ക്കും കഴിയാറില്ല . ശാരിക ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി. സ്നേഹത്തിന്‍റെയും, നിഷ്കളങ്കതയുടെയും പര്യായമായ ശാരി സൌന്ദര്യം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും കോളേജിലെ എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. കഥകള്‍ , കവിതകള്‍ ഒക്കെ എഴുതുന്ന ശാരി സ്വപ്നങ്ങളില്‍ കൂടി ജീവിതം കാണുന്നു. കോളേജിനടുത്തുള്ള അമ്മയുടെ ജ്യേഷ്ഠന്‍ ശേഖരമേനോന്‍റെ വീട്ടില്‍ താമസിച്ചു പഠിക്കുകയാണ്. അടുത്ത കൂട്ടുകാര്‍ വിജിയും, അശ്വതിയും. ശേഖരമാമയ്ക്ക് കുട്ടികളില്ലാത്തതിനാല്‍ എല്ലാ വാത്സല്യവും, പരിഗണനയും ആ വീട്ടില്‍ ശാരിക്ക് കിട്ടുന്നു. നന്ദന ഒറ്റപ്പാലം എന്‍ എന്‍ എസ് കോളേജ്‌ വിദ്യാര്‍ഥിനി. അച്ഛനോടും അമ്മയോടും ഒപ്പം വീട്ടില്‍ താമസിച്ചു പഠിക്കുന്നു. സുന്ദരിയും കോളേജിലെ കലാതിലകവുമായ നന്ദയെ സ്നേഹിക്കുക എന്നത് കോളേജിലെ പല ആണ്‍കുട്ടികളുടെയും സ്വപ്നമാണ് .
കോളേജ്‌ യുണിയന്‍ ചെയര്‍മാനും, പി ജി വിദ്യാര്‍ഥിയുമായ അരുണ്‍ നന്ദയെ ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നു. സുഹൃത്തും, ക്ലാസ്സ്മേറ്റും ആയ ശങ്കര്‍ മുഖേനെ നല്‍കുന്ന എല്ലാ പ്രണയ അഭ്യര്‍ത്ഥനകളും നന്ദ മടക്കി എന്നാലും ഒരിഷ്ടം ഉള്ളില്‍ അരുണിനോടുണ്ട്. നന്ദയ്ക്ക് വേണ്ടി എത്ര നാള്‍ കാത്തിരിക്കാനും വേണമെങ്കില്‍ ജീവന്‍ തന്നെ സമര്‍പ്പിക്കാനും ബിസിനസ് കാരനും, കോടീശ്വരനുമായ മാധവന്‍ നായരുടെ മകനായ അരുണ്‍ തയ്യാറാണ്. മകന്‍റെ പിടിവാശി മാറ്റാന്‍ ആ അച്ഛന് കഴിഞ്ഞില്ല . നന്ദയുടെ കൂട്ടുകാരികളായ സുജയേയും, ലേഖയെയും വരെ സ്വാധീനിക്കുന്ന അരുണ്‍ പോസ്റ്റ്‌ ഗ്രാജ്വേഷന്‍ വിഷയം മാറി വീണ്ടും കോളേജില്‍ തുടരുന്നത് തന്നെ നന്ദയെ സ്വപ്നം കണ്ട് മാത്രം. പഠിത്തം മതിയാക്കി പുതിയ ജ്വല്ലറിയുടെ മേല്‍നോട്ടം വഹിക്കാനുള്ള വീട്ടുകാരുടെ നിര്‍ബന്ധം പോലും അരുണ്‍ കാര്യമാക്കുന്നില്ല. സ്നേഹ നിധിയായ അമ്മയെപ്പോലും പ്രണയ സാക്ഷാത്കാരത്തിനായി രംഗത്ത് ഇറക്കിയിട്ടും വിജയിക്കാന്‍ അരുണിന് കഴിഞ്ഞില്ല.ബന്ധുവും കോളേജ്‌ പ്രൊഫസറുമായ ഭാസ്കരന്‍ തമ്പിയെയും , അയല്‍വാസിയും കോളേജ്‌ ലക്ചററുമായ സുമതി ടീച്ചറിനെയുമൊക്കെ കൂടാതെ ലൈബ്രെറിയനായ ജോസൂട്ടിയെ വരെ സ്വന്തം പക്ഷത്താക്കുന്ന അരുണ്‍ പക്ഷേ പ്രണയത്തിന്‍റെ പേരില്‍ ധാര്‍മ്മികതയും , വ്യക്തിത്വവും നഷ്ടപ്പെടുത്തുന്നില്ല .

. . . രാജ ശേഖര വര്‍മ്മയുടെ കുട്ടിക്കാലത്ത് പിതാവും പ്രതാപിയുമായിരുന്ന കൃഷ്ണവര്‍മ്മയുടെ ഡ്രൈവര്‍ ആയിരുന്നു വേലായുധന്‍, ഭാര്യ സുധാ മണി, രണ്ടു മക്കള്‍ രാജനും ഗോവിന്ദനും. അമ്പത് വര്‍ഷം മുമ്പ് ഇവരുടെ ഇളയ മകന്‍് ഗോവിന്ദന് അഞ്ചു വയസുള്ളപ്പോള്‍ വര്‍മ്മയുടെ തീപ്പെട്ടി കമ്പനിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ മരിക്കുന്നു. തമ്പുരാനെ രക്ഷിക്കാന്‍ കുറ്റം സ്വയം ഏല്‍ക്കുന്ന വേലായുധന് വധശിക്ഷയാണ് ലഭിക്കുന്നത്. വേലായുധനന്‍റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പകരമായി പത്തേക്കര്‍ തെങ്ങിന്‍ തോപ്പും , രണ്ടു പറ നിലവും ദാനമായി നല്‍കിയെങ്കിലും, ഭര്‍ത്താവിന്‍റെ മരണത്തിനു കാരണക്കാരനായ വര്‍മ്മയോട് പകയും, പ്രതികാര ദാഹവും സുധാമണിക്കുണ്ടായിരുന്നു. ദാനം കിട്ടിയ മുതല്‍ പെരുപ്പിച്ച് പ്രമാണിമാരായി മാറിയെങ്കിലും സുധാമണി ഊട്ടി വളര്‍ത്തിയ പക പതിനഞ്ചു വര്‍ഷത്തിനു ശേഷം വര്‍മ്മയുടെ ജീവന്‍ എടുക്കുന്നു. സുധാമണിയുടെ വീട് തീവെച്ച് അവരെയും വീട്ടുകാരെയുംചുട്ടുകൊല്ലാന്‍ ഒരുങ്ങിയ മകനെയും , കൂട്ടരെയും കൃഷ്ണ വര്‍മ്മയുടെ ഭാര്യ തടയുന്നു . വര്‍മ്മയെ കൊന്നു പോലീസിനു പിടി കൊടുത്ത ഗോവിന്ദന്‍ ജീവപര്യന്തം ശിക്ഷ കിട്ടി ജയിലിലായി. കാലത്തിന്‍റെ മാറ്റത്തില്‍ വര്‍മ്മയുടെ തറവാടിന്‍റെ പ്രതാപം മങ്ങി . സുധാമണിയുടെ കുടുംബം കച്ചവടങ്ങളിലൂടെയും, അബ്കാരി ബിസിനസിലൂടെയും ഒറ്റപ്പാലത്തെ രാജാക്കന്മാരായി വളര്‍ന്നു. ഗോവിന്ദന് രണ്ടു പെണ്‍കുട്ടികള്‍ സരിതയും സംഗീതയും. ഇരുവരും ഒറ്റപ്പാലം എന്‍ എന്‍ എസ്സ് കോളേജില്‍ പഠിക്കുന്നു. രാജന്‍ മുതലാളിയുടെ മൂത്തമകന്‍ സുധാകരന്‍്‌ അച്ഛന്‍റെ കൂടെ ബിസിനസ് പങ്കാളി, ഇളയമകള്‍ സുനിതയും സരിതയും ഡിഗ്രിക്ക് ഒരേ ക്ലാസില്‍ പഠിക്കുന്നു . മരണത്തിനു തൊട്ടു മുമ്പ് സുധാമണി അടുത്തു നിന്ന മകന്‍ രാജനോട് വര്‍മ്മയുടെ കുടുംബം നശിപ്പിക്കണം എന്ന് സത്യം ചെയ്തു വാങ്ങുന്നു
കൊലപാതകവും, ശിക്ഷയും ഒക്കെ ഗോവിന്ദനെ കുറച്ചു മനുഷ്യത്വം ഉള്ളവനാക്കിയെങ്കിലും രാജന്‍ മുതലാളിയും, മകനും അബ്കാരി ബിസിനസും, ഗുണ്ടായിസവുമൊക്കെയായി പണം വാരിക്കൂട്ടുന്നു. ജയില്‍ മോചിതനായതിനു ശേഷം രാജശേഖര വര്‍മ്മയുടെ അമ്മയുടെ കാലു പിടിച്ചു ഗോവിന്ദന്‍ അരും കൊലയ്ക്ക് മാപ്പ് ചോദിച്ചതോടെ പഴയ തലമുറയുടെ വേദനിപ്പിക്കുന്ന ചരിത്രങ്ങള്‍ എല്ലാരും മറന്നു.
. . കഥകളും കവിതകളും ഒക്കെ എഴുതുന്ന ശീലമുള്ള ശാരിക എഴുതുന്ന ഡയറിക്കുറിപ്പുകള്‍ ആണ് നക്ഷത്ര പ്രണയം. അത് ആകാശത്തിലെ നക്ഷത്രം ഭൂമിയിലെ മനുഷ്യനെ പ്രണയിക്കും എന്നുള്ള സങ്കല്പമാണ്. മാലതീ മേനോന്‍റെ കുട്ടിക്കാലത്ത് തന്നെ അവരുടെ അമ്മ ലക്ഷ്മി മേനോന്‍ വയ്ക്കോല്‍ കൂനയ്ക്ക് തീ കൊളുത്തിയിട്ട് അതിലേക്ക് സ്വയം നടന്നു കയറി ആത്മഹത്യ ചെയ്യുകയായിരുന്നു , വളരെ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കവയിത്രി എന്ന് പ്രശസ്തി നേടിയ അവരുടെ 'അഗ്നി മോക്ഷം ' എന്ന കവിത വളരെ പ്രശസ്തമാണ് . അതിലെ നായികയുടെ അന്ത്യം പോലെ പെട്ടെന്നുണ്ടായ ഒരു മാനസിക വിഭ്രാന്തിയില്‍ ലക്ഷ്മി മേനോനും അഗ്നി മോക്ഷം നേടി എന്നത് കുടുംബത്തിലെ ഒരു വേദനിപ്പിക്കുന്ന ചരിത്രം. . ശേഖരമാമയില്‍ നിന്നും മുത്തശ്ശിയെ കുറിച്ചുള്ള കഥകള്‍ ധാരാളം കേട്ടിട്ടുള്ള ശാരി അവരുടെ പല അറിയപ്പെടാത്ത എഴുത്തുകളിലൂടെയും സഞ്ചരിക്കുന്നു . അതില്‍ ഭൂമിയില്‍ നല്ല മനുഷ്യര്‍ മരിച്ചാല്‍ ആകാശത്തു നക്ഷത്രമായി വരുമെന്നും സായന്തനങ്ങളില്‍ ഭൂമിയിലെ ഇഷ്ടപ്പെടുന്ന ആളുകളെ നോക്കി നില്‍ക്കുമെന്നുമൊക്കെയുള്ള എഴുത്തുകള്‍ വായിച്ച് അതിനൊക്കെ കാവ്യ ഭാവന നല്‍കുന്നു. ചെറിയ കഥകളായും, കവിതകളായും മനസിലെ ഭാവനകള്‍ ഡയറിയില്‍ എഴുതി പിടിപ്പിക്കുന്നു.
. . ശേഖര മേനോന്‍റെ ഭാര്യയുടെ ബന്ധുവും അയല്‍വാസിയും ആയ ഗോപന്‍ അതേ കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥിയാണ് . ഗോപനും ശാരികയും ആത്മാര്‍ഥമായി പ്രണയിച്ച്, ഒന്നിച്ചു സ്വപ്‌നങ്ങള്‍ കണ്ട് ഓരോ ദിവസങ്ങളും വര്‍ണ്ണാഭമാക്കുന്നു. ഗോപനെ ശാരിയുടെ വീട്ടിലും എല്ലാര്‍ക്കും ഇഷ്ടമായതിനാല്‍ ആരും എതിരു പറയുന്നില്ല. ഗോപന്‍റെ ക്ലാസ്സ്‌ കഴിഞ്ഞാല്‍ നിശ്ചയം നടത്താം എന്നുള്ള ധാരണ ഉണ്ടായതോടെ ഗോപനും ശാരിയും പ്രണയത്തിന്‍റെ ഒരു പൂക്കാലം സൃഷ്ടിക്കുന്നു. സായന്തനങ്ങളില്‍ ഒരുമിച്ചു ചേരുന്ന ഗോപന്‍റെ വീടിന്‍റെ പിന്നിലായുള്ള പാടത്തെ പാറമേലിരുന്നു അവര്‍ നക്ഷത്ര കഥകള്‍ പറയുന്നു. ആദ്യം ഒരാള്‍ മരിച്ചാല്‍ മാനത്ത് നക്ഷത്രമായി വരുമെന്നും, മറ്റെയാള്‍ ഈ പാറയില്‍ ‍ ദീപം തെളിയിച്ചാല്‍ കിഴക്കേ മാനത്ത് വന്നു കണ്ണ് ചിമ്മി പ്രണയ സന്ദേശം കൈമാറണമെന്നും , പിന്നീട് ജീവിതാവസാനം വരെ ഈ പ്രണയം നിലനില്‍ക്കണമെന്നും വാക്കുകള്‍ കൈമാറുന്നു. പ്രണയത്തിനിടയിലെ ഒന്നിച്ചുള്ള ഒരു സായാഹ്ന ബൈക്ക് യാത്ര. അമിത വേഗത്തില്‍ വന്ന ഒരു ജീപ്പ്‌ അവരെ ഇടിച്ചു വീഴ്ത്തുന്നെങ്കിലും ശാരി നിസാര പരിക്കുകളോടെ രക്ഷപെട്ടു. പക്ഷേ അപകടത്തില്‍ ഒരു കാലും കയ്യും നഷ്ടപ്പെടുന്ന ഗോപനെ മറന്നു വേറെ കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ ശാരികയെ നിര്‍ബന്ധിക്കുന്നു , പക്ഷേ ഗോപനിലേക്ക് അലിഞ്ഞു ചേര്‍ന്ന അവളുടെ ഹൃദയം വീണ്ടെടുക്കാന്‍ വീട്ടുകാര്‍ക്കും ആവുന്നില്ല. നിര്‍ബന്ധിതമായി കല്യാണം നിശ്ചയിക്കപ്പെട്ട ശാരിക, ഭ്രാന്തമായ ആവേശത്തില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. തന്നെ ഉപേക്ഷിക്കരുത് എന്നപേക്ഷിച്ച ശാരിയോട് ഗോപനും തന്നെ മറക്കാനും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കാനും ഉപദേശിക്കുന്നു. കല്യാണത്തിന്‍റെ രണ്ടു നാള്‍ മുമ്പ് ശാരിക ആത്മഹത്യ ചെയ്യുന്നു. ശാരിയുടെ ദുരന്തം അറിഞ്ഞ ഗോപന്‍ പിറ്റേന്ന് മെഴുക് തിരിയില്‍ നിന്നും പകര്‍ന്ന അഗ്നിയില്‍ സ്വയം തീ കൊളുത്തുന്നു ...
. . ശാരികയുടെ ഡയറി കുറിപ്പുകള്‍ കാണുന്ന നന്ദയെ അതിലെ നക്ഷത്ര കാവ്യങ്ങള്‍ വല്ലാതെ ആകര്‍ഷിക്കുന്നു. ശാരിയുടെ മരണ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗോപന്‍റെ കഥ നന്ദയ്ക്ക് ഇരട്ടി ആഘാതമാകുന്നു. ശാരിക ആകാശത്തു നക്ഷത്രമായി വരുമെന്നും ഭൂമിയില്‍ ഗോപന്‍ വിളക്ക് കൊളുത്തിയില്ലെങ്കില്‍ ദുഖിതയായി മാനത്ത് നിലകൊള്ളുമെന്നും മനസ്സില്‍ കഥയുണ്ടാക്കുന്നു. ഒരു സ്വപ്ന ജീവിയെപ്പോലെ മാറിയ നന്ദ ശേഖരമാമയുടെ വീട്ടിലേക്കു താമസം മാറ്റുന്നു. ശാരിയുടെ മരണത്തില്‍ ആകെ തകര്‍ന്നു പോയ നന്ദയ്ക്ക് മനസിന്‌ ആശ്വാസം കിട്ടിക്കോട്ടെ എന്ന് കരുതി ആരും അത് എതിര്‍ക്കുന്നില്ല. ജന്മസിദ്ധമായി ലഭിച്ച അക്ഷരങ്ങളുടെ ലോകവും, സ്വപ്ന സഞ്ചാരങ്ങളും, ഉന്മാദ അവസ്ഥയും നന്ദയെ മാനസിക വിഭ്രാന്തിയിലേക്ക് നയിക്കുന്നു.
ശാരികയുടെ മരണശേഷം മനസിന്‍റെ സമനില നഷ്ടപെടുന്ന നന്ദ എഴുതുന്നതാണ് പ്രണയ നക്ഷത്രങ്ങള്‍ എന്ന കഥ ... പ്രണയത്തെപ്പറ്റി , നക്ഷത്രങ്ങളെപ്പറ്റി ,കാറ്റിനെ പറ്റി, പൂവുകളെ പറ്റിയൊക്കെ നന്ദന മനോഹരമായ സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കുന്നു .. പുഴയെ സ്നേഹിക്കുന്ന കുന്നുകളും , താഴ്വരയും .. പക്ഷേ പുഴ സ്നേഹിക്കുന്നത് കടലിനെ മാത്രം , അവള്‍ ഒഴുകി അവന്‍റെ ആത്മാവിലേക്കലിയുന്നു.." പ്രിയപ്പെട്ട ശാരി , നീയാണ് ഭാഗ്യവതി , ഈ പ്രപഞ്ചം ഉള്ള കാലത്തോളം നിനക്ക് ഗോപനെ പ്രണയിക്കാം .. കണ്ണുകള്‍ ചിമ്മി കിന്നാരം പറയാം , ജന്മ ജന്മാന്തര ഭീതിയില്ലാതെ ആകാശ സീമയില്‍ പ്രണയ ഗീതങ്ങള്‍ പങ്കു വെയ്ക്കാം....." നന്ദ നക്ഷത്ര ലോകത്തെ രാജകുമാരിയായി ശാരിയെ സങ്കല്‍പ്പിക്കുന്നു ..ശാരി ആകാശത്ത്‌ നക്ഷത്രമായി വന്നതായും ‍ ദിവസങ്ങളോളം ഭൂമിയിലേക്ക്‌ നോക്കി നിന്നിട്ടും ഗോപനെ കാണുന്നില്ല എന്നും ഓര്‍ത്ത്‌ നന്ദയുടെ മനസ് വേദനിക്കുന്നു .. ..ഉന്മാദ അവസ്ഥയില്‍ നന്ദന ശാരിയുടെയും , ഗോപന്‍റെയും നക്ഷത്ര പ്രണയ കഥകള്‍ വീണ്ടും എഴുതി ക്കൂട്ടുന്നു ...
ശാരി ആകാശത്തെ നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്നും , പാറമേല്‍ ദീപം തെളിയിച്ചാല്‍ കിഴക്കേ മാനത്ത് വന്ന് കണ്ണ് ചിമ്മി നമ്മളെ നോക്കുമെന്നും പറഞ്ഞു വാശിപിടിച്ചപ്പോള്‍ ശേഖരമാമയ്ക്ക് വഴങ്ങേണ്ടി വന്നു . നന്ദ ദീപം കൊളുത്തിയിട്ടും മാനത്ത് നക്ഷത്രം തെളിഞ്ഞില്ല. നിരാശയായ നന്ദയുടെ മനസ്സില്‍ ഗോപന്‍ ദീപം തെളിയിച്ചാലെ ശാരി വരൂ എന്നുള്ള ചിന്തകള്‍ ഉണ്ടാകുന്നത് മാനസിക നില കൂടുതല്‍ വഷളാക്കുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗോപനോട്‌ ശാരിയുടെ ദുഃഖം മാറ്റാന്‍ പാടത്തെ പാറമേല്‍ ദീപങ്ങള്‍ കൊളുത്തണമെന്നു വാശിപിടിക്കുകയും, പിന്നെ വയലന്‍റ് ആകുകയും ചെയ്തപ്പോള്‍ നന്ദയ്ക്ക് മാനസിക നില തെറ്റിയെന്നു മനസിലാക്കിയ വീട്ടുകാര്‍ പ്രശസ്ത സൈക്യാട്രിസ്റ്റ് ജോണ്‍ സാമുവലിന്‍റെ സഹായം തേടുന്നു. ജോണ്‍ സാമുവല്‍ നന്ദയുടെ കുറിപ്പുകളിലൂടെയും , കാവ്യ ശകലങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കുന്നു ."ഗോപാ എന്തേ നീ ദീപം കൊളുത്തി എന്നെ മാടി വിളിച്ചില്ല ..? ആകാശ സീമയിലെ നക്ഷത്രക്കൂട്ടങ്ങളുടെയിടയില്‍ ഞാന്‍ നിനക്കായി കാത്തു നില്‍ക്കുന്നു. നിനക്ക്‌ ഭൂമിയില്‍ നിന്നെന്നെ പ്രണയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടേയ്ക്ക് വരിക. പ്രപഞ്ചം ഉള്ള കാലത്തോളം നമുക്കിവിടെ പ്രണയിക്കാം .. ഗോപാ നീ വരിക .. ഈ നക്ഷത്രങ്ങളുടെ ലോകത്തേക്ക് ...നിന്‍റെ ശാരി നിനക്കായി കാത്തു നില്‍ക്കുന്നു ...ഇവിടെ മരണമോ , ദുഖങ്ങളോ ഇല്ല ..സര്‍വ്വ വ്യാപിയായ ആകാശ ഗംഗ നമുക്കായി മനോഹരമായ ഒരു കൊട്ടാരം പണിതിരിക്കുന്നു. നമ്മുടെ പ്രണയ ഗീതങ്ങള്‍ വിശ്വം മുഴുവന്‍ നന്മ പകരട്ടെ. "ചിന്തകളുടെ ലോകത്തിലൂടെ നന്ദ അപകടകരമായ ഒരു ഭ്രാന്തിലേക്ക് നീങ്ങി എന്ന സത്യം ഡോക്ടര്‍ മനസിലാക്കുന്നു . സഹോദരിക്ക് ആത്മശാന്തി ലഭിക്കണമെങ്കില്‍ ഗോപന്‍ ദീപം തെളിയിക്കണം അല്ലെങ്കില്‍ ‍ ശാരിയുടെ കൂട്ടിനായി നക്ഷത്രക്കൂട്ടത്തിലേക്ക് ഗോപന്‍ പോകണം. നന്ദയില്‍ ഈ വിശ്വാസം പറിച്ചു മാറ്റാന്‍ കഴിയാത്ത വിധത്തില്‍ ഉറച്ചു കഴിഞ്ഞെന്നും, ദീപം കൊളുത്താന്‍ അയാള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍ അവള്‍ ഗോപന്‍റെ മരണം ആഗ്രഹിക്കുന്നുവെന്നും മനസിലാക്കി. ഹിപ്നോട്ടിസം ചെയ്തപ്പോഴും ഇതേ നിഗമനം തന്നെയാണ് സാമുവലിന് കിട്ടിയത്. നന്ദയുടെ ചികിത്സ തല്‍ക്കാലം ഇവിടെത്തന്നെ ‍ മതിയെന്നും, മരുന്നുകള്‍ നല്‍കാനും പറഞ്ഞു. നാളെ ഒന്ന് കൂടി പരിശോധിക്കാമെന്ന് പറഞ്ഞിട്ട് ഡോക്ടര്‍ യാത്രയായി. ഒരു മകളുടെ വേര്‍പാടിന് പുറമേ അടുത്ത മകളുടെ അസുഖം ശരിക്കും ആ കുടുംബത്തെ തകര്‍ത്തുകളഞ്ഞു. കരഞ്ഞു തളര്‍ന്ന പെങ്ങളെയും , വന്നപാടെ കിടന്നുപോയ വര്‍മ്മയെയും എങ്ങനെ സമാധാനിപ്പിക്കണമെന്നു ശേഖരമേനോനും അറിയില്ലായിരുന്നു." നന്ദയുടെ അസുഖം കോളേജില്‍ അറിഞ്ഞെന്നു തോന്നുന്നു . ഏതോ കൂട്ടുകാരികള്‍ വിളിച്ചിരുന്നു . ‍ നാളെ ഡോക്ടര്‍ വന്നു നോക്കീട്ടേ ഒറ്റപ്പാലത്തേക്കു വരൂ എന്നവരോട് പറഞ്ഞു " ഭാര്യ ജയശ്രീയുടെ വാക്കുകള്‍ കേട്ടിരിക്കാനെ ആ സാധുവിന് കഴിഞ്ഞുള്ളു . "മാലൂ നീയെണീറ്റു വര്‍മ്മയ്ക്ക് ഭക്ഷണം കൊടുക്കൂ .. ആ മനുഷ്യന്‍റെ അസുഖം കൂട്ടണ്ടാ" എന്ന് പറഞ്ഞ് മേനോന്‍ നന്ദയുടെ മുറിയില്‍ കൂട്ടിന് പോയി.
അടുത്ത ദിവസം രാവിലെ ഒറ്റപ്പാലം കോളേജ്‌ കവാടത്തില്‍ തന്നെ ശങ്കര്‍ അരുണിനെയും കാത്തു നില്‍പ്പായിരുന്നു. ലേഖയേയും സുജയേയും കണ്ടപാടെ ശങ്കര്‍ പാഞ്ഞെത്തി . " ഇന്നലെ വൈകിട്ട് വിളിച്ചിരുന്നു . നാളെ ഡോക്ടര്‍ വന്നതിനു ശേഷം ഇങ്ങട് വരൂന്നാണ് ആന്‍റി പറഞ്ഞത് " . സുജ പറഞ്ഞ് നിര്‍ത്തിയതും അരുണ്‍ കാറില്‍ വന്നതും ഒപ്പമായിരുന്നു. " രാവിലെ തന്നെ പോകാം അരുണ്‍ .. നിന്‍റെ ടെന്‍ഷന്‍ ഒന്ന് കുറയട്ടെ .. ജോസൂട്ടിച്ചായനെയും വിളിക്കാം ..അറിഞ്ഞപ്പോള്‍ മുതല്‍ വിഷമിച്ചിരിക്കുകയാണ് " അരുണിനോട് ഇത് പറഞ്ഞിട്ട് ശങ്കര്‍ തിരിഞ്ഞു സുജയോടായി " സ്ത്രീ വിഭാഗത്തിന് പോകണമെങ്കില്‍ ആളെ തികച്ചോ , വൈകിട്ട് പോകാം .. നന്ദയെ കാണാന്‍ പോകാന്‍ കാര്‍ ഫ്രീയാണ് " ... അരുണ്‍ സുജയോടു പോയി എന്തോ സ്വകാര്യം ചോദിച്ചതിനു ശേഷം തമ്പി സാറിനെ വിളിച്ചു കൂടെ വരണമെന്ന് പറഞ്ഞു. ശങ്കറിനോട് എന്തോ പറഞ്ഞു കാറില്‍ പുറത്തേക്ക് വിട്ടതിനു ശേഷം കാന്‍റീന്‍ ഭാഗത്തേക്ക് പോയി. അവിടെയെത്തിയപ്പോള്‍ കാന്‍റീന്‍ മൊയ്തീനും ജോസൂട്ടിച്ചായനും സ്ഥിരമുള്ള പോലെ കശപിശ. അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത്‌ ചായയും കുടിച്ചു പുറത്തേക്ക് വന്നപ്പോള്‍് .. തമ്പി സാറും അവിടെയെത്തി ..എല്ലാരും ഗേറ്റിലെത്തിയപ്പോള്‍ തന്നെ ശങ്കര്‍ കാറുമായി തിരികെയെത്തി. കാര്‍ റോഡിലേക്ക് കയറിയതും തമ്പി സാര്‍ ശങ്കറിന്‍റെ തോളത്തു കൈവെച്ചു . " ശങ്കുവേ ചതിക്കല്ലേ ... അറിയാമല്ലോ പതിവ് ,,?.." സാറ് ഇക്കാര്യത്തില്‍ പേടിക്കേണ്ട .. ഒറ്റപ്പാലത്ത് തറവാടിത്വമുള്ള ഒരേ ഒരാള്‍ നമ്മുടെ അരുണ്‍ കുട്ടനാ .." ജോസൂട്ടിയുടെ കമന്‍റില്‍ പ്രതികരിച്ചത് അരുണ്‍ തന്നെയാ .." അച്ചായോ ... കുറയ്ക്കണ്ടാ .. സ്കോട്ച് തന്നെ ശങ്കര്‍ വാങ്ങി വെച്ചിട്ടുണ്ട് .. ചളമാക്കല്ലേ .. ഇങ്ങോട്ട് വരുമ്പോള്‍ എന്താന്നു വെച്ചാ ആയിക്കോ "അമ്പലപ്പാറ എത്തിയപ്പോള്‍ ജോസൂട്ടിയുടെ സ്ഥിരം ജോക്ക് വന്നപ്പോള്‍ അരുണ്‍ കാര്‍ നിര്‍ത്തി. " ശങ്കര്‍ നീ പിറകില്‍ കേറീട്ട് അച്ചായനെ പിടിച്ചു മുമ്പിലോട്ടിട് . ഇല്ലേല് ഇയാളിന്നു ചളമാക്കും ". .... ജോസൂട്ടിയെ മുമ്പിലാക്കി ശങ്കര്‍ പുറകില്‍ കേറി ...
ശേഖരമാമയുടെ വീടിനു മുമ്പില്‍ എത്തിയപ്പോള്‍ നന്ദയാണ് ആദ്യം ഓടി വന്നത്. " ഗുരുവിനും , പുസ്തക വിദ്വെഷിക്കും , റോമിയോക്കും , ഹംസത്തിനും സ്വാഗതം " നന്ദയുടെ പതിവില്ലാത്ത തമാശ കേട്ട് എല്ലാരും ഒന്ന് ഞെട്ടി . " ആന്റീ രണ്ടു ചായ , പിന്നെ രണ്ടു ബ്ലാക്ക്‌ ടീയും " അകത്തേക്കോടി ഇത് പറഞ്ഞിട്ട് ആഗതര്‍ ഇരിക്കുമ്പോഴേക്കും നന്ദ തിരികെയെത്തി . " അരുണിനും , ശങ്കുവിനുമാ ചായ പറഞ്ഞത് . ബാക്കി രണ്ടാള്‍ടെ കാര്യം എനിക്കറിയാം . രണ്ടെണ്ണം വീശാതെ എങ്ങട്ടും പോവില്ലാല്ലോ.." കുലുങ്ങി ചിരിച്ചോണ്ട് നന്ദ തുടര്‍ന്നു . അപ്പോഴേക്കും മാലതി മേനോന്‍ എത്തി . അരുണ്‍ ഒന്ന് എണീറ്റ്‌ വിഷ് ചെയ്തു ." അരുണിന് ബുദ്ധിമുട്ടായോ ..? .. മോള് ഒന്ന് ചിരിച്ചു കണ്ടപ്പോള്‍ ഒരാശ്വാസം " . നന്ദ അമ്മേടെ അടുത്തേക്ക്‌ മാറീട്ട് " ന്‍റെ റോമിയോ സാറേ .. അമ്മയ്ക്ക് എല്ലാം അറിയാം .. അമ്മ ഇവര്‍ക്കൊരു കമ്പനി കൊടുക്ക്‌ ഞാന്‍ ഇതാ എത്തി " നന്ദ ഉള്ളിലേക്ക് പോയി. അമര്‍ത്തി വെച്ചിരുന്ന കണ്ണീര്‍ ആ കണ്ണുകളില്‍ നിന്നും ധാരയായി പുറത്തേക്കൊഴുകിയപ്പോള്‍.. കുട്ടിയുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുക എന്ന് പറഞ്ഞു തമ്പി സാര്‍ സമാധാനിപ്പിച്ചു . " ഉച്ചയ്ക്ക് ഡോക്ടര്‍ വരും .. വിരോധേല്ലേ അത് കഴിഞ്ഞിട്ടാവാം മടക്കം .. ആ അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു " .. മൗനത്തിന്‍റെ ചെറിയ ഇടവേള . ഡ്രസ്സ്‌ മാറി വന്ന നന്ദ കൂടുതല്‍ സ്മാര്‍ട്ട്‌ ആയിരുന്നു . " അരുണ്‍ കം ഓണ്‍ .. നമുക്ക് ഇവിടെ ഒന്ന് ചുറ്റി നടന്നു കാണാം .. സോറി ഒറ്റയ്ക്ക് ഇരുന്ന് ബോറടിച്ചിട്ടാ .." അനുവാദത്തിനായി അമ്മേടെ മുഖത്തേക്ക് നോക്കി . "മോനേ ശ്രദ്ധിക്കണം . പെട്ടെന്ന് വരണം " മാലതി അത് പറഞ്ഞപ്പോള്‍ തമ്പി സാര്‍ എണീറ്റു . "അരുണ്‍ ടേക്ക് കെയര്‍ ..ഞങ്ങള്‍ ഇവിടെത്തന്നെ കാണും . വര്‍മ്മ സാറിനെ ഒന്ന് കാണട്ടെ " ...മാലതി മേനോന്‍ സാറിനെ ഉള്ളിലേക്ക് കൂട്ടീട്ടു പോയി. അരുണും നന്ദയും പുറത്തേക്കും ഇറങ്ങി. പറമ്പിലൂടെ നടന്നു ഇടവഴിയിലൂടെ വയലിലേക്ക് ഇറങ്ങി. നന്ദ പതിവില്ലാതെ നിര്‍ത്താതെ സംസാരിക്കുന്നത് അരുണിന് എന്തോ ഒരു ഭയം മനസ്സില്‍ തോന്നിപ്പിച്ചു. എങ്കിലും തന്നെ കാണുമ്പോള്‍ ഒഴിഞ്ഞു മാറി നടന്ന നന്ദ കൂടുതല്‍ അടുത്തപ്പോള്‍ സന്തോഷമായി. നന്ദ സംസാരിക്കുന്നത് മുഴുവന്‍ ശാരിയും, ഗോപനും തമ്മിലുള്ള പ്രണയത്തെ പറ്റിയാണ്. പാറയെ ചൂണ്ടി നക്ഷത്ര കഥ പറഞ്ഞു കൊടുത്ത നന്ദ പിന്നെ പറഞ്ഞത് ഗോപന്‍ മരിച്ചാല്‍ ആകാശത്ത്‌ ശാരിയുടെ അടുത്തു എത്തുമെന്നും പ്രണയ നക്ഷത്രങ്ങളായി അവര്‍ ആകാശ ഗംഗയില്‍ ഒഴുകി നടക്കുമെന്നൊക്കെയാണ് ..ഗോപന്‍റെ വീടിനു പിമ്പിലൂടെ റോഡിലേക്ക് കയറിയപ്പോള്‍ മൗനിയായി .. " എന്താ നന്ദാ..? " എന്ന ചോദ്യത്തിന് .." ഗോപന് സീരിയസ് ആണ് .. ഒന്ന് കാണാന്‍ മോഹം " എന്ന് മറുപടി നല്‍കി .. "പോകാം .. ഞാന്‍ ശങ്കറിനെ വിളിച്ചു കാര്‍ കൊണ്ട് വരാന്‍ പറയാം " .. അരുണ്‍ ഫോണ്‍ ചെയ്തു പത്തു മിനിട്ടിനുള്ളില്‍ കാര്‍ എത്തി . ശേഖരമാമയും കൂടെയുണ്ട് . ഇത്തിരി ദേഷ്യത്തിലാണ്. " അങ്കിള്‍ അരുണിനെ ചീത്ത പറയണ്ട .. ഞാന്‍ പറഞ്ഞിട്ടാ" ... "എന്താ കുട്ടീ ഇങ്ങനെ.. ഡോക്ടര്‍ വരില്ലേ " .. നന്ദയ്ക്ക് വാശി കൂടി .." പെരിന്തല്‍മണ്ണയ്ക്ക് അര മണിക്കൂര്‍ പോരെ .. ഒന്ന് പോയി ഗോപനെ കാണണം ..സോറി പറയണം ... പ്ലീസ് .." ആ വാശിയുടെ മുമ്പില്‍ പിന്നെ എതിര്‍ വാക്ക് പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല .... യാത്രയില്‍ നന്ദ തമാശകള്‍ ഒക്കെ പറഞ്ഞ് ചിരിച്ചപ്പോള്‍ എല്ലാര്‍ക്കും സമാധാനമായി . പക്ഷേ ആശുപത്രിയില്‍ എത്തി ഗോപന്‍റെ റൂമില്‍ കയറിയപ്പോള്‍ മുതല്‍ ആ മുഖത്ത് ഉണ്ടായ ചെറിയ മാറ്റങ്ങള്‍ അരുണ്‍ നോട്ട് ചെയ്തു . " ഇന്ന് രാവിലെയാ മുറിയിലേക്ക് കൊണ്ട് വന്നത് . അണുബാധ ഉണ്ടാകാതിരിക്കാന്‍ അടുത്തേക്ക്‌ ആരും പോകാന്‍ പാടില്ല എന്നാണു ഡോക്ടര്‍ പറഞ്ഞത്‌ " ഗോപന്‍റെ അമ്മ പറഞ്ഞു നിര്‍ത്തി. " ശരി ഞങ്ങള്‍ ഇറങ്ങട്ടെ .. ഇനിയും വരാം .. " നന്ദയുടെ കൈ പിടിച്ചു മേനോന്‍ പുറത്തേക്ക് ഇറങ്ങി .. പടികള്‍ ഇറങ്ങിയപ്പോള്‍ ഗോപനെ ഒന്ന് കൂടി കാണണം എന്ന് പറഞ്ഞു കൈ തട്ടിമാറ്റി കുതറിയോടാന്‍ നോക്കിയ നന്ദയെ അരുണും , മേനോനും കൂടി അടക്കിപ്പിടിച്ചു. അപ്പോഴേക്കും ആശുപത്രിയിലെ സെക്യൂരിറ്റിയും ഓടി വന്നു . ആകെ തകര്‍ന്നു പോയ അരുണിന് പിന്നെ കുറെ സമയം അവിടെ എന്താണ് നടന്നതെന്ന് മനസിലായില്ല . നോക്കുമ്പോള്‍ തോളില്‍ കയ്യിട്ട് ശങ്കര്‍ അടുത്തു തന്നെ തറയില്‍ ഇരിക്കുന്നു . " നന്ദയെ ഇവിടെ അഡ്മിറ്റ്‌ ചെയ്തു .. ആരെയും അങ്ങോട്ട്‌ കേറ്റി വിടുന്നില്ല .. ഡോക്ടര്‍ ഇങ്ങോട്ട് വരും , വീട്ടുകാരും " ... ശങ്കറിന്‍റെ വാക്കുകള്‍ കേട്ട് അരുണ്‍ കരഞ്ഞു പോയി ...ശങ്കര്‍ അരുണിനെയും കൂട്ടി പുറത്തേക്ക് നടന്നു .. ദൈവം പോലും കണ്ണടച്ച് കളഞ്ഞ ഒരു രാവും പിന്നെ പകലും...അന്ന് രാത്രി ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഗോപന്‍ മരണമടയുന്നു ......
മൂന്നു ദിവസത്തോളം പൂര്‍ണ്ണമായും സ്വപ്നങ്ങളുടെയും, ഭ്രാന്തിന്‍റെയും, മയക്കത്തിന്‍റെയും ഒക്കെ പിടിയിലായിരുന്ന നന്ദന മെല്ലെ ഓര്‍മ്മകളിലേക്ക് എത്തുമ്പോള്‍ ഗോപന്‍റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. പകുതി ബോധത്തിലും ഗോപനെ മാത്രം അന്വേഷിച്ച നന്ദയില്‍ നിന്ന് ആ മരണം ആദ്യം മറച്ചു വെച്ചു. നന്ദയെ തിരികെ കിട്ടാന്‍ കുറെ നല്ല മനസുകള്‍ ഒന്നിച്ചപ്പോള്‍ യാഥാര്‍ത്യങ്ങളുടെ ലോകത്തേക്ക് നന്ദ വീണ്ടും വന്നു. ഡോക്ടര്‍ തന്നെ ഗോപന്‍റെ മരണവും, ശാരിക്ക് ആഗ്രഹിച്ചതുപോലെ ഗോപനെ കിട്ടിയതുമെല്ലാം നന്ദയോട് പറഞ്ഞു. ഹിപ്നോട്ടിസത്തിലൂടെ നന്ദയെ ആകാശത്തിലെ പ്രണയ നക്ഷത്രങ്ങളെ കാണിച്ചു കൊടുത്ത്. ഉപ ബോധ മനസിലുള്ള സംശയങ്ങള്‍ ദുരീകരിച്ച് പൂര്‍ണ്ണമായും അസുഖത്തില്‍ നിന്നും ഭേദമാക്കി ..
അഞ്ചാം നാള്‍ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ വീട്ടുകാര്‍ കൂടാതെ കോളേജില്‍ നിന്നും അരുണും, തമ്പി സാറും എല്ലാം ഉണ്ടായിരുന്നു. ഡോക്ടര്‍ എല്ലാവരോടും വളരെ ഉറപ്പിച്ചു പറഞ്ഞു. ഇനി ഒരിക്കലും ഈ അസുഖം ഉണ്ടാവില്ല. കാര്യവും, കാരണങ്ങളും വേരോടെ പോയി. ഒരു തരത്തില്‍ നോക്കിയാല്‍ ഇവിടെ വന്നതും, വയലന്‍റ് ആയതും നന്നായി. ഉള്ളില്‍ ഉറങ്ങി കിടന്ന അസുഖം പൂര്‍ണ്ണമായും പുറത്തു പ്രകടിപ്പിച്ചതും നന്നായി. അല്ലെങ്കില്‍ അത് ഉള്ളില്‍ തന്നെ കിടന്നു ഭാവിയില്‍ കൂടുതല്‍ അപകടമാകുമായിരുന്നു. ആകാശത്തു വിരഹ ദുഃഖം അനുഭവിക്കുന്ന സഹോദരി. അവള്‍ക്കു ശാന്തി നല്‍കാന്‍ ഉള്ള അത്യധികമായ ആഗ്രഹം ഇങ്ങനെ ചെയ്യാന്‍ ഒക്കെ തോന്നിപ്പിച്ചെന്നേ ഉള്ളൂ. കഥ .. സ്വപ്‌നങ്ങള്‍ .. ചിന്തകള്‍ .. അതൊക്കെ കൂടി ഉണ്ടാക്കിയ താല്‍ക്കാലികമായ ഒരു അണ്‍ ബാലന്‍സിങ്ങ് അത്രയേ ഉള്ളൂ. ഇതിനെ ശരിക്ക് ഭ്രാന്ത് എന്ന് വിളിക്കാന്‍ പറ്റില്ല ഒരു സാധാരണ മെന്‍റല്‍ ഡിപ്രഷന്‍, ഇപ്പോള്‍ നന്ദയ്ക്ക് എല്ലാം അറിയാം. അതിനാല്‍ തന്നെ ഒന്നും ഭാവിയില്‍ പേടിക്കേണ്ട ആവശ്യമില്ല. അരുണിനോട്‌ ആദ്യം നല്ല ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് ദൈവം ആണ് അരുണിനെ കൊണ്ട് ഇതൊക്കെ തോന്നിപ്പിച്ചത് എന്ന് .. സൊ ബെസ്റ്റ്‌ ഓഫ് ലക്ക് യങ്ങ് മാന്‍ ... നന്മകള്‍ നേരുന്നു " ...
അടുത്ത ദിവസങ്ങളില്‍ അരുണും കോളേജിലെ കൂട്ടുകാരുമൊക്കെ നന്ദയുടെ കൂടെ തന്നെയായിരുന്നു . ശാരിയുടെ അടുത്തു തന്നെ തന്നെയും അടക്കണം എന്നുള്ള ആഗ്രഹം മരിക്കുന്നതിന് മുമ്പ് ഗോപന്‍ പറഞ്ഞിരുന്നു. അനുവാദം ചോദിച്ചപ്പോള്‍ ശേഖരമാമ പറഞ്ഞത് " ന്‍റെ കുട്യോളല്ലേ രണ്ടാളും. അവരൊന്നിച്ച് ഉറങ്ങട്ടെ ....ന്താ ന്നു വെച്ചാ ചെയ്യുക. കഴിയും പോലെ ഞാനും കൂടാം.." അരുണും, നന്ദയും പിന്നെ രണ്ടു കോളേജിലെ കൂട്ടുകാരും പൈസ പിരിച്ച് മുന്‍ കൈ എടുത്ത് അവിടെ ആ അനശ്വര പ്രണയ ജോടികള്‍ക്കുള്ള സ്മാരക മൊരുക്കി .ഗോപന്‍റെയും, ശാരികയുടെയും പ്രണയ കൂടാരത്തിനായി അരുണിന്‍റെ അക്കൌണ്ടില്‍ നിന്നും കൂടി പണം വന്നപ്പോള്‍ അതൊരു അനശ്വര പ്രണയ സ്മാരകമായി. മാര്‍ക്കറ്റില്‍ കിട്ടാവുന്ന ഏറ്റവും വിലകൂടിയ മാര്‍ബിള്‍ , സ്ഫടികങ്ങള്‍ ... പിന്നെ ആകാശത്തിലെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന രണ്ടു സ്ഫടിക നക്ഷത്രങ്ങളും. അടിയിലായി ശില്പ ഭംഗിയോടെ തിളങ്ങുന്ന അക്ഷരങ്ങളില്‍ കൊത്തിവെച്ച രണ്ടു പേരുകളും കുറിപ്പും.
'' ഞങ്ങള്‍ ഗോപനും ശാരികയും.. ഞങ്ങളുടെ പ്രണയം ഈ പ്രപഞ്ചം ഉള്ള കാലത്തോളം നില നില്‍ക്കുന്നു''
പൂര്‍വാധികം ഉന്മേഷത്തോടെ കോളേജില്‍ എത്തിയ നന്ദയെ ആഘോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത് . കൂട്ടത്തില്‍ നന്ദയും, അരുണും തമ്മിലുള്ള വിവാഹം രണ്ടു വീട്ടുകാരും അംഗീകരിച്ചതോടെ കോളേജില്‍ പിന്നെ ഉത്സവ നാളുകളായിരുന്നു. പ്രണയ സാക്ഷ്ത്കാരത്തില്‍ മതി മറന്ന അരുണ്‍ ചിനക്കത്തൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന ആഘോഷങ്ങള്‍ ആണ് കോളേജില്‍ കൊണ്ടാടിയത്. കോളേജ്‌ ഫെസ്റ്റി്ന്‍റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്ത അരുണ്‍ നന്ദന എഴുതിയുണ്ടാക്കിയ നക്ഷത്ര പ്രണയ കഥ ഒരു നോവല്‍ രൂപത്തിലാക്കി അതെ സ്റ്റേജില്‍ വെച്ചു തന്നെ പ്രശസ്തനായ ഒരു സാഹിത്യകാരനെ കൊണ്ട് പ്രസാധനം ചെയ്യിക്കാനും തീരുമാനിക്കുന്നു. ചെലവ് കൂടിയാലും വള്ളുവനാടിന്‍റെ സ്വന്തം എഴുത്തുകാരനായ പി ടി തന്നെ വേണം എന്ന വാശിയിലും വിജയം നേടുന്നു. ഗോപന്‍റെയും, ശാരികയുടെയും പ്രണയ കഥ .... മരണത്തിനു ശേഷമുള്ള അവരുടെ നക്ഷത്ര പ്രണയം ..കുറിപ്പുകളും , കാവ്യങ്ങളും കൂട്ടി നന്ദന അത് പൂര്‍ത്തിയാക്കുന്നു " പ്രണയ നക്ഷത്രങ്ങള്‍ " എന്ന് പേര്‍ വെച്ചു അടിപ്പിച്ച പ്രിന്‍റ് കോപ്പികള്‍ സ്വന്തം നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചാണ് അരുണ്‍ കോളേജില്‍ എത്തിച്ചത് . ഡിസംബര്‍ 10 .... വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിനം, നന്ദനയുടെ പിറന്നാള്‍ കൂടിയാണ്. ആ ദിനം തന്നെ കോളേജ്‌ ഫെസ്റ്റ് നടത്തണം എന്ന അരുണിന്‍റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് കോളേജ്‌ ഒന്നടങ്കം ഏറ്റെടുത്തത്. "അത് കഴിഞ്ഞു മൂന്നാം നാള്‍ എന്‍റെയും നന്ദയുടെയും വിവാഹ നിശ്ചയം ... പിന്നെ കോളേജിലേക്ക് ഞാന്‍ ഉണ്ടാവില്ല .....അച്ഛന്‍റെ കൂടെ ബിസിനസില്‍ ചേരുന്നു .. ഇത് എന്‍റെ അവസാനത്തെ കോളേജ്‌ ഫെസ്റ്റ് .." .. അരുണിന്‍റെ വാക്കുകള്‍ മുറിഞ്ഞു ....എന്‍റെ പൊന്നു മോനേ എന്ന് വിളിച്ചു കൊണ്ട് ജോസൂട്ടി അരുണിനെ കെട്ടി പിടിച്ച് കരഞ്ഞപ്പോള്‍ ഒരു നിമിഷം നിശ്ചലമായെങ്കിലും പൂര്‍വാധികം ഹര്‍ഷാരവത്തോടെ കൂട്ടുകാര്‍ അത് ഹൃദയത്തില്‍ ഏറ്റു വാങ്ങി .
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക .. വടക്കേ മനയ്ക്കല്‍ തറവാട്ടില്‍ ഒരു ഉത്സവാഘോഷമായിരുന്നു. തൂവെള്ള കസവ് സാരിയുടുത്ത് പൂര്‍വികരുടെ അനുഗ്രഹം വാങ്ങി കോളേജിലേക്ക് തിരിച്ച നന്ദയെ അവിടെ കാത്തിരുന്നത് കൂട്ടുകാരുടെ നേതൃത്വത്തില്‍ ഒരു വന്‍ സ്വീകരണമായിരുന്നു. പതിവിനു വിപരീതമായി കേരളത്തനിമയുള്ള കസവ് ചേലകള്‍ ചുറ്റി വള്ളുവനാടന്‍ പെണ്‍കൊടികള്‍ ഓഡിറ്റൊറിയത്തില്‍ നിറഞ്ഞപ്പോള്‍ ഉദ്ഘാടകനായ പി ടി പോലും രണ്ടു മൂന്നു വരികള്‍ മലയാളി മങ്കകളെ വര്‍ണ്ണിക്കാനായി മാറ്റി വെച്ചു. വൈകിട്ട് അഞ്ചു മണി .. ആദ്യം കോളേജ്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച പി ടി വള്ളുവനാടന്‍ കലയെപ്പറ്റിയും , സംസ്കാരത്തെപ്പറ്റിയുമൊക്കെ , എന്തിനേറെ തൃക്കാര്‍ത്തികയുടെ വിശേഷങ്ങള്‍ വരെ പ്രതീക്ഷിക്കാതെ വികാര ഭരിതനായി സംസാരിച്ചപ്പോള്‍ സദസ് ഒന്നടങ്കം ആ പുണ്യ വാക്കുകള്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി .. അടുത്തതായി നന്ദനയുടെ ആദ്യ പ്രസിദ്ധീകരണം ബഹുമാനപ്പെട്ട പി ടി സാര്‍ പ്രശസ്ത സാഹിത്യകാരന്‍ മോഹന്‍ പട്ടാമ്പിക്ക് നല്‍കി നിര്‍വഹിക്കുന്നതാണ് എന്നുള്ള അനൌന്‍സ്മെന്റ്റ്. കൂപ്പുകയ്യോടെ കയറിവന്ന നന്ദന കാല്‍ തൊട്ടു വന്ദിച്ചു. തലയില്‍ കൈവെച്ചു അനുഗ്രഹിച്ച ശേഷം വാത്സല്യത്തോടെ പിടിച്ച് എണീല്‍പ്പിച്ചു എന്നിട്ട് അടുത്തേക്ക് ചേര്‍ത്തു നിര്‍ത്തി സദസിനോടായി പറഞ്ഞു ." ഒരു കവിത കൊണ്ട് മലയാളികളെ അവാച്യമായ കാവ്യ ലോകത്തേക്ക് ഉയര്‍ത്തിയ ലക്ഷ്മി മേനോന്‍റെ പേരക്കുട്ടി - 'അഗ്നി മോക്ഷം ' കവിത .. അതിലെ ചില വരികള്‍ ഇപ്പോഴും ഓര്‍മ്മ - നായിക സാവിത്രിയെപ്പോലെ സൃഷ്ടാവും അഗ്നി മോക്ഷം നേടിയത് സൃഷ്ടിയുടെ പൂര്‍ണ്ണതയെന്നും, അപൂര്‍ണ്ണതയെന്നും അന്ന് ചര്‍ച്ചകള്‍ നിരവധിയായിരുന്നു. പട്ടാമ്പി കോളേജില്‍ ഒരേ ക്ലാസിലാണ് ഞാനും ലക്ഷ്മിയും പഠിച്ചതെന്നും, ഒന്നാകാന്‍ മോഹിച്ച് സ്വപ്‌നങ്ങള്‍ കാണവേ കുടുംബത്തിലെ ദാരിദ്യം കാരണം അന്യ ദേശത്തേക്ക് നാട് വിടേണ്ടി വന്നത് കൊണ്ട് നഷ്ടപ്പെടുത്തിയത് ഒരു ജീവിതമായിരുന്നുവെന്നും അഗ്നി മോക്ഷം കവിത ഞങ്ങളുടെ കഥയാണോ എന്നാലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ടെന്നും" കൂട്ടിച്ചേര്‍ത്തു. ആ വാക്കുകള്‍ ചെറിയ ഒരു ഞെട്ടലോടെ നന്ദയുള്‍‍പ്പടെയുള്ള ആളുകള്‍ ഉള്‍ക്കൊണ്ടുതീരും മുമ്പേ പി റ്റി തുടര്‍ന്നു . . . "മലയാളത്തിന്‍റെ ആ നഷ്ട വസന്തം കൊച്ചു മോള്‍ തിരികെ തരണം ...എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു " ... സദസ് ഹര്‍ഷാരവത്തോടെയാണ് ഈ വാക്കുകളെ എതിരേറ്റത് ..ഭാസ്കര തമ്പി നല്‍കിയ ആദ്യ പ്രതിയിലെ ആമുഖ പേജ് മറിച്ച് അതിലെ വരികളിലേക്ക് കടക്കുന്നു
" പ്രിയപ്പെട്ട ശാരി നീയാണ് ഭാഗ്യവതി. ഈ പ്രപഞ്ചം ഉള്ള കാലത്തോളം നിനക്ക് ഗോപനെ പ്രണയിക്കാം .. കണ്ണുകള്‍ ചിമ്മി കിന്നാരം പറയാം , ജന്മ ജന്മാന്തര ഭീതിയില്ലാതെ ആകാശ സീമയില്‍ പ്രണയ ഗീതങ്ങള്‍ പങ്കു വെയ്ക്കാം. നക്ഷത്രങ്ങളുടെ പ്രണയം മാത്രമേ പ്രപഞ്ചത്തില്‍ ശാശ്വതമായുള്ളൂ. ഭൂമിയില്‍ ആത്മാര്‍ഥമായി പ്രണയിക്കുന്നവര്‍ ദീപം സാക്ഷി നിര്‍ത്തി പ്രാര്‍ത്ഥനയോടെ വിളിച്ചാല്‍ കിഴക്കേ മാനത്ത് വന്ന് അനുഗ്രഹിക്കുക. നിങ്ങളുടെ പ്രണയം വിശ്വം മുഴുവന്‍ നന്മ പകരട്ടെ. " മോഹന്‍ പട്ടാമ്പിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു. സദസില്‍ ഉയര്‍ന്ന കയ്യടികള്‍ക്ക് ഇടയില്‍ നന്ദയെ ഒരിക്കല്‍ക്കൂടി ചേര്‍ത്തു നിര്‍ത്തി ആമുഖ പേജിലെ കവിത പാടി ..
" നാം കണ്ട സ്വപ്‌നങ്ങള്‍ മിഥ്യയായി മാറിയാലും
 പ്രണയിക്കാം നമുക്കീ ആകാശ സീമയില്‍ 
താരങ്ങള്‍ തന്നുടെ പ്രണയ കഥ
 പാടി പുകഴ്ത്തട്ടെ പാരിലെല്ലാം ......."
അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചു സദസില്‍ നിന്നും ഇറങ്ങി. നന്ദയ്ക്ക് പെട്ടെന്ന് തല കറങ്ങുന്നത് പോലെ തോന്നി. ശരീരം തളരുന്ന പോലെ .. തല പൊട്ടി പൊളിയുന്നപോലെ ..." അരുണ്‍ .." അരുണ്‍ ഓടിയെത്തിയപ്പോഴേക്കും ഒന്ന് വട്ടം കറങ്ങി ആ കൈകളിലേക്ക് വീണു പോയിരുന്നു. അഴിഞ്ഞു വീണ സാരിത്തലപ്പു പൊതിഞ്ഞു പിടിച്ച് നന്ദയെ പുറത്തേക്ക് കൊണ്ട് വന്നു. .." എനിക്ക് ആകെ തല കറങ്ങുന്നു അരുണ്‍ .... ശേഖരമാമയുടെ വീട്ടില്‍ പോകണം .. .. " ... നന്ദയുടെ വാക്കുകള്‍ കേട്ട് അരുണ്‍ ഞെട്ടിപ്പോയി .. സ്റ്റേജ് പരിപാടികള്‍ , അതിഥികള്‍ ..ഓടിയെത്തിയ ശങ്കറിനോട്‌ കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ പറഞ്ഞ് നന്ദയെയും പിടിച്ച് അരുണ്‍ കാറില്‍ കയറി. അരുണ്‍ ഫോണെടുത്ത് നന്ദയുടെ വീട്ടിലേക്ക് വിളിച്ചു സമ്മതം വാങ്ങി ... പിന്നെ നേരെ വണ്ടി വിട്ടു. പകുതി മയക്കത്തിലേക്ക്‌ പോയ നന്ദ കഥയിലെ എഴുതാത്ത വരികള്‍ ഓരോന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ കേള്‍ക്കുന്ന അര്‍ത്ഥത്തില്‍ തലയാട്ടി .." ആകാശത്തില്‍ പരസ്പരം കാണാനാവാതെ ഗോപനും , ശാരികയും അലയുകയാണ് ... കാര്‍ത്തിക വിളക്ക് തെളിച്ചാല്‍ അവര്‍ കിഴക്കേ മാനത്ത് ‍ എത്തുമെന്നും പിന്നെ ഒന്നായി തീരുമെന്നും , അതുകൊണ്ട് ഇന്ന് പാടത്തെ പാറമേല്‍ കാര്‍ത്തിക വിളക്ക് തെളിയിക്കണമെന്നുമൊക്കെ നന്ദ പറഞ്ഞപ്പോള്‍ അരുണിന്‍റെ സപ്ത നാഡികളും തളര്‍ന്നു പോയി .. ശേഖരമാമയെ വിളിക്കാം എന്നുള്ള അരുണിന്‍റെ വാക്കുകള്‍ക്കു ദൈന്യ മായ ഒരു നോട്ടത്തോടെ നന്ദ " വേണ്ട ..ആരും വേറെ പാടില്ല . പോകുന്ന വഴിക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ മതി " . എന്നാണു പ്രതികരിച്ചത്. വഴിയിലെ ഒരു കടയുടെ മുമ്പില്‍ നിര്‍ത്തി വേണ്ടതെല്ലാം വാങ്ങി ഡിക്കിയിടുമ്പോള്‍ തീരുമാനിച്ചു , തല്‍ക്കാലം നന്ദ പറയുന്നപോലെ പോകട്ടെ എന്ന്. ഗോപന്‍റെ വീടിന്‍റെ പിന്നാമ്പുറത്തുള്ള പാടത്തിന്‍റെ വശത്തേക്ക് വണ്ടി തിരിക്കാനുള്ള നന്ദയുടെ നിര്‍ദേശം അംഗീകരിക്കാനേ അരുണിനായുള്ളൂ .. ശേഖരമാമയുടെ വീട് മറികടന്ന് പാടത്തേക്കുള്ള ചെറിയ വഴിയിലേക്ക് ഇറങ്ങുമ്പോള്‍ ആരൊക്കെയോ തന്‍റെ കാര്‍ ശ്രദ്ധിച്ചോ എന്ന് സംശയം . കാറും ഞാനുമൊക്കെ എല്ലാര്‍ക്കും പരിചയം ഉള്ളതിനാല്‍ ആകെ ഒരു പേടി ..ആരേലും ചോദിച്ചാ എന്താ ഇപ്പൊ മറുപടി പറയുക. നന്ദയുടെ മുഖത്ത് യാതൊരു കൂസലും കാണാനില്ല .. കാര്‍ നിര്‍ത്തി പൊതിക്കെട്ടും എടുത്ത് വയലിലൂടെ നടന്ന് പാറയുടെ സമീപം എത്തിയപ്പോളെക്കും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു. ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ .. അരുണിന്‍റെ നെഞ്ചിടുപ്പ് കൂടി ..പൊതിക്കെട്ടില്‍ നിന്നും ചിരാതുകള്‍ പുറത്തേക്ക് പെറുക്കി വെച്ച് എണ്ണയൊഴിച്ചു , തിരികള്‍ ഓരോന്നിലും വെച്ച് ചുറ്റും നക്ഷത്ര രൂപത്തില്‍ നിരത്തുന്ന നന്ദ ചുറ്റുപാടുകള്‍ നോക്കുന്നെയില്ല . ഓരോ തിരികളും കത്തിച്ചു ഒടുവില്‍ മധ്യത്തിലായി കിഴക്കേ മാനത്തേക്ക് നോക്കി നന്ദ നിന്നപ്പോള്‍ അരുണ്‍ അടുത്തേക്ക്‌ ചെന്നു
പ്രകാശിച്ചു നില്‍ക്കുന്ന കാര്‍ത്തിക വിളക്കുകളുടെ നടുവില്‍ ‍ നന്ദന പുഞ്ചിരിതൂകി നിന്നപ്പോള്‍ ഭൂമിയിലും നക്ഷത്രങ്ങള്‍ വിരിഞ്ഞ പോലെ . മന്ദമാരുതനില്‍ ഇളകിയാടുന്ന കാര്‍ത്തിക ദീപങ്ങള്‍ ..കൈകളില്‍ എന്തോ ഒരു ആത്മാനുഭൂതി ....വെണ്ണയില്‍ നീരാടി ഒരു അപ്സരസ്സ് തലോടിയപോലെ .. നന്ദ അരുണിനെ പുണര്‍ന്നു നിന്നു...." അരുണ്‍ ദേ കിഴക്കോട്ട് നോക്ക് .....ആകാശത്ത്‌ ... കണ്ടോ രണ്ടു നക്ഷത്രങ്ങള്‍ ..? അവര്‍ പരസ്പരം പ്രണയ സന്ദേശങ്ങള്‍ കൈമാറുന്നത് കാണുന്നുവോ..? ആ സ്പര്‍ശനം പിന്നെ വാക്കുകള്‍ ഒഴുകിയിറങ്ങുന്ന പുതുമഴ പോലെ ലഹരിയും , പുതു മണ്ണിന്‍റെ സുഗന്ധവും തരുന്നു .." കാണാന്‍ കഴിയുന്നില്ലല്ലോ നന്ദ .." നോക്കിയപ്പോള്‍ പെട്ടെന്ന് ഒന്നും കണ്ടില്ല .. നന്ദയോട് കള്ളം പറയാന്‍ അരുണിന് കഴിഞ്ഞില്ല .. " നോക്ക് എന്നെ ചേര്‍ത്ത് പിടിച്ചിട്ട് ഈ കണ്ണുകളിലൂടെ നോക്ക് .. അവിടെ കാണാം .. നോക്ക് അരുണ്‍ ..." . . മനുഷ്യ മനസിലെ ആത്മാനുഭൂതി , യാന്ത്രികമാവാം നന്ദനയോട്‌ ഒട്ടി നിന്ന് അവളുടെ ഹൃദയത്തോട്‌ ചേര്‍ന്ന് വീണ്ടും നോക്കിയപ്പോള്‍ കണ്ടു ...കിഴക്കേ മാനത്ത് അടുത്തടുത്തായി രണ്ടു നക്ഷത്രങ്ങള്‍ .. അവ കണ്ണുകള്‍ ചിമ്മി സന്ദേശങ്ങള്‍ കൈമാറുന്നപോലെ.. നന്ദനയുടെ മേനി ഒട്ടി ചേരുന്ന പോലെ .. ആ സൌരഭ്യം ഒഴുകി ഹൃദയത്തിന്‍റെ ഭാഗം ആകുന്ന പോലെ ... പുണര്‍ന്നു കൊണ്ടവള്‍ കാതിലായി പറഞ്ഞു .." നോക്ക്.. ശാരിയുടെയും ഗോപന്‍റെയും പ്രണയം ...ആകാശത്തിലെ പ്രണയ ജോടികള്‍ ... എത്ര മനോഹരം ഈ പ്രണയം " അത് പറഞ്ഞു കൊണ്ട് നന്ദ അരുണിലേക്ക് ചാഞ്ഞു " നന്ദാ . ..... ... നമുക്ക് പോകാം ..." നന്ദയെ താങ്ങി പ്പിടിച്ച് മുമ്പോട്ടു നടക്കുമ്പോള്‍ ചുറ്റും കൂടി നിന്നവരുടെ മുഖങ്ങള്‍ കണ്ട അരുണ്‍ ശരിക്കും ഞെട്ടിപ്പോയി ... നന്ദയുടെ അച്ഛന്‍ , അമ്മ ... ശേഖരമാമ .. കൂട്ടുകാര്‍ കുറെപ്പേര്‍ ..
പകുതി മയക്കത്തിലേക്ക്‌ പോയ നന്ദയെ താങ്ങി കാറിലേക്ക് കയറ്റുമ്പോള്‍ പ്രാര്‍ഥനകളും , കരച്ചിലുമൊക്കെ ചുറ്റും പടരുന്നത് അരുണ്‍ അറിഞ്ഞു .. " മോന്‍ വണ്ടി വിട് .. ഞാന്‍ കൂടെ കേറാം .. മാലതീം ഒക്കെ അവരുടെ കാറില്‍ വന്നോളും ..ശേഖരമാമ കൂടെ കേറി . ധൃതിയില്‍ നന്ദയെ ഇടതു ഭാഗത്തേക്ക് ഒതുക്കി അരുണ്‍ കാര്‍ ഒറ്റപ്പാലത്തെക്ക് ഓടിച്ചു . ഇടതു തോളിലേക്ക് ചേര്‍ന്ന് കിടന്ന നന്ദ മയക്കത്തിലും എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു . ഇടതു കൈക്ക് ബാലന്‍സ് കുറഞ്ഞെങ്കിലും ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തികൊണ്ടിരുന്നപ്പോള്‍ മംഗലാം കുന്നും , അമ്പലപ്പാറയുമൊക്കെ പെട്ടെന്നാണ് കടന്നുപോയത് ...വള്ളുവനാട് ഹോസ്പിറ്റല്‍ എത്തുമ്പോഴേക്കും മുമ്പില്‍ തന്നെ കോളേജ്‌ ഫെസ്റ്റ് പോലും കാണാതെ പ്രാര്‍ത്ഥനയോടെ കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ .." മോനെ എന്ന് വിളിച്ചോണ്ട് ഓടി വന്ന ജോസൂട്ടിച്ചായന്‍ തന്നെയാണ് നന്ദയെ താങ്ങാന്‍ കൂടെ കൂടിയത് . റൂമില്‍ അഡ്മിറ്റ്‌ ആക്കി ഗ്ലുകോസ് നല്‍കാന്‍ തുടങ്ങിയപ്പോഴേക്കും റൂം നിറച്ചും ആളുകളായിരുന്നു . നന്ദയ്ക്ക് വീണ്ടും മാനസിക നില തെറ്റി എന്ന മട്ടിലുള്ള പതിഞ്ഞ സംസാരങ്ങള്‍ , അടക്കി പിടിച്ച കരച്ചിലുകള്‍ .. "എല്ലാവരും ഒന്ന് പുറത്തേക്ക് നില്‍ക്കുക ... അരുണ്‍ കുറച്ചു കഴിഞ്ഞു പോയാല്‍ മതി " .. മോളി സിസ്റ്റര്‍ കടന്നു വന്നു .. പകുതി മയക്കത്തില്‍ നന്ദ " അരുണ്‍ " എന്ന് വിളിച്ച പോലെ തോന്നല്‍ .."അരുണ്‍ എന്നെ വിട്ടു പോകല്ലേ ..". അടുത്തിരുന്ന തന്‍റെ വലം കൈ നന്ദ മുറുകെ പിടിച്ചിട്ടുണ്ട് .. നന്ദയുടെ ബന്ധുക്കള്‍ ഒഴികെ എല്ലാവരും പുറത്തേക്ക് ഇറങ്ങിയിരിക്കുന്നു . ഡോക്ടര്‍ ഹരിദാസ്‌ ‍ കയ്യിലെ പള്‍സ് പരിശോധിച്ചതിനുശേഷം നന്ദയുടെ അച്ഛനോട് ..." നിങ്ങള്‍ക്ക് അടുത്ത മുറിയാണ് .. അവിടെ വിശ്രമിക്കുക ..അരുണ്‍ ഇവിടെ നില്‍ക്കട്ടെ ..ഇനി സെടെഷന്‍ നല്‍കണം ..മയങ്ങട്ടെ ..രാവിലെ ജോണ്‍ സാമുവല്‍ എത്തും ..ബാക്കി അപ്പോള്‍ നോക്കാം " ... വിഷമിക്കേണ്ട കുട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് കൂട്ടി ചേര്‍ത്തു ഡോക്ടര്‍ പോയി ..അടക്കി പിടിച്ച കണ്ണീരോടെ വീട്ടുകാരും പോയപ്പോള്‍ അരുണും , മോളി സിസ്റ്ററും മാത്രം ആയി. മയങ്ങാനുള്ള മരുന്ന് കൂടി കുത്തിവെച്ചു അവരും പോയപ്പോള്‍ അരുണ്‍ നന്ദയുടെ മുടി ഒന്ന് ഒതുക്കി കിടക്കയിലേക്ക് ചേര്‍ന്നിരുന്നു. ഗ്ലുക്കൊസും , മരുന്ന് മൊക്കെയായി സിസ്റ്ററും .. പൊന്നുമോളെ കാണാന്‍ ഇടയ്ക്കിടയ്ക്കു അച്ഛനും, അമ്മയും , മാമയും വന്നത് ഒഴിച്ചാല്‍ വേറെ ആരെയും കടത്തി വിട്ടില്ല എന്ന് തോന്നുന്നു . മരുന്നിന്‍റെ എഫെക്റ്റ് ആവാം .. ഇടയ്ക്ക് ചെറിയ ഓര്‍മ്മകിട്ടുമ്പോള്‍ നന്ദ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..
പുലര്‍ച്ചെ ജോണ്‍ സാമുവല്‍ ഡോക്ടര്‍ എത്തി. തോളത്തു തട്ടി അരുണിനോട്‌ ആദ്യം നന്ദി പറഞ്ഞെങ്കിലും പുറത്തിറങ്ങിയപ്പോള്‍ രൂക്ഷമായി ശകാരിച്ചു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം അരുണാണ് എന്ന് ദേഷ്യത്തില്‍ പറഞ്ഞപ്പോള്‍ .. പകരം എന്‍റെ ജീവിതം നന്ദയ്ക്ക് നല്‍കാമെന്നേ മറുപടി നല്‍കാന്‍ ആ സാധുവിന് കഴിഞ്ഞുള്ളു . മയക്കത്തില്‍ നിന്നും ഉണര്‍ന്ന നന്ദ ഭാവ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഒരു ചെറിയ ഉണര്‍വ്‌ എല്ലാ മുഖങ്ങളിലുമുണ്ടായി. പത്തു മണിയായപ്പോള്‍ ഡോക്ടര്‍ വീണ്ടും എത്തി . .. ഞാന്‍ ആദ്യം നന്ദയോട് ഒന്ന് സംസാരിക്കട്ടെ എന്ന് പറഞ്ഞു എല്ലാരെയും പുറത്താകി റൂം അടച്ചു. നീണ്ട ഒരു മണിക്കൂര്‍. ഡോക്ടര്‍ പുറത്തു വന്നു. അരുണിനെയും കൂട്ടി ഗസ്റ്റ്‌ റൂമിലേക്ക്‌ നടന്നു. കസേരയില്‍ ഇരുന്ന ഡോക്ടര്‍ അവിടെയുണ്ടായിരുന്ന സിസ്റ്റര്‍ രാജിയോട് രണ്ടു ചായ എന്ന് പറഞ്ഞു വിട്ടു. മുഖവുര കൂടാതെ ഡോക്ടര്‍ കാര്യത്തിലേക്ക് കടന്നു . " അരുണ്‍ , ഞാന്‍ ആ മുറിയില്‍ വെച്ച് തന്നെ വിശദമായി എല്ലാം തമാശ രൂപേണ സംസാരിച്ചത് നന്ദയെ ഒന്ന് അളക്കാന്‍ വേണ്ടിയായിരുന്നു. ഒരു കാര്യം ഞാന്‍ ഇപ്പോള്‍ തന്നെ പറയാം. ഒന്നുകില്‍ ഇന്നലെ ശാരിയോടുള്ള സ്നേഹവും , നക്ഷത്രങ്ങളുടെ പ്രണയ കഥയും, പഴയ വിശ്വാസങ്ങളും, എല്ലാം കൂടി മനസ്‌ പ്രക്ഷുബ്ദമാക്കിയപ്പോള്‍ ഉണ്ടായ ഒരു സാധാരണ ടെന്‍ഷനും തലകറക്കവും അത്രയേ ഉള്ളൂ. അല്ലാതെ മനസിന്‍റെ സമനില തെറ്റിയതോന്നുമല്ല. കാരണം വിശ്വാസങ്ങളും, ചിന്തകളും, അതിരു കടന്ന സ്നേഹവും മാത്രം. അത്രയേറെ ഞാനവരെ പരീക്ഷിച്ചു, അതല്ലാ ഭ്രാന്തിന്‍റെ അംശങ്ങള്‍ ഒളിപ്പിച്ചു വെച്ച് അവരുടെ മനസ് ബുദ്ധിപരമായി എന്നെ കബളിപ്പിക്കുകയാണ് ചെയ്തതെങ്കില്‍ ഒരിക്കലും നന്ദയ്ക്ക് ഈ ഭ്രാന്തില്‍ നിന്നും മോചനം ഉണ്ടാവില്ല , ഉപബോധ മനസിലുള്ള അത് എപ്പോള്‍ വേണമെങ്കിലും അപകട കാരിയായേക്കാം.. അങ്ങനെയെങ്കില്‍ അവരെ ഉപേക്ഷിക്കാന്‍ മാത്രമേ ഞാന്‍ പറയുള്ളൂ , പ്രണയവും .. കല്യാണവുമെല്ലാം ചിന്തിക്കുകയേ വേണ്ട .. ആത്മഹത്യ , കൊലപാതകം രണ്ടും ഉറപ്പാണ് .. ഭ്രാന്തമായമനസ് ഇഷ്ടപ്പെടുന്നത് ആകാശത്തെ പ്രണയ നക്ഷത്രങ്ങള്‍ ആവാന്‍ ആണ് .. പ്രാര്‍ഥിക്കുക .. ഇടയ്ക്ക് അവരെ പുറത്തേക്ക് ഒക്കെ ഒന്ന് കൂട്ടുക .. ഞാന്‍ ഇപ്പോള്‍ ഈ പറഞ്ഞത് ആരും അറിയരുത് .. അവരുടെ അച്ഛനും , അമ്മയും പോലും .. ഒരാഴ്ച ഒരു സാധാരണ ആളെപ്പോലെ നന്ദ ഇവിടെ കഴിയട്ടെ. എന്നിട്ട് തീരുമാനിക്കാം .. ഭാവി .. ബെസ്റ്റ്‌ ഓഫ് ലക്ക്‌ ബ്രദര്‍ " ..ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.
റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒഴുകിയ കണ്ണീര്‍ തുടച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ച് നന്ദയുടെ റൂമിലേക്ക്‌ നടന്നു. മുറിയില്‍ നന്ദയുടെ ബന്ധുകളെ കൂടാതെ തന്‍റെ അച്ഛനെയും, അമ്മയെയും ഒക്കെ കണ്ടപ്പോള്‍ മനസ് ഒന്ന് പിടഞ്ഞെങ്കിലും ധൈര്യം കൈവിട്ടില്ല .. " ഇതെന്താ എല്ലാരും ഇങ്ങനെ പേടിച്ചേ .. നന്ദയ്ക്ക് ഒന്നുമില്ല .. ഒരു തലകറക്കം വന്നൂന്നെ ഉള്ളൂ ..കണ്ടില്ലേ ഇപ്പോള്‍ പയറു മണിപോലെ ചാടി നടക്കുന്നത് " .. " വെറുതേ ആളെ പേടിപ്പിച്ചത് അരുണാണ്‌ ... എന്നിട്ടിപ്പോ ഒരു പുണ്യാളന്‍ " നന്ദയുടെ മറുപടിയും , ചിരിയുമെല്ലാം എല്ലാരുടെയും മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ചെങ്കിലും ..തകര്‍ന്ന മനസുമായി അരുണ്‍ പുറത്തേക്കിറങ്ങി .. സ്റ്റെപ്പ് ഇറങ്ങിയപ്പോള്‍ പിറകിനു ഓടിവന്നിരിക്കുന്നു നന്ദ ..കയ്യില്‍ പിടിച്ചോണ്ട് " അരുണ്‍ .. നമുക്ക് ശാരിയെയും , ഗോപനെയും പോലെ ആകാശത്തു പോയി പ്രണയിച്ചാലോ..? ... ഷോക്കടിച്ച പോലെ നിന്ന അരുണിന്‍റെ കവിളില്‍ ഒന്ന് നുള്ളിയിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് നന്ദ പറഞ്ഞു " എന്‍റെ മാഷേ ഇങ്ങനെയങ്ങോട്ട് പേടിച്ചാലോ ...? നമുക്കിവിടെ ഒരു നൂറു കൊല്ലം അടിച്ചു പൊളിച്ചു ജീവിച്ചിട്ടു പിന്നെ ആകാശത്തു പോയി പ്രണയിക്കാട്ടോ ..? പി ടി സാറ് പറഞ്ഞപോലെ മുത്തശ്ശി ബാക്കി വെച്ച കടം വീട്ടണ്ടേ ? ...കുട്ടന്‍ പോയിട്ട് വേഗം വാ ..!! പറഞ്ഞതും ആള് തിരിഞ്ഞോടിക്കളഞ്ഞു .."ചിനക്കത്തൂരമ്മേ ന്‍റെ നന്ദയെ എനിക്ക് തിരിച്ചു തരണമേ "എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു അരുണ്‍ കാറെടുത്ത് വീട്ടിലേക്കു വിട്ടു ..
നന്ദ ആശുപത്രിയില്‍ സാധാരണ രീതിയില്‍ അടിച്ചു പൊളിച്ചു നടക്കുന്നു .. ഡോക്ടര്‍ ഇടയ്ക്ക് വരുമ്പോള്‍ ഒക്കെ അവരാണ്‌ കൂട്ട് . സംസാരങ്ങളും , പൊട്ടിച്ചിരികളും ആയി നന്ദയും ഡോക്ടറും നടക്കുമ്പോള്‍ അരുണ്‍ അഗ്നിയില്‍ ദഹിക്കുകയായിരുന്നു. ആറു ദിനങ്ങള്‍ കഴിഞ്ഞു. ഡോക്ടര്‍ എത്തി എന്നറിഞ്ഞപ്പോള്‍ റൂമിലേക്ക്‌ ചെന്നു. എന്താണ് ഡോക്ടര്‍ തീരുമാനം എന്നുള്ള അരുണിന്‍റെ ചോദ്യത്തിന് . "അരുണ്‍ .. ഞാന്‍ പറഞ്ഞത് ഇപ്പോള്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു .. ഒന്നുകില്‍ നന്ദയുടെ ഉപബോധ മനസ് നമ്മെ നന്നായി കബളിപ്പിക്കുന്നു .. അല്ലെങ്കില്‍ അവര്‍ ഇപ്പോള്‍ നോര്‍മല്‍ ആണെന്ന് മാത്രമല്ല ഇനി എത്ര മാനസിക പ്രശ്നങ്ങള്‍ വന്നാലും അത് അതി ജീവിക്കാനുള്ള കഴിവും നേടിയിരിക്കുന്നു. നാളെ ഡിസ്ചാര്‍ജ് ചെയ്യും . അവര്‍ വീട്ടില്‍ പോയിക്കോട്ടെ. വ്യക്തമായ ഉത്തരം നല്‍കാന്‍ എനിക്ക് കഴിയുന്നില്ല. ഞാന്‍ പരാജയപ്പെട്ടു എന്നര്‍ത്ഥമില്ല, മാസങ്ങള്‍ വേണ്ടി വരും .. ഒരു വര്‍ഷത്തോളം നന്ദ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഉറപ്പിക്കാം ഇനിയൊരിക്കലും അസുഖം വരില്ലാ എന്ന് . അതിനു ശേഷം വേണമെങ്കില്‍ നിശ്ചയവും കല്യാണവും ഒക്കെ ആകാം പക്ഷേ ‍ ഇപ്പോള്‍ ഒരസുഖവുമില്ലാതെ ആശുപത്രിയില്‍ നിര്‍ത്താന്‍ കഴിയില്ലല്ലോ ..? പ്രാര്‍ത്ഥിക്കുക നല്ലതിനായി .. ..എനിക്ക് നിങ്ങളോട് പറയാനുള്ളത് ഈ വിവാഹത്തില്‍ നിന്നും പിന്‍മാറുക അല്ലെങ്കില്‍ ഒരു കൊല്ലം കാത്തിരിക്കുക. ഇന്ന് വൈകിട്ട് നന്ദയുടെ സ്വപ്ന ലോകത്തേക്ക് ഒന്ന് കൂട്ടി കൊണ്ട് പോകുക . ഞാന്‍ പറഞ്ഞിട്ടുണ്ട് എല്ലാരോടും .. ഒറ്റയ്ക്ക് പോയാല്‍ മതി. ഒരു ടെസ്റ്റിംഗ് ...ധാരാളം സംസാരിക്കുക. എന്തെങ്കിലും ഭാവ വ്യത്യാസം തോന്നിയാല്‍ ശ്രദ്ധിക്കുക." ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി ..
.. വൈകിട്ട് അഞ്ചു മണി. അരുണ്‍ നന്ദയെ കൂട്ടി ശ്രീകൃഷ്ണപുരത്തേക്ക് പോകുന്നു . " അരുണ്‍ എങ്ങനെയാ ഈ കടമെല്ലാം ഞാന്‍ വീട്ടുക ... സത്യമായിട്ടും അന്ന് സ്റ്റേജില്‍ വെച്ച് എന്താ സംഭവിച്ചേ എന്നനിക്കറിയില്ല .. എല്ലാരും പേടിച്ചൂന്നു മനസിലായി .. ഡോക്ടര്‍ അസുഖം ഒന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ സമാധാനമായി ..അരുണ്‍ എന്നെ ഇപ്പോഴും പഴയ പോലെ ഇഷ്ടപ്പെടുന്നുവോ ..? " നന്ദയുടെ ചോദ്യത്തിന് "ജീവിച്ചാല്‍ നമുക്ക് ഇവിടെ പ്രണയിക്കാം , മരിച്ചാല്‍ ആകാശത്തും .. ഇത്രേം കേട്ടാല്‍ മതിയോ എന്‍റെ നന്ദ കുട്ടിക്ക് " അരുണിന്‍റെ മറുപടി കേട്ട് നന്ദ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു ... "ഇഷ്ടായി , മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടൊരു സൌരഭ്യം .. എന്‍റെ കൂടെ കൂടി ഇപ്പൊ സാറും സാഹിത്യം പഠിച്ചു .. എന്തായാലും എന്‍റെ നക്ഷത്രങ്ങള്‍ കാണാന്‍ പോകുവല്ലേ .. സമയം ഉണ്ട് .. നമുക്ക് അനങ്ങന്‍ മല ഒന്ന് കാണാം ‍ "ചുനങ്ങാട് വണ്ടി നിര്‍ത്തി അനങ്ങന്‍ മലയെ നോക്കി കുറെ നേരം നിന്നു . നന്ദ ശരിക്കും ആസ്വദിക്കുന്നു എന്ന് അരുണിന് മനസിലായി. പത്തു മിനിറ്റിനു ശേഷം വീണ്ടും പുറപ്പെട്ടു . നന്ദ അനങ്ങന്‍ മലയെ പറ്റി എന്തൊക്കെയോ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു അരുണ്‍ എല്ലാം കേള്‍ക്കുന്ന മട്ടില്‍ തല കുലുക്കി സപ്പോര്‍ട്ട് ചെയ്തു. എന്താ ഇപ്പോള്‍ പെട്ടെന്ന് യാത്രയെന്നുള്ള നന്ദയുടെ ചോദ്യത്തിന് "ഇനിയും തനിക്ക് വട്ടാവുമോയെന്നറിയാന്"‍ അരുണിന്‍റെ മറുപടി നന്ദയ്ക്ക് ഇഷ്ടപ്പെട്ടു . " എന്തായാലും ഒരു ചാന്‍സ് കിട്ടിയല്ലോ .. സാറ് വണ്ടി വിട്ടാട്ടെ .." നന്ദ അരുണിനോട് കുറച്ചു കൂടി അടുത്തിരുന്നു.
വീടിനു മുമ്പില്‍ വണ്ടിയെത്തിയപ്പോള്‍ തന്നെ ശേഖരമാമ .. "മോളെ" എന്ന് വിളിച്ചു കൊണ്ടോടിവന്നു." അല്ല ഒരു സംശയം മോളുടെ സൂക്കേട് മാറി ഇപ്പോള്‍ ഡോക്ടര്‍ക്കായോ ..? " വയലിലൂടെ നടന്നു പാറയില്‍ എത്തുമ്പോള്‍ സൂര്യന്‍ മറഞ്ഞു തുടങ്ങിയിരുന്നു ..മൗനത്തിന്റെ ചെറിയ ഇടവേളയ്ക്കു ശേഷം അരുണ്‍ പറഞ്ഞു " ഇവിടെ ഇരിക്കുമ്പോള്‍ ഒരാശ്വാസം നന്ദ , ഒരാഴ്ചത്തെ ടെന്‍ഷന്‍ ഇല്ലാതാവുന്നപോലെ .. ഡോക്ടര്‍ പറയുന്നത് ജീവിതവും , മരണവും നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ പോലെയാണെന്നാ , ഹെഡ് ഓര്‍ ടെയില്‍.. എന്ത് തന്നെയാണെങ്കിലും ജീവിതം എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു .. നന്ദ പറഞ്ഞ കഥ പോലെ അഥവാ മരിച്ചാലും നമുക്കിനി ആകാശത്തു പ്രണയിക്കാമല്ലോ'' . പൊട്ടിച്ചിരിയോടെയായിരുന്നു നന്ദയുടെ മറുപടി " വന്നപ്പോള്‍ ശാരിയുടെ രണ്ടു ഡയലോഗ് പറഞ്ഞു പേടിപ്പിക്കണം എന്ന് കരുതിയതാണ്. തമാശയ്ക്ക് പോലും ഇനി അരുണിനെ വേദനിപ്പിക്കാന്‍ എനിക്കാവില്ല " ..മെല്ലെ ഇരുള്‍ പരന്നു .. .. വൃശ്ചിക മാസത്തിലെ തണുത്ത കാറ്റ്.... തെളിഞ്ഞ ആകാശത്തു ഉദിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ ..കിഴക്കേ മാനത്ത് തെളിഞ്ഞ രണ്ടു നക്ഷത്രങ്ങള്‍ തന്നെ കണ്ണുകള്‍ ചിമ്മി മാടി വിളിക്കുന്നുവോയെന്ന് അരുണിന് തോന്നി .. "നന്ദ പ്രണയ നക്ഷത്രങ്ങളെ നോക്കുന്നില്ലേ ..? ദേ തന്നെ നോക്കിയവ ചിരിക്കുന്നു " ചിരിയോടെയായിരുന്നു നന്ദയുടെ മറുപടി വീണ്ടും " സാറേ .. കള്ളം പറയല്ലേ .. ദീപങ്ങള്‍ കൊളുത്തി മനസര്‍പ്പിച്ചു നോക്കിയാല്‍ അവ ഹൃദയത്തിലാ തെളിയുക .. അതാ അന്ന് അരുണിനും കാണാന്‍ പറ്റിയത്. നമുക്കിവിടെ മരിക്കുവോളം പ്രണയിക്കാം അരുണ്‍ .. പിന്നെ ആകാശത്തും . തല്‍ക്കാലം ശാരിയും , ഗോപനും അവിടെ പ്രണയിക്കട്ടെ .. നമുക്കിവിടെയും . അവര്‍ പരസ്പരം നല്‍കിയ വാക്കുകള്‍ നമുക്കും നല്‍കാം..." നന്ദ അരുണിന്‍റെ കൈകള്‍ പിടിച്ചു . " നീലാകാശത്തെയും , നക്ഷത്രങ്ങളെയും സാക്ഷി നിര്‍ത്തി ഈ ജന്മത്തിലും , ഇനി ഏഴു ജന്മങ്ങളും നാം ഒന്നിച്ചാണെന്ന് പ്രതിജ്ഞ എടുക്കുന്നു .. ഇനി പോകാം " നന്ദയും , അരുണും എണീറ്റു . അരുണിന്‍റെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു . നഷ്ട സൌഭാഗ്യം തിരികെ ലഭിച്ചിരിക്കുന്നു. പാറയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് ഒരു വലിയ ഉരുളന്‍ കല്ല്‌ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും വന്ന് അരുണിന്‍റെ തലയില്‍ തൊട്ടു തൊട്ടില്ല എന്ന വ്യത്യാസത്തില്‍ വയലില്‍ പോയി വീണു. ഒരു നിമിഷം ഞെട്ടിത്തരിച്ച അരുണിനെ പിടിച്ചു മാറ്റി കൊണ്ട് വേഗത്തില്‍ നന്ദ വീട്ടിലേക്കു നടന്നു .
അടുത്ത നിമിഷം വേറൊന്നു പതിച്ചത് ‌ അരുണിന്‍റെ ഇടത്തെ കയ്യില്‍ .." അമ്മേ " ഒരു രോദനം അരുണില്‍ നിന്നും ഉയര്‍ന്നു ".... "നില്‍ക്ക് നന്ദ .. അവിടെ ആരോ ഉണ്ട് ... " ............കം ഓണ്‍ മാന്‍ ഖ്വിക്‌ ... നന്ദ അരുണിന്‍റെ കൈ പിടിച്ചു വേഗത്തില്‍ വീട് ലക്ഷ്യമാക്കി നടന്നു . ഗോപന്‍റെ വീടിന്‍റെ ഭാഗത്ത് നിന്നും ടോര്‍ച്ച് ലൈറ്റ്‌ കണ്ടു .. " ശേഖരമാമയാണ് , ദൈവമേ രക്ഷപെട്ടു " ... "എന്താ മോളെ അവിടെ ഒരു ശബ്ദം കേട്ടത് .. ഞാന്‍ പേടിച്ചു .. " ചോദ്യത്തിന് ഏയ്‌ ഒന്നുമില്ല എന്ന് പറഞ്ഞു അവര്‍ വീട്ടിലേക്കു കേറി . അമ്മായി നല്‍കിയ കോഫി കുടിച്ചു തിരികെ ആശുപത്രിയിലേക്ക് യാത്രയായി. പെട്ടെന്നുണ്ടായ ഭയം തിരികെയുള്ള യാത്രയില്‍ രണ്ടാള്‍ക്കും മ്ലാനതയുണ്ടാക്കി." അരുണ്‍ പേടിച്ചോ .. ആരോടും പറയാന്‍ നില്‍ക്കണ്ട . ഭാഗ്യം അരുണിന് വല്ലോം പറ്റിയിരുന്നെങ്കില്‍ ഞാന്‍ അപായപ്പെടുത്തി എന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കിയേനെ " നന്ദ കരഞ്ഞു പോയി ... "യെസ് നന്ദ ... കൂള്‍ .. താനും ഇതിന്‍റെ പേരില്‍ ഇനി വിഷമിക്കേണ്ട. " . നന്ദയെ റൂമിലാക്കി അമ്മയോട് യാത്ര പറഞ്ഞു അരുണ്‍ വീട്ടിലേക്കു പോയി .രാവിലെ 4 മണിക്ക് നിര്‍ത്താതെയുള്ള മൊബൈല്‍ റിംഗ് കേട്ടാണ് അരുണ്‍ എണീറ്റത്. മോളി സിസ്റ്റര്‍ ആണ് .. " അരുണ്‍ രാത്രി നന്ദയ്ക്ക് അസുഖം കൂടി .. ജോണ്‍ സാമുവല്‍ ഡോക്ടറുടെ ക്ലിനിക്കിലേക്ക് നന്ദയെ മാറ്റി " ഫോണ്‍ കട്ടായി. ഡ്രൈവര്‍ ശങ്കരനോട് വണ്ടിയെടുക്കാന്‍ പറഞ്ഞ് അരുണ്‍ വേഗം റെഡി ആയി .
ആശുപത്രിയില്‍ എത്തിയപ്പോള്‍ മോളി സിസ്റ്റര്‍ കാത്തു നില്‍ക്കുന്നു . തൃശ്ശൂര്‍ ഉള്ള ഡോക്ടറുടെ ക്ലിനിക്കിന്റെ അഡ്രസ്‌ അവരുടെ കയ്യില്‍ നിന്നും വാങ്ങി ധൃതിയില്‍ കാറെടുത്തു . കുളപ്പുള്ളി എത്തുന്നതിനു മുമ്പായി എതിരെ വന്ന കാര്‍ നിര്‍ത്താന്‍ കൈ കാണിച്ചു സൈഡ് ആക്കി. വണ്ടി നിര്‍ത്തി ഇറങ്ങിയ അരുണ്‍ വന്ന ആളെ കണ്ടു ഞെട്ടി . ഡോക്ടര്‍ ഹരിദാസ്‌ ... ഹരിദാസിന്‍റെ വാക്കുകള്‍ ഞെട്ടലോടെയാണ് അരുണ്‍ കേട്ട് കൊണ്ട് നിന്നത്. ഡോക്ടറെ കെട്ടിപ്പിടിച്ചു നന്ദി പ്രകടിപ്പിച്ച അരുണ്‍ . പിന്നെ തിരിഞ്ഞു ഡ്രൈവറെ വിളിച്ചു അലറി വിളിച്ച് എന്തൊക്കെയോ പറഞ്ഞെല്‍പ്പിച്ചു . അരുണിന്‍റെ ഭാവമാറ്റത്തില്‍ പതറിയ അയാള്‍ മൊബൈലില്‍ നമ്പരുകള്‍ മാറി വിളിക്കുമ്പോള്‍ അരുണും ആരെയൊക്കെയോ വിളിച്ചു സംസാരിക്കുകയായിരുന്നു . മിനിട്ടുകള്‍ എണ്ണി കാത്തപ്പോള്‍ മൂന്നു വണ്ടിയില്‍ ശങ്കറും , ജോസൂട്ടിയും ഉള്‍പ്പടെ അരുണിന് വേണ്ടി ഒരു പട തന്നെ വന്നിറങ്ങി. മുസ്തഫ വന്ന വണ്ടിയെ മോളി സിസ്ട്ടരെ എങ്ങനെയും പൊക്കണമെന്നും എന്നിട്ട് ഐസ് ഫാക്ടറിയില്‍ കൊണ്ട് പോയി തണുപ്പിക്കാന്‍ വെയ്ക്കാനും പറഞ്ഞു തിരിച്ചു വിടുമ്പോള്‍ എല്ലാരും അന്തിച്ചു നില്‍ക്കുകയായിരുന്നു ." ശങ്കറെ എടുക്കടാ വണ്ടികള്‍ തൃശൂരേക്ക് എന്നുള്ള അലര്‍ച്ചയില്‍ " ചോദ്യങ്ങള്‍ ബാക്കിയില്ലായിരുന്നു. " അരുണില്‍ കണ്ട രൌദ്ര ഭാവം എല്ലാരിലും എന്തോ ആപത്ത് നടന്നു എന്ന് മാത്രം അറിവ് നല്‍കി
നൂറു കിലോ മീറ്റര്‍ സ്പീഡില്‍ വണ്ടികള്‍ തൃശൂരെ ക്ലിനിക്കില്‍ എത്തുമ്പോള്‍ സാമുവല്‍ ഡോക്ടറും, പരിവാരങ്ങളും നന്ദയെ ഷോക്ക്‌ അടിപ്പിക്കാനുള്ള ചര്‍ച്ചയിലായിരുന്നു . " എന്താ അരുണ്‍ എന്ന് പറഞ്ഞു ഓടി വന്ന ഡോക്ടറുടെ മൂക്ക് ഇടിച്ചു പൊളിച്ചു കൊണ്ടാണ് അരുണ്‍ മറുപടി പറഞ്ഞത. " നായിന്‍റെ മോനെ .. ന്‍റെ നന്ദയ്ക്ക് ..ന്തേലും പറ്റിയാല്‍ പച്ചയ്ക്ക് ഞാന്‍ കത്തിക്കും " ഒറ്റപ്പാലം പട്ടാളം അവിടെ ഒരു ചെറിയ പൂര വെടിക്കെട്ട്‌ നടത്തി നന്ദയെയും , വീട്ടുകാരെയുമെല്ലാം വലിച്ചു അരുണിന്‍റെ കാറില്‍ കയറ്റുമ്പോള്‍ കാറില്‍ ഒരാള്‍ ഒരു ബാഗുമായി വന്നിറങ്ങി.. ." ഇത് നമ്മടെ അബ്കാരീടെ ഷാപ്പിലെ ഔസേപ്പ് അല്ലേ ...?.." സോഡാ വിജയന്‍ പറഞ്ഞതും അരുണ്‍ ആ ബാഗ് തട്ടിപ്പറിച്ചതും ഒപ്പമായിരുന്നു . " .. ന്‍റെ കുട്ടിയേ കൊല്ലാനുള്ള കാശ് ..നായെ ..." അരുണിന്‍റെ ചവിട്ടു കൊണ്ട് വീണ ഔസേപ്പിനെ ബാഗിനോട് ചേര്‍ത്തു മടക്കി ഭാസ്കരന്‍റെ വണ്ടിയേല്‍ എടുത്തിട്ട് എല്ലാ വണ്ടികളെല്ലാം മുമ്പോട്ട് എടുത്തപ്പോള്‍ വലതു ഭാഗത്ത് നിന്നും പോലീസ്‌ സൈറണ്കള്‍ മുഴങ്ങുണ്ടായിരുന്നു. വണ്ടികള്‍ ഇടത്തേക്ക് തിരിച്ചു വിട്ടെങ്കിലും ശങ്കറിന്‍റെ വണ്ടി മുമ്പില്‍ കേറ്റി നിര്‍ത്തിയപ്പോള്‍ അരുണിന് ഒന്നും മനസിലായില്ല. അരുണിനെ തള്ളി ഇടത്തേക്ക് മാറ്റി ഇരുന്നിട്ട് ശങ്കര്‍ വണ്ടി ഇടത്തേക്കും മറ്റുള്ളവര്‍ വലത്തേക്കും എടുത്തു . " അവര്‍ പോലീസിനെ ഒന്ന് വട്ടം കറക്കീട്ടു പിടി കൊടുത്തോളും . ഇല്ലേല്‍ എങ്ങനെ പോയാലും വഴീന്നു എല്ലാരെയും പൊക്കും. ഔസേപ്പും കാശും തെളിവായത് കൊണ്ട് തൂങ്ങുന്നത് ഡോക്ടറാണ് ... ന്തായാലും അതൊരു ഭാഗ്യമായി . ഇവരെ ഇപ്പോള്‍ ഒറ്റപ്പാലത്തേക്ക് കൊണ്ട് പോണത് സേഫല്ല . ആലത്തൂരെ ജോസൂട്ടിച്ചായന്‍റെ പെങ്ങടെ വീട്ടില്‍ ആക്കാം . .. ന്നിട്ട് അത് വഴി എളുപ്പം അങ്ങെത്താം.. " ശങ്കര്‍ പറഞ്ഞത് ശരി എന്ന് പറഞ്ഞ് ജോസൂട്ടിയും സപ്പോര്‍ട്ട് ചെയ്തു. അരുണ്‍ ഫോണെടുത്ത് തൃശൂര് ക്രൈം ബ്രാഞ്ച് ഡി എസ് പിയും , അമ്മയുടെ കസിനുമായ മുകുന്ദന്‍ അങ്കിളിനെ വിളിച്ചു .." ഒറ്റപ്പാലത്തെ പരിപാടിക്കിടയില്‍ നന്ദയ്ക്ക് മയക്കു മരുന്ന് ചേര്‍ത്ത ജ്യുസ് നല്‍കിയതും പിന്നെ സുധാകരനും ഡോക്ടറും ചേര്‍ന്ന് നന്ദയെ ട്രാപ് ചെയ്തു ഭ്രാന്തിയാക്കാന്‍ നോക്കിയതും എല്ലാം ഒന്ന് ചുരുക്കി പറഞ്ഞിട്ട് ഔസേപ്പിനേം നമ്മുടെ ആളുകളെയും പോലീസ്‌ ഇപ്പോള്‍ പിടിക്കുമെന്നും വേണ്ടത് ചെയ്യണമെന്നും കൂടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു . പിന്‍ ഭാഗത്ത് നിന്നും കേട്ടിരുന്ന നേരിയ കരച്ചില്‍ ഒരു പൊട്ടിക്കരച്ചിലായി മാറി . ." . മാലൂ .. നിര്‍ത്താനാ പറഞ്ഞെ കരച്ചില്‍ .." വര്‍മ്മയുടെ ആജ്ഞ്ഞയില്‍ ചുറ്റും നിശബ്ദമായി... " സുധാമണി ... നരകത്തിലെ പിശാച് ..അവള്‍ ജന്മം നല്‍കി വിട്ടത് ഇത്രേം വല്യ വിഷ വിത്തുക്കളോ ....? .. അച്ഛന്‍റെ ചിത കത്തി തീരും മുമ്പേ .. അവളെ കുടുംബത്തോടെ കത്തിക്കാന്‍ എല്ലാരും പുറപ്പെട്ടതാ .. അമ്മ .. അമ്മയാ തടഞ്ഞത് ... ആ ഭിക്ഷയാ അവന്മാരെല്ലാം ... അരുണ്‍ ..വിളി ജബ്ബാറിനെ .. വിളിക്ക് ഞാന്‍ സംസാരിക്കാം .." വര്‍മ്മയുടെ വാക്കുകള്‍ക്കു ക്ഷത്രിയന്‍റെ ഗാംഭീര്യം ..
" വേണ്ടാ അങ്കിള്‍ ‍ ... നന്ദയുടെ കണക്ക് എനിക്ക് വിട്ടേക്കു .. ജബ്ബാറും കൂട്ടരും ഇവരുടെ എതിര്‍ ഗ്രൂപ്പ്‌ ആണ് ..കാര്യങ്ങള്‍ കൈവിട്ടു പോകും .." ..അരുണിന്‍റെ വാക്കുകളെ അനുകൂലിച്ചു മാലതിയും.." മോളെ തിരികെ കിട്ടീലെ .. ഇനീപ്പൊ എന്തിനാ ". വര്‍മ്മയുടെ തീരുമാനം ആജ്ഞയായി തന്നെ വന്നു " അരുണ്‍.. മോള്‍ക്ക്‌ നീ മാത്രമേ ഉള്ളൂ .. തല്‍ക്കാലം അവളെ നോക്കുക... പ്രതാപം ലേശം കുറഞ്ഞാലും ജനിച്ചത്‌ രാജ പരമ്പരയിലല്ലേ , ഇനിയും പേടിച്ചോടാന്‍ കഴിയില്ല, അതിലും ഭേദം മരണമാണ് . ....ധര്‍മ്മം നശിച്ചാല്‍ അത് യുദ്ധത്തിലൂടെയേ വീണ്ടെടുക്കാന്‍ കഴിയൂ ..ഇനി ന്‍റെ കുട്ടീടെ ദേഹത്ത് ഒരാളും കൈവെക്കരുത് ..." വര്‍മ്മ അരുണ്‍ നല്‍കിയ ഫോണ്‍ വാങ്ങുന്നു ....മറുതലയ്ക്കല്‍ ജബ്ബാറിന്‍റെ ശബ്ദം .. " ജബ്ബാര്‍ , നിന്‍റെ ഈ തമ്പ്രാനു ഒരു സഹായം...രാജന്‍ പിന്നെ അവന്‍റെ സന്തതി ‌.. ....കൊല്ലരുത് .. ദേഹോപദ്രവവും വേണ്ട .. പക്ഷേ .. പേടിക്കണം ഇനിയൊരിക്കലും അവര്‍ തല പൊക്കരുത് ..ഐസ് മുസ്തഫയെ ഒന്ന് വിളിക്കുക .. ബാക്കി അവന്‍ പറയും " അരുണിന് ഫോണ്‍ തിരികെ നല്‍കി. അരുണ്‍ ശബ്ദം കുറച്ച് ആരെയൊക്കെയോ വിളിച്ചതൊഴിച്ചാല്‍ പിന്നെ മൗനത്തിന്‍റെ ഇടവേളയായിരുന്നു
രാവിലെ എട്ടു മണി . ആലത്തൂരെ പെങ്ങടെ വീട്ടില്‍ സൌകര്യങ്ങള്‍ ജോസൂട്ടി നേരിട്ട് നിന്ന് ചെയ്തു കൊടുത്തു. മനുഷ്യത്വമുള്ള ആളുകള്‍ . വിശ്വസിക്കാന്‍ കഴിയുന്ന ഡോക്ടറെ തന്നെ നന്ദയെ നോക്കാന്‍ കൊണ്ട് വന്നു. ഇടയ്ക്ക് മുസ്തഫ വിളിച്ച് മോളിയെ കിട്ടിയെന്നും , ഐസ് ഫാക്ടറിയില്‍ തണുപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു . പിന്നെ ജബ്ബാര്‍ വിളിച്ചിരുന്നുവെന്നും തമ്പ്രാനും , നിങ്ങളുമെല്ലാം നാളെ എത്തിയാല്‍ മതിയെന്നും പറയാന്‍ പറഞ്ഞു . മോളിയെക്കൊണ്ട് പറയാന്‍ ഉള്ളത് എല്ലാം പറയിപ്പിച്ചു മൊബൈലില്‍ റിക്കോര്‍ഡ്‌ ചെയ്യാനും ഉച്ചയ്ക്ക് സര്‍ക്കിള്‍ ഓഫീസില്‍ ഹാജരാക്കാനും അരുണ്‍ നിര്‍ദേശം കൊടുത്തു . പത്തുമണിക്ക് മുകുന്ദന്‍ അങ്കിള്‍ വിളിച്ച് ഡോക്ടര്‍ക്കും , ഔസേപ്പിനും , സുധാകരനും എതിരെ കേസ്‌ എടുത്തുവെന്നും നമ്മുടെ ആളുകള്‍ക്കെല്ലാം ജാമ്യം കൊടുത്തുവെന്നും പറഞ്ഞപ്പോള്‍ അരുണിന് സന്തോഷം ആയി
ഉച്ച കഴിഞ്ഞു മുസ്തഫ വീണ്ടും വിളിച്ച് മോളിയെ പോലീസിനെ ഏല്‍പ്പിച്ചു എന്ന് പറഞ്ഞു .. പിന്നെ പറഞ്ഞ കാര്യങ്ങള്‍ ഒരു ഞെട്ടലോടെയാണ് അരുണ്‍ കേട്ടത് . കുടിച്ചു ബോധം കേട്ട് മോളീടെ കൂടെ ശയിച്ചപ്പോള്‍ സുധാകരന്‍ ‌ പറഞ്ഞത്രേ ... ' ശാരീടെയും , ഗോപന്‍റെയും മേലെ ജീപ്പ് ഓടിച്ചു കയറ്റിയത് അവനാണെന്ന് ..."ഇനി നീയിത് ആരോടും പറയണ്ടാ" ..എന്ന് ഉറക്കെ അരുണ്‍ പറഞ്ഞിട്ട് ഫോണ്‍ കട്ട് ചെയ്തു ..അരുണിന്‍റെ മാറിയ മുഖ ഭാവം കണ്ടു ഓടിയെത്തിയ ശങ്കറിനോടു പോലും അരുണ്‍ ഇത് പറഞ്ഞില്ല .
രൌദ്ര ഭാവത്തില്‍ തലയറഞ്ഞു വീടിനു പിന്നില്‍ നടന്ന അരുണിനെ മാലതിയാണ് സമാധാനിപ്പിച്ചത് . അവരുടെ ചോദ്യത്തിനും .." ഇല്ല എനിക്കത് പറയാന്‍ കഴിയില്ല " എന്ന് മാത്രമേ മറുപടി കൊടുത്തുള്ളൂ. വൈകുന്നേരം ആയപ്പോള്‍ നന്ദയ്ക്ക് സുഖമായി . അപ്പോഴാണ്‌ അരുണിന്‍റെ മനസ് ഒന്ന് തണുത്തത് . ശാന്തമായ സായാഹ്നം ഭയാനകമായ രാത്രിക്കാണ് വഴിമാറിയത്. ഒരു പക്ഷത്ത് അരുണിന്‍റെയും , വര്‍മ്മയുടെയും , ജബ്ബാറിന്‍റെയും ആളുകള്‍ ...മറു പക്ഷത്ത് രാജന്‍ മുതലാളിയുടെയും , സുധാകരന്‍റെയും ഗുണ്ടാപ്പട . അരുണ്‍ ഇടയ്ക്ക് മുസ്തഫയെ വിളിച്ച് രാജന്‍ മുതലാളിയെയും , സുധാകരനെയും കിട്ടിയാല്‍ ഇരു ചെവി അറിയാതെ തട്ടിക്കോളാന്‍ നിര്‍ദേശം നല്‍കിയത് എല്ലാവരും ഞെട്ടലോടെയാണ് കേട്ടത് . "എന്താ നിന്‍റെ ഭാവം..? " എന്ന് ചോദിച്ചു വന്ന ജോസൂട്ടിയോടു .." ദുശാസന വധം കഥകളി " എന്ന് ദേഷ്യത്തിലാണ് മറുപടി നല്‍കിയത് .
രാത്രി തന്നെ മണ്ണാര്‍ക്കാട് കൂട്ടുകാരന്‍റെ വീട്ടിലേക്കു ജോസൂട്ടി ഒഴികെ എല്ലാരും പോയി . നന്ദയുടെ ശകാരം സഹിക്കാതായപ്പോള്‍ അരുണ്‍ കാറില്‍ വെച്ച് ആ സത്യം പറഞ്ഞു ...ഒരു ഞെട്ടലോടെയാണ് എല്ലാരും അത് കേട്ടത് ... " ന്‍റെ ചിനക്കത്തൂര്‍ അമ്മേ ... ഓന്‍റെ തല വെട്ടിയെടുത്ത് .. ന്‍റെ കാല്‍ക്കീഴില്‍ കൊണ്ടുത്തരാന്‍ നീയൊരു ആണ്‍ തരിയെ തന്നൂല്ലല്ലോ ... ന്‍റെ മോളേ ....ശാരീ ..." തലയില്‍ കൈവെച്ച് വര്‍മ്മ ഉറക്കെ കരഞ്ഞപ്പോള്‍ അമ്മയും , മോളും മാത്രമല്ല ശങ്കറും കൂടെ കരഞ്ഞു പോയി ..
ഡിസംബര്‍ പതിനെട്ട് വെള്ളിയാഴ്ച രാത്രി ഒമ്പത് മണി .. ചെറിയ രീതിയില്‍ രാജന്‍ മുതലാളിയുടെ വീട്ടില്‍ ജബ്ബാര്‍ തുടങ്ങിവെച്ചത് രണ്ടു പക്ഷത്തുമുള്ള ആളുകളുടെ വീട് ആക്രമിക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. ശാരിയുടെ മരണത്തിനു കാരണം സുധാകരന്‍ ആണെന്നുള്ള വാര്‍ത്ത പരന്നത് അവര്‍ക്കെതിരെ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു. അടുത്ത പകലും , രാത്രിയും ആക്രമണങ്ങള്‍ തുടര്‍ന്നതോടെ ടൌണ്‍ നിയന്ത്രണം പോലീസ്‌ ഏറ്റെടുക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു . പക്ഷേ അപ്പോഴേക്കും അംഗ ബലത്തില്‍ കൂടിയ വര്‍മ്മയുടെ ആളുകള്‍ രാജന്‍ മുതലാളി കെട്ടിപ്പൊക്കിയ മൂന്നു കള്ളുഷാപ്പുകള്‍ , നിരവധി കടകള്‍ ഉള്‍പ്പടെ , ‍ പലതും തകര്‍ത്തെറിഞ്ഞിരുന്നു.. ശനിയാഴ്ച രാത്രി ഒറ്റയ്ക്ക് കാറെടുത്ത് പോയ അരുണ്‍ പിന്നെ തിരികെയെത്തിയില്ല .. മൊബൈലും സ്വിച്ച് ഓഫ്‌ ... കരച്ചിലോടെ , പ്രാര്‍ഥനയോടെ സ്നേഹിക്കാന്‍ മാത്രം അറിയുന്ന കുറെ മനുഷ്യര്‍ അരുണിനെ കാത്തിരുന്നു .
തിങ്കളാഴ്ച പിറന്നത് ശാന്തിയോടെയായിരുന്നു ..ആളപായം ഇല്ലെങ്കിലും നിരവധിപേര്‍ ആശുപത്രിയിലും , കുറേപേര്‍ പോലീസിന്‍റെ പിടിയിലുമായി .. ആരും പ്രതീക്ഷിക്കാത്ത രണ്ടാള്‍ കൂടി ഇതില്‍ നേരിട്ട് ഇരകളായി . ശ്രീകൃഷ്ണപുരത്ത് ശാരിയും , ഗോപനും അപകടമുണ്ടായ അതെ സ്ഥലത്ത് കാറിന്‍റെ ടയറുകള്‍ കയറിയിറങ്ങി രണ്ടു കാലുകളും നഷ്ടപ്പെട്ട സുധാകരന്‍ ‌ എന്ന അബ്കാരി മുതലാളി , പിന്നെ ശ്രീകൃഷ്ണപുരം പോലീസ്‌ സ്റ്റേഷനില്‍ സ്വമേധയാ കീഴടങ്ങിയ അരുണ്‍ ‍. ഒരു ലക്ഷത്തിന്‍റെ ചെക്കുമായി അരുണ്‍ മുമ്പില്‍ നിന്നപ്പോള്‍ മുതലാളിയുടെ രഹസ്യക്കാരി കരിമ്പുഴ ഗീത മുതലാളിയെ വിളിച്ചത് മാനിന്‍റെ ഇറച്ചിയും , മധുരമുള്ള രാവും സ്വപ്നം കാണിച്ചിട്ടായിരുന്നു. വല്ലപ്പോഴും മാത്രം കിട്ടാറുള്ള സൌഭാഗ്യം തേടി തിരുവാഴിയോടുള്ള താവളത്തില്‍ നിന്നും ബൈക്കില്‍ ‍ വന്ന യാത്ര ശ്രീകൃഷ്ണപുരം എത്തിയപ്പോള്‍ അവസാനിച്ചു. ആദ്യത്തെ ഇടിയില്‍ റോഡിലേക്ക് തെറിച്ചു വീണ സുധാകരന്‍റെ നെഞ്ചിലേക്കാണു അരുണ്‍ വണ്ടിയോടിച്ചു കയറ്റിയത്. അദൃശ്യനായ ഗോപന്‍ സ്റ്റിയറിംഗ് നിയന്ത്രിച്ചപ്പോള്‍ ഗതി മാറി കാലിലേക്കായി. ഇരുകാലുകളും ചതഞ്ഞരഞ്ഞ് നിലവിളിക്കുന്ന സുധാകരനെ നോക്കി അരുണ്‍ നിന്നപ്പോള്‍ രണ്ടു വെളുത്ത രൂപങ്ങള്‍ അന്തരീക്ഷത്തിലൂടെ ഒഴുകി വന്ന് അരുണിന്‍റെ തലയില്‍ തലോടി കടന്നു പോകുന്നതായി തോന്നി . ആ തലോടലില്‍ രണ്ടു പുണ്യ ജന്മങ്ങളുടെ നന്മയും, അനുഗ്രഹവും അരുണിന് പ്രാപ്യമായി.
...... വസന്തം മാറി വേനലും പിന്നെ മഴയും വന്നു. അരുണിന്‍റെ ജീവരക്ഷ ഓര്‍ത്ത്‌ ജാമ്യം പോലും എടുക്കാതെ കേസ്‌ നടത്തിയ അച്ഛന്‍ മേല്‍ക്കോടതിയിലും രണ്ടു വര്‍ഷം ശിക്ഷ ശരിവച്ചതോടെ ആകെ തളര്‍ന്നു പോയി. ഭാര്യയേയും കൂട്ടി അലറി വിളിച്ച് കൊണ്ട് വടക്കേ മനയ്ക്കല്‍ തറവാട്ടില്‍ എത്തിയ അരുണിന്‍റെ അച്ഛന്‍ ‍ നന്ദനയാണ് മകന്‍റെ ജീവിതം നശിപ്പിച്ചത് എന്നും പറഞ്ഞു കുറെ ശകാരിച്ചു , ഇനി നന്ദ ഭാവിയില്‍ അരുണിന്‍റെ ജീവിതത്തില്‍ ബാധ്യതയാവില്ല എന്ന് വര്‍മ്മയെ കൊണ്ട് ശപഥം ചെയ്യിച്ച് മടങ്ങുമ്പോള്‍ കയ്യില്‍ കത്തിച്ചു പിടിച്ച കര്‍പ്പൂരവുമായി പൂജാമുറിയില്‍ കരഞ്ഞു കൊണ്ട് നില്‍ക്കാനേ നന്ദയ്ക്ക് കഴിഞ്ഞുള്ളു .. മഴക്കാലം മാറി .. പതിവ് പോലെ വസന്തകാലം വന്നു ..വിവാഹം കഴിഞ്ഞു കാറില്‍ ഊട്ടിയില്‍ ഹണി മൂണ്‍ ആഘോഷിക്കാന്‍ പോയ രാജന്‍ മുതലാളിയുടെ മകള്‍ സുനിതയും , ഭര്‍ത്താവും റോഡപകടത്തില്‍ കൊല്ലപ്പെടുന്നു . മകന്‍റെ അവസ്ഥയും , ബിസിനസ് തകര്‍ച്ചയും കാരണം തളര്‍ന്നുപോയ രാജന്‍ മുതലാളിയുടെ സ്വ ബുദ്ധി അതോടെ നഷ്ടപ്പെടുന്നു . ചെയ്തു കൂട്ടിയ ദുഷ്ടത്തരങ്ങള്‍ ഭ്രാന്തനെ പോലെ വിളിച്ചു പറഞ്ഞു ദൈവത്തോട് മാപ്പ് പറഞ്ഞ് നിരത്തിലൂടെ നടക്കുന്ന അയാളെ കുട്ടികള്‍ ഒക്കെ കൂവി വിളിച്ചു ‌ ... ബന്ധുക്കള്‍ പോലും വീട്ടില്‍ കേറ്റാന്‍ മടിക്കുന്ന ഭ്രാന്തന്‍ രാജന്‍ .. രാജന്‍ മുതലാളിയില്‍ നിന്നും തെരുവില്‍ അലഞ്ഞ് കുപ്പ പെറുക്കുന്ന ഭ്രാന്തന്‍ രാജനിലേക്കുള്ള മാറ്റം ചിനക്കത്തൂരമ്മയുടെ ശക്തിയായി നാട്ടുകാര്‍ കഥയുണ്ടാക്കി.
രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു ... ഒരു വസന്തകാലം കൂടി ... ഡിസംബര്‍ 22 . ഒറ്റപ്പാലം കോളേജില്‍ വീണ്ടും ഒരു കോളേജ്‌ ഫെസ്റ്റ് . കഴിഞ്ഞ വര്‍ഷം വേണ്ട എന്ന് വെച്ച ഫെസ്റ്റ് ഈ കൊല്ലം ഈ ദിനം നടത്തുന്നതിനു ഒരു കാരണം കൂടിയുണ്ട് . ഇന്നാണ് അരുണ്‍ ജയിലില്‍ നിന്നും ഇറങ്ങുന്നത് .കോളേജില്‍ നിന്നും ഒരു ബസ്‌ നിറയെ കൂട്ടുകാരാണ് അരുണിനെ കൂട്ടാന്‍ പോയിരിക്കുന്നത് . കൂടാതെ സ്വപ്ന യാത്രകള്‍ , പ്രണയ നക്ഷത്രങ്ങള്‍ , നന്മയുള്ള ഗന്ധര്‍വ്വന്‍ എന്നീ മൂന്നു കഥകളിലൂടെ ഈ വര്‍ഷത്തെ മികച്ച സാഹിത്യകാരിക്കുള്ള അവാര്‍ഡ്‌ ലഭിച്ച നന്ദനാ വര്‍മ്മയ്ക്ക് സ്വീകരണവും നല്‍കുന്നു. നാല് മണിക്ക് അരുണും കൂട്ടരും എത്തിയതിനുശേഷം കോളേജ്‌ മുഴുവനും ആഘോഷ ലഹരിയിലായിരുന്നു ...പൂത്തിരികളും മത്താപ്പൂവുമായി പെണ്‍കുട്ടികളും , നിര നിരയായി പടക്കങ്ങള്‍ പൊട്ടിച്ച് ആണ്‍ കുട്ടികളും മത്സരിച്ചപ്പോള്‍ കാഴ്ചകള്‍ കാണാന്‍ അതിഥികളും ധാരാളമായിരുന്നു വൈകിട്ട് അഞ്ചു മണിക്ക് നന്ദയും എത്തിയതോടെ നിയന്ത്രണം നഷ്ടപെട്ട അവസ്ഥയായി . നന്ദ ആകെ മാറിയിരിക്കുന്നു . പക്വത വന്ന്‌ പ്രായം കുറെ കൂടിയ പോലെ .... കണ്ണട വെച്ച് നല്ല സ്റ്റൈല്‍ ... മനസ്സില്‍ അനുഗ്രഹങ്ങള്‍ നേര്‍ന്നു കൊണ്ട് അരുണ്‍ മെല്ലെ പിന്മാറി സ്റ്റേജിന്‍റെ പിന്നിലേക്ക്‌ നടന്നു .. കൂടെ ശങ്കറും ..അവര്‍ മാറി പടിയിലായി ഇരുന്നു. മൌനത്തോടെ തന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശങ്കറിന്നോട് അരുണ്‍ പറഞ്ഞു .." നന്ദയെ എനിക്ക് നഷ്ടപ്പെടുത്തിയതിന് അമ്മ മാപ്പ് ചോദിച്ച് എഴുതിയിരുന്നു. അതൊരു അടഞ്ഞ അദ്ധ്യായം ആണു അവര്‍ക്ക് ഇപ്പോള്‍. നന്ദ ഇപ്പോള്‍ വലിയ ഉയരത്തിലാണ് .. ദൈവം അവളെ അനുഗ്രഹിക്കട്ടെ ... ... വേദനയോടെയാണെങ്കിലും ഞാന്‍ ആ നല്ല ഓര്‍മ്മകളുമായി ജീവിച്ചോളാം".. ഒന്നും മറുപടി പറയാന്‍ ശങ്കറിനും കഴിഞ്ഞില്ല . മൗനത്തിന്‍റെ ചെറിയ ഇടവേള സുജയുടെ വരവോടെ പോയി .." എന്താണ് റോമിയോ ഒതുങ്ങി കൂടിയത് ..? " .. മറുപടി ശങ്കറിന്‍റെ തീ തുപ്പുന്ന നോട്ടമായിരുന്നു. വിശ്വ സാഹിത്യകാരി തന്നെ " അന്വേഷിക്കുന്നുണ്ടായിരുന്നു .. ദാ ... എന്‍റെ കയ്യില്‍ തന്നതാ ഈ ബുക്ക്‌ ." അരുണ്‍ നന്ദയുടെ കയ്യില്‍ നിന്നും ബുക്ക്‌ വാങ്ങി താള്‍ മറിച്ചു നോക്കി ..' നന്മയുള്ള ഗന്ധര്‍വന്‍ ' - നന്ദനാ വര്‍മ്മ... ആമുഖം പേജ് നോക്കി ...." വിഷ്ണു , ആകാശത്തു നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന ഗന്ധര്‍വന്‍ .. നന്മയുടെയും , സ്നേഹത്തിന്‍റെയും സ്വപ്‌നങ്ങള്‍ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കിയ എന്‍റെ ഗന്ധര്‍വന് ഈ ജീവിതം സമര്‍പ്പിക്കുന്നു .. സുമ "
അടിയിലായി പച്ച മഷിയില്‍ നന്ദയുടെ എഴുത്ത് ." പ്രിയപ്പെട്ട അരുണ്‍ ..ഇത് നമ്മുടെ കഥ തന്നെയാണ് .. കഥയില്‍ പേര് മാറ്റി എന്നേ ഉളളൂ .. നന്മയുടെയും , സ്നേഹത്തിന്‍റെയും സ്വപ്‌നങ്ങള്‍ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കിയ എന്‍റെ ഗന്ധര്‍വന് ഈ ജീവിതം സമര്‍പ്പിക്കുന്നു .. സ്വന്തം നന്ദന ... " ബുക്ക്‌ ശങ്കറിനെ ഏല്‍പ്പിച്ച് സ്റ്റേജിനു മുമ്പിലെക്കോടിയെത്തിയപ്പോള്‍ നന്ദയുടെ അച്ഛനും അമ്മയും കാത്തു നില്‍ക്കുകയായിരുന്നു. കൂടാതെ അടുത്തു തന്നെ തന്‍റെ അച്ഛനും അമ്മയും .." അരുണ്‍ ഒരിക്കലും നന്ദ നിനക്ക് ബാധ്യതയാവില്ല എന്നേ ഞാന്‍ വാക്ക് കൊടുത്തിരുന്നുള്ളൂ. നന്ദ നിനക്ക് ഇപ്പോള്‍ ബാധ്യതയല്ല, നിനക്കൊരു സ്വത്ത് ആണെന്ന് വിശ്വാസം ഉള്ളതിനാല്‍ തിരികെ തരുന്നു... ചിനക്കത്തൂരമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ .." വര്‍മ്മ ഇത് പറഞ്ഞിട്ട് പുഞ്ചിരിയോടെ അടുത്തേക്ക്‌ വന്ന നന്ദയുടെ കയ്യില്‍ ഒരു ഗിഫ്റ്റ്‌ പാക്കറ്റ് നല്‍കി. അത് അരുണിന് നല്‍കി ആ കാല്‍ തൊട്ടു വന്ദിക്കുമ്പോള്‍ കിഴക്കേ മാനത്ത് രണ്ടു നക്ഷത്രങ്ങള്‍ അനുഗ്രഹം നേര്‍ന്നു കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു ..

പാക്കറ്റ് തുറന്ന അരുണ്‍ കണ്ടത് നന്ദയ്ക്ക് കിട്ടിയ ഗോള്‍ഡ്‌ മെഡല്‍ പിന്നെ .. വജ്രത്തില്‍ ഉണ്ടാക്കിയ ഒരു നക്ഷത്ര ജോഡി... അതില്‍ മാനത്ത് തെളിഞ്ഞ നക്ഷത്രളുടെ പ്രതി ബിംബം അരുണ്‍ കണ്ടു . ആഘോഷത്തോടെ എല്ലാവരും സ്റ്റേജിലേക്ക് കയറിയപ്പോള്‍ അതില്‍ ഒരാളായി അരുണും മാറി. അപ്പോഴും നന്ദ അരുണിന്‍റെ വലതു കയ്യില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു .. ശാരിയുടെയും ഗോപന്‍റെയും അനശ്വര പ്രണയ കഥ പറയുന്ന " പ്രണയ നക്ഷത്രങ്ങള്‍ " ..പിന്നെ നന്മയുള്ള അരുണിന്‍റെ കഥ പറയുന്ന " നന്മയുള്ള ഗന്ധര്‍വന്‍ " ഒക്കെ പക്വതയുള്ള സരസ്വതീ ഭാഷണത്തിലൂടെ നന്ദനാ വര്‍മ്മ സദസ്യര്‍ക്ക്‌
പരിചയപ്പെടുത്തുമ്പോള്‍ പകരം വെയ്ക്കാനാവാത്ത ആഹ്ലാദത്തോടെ കൂട്ടുകാര്‍ നൃത്തം ചെയ്യുകയായിരുന്നു

Biju Palakkad

No comments:

Post a Comment