Tuesday, July 31, 2012

മനോരോഗിയുടെ ആല്‍ബം

രാവിലെ തിടുക്കപ്പെട്ടു ഇന്റര്‍വ്യൂവിനു പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഉമ്മറത്ത് തൂങ്ങുന്ന വലിയ ഘടികാരത്തിന്റെ സൂചികള്‍ കാണാനില്ല .കുറെ അന്വേഷിച്ചു .മുറ്റത്തിറങ്ങി ചെല്ലത്തോടെ വിളിച്ചു .അരപ്രൈസില്‍ ഇരുന്നു മേലാസകലം എണ്ണയിട്ടുഴിയുന്ന കുട്ടിമാമ അലസതയോടെ പറഞ്ഞു ."അതുങ്ങള് പടാപ്പുറത്ത് ഒളിച്ചു കളിക്കുവാ .ഇപ്പോള്‍ ശല്യപ്പെടുത്തെണ്ടാ ".

അങ്ങനെ പറഞ്ഞാല്‍ പറ്റുവോ ?നോക്കുമ്പോള്‍ വല്യ സൂചി കണ്ണ് പൊത്തി നിന്ന് ഒന്നേ രണ്ടേ മൂന്നെ എന്നിങ്ങനെ എണ്ണുന്നു .അറപ്പുരയിലെ പത്തായത്തിന്പുറകില്‍ ആരെങ്കിലും കാണുമോ എന്ന് ഉല്‍ക്കണ്ഠ പൂണ്ട ചെറിയ സൂചി തന്നെ ആരും കാണാതിരിക്കാന്‍ പതുങ്ങിയും ഇടക്കൊക്കെ എണ്ണം തീര്‍ന്നോ എന്നെത്തി നോക്കിയും ഇരിക്കുന്നു .

നല്ല ഒരടിയും ചാവി കൊണ്ട് കിഴുക്കും കൊടുത്തപ്പോള്‍ സൂചികള്‍ വന്നു അടങ്ങിയൊതുങ്ങി ഇരുന്നു ."ഓടാതെങ്ങനെ സമയം അറിയും ?"എന്ന് ചോദിച്ചപ്പോള്‍ ചെറിയ സൂചിക്ക് കുണുങ്ങിച്ചിരി .വലിയ സൂചി ചിരി കടിച്ചു പിടിച്ചങ്ങനെ വാ പൊത്തി... .കണ്ണുരുട്ടിയപ്പോള്‍ രണ്ടും മടിച്ചു മടിച്ചു ഓടാന്‍ തുടങ്ങി .ഇവറ്റകളെ വിശ്വസിക്കാന്‍ വയ്യ .മുറ്റത്തിറങ്ങി നിഴല്‍ അളന്നു .നിഴലിനു മൂന്നാള്‍ നീളം .പെരുക്കപ്പട്ടിക മറന്നത് കൊണ്ട് മൂന്നാള്‍ നീളത്തിന് എത്ര നാഴിക എത്ര നാഴികക്കെത്ര മണി എന്നറിയാന്‍ പറ്റുന്നില്ല .ഞാന്‍ വിഷമത്തോടെ തിണ്ണയില്‍ കുന്തിച്ചിരുന്നു .പതിറ്റടിക്ക്‌ നാലും പന്തീരടിക്ക് ആറും എന്നല്ലേ ?"കുട്ടിമാമ .

മുജീബെ ,യ്യ് ആരോടാ ഒറ്റയ്ക്ക് വര്‍ത്താനം പറയണേ "ഉമ്മ വന്നു എത്തിനോക്കി പോയി

കുട്ടിമാമ എഴുന്നേറ്റു പോയോ ?ഞാന്‍ നോക്കിയപ്പോള്‍ കുട്ടിമാമ ഇല്ല .ചെറുപ്പത്തിലെ തറവാട്ടില്‍ വന്നു കൂടിയതാ .പടക്കുറുപ്പാണു ആള്‍ ,പണ്ട് അലക്സാണ്ടര്‍ രാജാവിന്‍റെ പടയെ ഒറ്റയ്ക്ക് നേരിട്ട് തോല്‍പ്പിച്ചു പൊന്നു തമ്പുരാന്റെ കയ്യില്‍ നിന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട് .ഇപ്പോള്‍ രാജഭരണം ഒക്കെ പോയത് കൊണ്ട് അങ്ങനെ പെന്‍ഷന്‍ വാങ്ങി ഇരിക്കുകയാണെന്നു മാത്രം .

"അയാള്‍ക്ക്‌ ഭ്രാന്തൊന്നുമില്ല "ഡോക്ടര്‍ തന്റെ ഇടതൂര്‍ന്ന നരച്ച രോമങ്ങള്‍ ഇടകലര്‍ന്ന ബുള്‍ഗാന്‍ താടിയില്‍ ചൊറിഞ്ഞു.എയര്‍ കണ്ടിഷന്‍ ചെയ്ത മുറിയില്‍ സ്ഥിരമായി ഇരിക്കുന്നത് കൊണ്ടാവാം അയാളുടെ തൊലി മരവിച്ച് ചുളുങ്ങിയിരുന്നു.ഫ്രിഡ്ജില്‍ വെച്ച ഒരു മീനിനെ പോലെ തണുത്തും നിര്‍വ്വികാരനായും അയാള്‍ കാണപ്പെട്ടു .മുറിയില്‍ മനുഷ്യര്‍ക്ക്‌ മനസ്സിലാകാത്ത എന്തെല്ലാമോ ചിത്രങ്ങള്‍ പതിച്ചിരുന്നു .ഇടയ്ക്കിടയ്ക്ക് അതിലെക്കൊക്കെ എന്തോ തിരയുന്നത് പോലെ അയാള്‍ നോക്കിക്കൊണ്ടിരുന്നു ."ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും ജീനിയസ്‌ ആയ ഒരാള്‍ "ഡോക്ടര്‍ തുടര്‍ന്ന്പറഞ്ഞു .താടിയില്‍ നിന്ന് കൈ വിട്ടു അയാള്‍ കണ്ണുകളടച്ചു പിടിച്ചു മൂക്കിന്റെ പാലത്തിനടുത്ത് കണ്ണടയുടെ ഫ്രെയിം കൊണ്ടുണ്ടായ പാടില്‍ ശ്രദ്ധാപൂര്‍വ്വം തിരുമ്മി ."ചെറിയ ചില മരുന്നുകള്‍ ,പിന്നെ നിങ്ങളുടെ സ്നേഹപൂര്‍വ്വമായ പരിചരണം ,അത്രയെ വേണ്ടൂ" ."ഡോക്ടറെ ,അവനല്ല പെരാന്ത് .നിങ്ങളെ പോലെ ഒരു നട്ടപ്പെരാന്തന്‍റെ അടുത്തു അവനെ കൊണ്ട് വന്ന ഞങ്ങക്കാ പെരാന്ത് "റെഫീക്ക് ചാടിയെഴുന്നേറ്റു .അവന് ദേഷ്യം അടക്കാനായില്ല ,.കൂടെയുണ്ടായിരുന്ന ജമാല്‍ അവനെ ഒതുക്കത്തില്‍ പിടിച്ചിരുത്താന്‍ നോക്കി ."യ്യ് വാഡോ" ;റഫീക്ക്‌ അടങ്ങിയില്ല ."ഇങ്ങേരെ വന്നു കണ്ട സമയത്തിനു... " അവന്‍ പൂര്‍ത്തിയാക്കിയില്ല .അതെന്തോ ചീത്ത വാക്ക് ആയത് കൊണ്ടാണ് റഫീക്ക്‌ അത് വിഴുങ്ങിയത് .റഫീക്കിന്‍റെ സ്വഭാവം അറിയുന്നത് കൊണ്ട് തിടുക്കത്തില്‍ ഫീസ്‌ കൊടുത്ത് ജമാലും പുറത്തിറങ്ങി . മഴ പെയ്തത് പെട്ടെന്നാണ് .ഇറയത്തെ ഓട്ടിന്പുറത്തു നിന്ന് മഴ ഒരു കള്ളനെ പോലെ ഒരൊറ്റച്ചാട്ടം .വെള്ളം നിറഞ്ഞു മുറ്റത്തുണ്ടായ ചെറിയ കുളത്തില്‍ പൊന്‍ മീനുകളും ആകാശത്തു നിന്ന് പെയ്തിറങ്ങി . അവ ഉത്സാഹത്തോടെ മഴവെള്ളത്തില്‍ നീന്തിക്കളിക്കുന്നത് ഞാന്‍ ഉന്മേഷത്തോടെ നോക്കിയിരുന്നു..നീന്തുമ്പോള്‍ ഓരോന്നിന്റെയും നിറം മാറുന്നു .നിറം കൊണ്ട് അവ ചിരിക്കുന്നു .ഓരോ ചിരിക്കും അവയുടെ ദേഹത്ത് മുത്തുകള്‍ പവിഴങ്ങള്‍ ഉണ്ടായി വരുന്നു .കുറെ നേരം നോക്കിയിരുന്നപ്പോള്‍ ഓര്‍മ്മ വന്നു .ഇതിന്‍റെയൊക്കെ പുറകെ നടന്നാല്‍ അതിനെ നേരം കാണൂ .ഞാന്‍ ഇന്റര്‍വ്യൂവിനു പോകാന്‍ ഒരുങ്ങിത്തുടങ്ങി .

ഒന്നാം ക്ലാസ്സിലെ സര്‍ട്ടിഫികേറ്റ് കാണുന്നില്ല .തപ്പിയിട്ടും തപ്പിയിട്ടും കണ്ടില്ല .ഈ വീട്ടില്‍ ഉള്ള കാര്യങ്ങള്‍ ഒക്കെ അങ്ങനെ തന്നെ .ഒന്നിനുമില്ല ഒരടുക്കും ചിട്ടയും ."അമ്മേ "അരിശം കൊണ്ട് ഉറക്കെവിളിച്ചു .

അടുക്കളയില്‍ നിന്ന് അനക്കം ഒന്നും കേട്ടില്ല .അമ്മ എവിടെ ? .ഇത്രേം പ്രധാനപ്പെട്ട ഒരു ദിവസം ആയിട്ട് അമ്മയുടെ കാര്യം നോക്കിക്കേ ..എന്താ ചെയ്യുക ?

"എന്താ? ";കുഞ്ഞേച്ചി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു .അടുക്കളയിലെ കരിയും പുകയും പുരണ്ടു കുഞ്ഞേച്ചി ആകെ കരിഞ്ഞു പോയിരിക്കുന്നു .ചെറുപ്പത്തില്‍ മാലാഖക്കുട്ടി എന്നാണ് കുഞ്ഞേച്ചിയെ എല്ലാരും വിളിച്ചിരുന്നത്‌ .ദേവതയെ പോലെ സുന്ദരിയായിരുന്നു..

അച്ഛന്‍ അവളെ;ചെത്തുകാരന്‍ ശിവരാമന്റെ കൂടെ അച്ഛനെ ധിക്കരിച്ചു ഇറങ്ങിപ്പോയതിന്‍റെ അന്ന് പടിയടച്ചു പിണ്ഡം വെച്ചു .മരണത്തിനു പോലും കാണിക്കരുത് എന്ന് വാശിയായിരുന്നു .മരിക്കാന്‍ നേരത്ത് വെള്ളം ഇറങ്ങാതെ കിടക്കുമ്പോഴും അടുത്തു വിളിച്ചു ചെവിയില്‍ അച്ഛന്‍ പറഞ്ഞതോര്‍മ്മയുണ്ട് "അവളെ അവളെ മാത്രം അറിയിക്കരുത് ."പക്ഷെ ഞാന്‍ എല്ലാരോടും അവളെ ഒന്ന് കൂടി കാണണം "എന്നാണ് അച്ഛന്‍ പറഞ്ഞതെന്നെ പറഞ്ഞുള്ളൂ .

"എന്താ വിളിച്ചത്? "കുഞ്ഞേച്ചി ചോദിച്ചു ." കണ്ണുനീര്‍ ഒഴുകിയ പാടു ഒട്ടിപ്പിടിച്ച അവളുടെ മുഖത്തെ ദൈന്യഭാവം കണ്ടാല്‍ പിന്നെ ദേഷ്യപ്പെടാന്‍ തോന്നില്ല എനിക്ക് ."എന്‍റെ ഒന്നാം ക്ലാസ്സിലെ സര്‍ട്ടിഫികേറ്റ് കാണുന്നില്ല "

"ഇതിനാ ഈ ബഹളം ?! ;ചുമ്മാ വട്ട് പറയാതെ ഇന്റര്‍വ്യൂവിനു പോകാന്‍ നോക്ക്" .കയ്യിലിരുന്ന തവി ചുഴറ്റി ഹൈറുന്നിസ അടുക്കളയിലേക്കു തന്നെ പോയി .കുട്ടികള്‍ വല്ലതും എടുത്തു കളിച്ചതാകും .കുഞ്ഞേച്ചിക്ക് മക്കള്‍ മൂന്നാണ് .രണ്ടെണ്ണം ആകും വരെ ശിവരാമന്‍ നോക്കുകയും ചെലവിനു കൊടുക്കുകയും ഒക്കെ ചെയ്യുമായിരുന്നു . ഇപ്പോള്‍ ചണ്ടി ആയപ്പോള്‍ അവനു വേണ്ടാ .പട്ടിണി ആയിരുന്നു . എനിക്ക്ജോലി ഒന്നും ആകാഞ്ഞിട്ടും നാട്ടുകാര്‍ മുഴുവന്‍ എന്നോടാണ് ചോദിച്ചത് ."പെങ്ങള് തിന്നാനും കുടിക്കാനും ഇല്ലാതെ ചാകാറായിട്ടും തിരിഞ്ഞു പോലും നോക്കാത്ത നീയൊക്കെ മനുഷ്യനാണോഡാ"എന്നാണു ചായക്കടയില്‍ പത്രം വായിച്ചിരുന്ന വേലേം കൂലീം ഇല്ലാത്ത ചെട്ട്യാന്‍ കൊയിന്ദന്‍ പോലും പറഞ്ഞത്.ശിവരാമനോട് ഒരു നാട്ടുകാരനും ഒന്നും ചോദിച്ചില്ല . എനിക്ക് ജോലിക്ക് പോകാന്‍ മടിയുണ്ടായിട്ടല്ല,പക്ഷെ കിട്ടണ്ടേ ?

ഒടുവില്‍ അവന്‍ ഇറക്കി വിട്ടു എന്ന് പറഞ്ഞു കുഞ്ഞേച്ചി വീട്ടിലേക്കു കയറി വന്നു ,വീട്ടിലെ കാര്യം ഒക്കെ കഷ്ടായിരുന്നു താനും.എന്നിട്ടും കയറി വന്നു .

ഞാന്‍ അന്നും ഇന്നും ജോലി തെണ്ടല്‍ തന്നെ ." ജോലി എന്തെങ്കിലും കിട്ടണ്ടേ?"ഒരു വിധം ഒരുങ്ങി മുറ്റത്തേക്കിറങ്ങുമ്പോള്‍ അമ്മ മുറ്റത്തെ അടുപ്പില്‍ എരിയുന്നു*കണ്ണുകളില്‍ ഒഴുകുന്ന ചോര തുടച്ചു തന്‍റെകൈകാലുകള്‍ അടുപ്പിലേക്ക് തള്ളിവെച്ചു അമ്മ എന്നെ പ്രാകി .

"ഒരേയൊരാള്‍ പുത്രനായി പിറന്നുമനസ്സില്‍ മഴയായി വളര്‍ന്നുഇത്രയായിട്ടും സ്വര്‍ണ്ണമായില്ല വേനല്‍ എപ്പോള്‍ കഴിഞ്ഞിടും "

എന്നെ അമ്മ ഇങ്ങനെ വെറുക്കാന്‍ എന്താണാവോ ?ജോലി കിട്ടാഞ്ഞത് ,കിട്ടിയ ജോലി പോയത് എന്റെ കുറ്റമോ ?അടുക്കളയില്‍ ഉമ്മ വറപോരികളുടെ തിരക്കിലായിരുന്നു .വര്‍ക്ക്‌ ഏരിയയിലെ വിറകടുപ്പിലേക്ക് ഓരോ വിറകും ഉമ്മ തള്ളി വെച്ചു ."കോഴിയിറച്ചി അടുപ്പില്‍ വെച്ചാലേ നല്ലോണം ബേകൂ,ഹൈര്‍വോ.ഓനു പത്തിരി നല്ല മിനുസായിരിക്കണം .റഫീക്ക്‌ കുറെ നാള് കൂടി വന്നതാ .അമ്മായി സല്കരിച്ചില്ല എന്ന് കരുതി അനക്ക് പിന്നെ ബെജാരാകരുത് ."ഹൈറുന്നിസ അടുക്കളയില്‍ എന്തോ ഓര്‍ത്ത്‌ കണ്ണ് തുടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .ഇന്റര്‍വ്യൂവിനുപോകാന്‍ വേണ്ടി ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും എന്‍റെ ചിന്ത അമ്മയെ കുറിച്ചായിരുന്നു .അമ്മ എന്തിനാണ് അങ്ങനെ പാടിയത് ?എന്നെ എന്തിനാണ് അമ്മ ഇങ്ങനെ വെറുക്കുന്നത് ?

പക്ഷെ അമ്മയുടെ കാല്ച്ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്നല്ലേ പറയുന്നത് ?അമ്മയെ വെറുപ്പിച്ചു കൂടാ .പത്തു മാസം ചുമന്നവര്‍ ആണ്അമ്മ .നാം വീഴുവോളം അവരെ ചുമക്കണം .നമ്മുടെ ചെരുപ്പ് നമ്മെ ചുമക്കും പോലെ,,അയ്യോ ,എത്ര കാലമായി ചെരുപ്പ് എന്നെ ചുമക്കുന്നു .ഇന്നു മുതല്‍ ചെരിപ്പിനെ ഞാന്‍ ചുമക്കും .ഷൂസ് എടുത്തു തലയില്‍ വെച്ചു . അവിടെ ഉറച്ചിരിക്കാതെ അത് താഴെ വീഴാന്‍ പോയപ്പോള്‍ ലെയ്സ് കൊണ്ട് കെട്ടി വെച്ചു .അങ്ങനെയാണ് ഹാളിലേക്ക് കയറിച്ചെന്നത് .ഇന്റെര്‍വ്യൂ നടത്തുന്നവര്‍ രണ്ടു പേരും എന്നെ കണ്ടു എഴുന്നേറ്റു . "എന്‍റെ പേര് അനീറ്റയെന്നല്ല" പെണ്‍കുട്ടി സോഫയില്‍ അമര്‍ന്നിരുന്നു ."എന്‍റെ പേര് മിന്നി ഫെര്‍ണാണ്ടസ് എന്നാണു ." ജോലി കഴിഞ്ഞു ഫുട്പാത്തിലൂടെ ബസ്സ്‌ സ്ടോപ്പിലേക്ക് തിരക്കിട്ട് നടക്കുമ്പോള്‍ മിന്നിയുടെ നേരെ മുന്നില്‍ വന്നു മാന്യനെന്നുതോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കൂസലില്ലാത്ത ശബ്ദത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു"ഐ ലവ് യു "ഫുട്പാത്തില്‍ കുറേപ്പേര്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു എത്താന്‍ പണിപ്പെട്ടു നടക്കുന്നുണ്ടായിരുന്നു .ഒരു നിമിഷം നിന്ന് അയാളുടെ മുഖത്തേക്കൊന്നു നോക്കി മിന്നി വെട്ടിയൊഴിഞ്ഞു നടക്കാനാഞ്ഞു.അയാള്‍ അവളുടെ കൈകളില്‍ കടന്നു പിടിച്ചു ."അനീറ്റ .നീ എന്‍റെ ജീവിതത്തിന്റെ ഉപ്പാണ് .നിന്‍റെ പ്രണയത്തിന്‍റെ വിഷക്കായ തിന്നു എനിക്ക് മരിക്കണം "എന്നും പറഞ്ഞു .മിന്നി വെപ്രാളത്തോടെ അയാളുടെ കൈ വിടുവിച്ചു ഓടി .ഫുട്പാത്തില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ആള്‍ "എന്താ കുട്ടീ "എന്ന് ചോദിച്ചതൊന്നും അവള്‍ കേട്ടില്ല .ആ മനുഷ്യന്‍ പിറകില്‍ നിന്ന് വിളിച്ചു പറഞ്ഞു .

"എന്‍റെ പ്രണയം നിന്നില്‍ ഗന്ധകം പോലെ പൊള്ളും .നിന്‍റെ സ്വപ്നങ്ങളില്‍ തീ പിടിച്ച ഒരു പക്ഷിയായി ഞാന്‍ പറന്നിറങ്ങും ."

ബസ്സില്‍ ഇരുന്നപ്പോഴും പിന്നെ വീട്ടിലെത്തിയപ്പോഴും പ്രണയത്തിന്‍റെ അടിയേറ്റ് വീങ്ങിയ അയാളുടെ മുഖം മിന്നിയെ വിട്ടു പോയില്ല.അയാള്‍ എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത് എന്നായിരുന്നു അവളുടെ ചിന്ത ?ആരാണീ അനീറ്റ ?കൈക്കില പിടിച്ചു അടുപ്പത്ത്‌ നിന്നും വൈകുന്നേരത്തെ ആഹാരം ഇറക്കുമ്പോള്‍ അവളുടെ കൈ ആവിയില്‍ വെന്തു ."അയാള്‍ പറഞ്ഞത് പോലെയൊക്കെ സംഭവിക്കുന്നല്ലോ.ഞാന്‍ അയാളെ പ്രണയിച്ചു പോകുമോ ?"പേടിയോടെ അവള്‍ ഓര്‍ത്തു.രാത്രിയായിട്ടും രണ്ടാം നിലയിലെ തന്‍റെ കിടപ്പ് മുറിയില്‍ മേശവിളക്കിനടുത്തു തല ചായ്ച്ചു അവള്‍ അയാളെക്കുറിച്ചുള്ള വിചാരത്തില്‍ മുഴുകി .പിശറന്‍ കാറ്റില്‍ ജനാല വിരികള്‍ കീറിപ്പോകും വിധം ഊയലാടി .താന്‍ പണ്ടെങ്ങോ പഠിച്ച കവിതയിലെ നായകനെ പോലെ അയാള്‍ ഭിത്തിയിലൂടെ പറ്റിപ്പിടിച്ചു തന്നെത്തേടി മുകളിലേക്ക് കയറി വരുമെന്ന് അവള്‍ക്കു തോന്നി .

ഭീതി പൂണ്ട് അവള്‍ വിളക്കണച്ചു .ഇരുട്ടത്ത്‌ കൂടുതല്‍ പേടി തോന്നിയപ്പോള്‍ വീണ്ടും കൊളുത്തുകയും ചെയ്തു .ദൂരെ ആരോ തന്നെ വിളിക്കുന്നുണ്ട് എന്ന് അവള്‍ക്കു തോന്നി .പക്ഷെ അതിനു തന്റെ പേര് അനീറ്റ എന്നല്ലല്ലോ .അവള്‍ സമാധാനിച്ചു . ആ ഇരിപ്പില്‍ തന്നെ അവള്‍ ഉറങ്ങിപ്പോയി .ഉറക്കത്തില്‍ ആ മനുഷ്യന്‍റെ പിറകില്‍ ഒരു കുതിരപ്പുറത്തു അയാളുടെ ഉടലോട് ചേര്‍ന്നിരുന്നു താന്‍ യാത്ര ചെയ്യുന്നത് അവള്‍ സ്വപ്നം കണ്ടു . ഒരു പക്ഷിയെപ്പോലെ പറക്കാന്‍ തുടങ്ങിയ കുതിരപ്പുറത്തു നിന്നും വീഴുമെന്നു പേടിച്ചു അവള്‍ പൊടുന്നനെ ഞെട്ടിയുണര്‍ന്നു .കൂജയിലെ വെള്ളം കുടിക്കുമ്പോള്‍ ആരോ തൊട്ടടുത്ത് ഇരുട്ടില്‍ അനീറ്റ അനീറ്റ എന്ന് മന്ത്രിക്കുന്നുണ്ടെന്ന് അവള്‍ക്കു തോന്നി .പാതിരാവായിക്കാണും.ഇപ്പോള്‍ ആര് ?അതുമല്ല തന്‍റെ പേര് അനീറ്റ എന്നല്ലല്ലോ .പിറ്റേന്ന് ഉണര്‍ന്നെഴുന്നെറ്റപ്പോള്‍ അവള്‍ പക്ഷെ അയാളെ മറന്നു പോയിരുന്നു ."അയാളുടെ പേര് മുജീബ്‌ റഹ്മാന്‍ എന്നാണല്ലേ ?"മിന്നിയുടെ ചോദ്യത്തിന് റഫീക്ക്‌ ആണ് മറുപടി പറഞ്ഞത് .ഉം ;നല്ലോണം ശമ്പളം കിട്ടുന്ന ജോലി ,ഭാര്യ ,മകള്‍ ഒക്കെ ഉണ്ടായിട്ടും ഇതാ സ്ഥിതി ഇന്നലെ ഓന്‍ ഓന്റെ കമ്പനീല് ചെന്നും സുയിപ്പാക്കി .ഇന്റര്‍വ്യൂ ചെയ്യണ്ട ആളു തന്നെ ചെന്ന് എന്നെ ഇന്റര്‍വ്യൂ ചെയ്യ് എന്ന് പറഞ്ഞു കുത്തിരുന്നാ ;എന്ത് കാട്ടാനാ . കുട്ടിയെ കൊണ്ടേ ഞങ്ങളെ സഹായിക്കാന്‍ പറ്റൂ .കുട്ടി വിളിച്ചു പറഞ്ഞാല്‍ അവന്‍ വരും .കുട്ടിക്ക് സുഖല്ല്യ എന്ന് പറഞ്ഞാല്‍ മതി .കുട്ടി വരികയോന്നും വേണ്ടാ ,ഞങ്ങള്‍ കൊണ്ട് പൊയ്ക്കോളാം"ജമാല്‍ ആണ് അത് പറഞ്ഞത് .ഞാന്‍ ?";മിന്നി ഒരു നിമിഷം സംശയത്തോടെ അവരെ നോക്കി .പിന്നെ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു . ഇന്റര്‍വ്യൂവിനു ചെന്നപ്പോള്‍ എല്ലാരും എഴുന്നേറ്റത് ഒരു ഗൂഡാലോചന ആണെന്നാണ്‌ എനിക്ക് തോന്നിയത് .ഇപ്പോഴത്തെ കാലമാണ് .എല്ലാവരും ഗൂഡാലോചനകള്‍ നടത്തുന്നു ചെറിയ കാര്യത്തിനു പോലും .വാതിലില്‍ നിന്നിരുന്ന സെക്യൂരിടി വാതില്‍ തുറന്നു തരുമ്പോഴും എന്നെ നോക്കി അടുത്തു നിന്നിരുന്ന പെണ്‍കുട്ടിയോട് കണ്ണിറുക്കിക്കാണിക്കുന്നതും എന്തോ കുശുകുശുക്കുന്നതും കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചിരുന്നു .

കുറെ നേരം ഇരുന്നിട്ടും എല്ലാരും ഇരികാതെ എന്നെ നോക്കി ബിഴ്ങ്ങസ്യാ എന്ന് നിന്നതല്ലാതെ ഒന്നും ചോദിച്ചില്ല .എന്തെങ്കിലും ഒക്കെ മിണ്ടീം പറഞ്ഞിരുന്നലല്ലേ നമുക്ക് ഒരു രസം ഉള്ളൂ .അത് കൊണ്ട് ഇന്റെര്‍വ്യൂ ഇന്ന് നടക്കില്ല എന്ന് എല്ലാരോടും വിളിച്ചു പറഞ്ഞിട്ട് ഞാന്‍ ഹാളില്‍ നിന്നിറങ്ങിപ്പോയി .

ങ്ങളെന്താ പറീന്നത് ഇമ്മാ?"റഫീക്ക്‌ ചോദിച്ചു .; ഡോക്ടര്‍ പറഞ്ഞത് ഞാന്‍ പറഞ്ഞില്ലേ ?ഓനു ഒരു കൊഴപ്പോല്ല്യ .ചുമ്മാ ഒരു മനസ്സിനു ഇടങ്ങേറു അത്രക്കെള്ളൂ."ന്‍റെ മോനെ കാത്തോണേ ബദ്രീങ്ങളെ .നേര്ച്ച നേര്ന്നുണ്ടായ ഒരേയൊരു മോന്‍ "ഉമ്മ മോളിലേക്ക് നോക്കി കണ്ണ് നിറച്ചു .അവര്‍ക്ക് സങ്കടം സഹിക്കാന്‍ ആകുന്നുണ്ടായിരുന്നില്ല .ചെറുപ്പത്തിലെ ഉപ്പ മരിച്ചു പോയ കുട്ട്യാണ് .ഇപ്പൊ കല്യാണം കഴിഞ്ഞു നല്ല ജോലിയും കൂലിയും ഒക്കെ ആയപ്പോ ഇതെന്താ ന്റെ മോഹ്യിദ്ദീന്‍ ശേയ്ക്കെ എന്‍റെ കുട്ടിക്ക് ?അവര്‍ ആരോടെന്നില്ലാതെ ചോദിച്ചു .

അനീസ ഓടിക്കയറി വന്നു .അവളുടെ വിരലില്‍ തൂങ്ങി മകളും .അനീസ അണക്കുന്നുണ്ടായിരുന്നു.

"യ്യ് ഒറ്റയാള ഇതിനൊക്കെ കാരണം "ഉമ്മ ദേഷ്യം മുഴോന്‍ അവളുടെ നേരെ ചീറ്റി .

അനീസ ഒന്നും മിണ്ടാതെ കിടപ്പുമുറിയിലേക്ക് പോയി ,കിടക്കയില്‍ മുഖം കുനിച്ചിരുന്നു അവള്‍ ആലോചിച്ചത്‌ ഇത്ര സ്നേഹിച്ചിട്ടും മുജീബ്ക്ക തന്നെ മനസ്സിലാക്കാത്തത് എന്താണ് എന്നായിരുന്നു .നഖം തട്ടി അവനോടുള്ള പ്രണയത്താല്‍ കുരുത്ത മുഖക്കുരുവില്‍ പൊടിച്ച ചോരയും മഞ്ഞു പോലെ തണുത്ത അവളുടെ കണ്ണുനീരും ചേര്‍ന്ന് അവളുടെ മുഖത്ത് കൂടി ഒഴുകി .അത് ഒരു ചുവന്ന ചോര നദി ..

"ഉമ്മക്ക് വല്ലാതെ പ്രായായിരിക്കുണൂ .".അവള്‍ അലിവോടെ സ്വയം പറഞ്ഞു .അവള്‍ക്ക് നേരെ അനുതാപതോടെ മുറ്റത്തെ ചെമ്പരത്തിചെടിയില്‍ അന്ന് വിരിഞ്ഞ പൂവ് തലയാട്ടി .ജനാലയില്‍ മുഖം ചേര്‍ത്തു വെച്ച് നൊമ്പരത്തോടെ അനീസ വിഷാദത്തോടെ തന്റെ ജീവിതത്തെ നോക്കിക്കണ്ടു .അടുത്തിരുന്ന മോള്‍ കടലാസു കീറി നാനവിധമാക്കുന്നത് പോലും ശ്രദ്ധിക്കാതെ .. ശീതക്കാറ്റില്‍ ഒരു പുല്‍ക്കൊടി എന്നോണം തണുത്തു വിറച്ചു ഇരുട്ടില്‍ എങ്ങോ വീണു പോയ എന്‍റെ ഹൃദയം പരതുകയായിരുന്നു ഞാന്‍ .ദൂരെ ആകാശത്തു നിന്ന് ഒരു നക്ഷത്രം അത് തിരയാന്‍ എന്നെ സഹായിക്കാന്‍ വേണ്ടി വെളിച്ചം നീട്ടി .പരവശനായിരുന്നിട്ടും ദേഷ്യത്തോടെ ഞാന്‍ നക്ഷത്രത്തോട് മുരണ്ടു ."എന്‍റെ പ്രിയതമ ഉറങ്ങുകയാണ് ,ശല്യപ്പെടുത്താതെ" .നക്ഷത്രം മിന്നിക്കെട്ടു .അനീറ്റയുടെ മുറിയില്‍ വെളിച്ചം ഉണ്ടായിരുന്നില്ല .നിഷ്കളങ്കമായി അവള്‍ ഉറങ്ങുകയാകും .പ്രണയം ഇത്ര മേല്‍ വേദന നിറഞ്ഞത് എന്ന് അവള്‍ അറിയുന്നുണ്ടാവുമോ ? അവള്‍ക്കു വേണ്ടി തുടിക്കുന്ന ഒരു ഹൃദയം ഇവിടെ ഇങ്ങനെ നഷ്ടപ്പെട്ടത് അവള്‍ അറിയുന്നുണ്ടാവുമോ ?ഏറെ നേരം തിരഞ്ഞിട്ടും കാണാതെ ഞാന്‍ വേച്ച് വേച്ചു തിരിഞ്ഞു നടന്നു .മുള്ളിലും കല്ലിലും പെട്ട് എന്‍റെ പാവം ഹൃദയം ,അത് ചുളുങ്ങിയും ചുരുണ്ടും ചൈതന്യമറ്റ്‌ കാണും ..

കാശ് ചോദിക്കാന്‍ വന്നപ്പോള്‍ പെരാന്ത് അഭിനയ്ക്കാ ഓന്‍ "റഫീക്ക്‌ അമര്‍ഷത്തോടെ കൈകള്‍ കൂട്ടിത്തിരുമ്മി .ഹൈറുന്നിസ വിഷമത്തോടെ രഫീകിനെ നോക്കി പറഞ്ഞു

"എന്റിക്കാക്കാക്ക് പ്രാന്തോന്നുമില്ല ,ങ്ങള് വേണ്ടാത്തത് ഒന്നും പറയല്ലി"പിന്നെ ,,ഓന്‍ ഈ കാട്ടുന്നതൊക്കെ അഭിനയാ ?അതന്നെ ഞാനും പറഞ്ഞത് .യ്ക്ക് ന്‍റെ കാഷ്‌ കിട്ടണം .ജ്ജ് ഓനോട് പറഞ്ഞിക്കി .കാശില്ലാണ്ടേ ജ്ജങ്ങട് വരണ്ടാ ഇനി "

റഫീക്ക്‌ ഇറങ്ങി നടന്നു ."പത്തിരി കഴിച്ചിട്ട് പോകീന്‍ "ഹൈറുന്നിസ പിറകില്‍ നിന്ന് വിളിച്ചു പറഞ്ഞു "അന്റിപ്പക്ക് കൊണ്ടോയി കൊടുക്ക്‌ "പിറുപിറുത്തു കൊണ്ട് റഫീക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു മുറ്റം കടന്നു ഇടവഴിയിലൂടെ തിരിഞ്ഞു നോക്കാതെ പായിച്ചു പോയി .

"എന്നാലങ്ങോട്ടു പോയ്ക്കൊളി "ഹൈറുന്നിസ അടുക്കളയിലേക്കു തന്നെ പോയി .അവള്‍ക്കു നല്ലോണം വിശക്കുന്നുണ്ടായിരുന്നു .ഡോക്ടറുടെ അടുത്തു വെച്ച് കാണാം എന്ന് അനീറ്റ വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞാന്‍ ചെന്നത് , അവള്‍ വന്നിട്ടുണ്ടായിരുന്നില്ല .ശിവരാമനും ഫ്രണ്ടും എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും എന്‍റെ കൂടെ വന്നു ."

"കയ്യീന്ന് വിടടോ"എന്ന് പറഞ്ഞു കുതറി പല വട്ടം.എനിക്കിഷ്ടല്ല അങ്ങനെ കൈയ്ക്ക് പിടിച്ചു വെക്കുന്നത് .പക്ഷെ ശിവരാമന്റെ കൈക്ക് എന്താ ബലം? ..എടാ ജമാലെ എന്ന് കൂട്ടുകാരനെ വിളിക്കുന്നുണ്ടായിരുന്നു .ഇപ്പോഴും ആള്‍ക്കാര്‍ മതെതരത്ത്വതിലോക്കെ വിശ്വസിക്കുന്നുണ്ട് കേട്ടോ .ശിവരാമന്റെ ഫ്രണ്ട് ജമാല്‍ .കൊള്ളാം . .അവന്മാരുടെ ശല്യം തീരട്ടെ എന്ന് കരുതിയാണ് ഡോക്ടറുടെ മുറിയില്‍ കയറിയിരുന്നത് ."അനീറ്റക്ക് എന്താ പ്രശ്നം ?ഞാന്‍ ചോദിച്ചു .ഡോക്ടര്‍ തെളിച്ചമില്ലാത്ത ഒരു ചിരി ചുണ്ടില്‍ വരുത്തി

."ഒന്നുമില്ല ,ഒരു ചെറിയ ഡിപ്രഷന്‍ ."

"എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം ഡോക്ടര്‍ "ഞാന്‍ പറഞ്ഞു .ഉം ,പുഞ്ചിരിയോടെ അയാള്‍ തലയാട്ടി.സ്വപ്നങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം ?സ്വപ്നം കാണാറുണ്ടോ ?എന്തൊക്കെ തരത്തിലുള്ള സ്വപ്‌നങ്ങള്‍ ആണ് കാണാറ് ?എനിക്ക് ശരിക്കും ദേഷ്യം വന്നു "എന്‍റെ സ്വപ്നങ്ങളില്‍ കൈ കടത്താന്‍ നിങ്ങള്‍ ആരാണ് ?"എന്‍റെ അരിശം കണ്ടു അയാളും ഒന്ന് മയപ്പെട്ടു ..പിന്നെ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു .കുറച്ചൊക്കെ ഞാന്‍ മിണ്ടാതിരുന്നു ,പിന്നെ എനിക്ക് പാവം തോന്നി .അത് കൊണ്ട് എനിക്കപ്പോള്‍ തോന്നിയതൊക്കെ ഞാന്‍ പറഞ്ഞുസ്വപ്‌നങ്ങള്‍ക്ക് ഒക്കെ എന്ത് വിലയാണിപ്പോള്‍?ഒക്കെ വിറ്റ്തുലച്ചില്ലേ? ,മറ്റുള്ളോര്‍ക്ക് വേണ്ടീട്ടല്ലേ നമ്മളൊക്കെ സ്വപ്നം കാണാറ്?ഇപ്പോഴെവിടെയാ മറ്റുള്ളോര് ?" ,ഒക്കെ വിശ്വസിച്ചു എന്ന് തോന്നുന്നു ,അല്ലെങ്കിലും അടിസ്ഥാനപരമായി ഈ ഡോക്ടര്‍മാര്‍ എല്ലാരും പാവങ്ങളാണ് .രോഗികള്‍ പറയുന്നതൊക്കെ കണ്ണുമടച്ച് വിശ്വസിക്കും .അനീറ്റ അന്ന് പക്ഷെ എത്ര നേരം കാത്തിരുന്നിട്ടും വന്നില്ല .ഉണരുമ്പോള്‍ നേരം നല്ലോണം പുലര്ന്നിരുന്നു .മുജീബ്‌ ചാടിയെണീറ്റു ജോലിക്ക് പോകാന്‍ ഒരുങ്ങിത്തുടങ്ങി ,ഇമ്മാ എന്‍റെ ഉടുപ്പെവിടെ ?അവന്‍ അക്ഷമനായി വിളിച്ചു ചോദിച്ചു .ഈ അനീസ ഇതെവിടെ പോയി കിടക്കാ?ഉമ്മയുടെ മുഖം വാതിലില്‍ പ്രത്യക്ഷമായി ."അനീസ ഓള്‍ടെ വീട്ടില്‍ പോയിരിക്ക്യല്ലേ ;ഇജ്ജ്‌ കമ്പനീല്‍ പോവാന്‍ നോക്ക് .ഉടുപ്പോക്കെ ഞാന്‍ എടുത്തു തര്ണ്ട് "ഉമ്മക്ക് കുറച്ചു ആശ്വാസം തോന്നിത്തുടങ്ങിയിരുന്നു .കുറെ നാളുകള്‍ക്കു ശേഷം ആയിരുന്നു മുജീബ്‌ അവരെ ഉമ്മാ എന്ന് വിളിക്കുന്നത്‌ .അനീസ തിരിച്ചു വരില്ല എന്ന് പറഞ്ഞു അവന്റെ മനസ്സിനെ ഉല ച്ചു കളയാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ലകുളിച്ചു റെഡി ആകുമ്പോള്‍ അനീസ എന്താണ് പറയാതെ പോയത് എന്നായിരുന്നു മുജീബിന്റെ ചിന്ത .കുളിച്ചു ഉമ്മറത്തു വന്നു സമയം നോക്കുമ്പോള്‍ ക്ലോക്ക്‌ ചത്തിരിക്കുന്നു

സമയെത്രയാവോ എന്തോ ?"ഇമ്മാ" ;മുജീബ്‌ നീട്ടി വിളിച്ചു .ഈ ക്ലോക്ക്‌ എന്താ നിന്നത് ? ഉമ്മയുടെ ഒച്ചയോന്നും കേട്ടില്ല .ക്ലോക്ക്‌ എടുത്തു നോക്കിയപ്പോള്‍ അതിനു ബാറ്ററി ഇല്ല

ആരോ എടുത്തു മാറ്റിയതാവും.അലമാര തുറന്നു നോക്കിയപ്പോള്‍ ഭാഗ്യം രണ്ടു ബാറ്ററി ഉണ്ട് .അത് ഇട്ടപോള്‍ സൂചികള്‍ പിറകോട്ടു നടക്കാന്‍ തുടങ്ങി .സമയം എത്രയായി കാണും .സൂചികള്‍ ഇങ്ങനെ പിറകോട്ടു കറങ്ങിയാല്‍ എങ്ങനെ സമയം അറിയും ?നിഴല്‍ അളന്നു .നിഴലിനു മൂന്നാളു നീളം .പെരുക്കപ്പട്ടിക മറന്നത് കൊണ്ട് മൂന്നാള്‍ നീളത്തിന് എത്ര നാഴിക എത്ര നാഴികക്കെത്ര മണി എന്നറിയാന്‍ പറ്റുന്നില്ല .ഞാന്‍ വിഷമത്തോടെ തിണ്ണയില്‍ കുന്തിച്ചിരുന്നു .പതിറ്റടിക്ക്‌ നാലും പന്തീരടിക്ക് ആറും എന്നല്ലേ ?"കുട്ടിമാമഇത്ര നേരം ഈ കുട്ടിമാമ എവിടെയായിരുന്നു ?


*ഈ വരിയില്‍ പ്രതിപാദിക്കുന്ന ആശയത്തിന് പെരോര്‍മ്മയില്ലാത്ത ഏതോ ബ്ലോഗിനോട് കടപ്പാട് .ഒരു കവിതയായിരുന്നു അത് .അടുപ്പില്‍ സ്വയം വിറക്‌ ആകുന്ന അമ്മ .അനുവാദം ചോദിക്കാതെ ആശയം കടം എടുത്തതിനു ആ കവിയും നിങ്ങളും എനിക്ക് മാപ്പ് തരിക





Siyaf Abdulkhadir

No comments:

Post a Comment