Tuesday, July 31, 2012

വീണ്ടും ഒരു പൂക്കാലം


അശ്വതിയുടെ സ്വപ്നങ്ങളില്‍ എന്നും പൂക്കാലമായിരുന്നു. ഓണത്തിനും വസന്തത്തിനും ഒക്കെ പാറി പറക്കുന്ന ചിത്രശലഭങ്ങള്‍ പോലെ ശരീരവും മനസും തുടിച്ചു നില്‍ക്കുന്ന ജീവിതത്തിലെ സ്നേഹ കൂട്ടുകളില്‍ മധുര സ്വപ്‌നങ്ങള്‍ മാത്രം കാണുന്ന മാലാഖക്കുട്ടി . മാഷായ അച്ഛന്‍ പഠിപ്പിച്ച സ്കൂളില്‍ നീളന്‍ ട്രൌസറും പുള്ളിയുടുപ്പുമായി സ്വപ്‌നങ്ങള്‍ കാണിച്ച വിഷ്ണുവും , കൈ പിടിച്ചു കൂടെ നടക്കുന്ന രാജിമോളുമൊക്കെ കോളേജിലും കൂടെ കൂടിയപ്പോള്‍ അച്ചു വര്‍ണ്ണ കൂട്ടുകളില്‍ സ്വയം മറന്ന് ആഹ്ലാദിച്ചു.
. . . . വര്‍ണ്ണ സ്വപ്നങ്ങളുടെ മായിക ലോകത്തുനിന്നും ഒരു മടക്കയാത്ര ലതിക ചേച്ചിയുടെ ഫോണ്‍ വിളിയില്‍ വന്നപ്പോള്‍ പ്രിയപ്പെട്ട അച്ഛന്‍ മാഷിനായി ഒരു അതൊരു കാത്തിരിപ്പായി. കാത്തിരിപ്പിന്‍റെ നീളത്തില്‍ മയക്കത്തിലെക്കും സ്വപ്നത്തിലേക്കും ഒരു ചെറിയ യാത്ര . നാടിനും , നാട്ടാര്‍ക്കും വേണ്ടി കുടുംബവും ബന്ധങ്ങളും ഒക്കെ മറന്ന മാഷ്‌ പാവങ്ങളുടെ , പീഡിതരുടെ കാര്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരെയും , പോലീസിനെയും വരെ ചൂണ്ടു വിരലില്‍ നിര്‍ത്തിയപ്പോള്‍ എറണാകുളം സിറ്റിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ആരക്കോട് ഗ്രാമം പ്രശസ്തിയിലേക്ക് കുതിച്ചു കയറി . ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ മന്ത്രിയില്‍ നിന്നും മാധവന്‍ മാഷ്‌ സ്വീകരിക്കുമ്പോള്‍ സദസ്യര്‍ ഒന്നടങ്കം കയ്യടിക്കുന്നു . അഭിനന്ദനങ്ങള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും പൊതിയുന്ന ആളുകള്‍ . പത്രങ്ങളിലും , ചാനല്‍ വാര്‍ത്തകളിലുമൊക്കെ മാഷ് അങ്ങനെ നിറഞ്ഞു നില്‍ക്കുന്നു. അച്ചുവിന്‍റെ മയക്കം വീണ കണ്ണുകളില്‍ ഒരു നല്ല കിനാവിന്‍റെ ബാക്കി പത്രങ്ങള്‍ . . .
.. " എന്താ ഇവളുടെ പേര് " എന്ന സര്‍ക്കിളിന്‍റെ ചോദ്യത്തിനു കോണ്‍സ്റ്റബിള്‍ മറിയാമ്മ " അശ്വതി.. .. മേനോന്‍ മാഷിന്‍റെ മോളാ .." എന്നുള്ള മറുപടി കേട്ടാണ് ചുറ്റും വന്നവരെ നോക്കിയത് . " ഉം . . . . അതാ പഴുത്തിങ്ങനെ മാമ്പഴം പോലെ .. ഇങ്ങനെ ഒന്ന് വീട്ടില്‍ മൂത്ത് നില്‍ക്കുമ്പോഴാ മൂപ്പീന്ന് ഒണക്ക മാങ്ങ തിന്നാന്‍ പോയത് ....ഒന്നൂടെ പഴുപ്പിച്ചിട്ടു കൊണ്ട് വരിക അങ്ങോട്ട്‌ .. മനസിലായോ മറിയാമ്മയ്ക്ക് .. " അടുത്തേക്ക്‌ വന്ന് ഒന്ന് അമര്‍ത്തി നോക്കീട്ടു സര്‍ക്കിള്‍ പോയി . കോണ്‍സ്റ്റബിള്‍ മറിയാമ്മയും , സുലോചനയും കൂടി അശ്വതിയെ പിടിച്ചു എണീല്‍പ്പിച്ചു കായ ശക്തി ലഘുവായി മേനിയില്‍ ഒന്ന് പ്രകടിപ്പിച്ചു കാതില്‍ പറഞ്ഞത് " തന്തേടെ കൂടെ നിന്നെ കൂടി ഇവിടുട്ട് കൊന്നാലും ഒരു പട്ടീം ചോദിക്കില്ല " എന്നാണു ...പിന്നെ വയറ്റത്ത് ഒന്ന് അമര്‍ത്തീട്ടു .." നാട്ടുകാര് പോയിട്ട് പത്രക്കാര് പോലും നിനക്കൊന്നും വേണ്ടി വരില്ലാന്നു" എന്നും പറഞ്ഞു  .. പിന്നെ ഭീഷണിയുടെ സ്വരമായി "തന്തയെ ജീവനോടെ വേണേല്‍ ഇപ്പോള്‍ പറയുന്ന പേപ്പറില്‍ ഒപ്പിട്ടു കൊടുത്ത് കൂടെ കൊണ്ടുപോകാന്‍" എന്ന് പറഞ്ഞപ്പോള്‍ ഒഴുകിയിറങ്ങിയ കണ്ണീരിന്‍റെ കൂടെ രക്തവും കിനിഞ്ഞോ എന്നാ സാധുവിന് തോന്നി . കൂടെ വന്ന ലതിക ചേച്ചിയെയും , വക്കീലിനെയും മാറ്റി നിര്‍ത്തി അച്ഛനെ കാണാന്നുള്ള മോഹത്തില്‍ നരിമടയില്‍ പെട്ട കുഞ്ഞു മാന്‍പേടയ്ക്കു ഒന്ന് കരയാനുള്ള സാവകാശം പോലും നാരീ മണികള്‍ നല്‍കിയില്ല . വലിച്ചിഴച്ച് സര്‍ക്കിളിന്‍റെ മേശമേല്‍ കൊണ്ടിടുമ്പോള്‍ മിണ്ടാന്‍ പോലും കഴിയാതെ ഏഴെട്ടു പോലീസുകാരുടെ പുലഭ്യം കേള്‍ക്കാന്‍ കാതിനു മാത്രം ജീവന്‍ . വെളുത്തു തുടുത്ത ആ മേനിയുടെ സൌന്ദര്യം ഏമാന്‍മാര്‍ ശരിക്കും ശരിക്കും ആഘോഷിച്ചു എന്ന് മാത്രമല്ല , ഒരാളത് കാമറയിലും ഒപ്പിയപ്പോള്‍ തോല് പൊളിഞ്ഞ മാന്‍ പേട സ്വപ്‌നങ്ങള്‍ വിട്ടു ജീവിക്കുന്ന ലോകത്തേക്ക് എത്തിയിരുന്നു . "നിന്‍റെ തന്ത നിന്നെ പീഡിപ്പിച്ചിട്ടുണ്ടോ..? " സര്‍ക്കിളിനെക്കാള്‍ കൂടിയ ഏമാന്‍ ആണെന്ന് തോന്നുന്നു, ചോദിച്ച ചോദ്യത്തില്‍ സപ്ത നാഡികളും തളര്‍ന്നു പോയി . രണ്ടും കല്‍പ്പിച്ചു മൊബൈലെടുത്ത് വക്കിലീന്‍റെ നമ്പര്‍ നോക്കിയപ്പോള്‍ പുളിച്ച തെറിയോടെ മറിയാമ്മ അത് വാങ്ങി മൂലയിലേക്ക് എറിഞ്ഞു.

. . എല്ലാത്തിനും സാക്ഷിയായി ഭിത്തിയിലെ ഗാന്ധി ഫോട്ടോ ഒരു നിമിഷം കണ്ണടച്ചിട്ടുണ്ടാവണം. . കൈ കൂപ്പി കരഞ്ഞ അശ്വതിയെ എന്തോ സഹതാപം തോന്നീട്ടാകണം സുലോചന പിടിച്ചു കൊണ്ട് പോയി സൈഡിലുള്ള കസേരയില്‍ ഇരുത്തി വെള്ളം കൊടുത്തു . " അബദ്ധായി കാട്ടീത് .. വേഗം രക്ഷപെട്ടോ " എന്നവര്‍ പതുക്കെ പറയുമ്പോള്‍ മേനോനെ പൂട്ടാന്‍ മന്ത്രീം , ഐ ജി യുമൊക്കെ വിളിച്ചു എന്ന് പറഞ്ഞു അട്ടഹാസങ്ങളും , പൊട്ടിച്ചിരികളും ഒക്കെ മുഴങ്ങുന്നുണ്ടായിരുന്നു . ശകാരങ്ങളുടെയും, ഭീഷണിയുടെയും ഇടവേള. . രാത്രി എട്ടു മണി ... "വക്കീലോന്നും വേണ്ടാ , ഈ പേപ്പറുകളില്‍ ഒപ്പിട്ട് തന്തയെ വേണേല്‍ കൊണ്ട്പോയിക്കോ .. " എന്നുള്ള സര്‍ക്കിളിന്‍റെ ഔദാര്യത്തില്‍ , എല്ലാ പേപ്പറുകളിലും ഒപ്പിട്ട് അച്ഛനെയും കൂട്ടി പുറത്തെത്തിയപ്പോള്‍ വക്കീലും , ചേച്ചിയും കൂടാതെ അയലത്തെ മൂന്നാല് പേരും ഉണ്ടായിരുന്നു .." കുറെ ശ്രമിച്ചു കുട്ടിയേ .. പത്രക്കാരും , ചാനലുകാരും വരെ കയ്യൊഴിഞ്ഞു " എന്നുള്ള ഗോവിന്ദന്‍ വക്കീലിന്‍റെ വാക്കുകള്‍ക്കു കണ്ണീരു മാത്രമായിരുന്നു അശ്വതിയുടെ മറുപടി . " അറസ്റ്റു ചെയ്തു എന്ന് പറഞ്ഞിട്ട് ജാമ്യം പോലും എടുക്കാതെ വിട്ടു എന്ന് കേള്‍ക്കുമ്പോള്‍ എന്തോ .. ? വക്കീലിന്‍റെ സംശയത്തിന് തകര്‍ന്ന മനസോടെ മേനോന്‍ മാഷു പറഞ്ഞു " എന്നെ ഒന്ന് നാണം കെടുത്തുക .. അത്രേ അവര് വിചാരിച്ചിട്ടുണ്ടാകൂ .." വക്കീല് വിളിച്ച കാറില്‍ കയറുമ്പോള്‍ വേദനയോടെ മോളെ മേനോന്‍ ചേര്‍ത്തു പിടിച്ചിരുന്നു ..
( മുയലിനെ വെച്ച് സിംഹത്തെ കെണിയിലാക്കിയ സന്തോഷത്തില്‍ അപ്പോള്‍ കുറെ ആളുകള്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു . . )
തളര്‍ന്ന മനസുമായി മാഷും , അശ്വതിയും വീട്ടില്‍ എത്തുമ്പോള്‍ കരഞ്ഞു തളര്‍ന്നു മയങ്ങുകയായിരുന്നു അമ്മ ഭാമിനി , കൂടെ ഒന്ന് രണ്ടു അയല്‍ക്കാര്‍ മാത്രം . അന്യ ഗ്രഹ ജീവികളെ കാണുന്നപോലെ ചിലര്‍ റോഡില്‍ നിന്നും ഒളിഞ്ഞു നോക്കുമ്പോള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും ആകാതെ .. ഭക്ഷണം പോലും കഴിക്കാതെ എല്ലാരും ഉറങ്ങി . 
. . . . ( കഥ പിന്നിലേക്ക്‌ ) . . . . .
നാട്ടാരും ബന്ധുക്കളുമൊക്കെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മാധവന്‍ മാഷ് . അഴിമതിക്കും , സ്ത്രീ പീഡനത്തിനും എതിരെ മാത്രമല്ല പാവങ്ങളുടെ എന്താവശ്യങ്ങള്‍ക്കും മുമ്പില്‍ നിന്ന് പട നയിക്കുന്ന മാഷിനെ പോലീസും , രാഷ്ട്രീയക്കാരും വരെ പേടിയോടെയാണ് കണ്ടത് . കോളേജില്‍ വെച്ച് വിഷ്ണുവിനോട് ഉണ്ടായിരുന്ന ഇഷ്ടം രാജിമോളുടെ മനസറിഞ്ഞപ്പോള്‍ ആരുമറിയാതെ ഉപേക്ഷിച്ച് മാഷിന്‍റെ ത്യാഗ മനസ് മോളും കാണിച്ചു.. . . . വിഷ്ണു നമ്പൂതിരിയും രാജി വാരസ്യാരും പ്രണയ ജോടിയായപ്പോള്‍ മറക്കാനാവാത്ത വര്‍ണ്ണ പകിട്ടുകളില്‍ കോളേജ്‌ ജീവിതവും കൂടുതല്‍ ആഘോഷമായി . വിഷ്ണുവിന്‍റെ പ്രണയ കവിതകള്‍ രാജിയുടെ മനോഹര ശബ്ദത്തില്‍ കോളേജ്‌ കാമ്പസില്‍ നിറഞ്ഞു നിന്നപ്പോള്‍ കാന്‍റീനും ലൈബ്രറിയും എല്ലാം പ്രണയിക്കുന്നവര്‍ക്ക് കൂട്ടായി . ദുബായിലുള്ള അച്ഛന്‍ ഇട്ട സേവിംഗ് അക്കൗണ്ടില്‍ നിന്നും പണമെടുത്ത് രാജി എല്ലാ വൈകുന്നേരങ്ങളും പാര്‍ട്ടികള്‍ നടത്തിയപ്പോള്‍ അഷ്റഫിനും ഫാത്തിമയ്ക്കും പിന്നെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹിക്കാനും , ആഹ്ലാദിക്കാനും അവസരങ്ങള്‍ തുറന്നു കിട്ടുകയായിരുന്നു.ക്ലാസുകള്‍ തീരാന്‍ മാസങ്ങള്‍ ശേഷിക്കെ എറണാകുളം മഹാരാജാസ്‌ കോളേജില്‍ പരസ്പരം സ്നേഹിക്കുന്ന ഒരു നല്ല വിദ്യാര്‍ഥി കൂട്ടായ്മ പിറവിയെടുത്തു. മോളുടെ ആഗ്രഹം കേട്ടു പ്രണയ ജോഡികള്‍ക്ക് വേണ്ടി മാധവന്‍ മാഷ്‌ തന്നെ മുന്നോട്ടിറങ്ങിയപ്പോള്‍ ഇരു വീട്ടുകാര്‍ക്കും തലയില്‍ കൈ വെച്ച് കുട്ട്യോളെ അനുഗ്രഹിക്കേണ്ടി വന്നു . . .. . കൂടെ പഠിക്കുന്ന അഷ്‌റഫ്‌ , ഫാത്തിമ ജോഡിക്ക് കൂടി കല്യാണ സ്വപ്‌നങ്ങള്‍ അച്ചു പകര്‍ന്നു നല്‍കിയപ്പോള്‍ കോളേജ്‌ ജീവിതത്തിലെ അവസാന ദിനങ്ങള്‍ പ്രണയ മഴയില്‍ കുതിര്‍ന്ന മനോഹര സ്വപ്നങ്ങളായി ...കമ്പ്യുട്ടര്‍ സയന്‍സിലെ മാസ്റ്റര്‍ ബിരുദ ക്ലാസുകള്‍ കഴിയുന്നതിനുമുമ്പേ അശ്വതിക്കും , അഷറഫിനും , വിഷ്ണുവിനും കൊച്ചിയിലെ വിപ്രോ കമ്പനിയില്‍ കാമ്പസ്‌ ഇന്റര്‍വ്യൂ വഴി ജോലി ഉറപ്പായപ്പോള്‍ പ്രണയ ജോടികള്‍ ജീവിത സ്വപ്നങ്ങള്‍ കൂടി ഒപ്പം നെയ്തു കൂട്ടി. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട ഒരു കേസില്‍ മാഷ്‌ ഇടപെട്ടത് വീട്ടിലേക്കു ഭീഷണിയായി വന്നതൊഴിച്ചാല്‍ സമാധാന പൂര്‍ണ്ണമായ ജീവിതം തന്നെയായിരുന്നു മാഷിനും കുടുംബത്തിനും. പക്ഷേ തകര്‍ച്ചയുടെ നിഴലുകള്‍ ശാപം പോലെ മാഷിനു മേല്‍ പതിച്ചത് മന്ത്രിസഭ മാറി നാട്ടുകാരനായ ജോണ്‍ ഇമ്മാനുവല്‍ ആഭ്യന്തര മന്ത്രിയാവുന്നതോടെയാണ് .

. . . . കഥ തുടരുന്നു . . .

രാവിലെ നേരം വെളുത്തതും രണ്ടു പോലീസ്‌ ജീപ്പുകള്‍ വീണ്ടും വന്ന് മാഷിനെ കിടക്കയില്‍ നിന്ന് തന്നെ തൂക്കിയെടുത്തു കൊണ്ടു പോയപ്പോള്‍ കാര്യം അറിയാതെ മുഴങ്ങിയ കരച്ചില്‍ പത്ര വാര്‍ത്തയും , ചാനല്‍ ന്യൂസും കണ്ടപ്പോള്‍ നിലവിളിയായി മാറി ... " പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും അവാര്‍ഡ്‌ ജേതാവുമായ മാധവന്‍ മാഷ്‌ സ്ത്രീ പീഡനത്തിനു അറസ്റ്റില്‍ .. നേരത്തെ ഇതേ ആരോപണം ഉന്നയിച്ച മോളി , ശാന്ത എന്നിവരുടെ പരാതികള്‍ കൂടാതെ ഇപ്പോള്‍ സ്വന്തം മകള്‍ തന്നെയാണ് പീഡിപ്പിച്ചു എന്ന പരാതി നല്‍കിയിരിക്കുന്നത് ...." ഗുരുവായൂരപ്പാ.." എന്ന് വിളിച്ച് മലര്‍ന്നടിച്ചു വീണ ഭാമിനിയെ വേലക്കാരി ജാനു കട്ടിലിലേക്ക് പിടിച്ചു കിടത്തുമ്പോള്‍ .. പുറത്ത് ആക്രോശങ്ങളും ചീത്തവിളികളുമായി ആരൊക്കെയോ തടിച്ചു കൂടിയിരിക്കുന്നു .. ഒന്നും മനസിലാകാതെ സോഫയിലേക്ക് പകുതി ബോധത്തില്‍ വീണുപോയ അശ്വതിക്ക് മലയാളം ചാനലില്‍ കണ്ട വാര്‍ത്തയും , പ്രതികരണങ്ങളും കണ്ട് പൂര്‍ണ്ണമായും ബോധം നഷ്ടപ്പെട്ടു .......  . . . ദുസ്വപ്നങ്ങള്‍ വരിഞ്ഞു മുറുക്കുന്ന വിഷ നാഗങ്ങളായി പുണര്‍ന്നു നില്‍ക്കുന്ന യാമ സ്വപ്നങ്ങള്‍ക്ക് മീതെ ഓര്‍മ്മയുടെ നിറക്കൂട്ടുകള്‍ വന്നപ്പോള്‍ കൈ പിടിച്ചു രാജിയും , കണ്ണീരു നിറഞ്ഞ മനസോടെ വിഷ്ണുവും മാത്രം അടുത്ത് .. " ന്‍റെ അച്ചുവേ .." ന്നു പറഞ്ഞു കരഞ്ഞുകൊണ്ട് കാലില്‍ പിടിച്ച വിഷ്ണു .." ല്ലാം പോയി കുട്ടീ " എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ രാജിമോള്‍ " അമ്മച്ചി പോയീ അച്ചു .. :" ന്നു കൂട്ടിച്ചേര്‍ത്തപ്പോള്‍ . തകര്‍ന്നുടഞ്ഞ വര്‍ണ്ണ മാളികയിലല്ല . . . പെയ്തൊഴിഞ്ഞ നിലാവിന്‍റെ ലാസ്യ വിസ്മയത്തില്‍ അച്ചു വീണ്ടും മയക്കത്തിലേക്ക്‌ പോയി. . .  സ്വപ്നങ്ങളുടെ വര്‍ണ്ണ ലോകത്ത് നിന്നും അച്ചു അപ്പോള്‍ വേറൊരു ലോകത്ത് എത്തിയിരുന്നു . .. . . ...  തിരിച്ചറിവിന്‍റെ സുകൃതവുമായി നന്മയുള്ള ഒരു കൂട്ടര്‍ മാത്രം ആ സാധുക്കള്‍ക്കായി നിലകൊണ്ടപ്പോള്‍ ഭൂരിപക്ഷം നാട്ടുകാരും അവരെ കയ്യൊഴിഞ്ഞു. .. . . . . എല്ലാരാലും ഉപേക്ഷിക്കപ്പെട്ട മാധവന്‍ മാഷിനെ , അച്ചുവിനെ ഒക്കെ നാട്ടാരും ദൈവവും വരെ കൈവിട്ടൂ എന്ന വാര്‍ത്ത ആരക്കോട് ഗ്രാമത്തിലെ ചിലര്‍ വേദനയോടെ അറിഞ്ഞു . പക്ഷെ അവര്‍ക്കും പേടി സഹായിക്കാന്‍ . . . എല്ലാര്‍ക്കും പേടി ....... ആരാ സഹായിക്കുക ........?......................... ചതിച്ചു വാങ്ങിയ ഒപ്പ് , പിന്നെ കൂട്ടി ചേര്‍ത്ത എഴുത്തുകള്‍ .. . . പിന്നെ എല്ലാം ചതി ... , എല്ലാരൂടെ മാഷിനെ ചതിച്ചു എന്ന് പറഞ്ഞ അച്ചുവിനോട്‌ പീഡിപ്പിച്ച അച്ഛനെ രക്ഷിക്കാന്‍ പാതിവ്രത്യം ദാനം നല്‍കണോ എന്ന് ജഡ്ജ് ചോദിച്ചപ്പോള്‍ തളര്‍ന്നിരുന്നു കരയാന്‍ മാത്രമേ ആ സാധുവിന് കഴിഞ്ഞുള്ളു .

. . . . മാഷ്‌ സ്ത്രീ പീഡകനെന്നും , രണ്ടു ആളുകളുടെ മൊഴി കോടതി ശരി വെക്കുന്നു എന്നും പറഞ്ഞ ജഡ്ജ് .........മോള് അച്ഛനുവേണ്ടി മൊഴി മാറ്റി പറഞ്ഞാലും കേസ്‌ നില നില്‍ക്കും എന്നും കൂട്ടിച്ചേര്‍ത്തു . മാഷിനു ശിക്ഷ ഉറപ്പാണെന്നും .. നാളെ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അരവിന്ദനെ കൂടി വിസ്തരിക്കുന്നതോടെ ഉച്ചയോടെ ഈ കേസിന്‍റെ ശിക്ഷ വിധിക്കുന്നതും ആണെന്ന് ജഡ്ജ് പറയുന്നതോടെ ഒരു ദിവസം കാത്തിരിപ്പ് നീളുന്നു . പക്ഷെ തളര്‍ന്നുപോയ മാഷിനെ ഒരു കയ്യില്‍ താങ്ങി മകള്‍ കോടതിക്ക് പുറത്തേക്ക് കൊണ്ട് വരുമ്പോള്‍ ചീഞ്ഞ മുട്ടകളും , തക്കാളിയും നാടന്‍ തെറികള്‍ എഴുതിയ ബോര്‍ഡുകള്മോക്കെയായിട്ടാണ് നാട്ടിലെ സദാചാരക്കാര്‍ അവരെ വരവേറ്റത് . നെഞ്ചു പൊത്തി നിലത്ത് വീണ മാഷിനെ എല്ലാരും കൂടി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജീവന്‍റെ നേരീയ മിടിപ്പുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ . . രണ്ടു ദിവസത്തെ ആശുപത്രി വാസം . . . വീണ്ടും കോടതിയിലേക്ക് .. . . .. . . കോടതി ബെഞ്ചില്‍ കരഞ്ഞു കൊണ്ടിരുന്ന അച്ചൂനെ സമാധാനിപ്പിക്കാന്‍ വിഷ്ണുവിനും രാജിക്കും ശരിക്കും പ്രയാസപ്പെടെണ്ടി വന്നു. സഹായങ്ങള്‍ അപേക്ഷിച്ച് പുറത്തു പോയ അഷ്‌റഫ്‌ , പിന്നെ കുര്യാക്കോസ് ഒന്നും എത്തീട്ടില്ല . സബ് ഇന്‍സ്പെക്ടര്‍ അരവിന്ദന്‍ കോടതിയില്‍ വാദി ഭാഗത്തിന് എത്തിയപ്പോള്‍ നേരീയ ഓര്‍മ്മയില്‍ വിസ്താരം അശ്വതി കേട്ടു. . . . പ്രോസിക്യുഷന്‍ വാദങ്ങള്‍ , പിന്നെ ജഡ്ജ് സപ്പോര്‍ട്ട് എല്ലാം കേട്ട ഇന്‍സ്പെക്ടര്‍ തിരികെ എല്ലാര്‍ക്കുമെതിരെ ചോദ്യങ്ങളുമായി ആഞ്ഞടിച്ചപ്പോള്‍ ചേതന നഷ്ടപ്പെട്ട് ബോധം പോയ അശ്വതി സ്വപ്നാടനം പോലെ എണീറ്റ്‌ മുമ്പിലായി പോയി നിന്നു. " അച്ഛന്‍റെ ജീവന് യാചിച്ച കുട്ടിയെ കൊണ്ട് ഒപ്പിട്ടു വാങ്ങിയ പേപ്പറുകള്‍ .. ഇപ്പോള്‍ അത് വെച്ച് ആ പാവങ്ങളെ വീണ്ടും ക്രൂരമായി വേട്ടയാടുമ്പോള്‍ ഞാന്‍ മനുഷ്യനാകണമോ ... അതോ മൃഗമാകണമോ ....? " എന്ന് ന്യായാധിപന്‍റെ മുഖത്ത് നോക്കി അരവിന്ദന്‍ അത് ചോദിക്കുമ്പോള്‍ കൂടി നിന്ന എല്ലാവരുടെയും മനസും ഹൃദയവും ആ പോലീസുകാരന്‍ കീഴടക്കി ......." പോലീസിനെയും കോടതിയെയും ചതിച്ച ഇന്‍സ്പെക്ടര്‍ അരവിന്ദന്‍ ചതിയന്‍ " എന്ന് കോടതി പറഞ്ഞപ്പോള്‍ . . . ചതിക്കുന്നത് ഞാനോ അതോ കോടതിയോ . . . ? " എന്നുള്ള മറുചോദ്യം കേട്ടപ്പോള്‍ ജഡ്ജ് നിശബ്ദനായി . " പരിശുദ്ധ ദേവാലയം എന്ന് ഞാന്‍ കരുതിയ എന്‍റെ സ്റ്റേഷന്‍ .. അവിടെ നടന്ന ചതിയില്‍ സ്വയം പ്രതികരിച്ചില്ലേല്‍ പിന്നെയെന്തിനീ ജന്മം . . . മരണമല്ലേ ഭേദം " . . എന്ന് പറഞ്ഞിട്ട് പോക്കറ്റിലെ ഫോട്ടോകള്‍ മുമ്പിലെക്കെടുത്തു ഇടുമ്പോള്‍ .. അത് ഓടിയെടുത്തു നോക്കിയവരെല്ലാം ഞെട്ടിത്തരിച്ചു നിന്നു ......" പ്രാണനെ പോലെ സ്നേഹിക്കുന്ന അച്ഛനെ രക്ഷിക്കാന്‍ നരിമടയില്‍ പെട്ട മാന്‍പേട " എന്ന തലക്കെട്ടില്‍ അരവിന്ദന്‍ എടുത്ത ഫോട്ടോകള്‍ കണ്ടു ഞെട്ടിയത് കോടതി മാത്രമല്ല ,കേരളം മുഴുവന്‍ ആയിരുന്നു ....കമ്പ്യുട്ടര്‍ ബിരുദ ധാരിയും , നാട്ടുകാരുടെ ദൈവവുമായ മാധവന്‍ മാഷിന്‍റെ മകള്‍ അശ്വതിയെ സ്റ്റേഷനില്‍ പീഡിപ്പിച്ച് ഒപ്പുകള്‍ വാങ്ങുന്ന ഫോട്ടോകള്‍ പ്രധാന പത്രങ്ങളും , ചാനലുകളും മുക്കിയെങ്കിലും ഓണ്‍ ലൈന്‍ കമ്മ്യുനിട്ടിയില്‍ അവയെല്ലാം നിറഞ്ഞു നിന്നു . അഷ്റഫും , ഫാത്തിമയും മെയിലുകളായും വാള്‍ ഷെയര്‍ ആയും ഫേസ്‌ ബുക്കിലും , ട്വിട്ടെരിലും ആയി മാഷിനുവേണ്ടി നിറഞ്ഞു എഴുതിയപ്പോള്‍ പണം വാങ്ങി വാര്‍ത്തകള്‍ മറിക്കുകയും വിഴുങ്ങുകയും ചെയ്യുന്ന മലയാള മീഡിയ നെഞ്ചിടുപ്പോടെ വാര്‍ത്തകള്‍ നോക്കി നിന്നു .
  . . . കാര്യങ്ങള്‍ കൈ വിട്ടു പോകുന്നതറിഞ്ഞ മന്ത്രിയും കൂട്ടരും തിരിച്ചടികള്‍ക്കായി വീണ്ടും ആയുധങ്ങള്‍ തേടിയപ്പോള്‍ അടുത്ത ദിവസം രാവിലെ അഷ്‌റഫ്‌ , ഫാത്തിമ എന്നിവരുടെ അപകട വാര്‍ത്ത കേട്ടാണ് സിറ്റി ഉണര്‍ന്നത് . പൂര്‍ണ്ണമായും തകര്‍ന്നു പോയ ബൈക്കിന്‍റെ കൂടെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രണ്ടു മനുഷ്യ ജീവന്‍ പൊലിഞ്ഞു തീര്‍ന്നപ്പോള്‍ പ്രതികരണ ശേഷി വീണ്ടെടുത്ത ഒരു വലിയ വിദ്യാര്‍ഥി കൂട്ടായ്മ എറണാകുളം സിറ്റിയെ കീഴ്മേല്‍ മറിച്ചു. ഇന്‍സ്പെക്ടര്‍ ജോലിയില്‍ നിന്നും സസ്പെന്‍ഷന്‍ കിട്ടിയ അരവിന്ദന്‍ സമരത്തില്‍ നേതൃത്വം ഏറ്റെടുത്തപ്പോള്‍ അതിന്‍റെ മാറ്റൊലിയില്‍ അറബിക്കടലും പുളകിതയായി. രാഷ്ട്രീയം ഇല്ലാതെ നഗരത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും അഷ്‌റഫ്‌ , ഫാത്തിമ കൊലപാതകികള്‍ക്കായി പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയപ്പോള്‍ , കോളേജ്‌ കൂട്ടത്തിന്‍റെ പരസ്യ വിസ്താരത്തില്‍ ശാന്തയും മോളിയും സത്യങ്ങള്‍ വിളിച്ചു പറഞ്ഞു . . പോരാട്ട ഭൂമിയില്‍ ഒരു രാവ് ഒന്നിച്ചു കഴിയേണ്ടി വന്ന അരവിന്ദനെയും അശ്വതിയെയും സദാചാര ലംഘനത്തിന്‍റെ പേരില്‍ പോലീസ്‌ വീണ്ടും കോടതിയില്‍ കയറ്റി. അവിടെയും മനസിലെ ഇഷ്ടം താലിയാക്കി അശ്വതി ജയിച്ചു കയറി . . .

. . . പ്രക്ഷോഭങ്ങളുടെ ഒടുവില്‍ സര്‍ക്കാര്‍ മുട്ട് മടക്കി. . സി ബി ഐ തന്നെ നേരിട്ട് കേസ് ഏറ്റെടുത്തപ്പോള്‍ പ്രതികളുടെ പട്ടികയില്‍ മന്ത്രിയെ കൂടാതെ പല രാഷ്ട്രീയക്കാരും , പോലീസുകാരും കുറെ പത്രക്കാരും ചാനലുകാരും , ജഡ്ജുമെല്ലാം യഥാസ്ഥാനങ്ങള്‍ കയ്യടക്കി .നിരപരാധിയായ മാഷിനെ കോടതിയില്‍ നിന്നും മാപ്പ് പറഞ്ഞു പുതിയ ജഡ്ജ് യാത്രയാക്കിയപ്പോള്‍ സ്വീകരണത്തിനു വന്ന ആരക്കോട് ഗ്രാമക്കാരെ ആട്ടിയകറ്റി അശ്വതിയെ ചേര്‍ത്തു പിടിച്ചു മാഷ്‌ കോടതിയുടെ പടികള്‍ ഇറങ്ങി.
. . . ഒരു മാസത്തെ ശാന്തമായ ഇടവേള . ആരക്കോട് ഗ്രാമം ഉപേക്ഷിച്ച മാഷ്‌ സിറ്റിയിലേക്ക് താമസം മാറി. അച്ചുവിനോട് പറഞ്ഞു കൂട്ടരേ എല്ലാരെയുമോന്ന്‍ വിളിക്കാന്‍ . . ഒരു കൂടിച്ചേരല്‍ എല്ലാരും. . .രാജിയും , വിഷ്ണുവും , അരവിന്ദനും , കുര്യാക്കോസും ഒക്കെ ഒന്നിച്ച് . . മാഷ്‌ കുടുംബ സ്വത്തായി ആരക്കോട് കിട്ടിയ ഒരേക്കര്‍ പറമ്പ് വിറ്റ എണ്‍പതു ലക്ഷം രൂപയുടെ ചെക്ക് നീട്ടിയിട്ട് പറഞ്ഞു ഇതെയുള്ളൂ എന്‍റെ കയ്യില്‍ . . കൂടെ സ്നേഹിക്കാന്‍ മാത്രം അറിയുന്ന മകളും. . രണ്ടും ഞാന്‍ അരവിന്ദനെ ഏല്‍പ്പിക്കുന്നു. . . ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനി തുടങ്ങാന്‍ ധാരാളം ഈ തുക . . അറിഞ്ഞു കൊണ്ടുതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന ഒരു അനുരാഗത്തിന് മാഷ്‌ അനുഗ്രഹങ്ങള്‍ കൂടി നേരുകയായിരുന്നു . ആപത്ത്‌ സന്ധിയില്‍ ദൈവ ദൂതനെ പോലെ വന്ന അരവിന്ദന് പകരം നല്‍കാന്‍ സ്വന്തം ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. ആദ്യത്തേത് ഞാന്‍ സ്വീകരിക്കുന്നു മാഷേ . . രണ്ടാമത്തേത് എനിക്ക് വേണ്ട . . അതിവര്‍ എടുക്കട്ടെ . . സഹായിക്കാന്‍ ഞാനുണ്ടാവും . . അരവിന്ദന്‍ പടികളിറങ്ങി. .
. . . അച്ഛന്‍റെ കൈകളില്‍ നിന്നും ആ ചെക്ക് വാങ്ങുമ്പോള്‍ അശ്വതിയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു . . രാജിയെയും , വിഷ്ണുവിനെയും പിന്നെ കുര്യാക്കോസിനെയും ചേര്‍ത്തു പിടിച്ച് റോഡിലെക്കിറങ്ങിയപ്പോള്‍ വരണ്ട വേനല്ക്കാറ്റിനും , ചോര പൊടിഞ്ഞ വസന്ത കാലത്തിനും മീതെ വീണ്ടും ഒരു പൂക്കാലം അവര്‍ സ്വപ്നം കാണുകയായിരുന്നു. . കൂട്ടായ്മയില്‍ ഒരു വലിയ കമ്പനി . . ഒരു പക്ഷേ കൂടെ നിന്ന കുറെ പേര്‍ക്ക് ജീവിതം നല്‍കാം . . . . . (സ്നേഹത്തിന് വിലകല്‍പ്പിക്കുന്ന മാധവന്‍ മാഷിന്‍റെ മോള്‍ എങ്ങനെയാ മാറി ചിന്തിക്കുക ) . . മാസങ്ങള്‍ വീണ്ടും കടന്നു പോയി . . ജാതകത്തിലെ ഭാഗ്യ ദശകള്‍ അശ്വതിയെ അനുഗ്രഹിച്ചിരിക്കാം . .അരവിന്ദന്‍ ഫിനാന്‍സ്‌ ചെയ്ത സോഫ്റ്റ്‌ വെയര്‍ കമ്പനി ശക്തമായ കൂട്ട് കെട്ടില്‍ ലാഭങ്ങളിലേക്ക് കുതിച്ചു കയറി . നിശബ്ദനായി നിന്ന അരവിന്ദന് പ്രത്യേക പരിഗണനയില്‍ വീണ്ടും ജോലിയിലേക്ക് പ്രവേശനം . . . അതും പ്രമോഷനോടെ . . തളിരുകള്‍ കരിച്ചു കളഞ്ഞ കടും വേനലിനു മീതെ വീണ്ടു മൊരു പൂക്കാലത്തിന്‍റെ തിരിച്ചു വരവ് ....


Biju Palakkad

No comments:

Post a Comment