Tuesday, July 31, 2012

ഉത്തോലകം..


ആണവകരാറിനെ കുറിച്ചുള്ള പ്രസംഗം കഴിഞ്ഞ് വിയര്‍ത്ത് കൊണ്ട് കാസ്റ്റിൽ ഹാളിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ്‍ സമാജം സിക്രട്ടറി ബിജു. എം സതീഷ് പറഞ്ഞത്
“താങ്കളുടെ പ്രസംഗം ഇന്ന് അത്ര നന്നായില്ലട്ടോ.. എന്തു പറ്റി..പതിവുള്ള ചൂടേ ഇല്ലായിരുന്നു. അനുരഞ്ചനത്തിൻറേയും സഹകരണത്തിൻറേതുമായി കുഴഞ്ഞു പോയി .... ഒരു മുറുക്കം വന്നില്ലെന്ന് മാത്രമല്ല വല്ലാതെ മുതലാളിത്ത പ്രീണനവും...അതു പോലെ വാലാട്ടലുമായി തോന്നി. “
കൂട്ടത്തില്‍ പറഞ്ഞു
“താങ്കളോടുള്ള അടുപ്പം വച്ചാണ് ഇത്രയും പറഞ്ഞത് . മറ്റൊന്നും തോന്നരുത്”. 
മറുപടി ഒരു ചിരിയിലൊതുക്കി മൂത്രമൊഴിക്കാനെന്ന വ്യാജേന ടോയ്ലറ്റിലേക്ക് കയറി.  അടക്കി വച്ചിരുന്ന ദീര്‍ഘശ്വാസം അപ്പോഴാണ് തീര്‍ത്തും അയച്ചു വിട്ടത്. കെട്ടഴിഞ്ഞ പട്ടം പോലെ അടച്ചിട്ട ബാത്ത് റൂമിന്‍റെ സ്വാതന്ത്ര്യത്തില്‍ മൂത്രം ശരമാരിയായ് പെയ്തിറങ്ങി. ആശ്വാസത്തിന്‍റെ ശീതക്കാറ്റിലും എല്ലായിടങ്ങളിലും അപരിചിതത്വത്തിന്‍ റെ മുഖം മൂടികള്‍.

മൂര്‍ച്ചയുള്ള തന്‍റെ പതിവ് വാക്കുകള്‍ക്ക് മൃദുത്വം വന്നിരിക്കുന്നു. കേള്‍വിക്കാരില്‍ കൈയ്യടിക്കാന്‍ പാകത്തില്‍ ശരീര രോമങ്ങള്‍ ഉയര്‍പ്പിച്ചിരുന്ന തന്‍ റെ പ്രസംഗങ്ങളില്‍ അതി മൃദുത്വം അരയാല്‍ കൊമ്പിലെ വവ്വാല്‍ ചിറകായ് രൂപാന്ത്രം പ്രാപിക്കുന്നു.


സിക്രട്ടറി പറഞ്ഞതു പോലെ പതിവ് രീതികൾ വിട്ട് അനുസരണത്തിൻറേയും പിന്താങ്ങലിൻറെയും രീതിയീലേക്ക് കീഴ്പ്പെട്ട് തുടങ്ങിയിരിക്കുന്നു.  പ്രസംഗങ്ങളിലും ജീവിതത്തിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് ഒരു തിരിച്ചറിവ് തന്നെയാണ്. മാറ്റങ്ങളുടെ കാലഘട്ടത്തിലാണല്ലോ ജീവിച്ചിക്കുന്നത്. ജീവിക്കാന്‍ പലപ്പോഴും നടന്ന വഴികള്‍ മാറി നടക്കേണ്ടി വരുമെന്ന് സത്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

മിന്നസൊട്ടയിലെ പൊതു പരിപാടികളിൽ പലപ്പോഴും സാഹിത്യവും ആനുകാലിക സംഭവങ്ങളും സംസാരിക്കുക ഒരു പതിവായിരുന്നു. അതുകൊണ്ട് തന്നെ വിമർശകൻ എന്നോ പ്രാസംഗികൻ എന്നോക്കെ ആളുകളെകൊണ്ട് പറയിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ …
പറയാൻ വിചാരിച്ച പലകാര്യങ്ങളും അങ്ങിനെ ശകതമായി ഈ അടുത്ത കാലങ്ങളിൽ പറയാൻ കഴിയാതെ വരുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. നാട്ടിലാണെങ്കില്‍ ആരെങ്കിലും ഒടിവച്ചെന്നോ കണ്ണ് വച്ചെന്നോ ഒക്കെ പറയാമായിരുന്നു. ഇവിടിപ്പോ….എങ്കിലും വിട്ട് കൊടുക്കാന്‍ ഭാവമൊന്നുമില്ല. ശ്രമിച്ചാല്‍ സാധിക്കാത്തതൊന്നുമില്ലെന്ന് സ്കൂള്‍ ക്ലാസ്സുകളില്‍ കമലം  ടീച്ചര്‍ പറയുന്നത് ഇപ്പോഴും ഓര്‍മ്മയില്‍ വരുന്നത് ഗ്രാമത്തിന്‍റെ വിശുദ്ധി ഉള്ളത് കൊണ്ടായിരിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പ്രശസ്തങ്ങളായ പലവിധ നിരൂപണ ഗ്രന്ഥങ്ങളും വിവിധങ്ങളായ മന:ശ്ശാസ്ത്ര പുസ്തകങ്ങളും വായിച്ച് ഹൃദിസ്ഥമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും   ആശയങ്ങൾ മനനം ചെയ്തു വേരിൽ നിന്ന് വൃക്ഷത്തിലേക്കെന്ന പോലെ വീ‍ട്ടിൽ നിന്ന് പരിശീലനം ആരംഭിക്കുകയും ചെയ്തു.  ഭാര്യയും കുട്ടികളും ഇല്ലാതിരിന്നപ്പോൾ അടുക്കളയിലും കണ്ണാടിക്ക് മുമ്പിലും കുളിമുറിയിൽ പോലും ഘോരഘോരം പ്രസംഗിച്ച് അടുത്ത പ്രസംഗത്തിലെങ്കിലും പഴയ മൂർച്ച തിരിച്ചു കൊണ്ടു വരണമെന്ന് അതിയായ് ആഗ്രഹിച്ചു. പക്ഷെ ഓരോ പരിപാടികൾ കഴിയുന്തോറും  കൂടുതൽ കൂടുതൽ തലകുനിഞ്ഞു കൊണ്ടേയിരിക്കുന്നു. എത്രയൊക്കെ ഓര്‍മ്മ ഉണ്ടായാലും ചിലപ്പോഴൊക്കെ  നാവ് നീട്ടി ശ്വാസം വലിച്ച് വെറു ശ്വസവും തുപ്പലും  മാത്രമായി പുറത്തേക്ക് വരുമ്പോൾ ആളുകൾ ചിരിച്ച് തുടങ്ങിരിക്കുന്നു.

ഓഫീസിൽ എന്നും കണിശക്കാരനായിരുന്നു പലർക്കും പേടിയുമായിരുന്നു.  അതൊരു അഹങ്കാരമായി കൊണ്ട് നടക്കുകയും ചെയ്തിരുന്നു. ഈയിടെയായി ജോലികളിൽ വല്ലാത്ത അലസത. ഒന്ന് രണ്ട് തവണ മാനേജർ കാബിനിൽ വിളിപ്പിച്ചു. അപ്പോഴൊക്കെ സീറ്റിലിരിക്കാതെ പഞ്ചപുച്ഛമടക്കി നിന്ന് കൊടുത്തതല്ലാതെ മറുത്തൊരക്ഷരം പറയാൻ നാവ് പൊങ്ങിയില്ല. മാത്രവുമല്ല സംസാരത്തിനിടയില്‍ മാനേജരുടെ കാബിനടുത്ത് വച്ചിര്‍ക്കുന്ന ബാഗില്‍ നിന്ന് ഭക്ഷനത്തിന്‍ റെ അതി രൂക്ഷമായ മണം വല്ലാതെ കൊതിപ്പിക്കുന്നത് ഒരു ഞെട്ടലോടെ അറിയുകയായിരുന്നു.

സ്വതവേ വ്യക്തിപരമാ‍യ കാര്യങ്ങൾ ഓഫീസിൽ സംസാരിക്കുക പതിവില്ലായിരുന്നു. എന്നിട്ടും ചോദിച്ചത്
“ഇന്ന് ഭാര്യ നല്ല കൊഞ്ചു ഫ്രൈ ആണല്ലേ തന്നു വിട്ടത് അല്ലേ..”
അസാധാരണമായ ഘ്രാണശക്തി വന്നു തുടങ്ങുമ്പോൾ വല്ലാതെ എന്തിനോ ഉള്ള അന്യേഷണത്തിനായുള്ള ത്വര ചുരമാന്തുകയും ചെയ്യുന്നു. തിരഞ്ഞു കൊണ്ടിരിന്നത് എന്തായാലും എത്ര പെട്ടെന്നാണ് മണത്ത് കണ്ടുപിടിക്കാ‍ൻ കഴിയുന്നത്…!

ഓഫീസിൽ പലപ്പോഴും ഫയലുകളുടെ അന്യേഷണങ്ങൾക്കായ് പലരോടും വഴക്കു കൂടിയിട്ടുള്ള കാര്യങ്ങൾ ആലോചിക്കുമ്പോഴാണ് ഇപ്പോഴത്തെ അതിഓർമ്മയും ഘ്രാണശക്തിയും കണ്ണുമിഴിച്ച് നിൽക്കുന്നത്.


ഓരോ ഫയലുകളുടേയും മണം വ്യക്തമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ എളുപ്പം സാധിക്കുന്നു എന്നുള്ളത് മറ്റുള്ളവരേ പോലെ എന്നെയും അതിശയിപ്പിച്ചു കൊണ്ടിരുന്നു. ഇതൊരു നല്ല കാര്യമാണല്ലോന്ന് കരുതി കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല. എല്ലാവർക്കും കിട്ടാത്ത ഈ ഭാഗ്യത്തെ കുറിച്ച് സംസാരിച്ച് സ്വന്തം കഴിവ് ഇല്ലാതാക്കാനും ഒരുക്കമല്ലായിരുന്നു.

എന്നാൽ എതിർവശത്ത് താമസിക്കുന്ന ഗ്ലാഡിസും ഭർത്താവും ഇണക്കുരുവികളെ പോലെയയാണല്ലോ എന്ന ഭാര്യ റോസിയുടെ എന്നുമുള്ള പുകഴത്തലുകളിൽ എന്തോ അരുചി തോന്നിയതു കൊണ്ടാവണം ഇന്നലെ ആ വീട്ടിലേക്ക് ഒരു കള്ളനെ പോലെ പോകാൻ പ്രേരിപ്പിച്ചത് എന്ന് വേണം പറയാൻ.
ഘ്രാണശക്തിയുടേ വെള്ളി വെളിച്ചത്തിൽ എന്തും മണത്തറിയാമല്ലോ എന്ന ചിന്ത ഭരിക്കുകയും ചെയ്യുന്നുമുണ്ട്. യാത്ര അവസാനിച്ചത് ഗ്ലാഡിസിൻറെ കിടപ്പറയിലെ കട്ടിലിനടിയിലാണ്.
എത്ര നേരം അവർ രണ്ടുപേരും വഴക്കടിച്ചെന്നും പിന്നെ രണ്ട് തലയിണകളുമായി വെവ്വേറെ മുറികളിൽ കിടന്നുറങ്ങുന്നതും കണ്ടു കൊണ്ടാണ് എന്തോസാധിച്ചെടുത്തെന്ന ഭാവേന അവിടെ നിന്നിറങ്ങിയത്. ഘ്രാണശക്തിയുടേയും ഒളിച്ച് നടക്കലിൻറെ യും ഗുട്ടൻസിനെ കുറിച്ചൊന്നും അപ്പോൾ ആലോചിച്ചതേയില്ല. പക്ഷെ മാറ്റങ്ങൾ അവിടംകൊണ്ടും തീർന്നില്ല

 ഒബാമ അധികാരത്തിൽ‍ വരുന്നതിനു നാലു ദിവസം മുമ്പാണ്‍ മാനേജര്‍ വീണ്ടും  കാബിനിലേക്ക് വിളിപ്പിച്ചത്. “മി. തോമസ്സ്.. അറിയാലോ കാര്യങ്ങളുടേ കിടപ്പ്. നമ്മുടെ കമ്പനിയില്‍ നിന്ന് അമ്പത് ശതമാനത്തിലധികം ആളുകളെ പിരിച്ചുവിടുകയേ രക്ഷയുള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്“  അപകടകരമായ അവസ്ഥയിലേക്ക്  നീങ്ങുമ്പോഴും മുഖത്ത് അമ്പരപ്പ് വരാതിരിക്കാൻ ഏതോ ഒരു മണമന്യേഷിച്ച് പോവുകയായിരുന്നു മൂക്ക്. തിരികെ സീറ്റിൽ വന്നിരിക്കുമ്പോൾ  പങ്കജാക്ഷൻ‍ നായർ ഇത്തിരി അസൂയയോടെ പറയുകയും ചെയ്തു.
“തോമസ്സിന്‍ കുഴപ്പമൊന്നുമില്ല. ഭാര്യക്ക് എന്തായാലും ജോലിയുണ്ടല്ലോ. നേഴ്സ്ന്മാരെമാത്രേ ഇപ്പോൾ ഇവിടെ വേണ്ടൂ..” യുദ്ധങ്ങൾ‍ മുറക്ക് നടക്കുമ്പോൾ‍ ചികിത്സിക്കാൻ‍ ആളുവേണമല്ലോ..”

വാഷിങ്ങ് ടണ്‍ സ്ട്രീറ്റിലെ റിക്ക്ഫീല്‍ഡ് ഹോസ്പിറ്റലിൽ‍ മൂന്നോ നാലോ ഷിഫ്റ്റ് കഴിഞ്ഞാണ്‍ ഭാര്യ വന്നു കൊണ്ടിരിക്കുന്നത്.
“  ഇതങ്ങ് മതിയക്കിയാലോ ഇച്ചായ .. ” എന്ന് പലപ്പോഴും അവൾ പറയുമ്പോൾ
“എന്തിനാ നല്ല ജോലി കളയുന്നതെൻറെ  റോസൂ “ എന്ന് കൊഞ്ചുകയാണ് ചെയ്യാറുള്ളത്.
ഇപ്പോൾ കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. “ഒരാളുടെ ജോലികൊണ്ട് എന്താവാനാ.. കുട്ടികളുടെ പഠിത്തവും ടാക്സും പിന്നെ വീടിൻറെ ലോണും ഒക്കെ കൂടിയാകുമ്പോൾ….”
അവളുടേ ആധികൾ ഒരിക്കലും കുറയുന്നില്ലല്ലോന്ന് വിചാരിക്കുമ്പോഴും കാര്യങ്ങൾ കാണാതിരിക്കുകയായിരുന്നില്ല. കുറച്ച് നാൾ കൂടി ഇവിടെ അങ്ങിനെ നിന്ന് എന്തെങ്കിലും സമ്പാദിച്ച് നാട്ടിൽ പോയി സെറ്റിൽ ചെയ്യണമെന്ന് കരുതി തന്നെയാണ് വന്നത്. ഓരോ ദിവസം കഴിയുന്തോറും ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടേയും പറ്റുപട്ടിക നീണ്ടു കൊണ്ടേയിരിക്കുമ്പോൾ എങ്ങിനെയാണ് ഒരു തിരിച്ച് പോക്കിനെ കുറിച്ച് ആലോചിക്കുക?  

മറുത്തൊന്നും പറയാൻ പറ്റാത്തവിധം ക്ലീനിങ്ങ്  ജോലിയിലോ പൂന്തോട്ടം നനയ്ക്കലിലോ ഒളിപ്പിക്കേണ്ടിവരുന്നു വാക്കുകളും നോക്കുകളും. ഇതുവരെ സ് നേഹത്തിന് കുറവൊന്നും ഇല്ലെങ്കിലും ഇനി
“ഇത്രയൊക്കെ പോരേ ഇച്ചായാ….” എന്നവൾ എപ്പോഴാണാവോ ചോദിക്കുക എന്ന പേടിയിലാവണം
“ നീ ഉറങ്ങിക്കോ ക്ഷീണിച്ച് വന്നതല്ലേ.. ഞാൻ അടുക്കളയിൽ കയറിക്കോളാം” മുഖവുരയൊന്നും കൂടാതെ മുന്നോട്ട് വച്ചത് അങ്ങിനെയാണ്.  

കഴുകലും തുടക്കലും ഭക്ഷണം ഉണ്ടാക്കലും ഒന്നും തീരെ പരിചയമുണ്ടായിട്ടല്ല. ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ….നാളെ അവൾ അങ്ങിനെയൊക്കെ ചെയ്യണമെന്ന് നിര്‍ബന്ധിക്കേണ്ടി വന്നാല്‍…. അങ്ങിനെ ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജനാല വഴി തീർത്തും വലീയ ഒരു ഈച്ച പറന്ന് വന്ന പ്രഷർകുക്കറിൻറെ ആവിയിൽ പിടഞ്ഞ് വീണത്. ഒരു കറക്കം കറങ്ങി അത് വെന്ത് മലർന്നു പോയി.

എന്നും രാവിലെ ഗേറ്റിൽ പോയി നിൽക്കുകയോ ജോഗിങ്ങിന് പോവുകയോ പതിവാക്കിയിരുന്നു. രാവിലെ മുതലുള്ള ചടഞ്ഞിരിപ്പിന് ഊർജം കിട്ടാൻ വേണ്ടിയോ ആളുകളൊക്കെ കാറോടിച്ച് ഓഫീസിൽ പോകുന്നത് കാണാനുള്ള കൊതികൊണ്ടോ എന്തോ അതൊരു ശീലമായി. വഴിയിൽ വച്ച് ജോസഫ് മാത്യൂ വണ്ടി നിർത്തി “സുപ്രഭാതം” പറഞ്ഞു നില്‍ക്കുമ്പോൾ പതിവില്‍ കവിഞ്ഞ് മുഖം വിളറിയിരുന്നു. അയാളുടെ ഓഫീസില്‍ നിന്നും ആളുകളെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ഇനി എന്നാണാവോ സ്വന്തം ടിക്കറ്റ് കീറുക എന്ന് ഒരാന്തലോടെ തന്നെയാണ്‍ ജോസ്ഫ് മാത്യൂ പറഞ്ഞത് . അപ്പോഴും സീറ്റിനരികിലുള്ള കറുത്ത ലെതർ ബാഗിലാണ് കണ്ണുടക്കിയത്. ബാഗിലെ പാത്രത്തില്‍ ഒരുക്കിവച്ചിരിക്കുന്ന ചിക്കന്‍ കറിയുടെ മണം വല്ലാതെ പെരുത്ത് വരുന്നുണ്ട്. ചന്തിക്ക് പുറകില്‍ കിരുകിരുപ്പും വേദനയും.  ഒപ്പം വായില്‍ അതിഭയങ്കരമായ വെള്ളച്ചാട്ടവും. ഒരു പക്ഷെ അസമയത്തുള്ള ഇടപെടലുകൾ കൊണ്ടായിരിക്കണം സൌഹൃദങ്ങളിൽ പലരും വല്ലാതെ അകൽച്ച സൂക്ഷിക്കുന്നതായി മനസ്സിലായിത്തുടങ്ങിയിരുന്നു. അതു കൊണ്ട് തന്നെ എന്തെങ്കിലും പറയാന്‍ വന്നത് നൊട്ടി നുണഞ്ഞ് മിണ്ടാതിരുന്നു.
ഘ്രാണ ശക്തി അമിതമായി അനുഭവപ്പെടുമ്പോൾ ചന്തിക്കു പുറകിൽ അസാധാരണമായ ഒരു നീറ്റലും അനക്കവും അനുഭവപ്പെടാൻ തുടങ്ങിട്ട്  കുറച്ച് ദിവസമായിരിക്കുന്നു. ശരീരത്തിലും ചില മാറ്റങ്ങൾ വന്നു തുടങ്ങി. അധികം രോമങ്ങളൊന്നും ഇല്ലാതിരുന്ന പുറകു വശം മാത്രം കൂടുതൽ‍ രോമങ്ങൾ‍ വളരുകയും വൃത്തികേടാവാൻ‍ തുടങ്ങുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ മണിക്കൂറുകളോളം കുളിമുറിയിൽ കഴിച്ചു കൂട്ടേണ്ട ഗതികേട് വരികയും ചെയ്യുന്നു. നൈറ്റ് ഡ്യൂട്ടി ആയതിനാൽ റോസിയെ ഇപ്പോൾ കിട്ടാറേ ഇല്ല. ഒരു കണക്കിന് അതൊരു ആശ്വാസമായല്ലോ എന്ന് വിചാരിക്കുകയും ചെയ്തു.
വീണ്ടും വേദന അനുഭവപ്പെട്ടപ്പോഴാണ് വാതിലുകളൊക്കെ അടച്ച് കണ്ണാടിക്കു പുറം തിരിഞ്ഞ് നിന്ന് പരിശോധന ആരംഭിച്ചത്.


പുറകിൽ പലയിടങ്ങളിലായി രോമക്കാടുകൾ ഇപ്പോൾ കക്കൂസിൽ ഇരിക്കാൻ പോലും പാറ്റാത്തവിധം കൂടുതലായിരിക്കുന്നു. ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിയുകയായിരുന്നു.
എനിക്ക് വാൽ മുളച്ചിരിക്കുന്നു...
അറ്റം വളഞ്ഞ് കൂർത്ത വെളുത്തൊരു വാൽ… രോമങ്ങൾ അതിനു ചുറ്റും ഡക്കറേറ്റ് ചെയ്ത് പിടിപ്പിച്ചിരിക്കുന്നു.

പരവേശം വന്ന് വെള്ളം കുടിക്കാൻ എടുത്തപ്പോൾ ഗ്ലാസ് തറയിൽ വീഴുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.  നിലത്ത് ചേർന്ന് നിന്ന് എല്ലാം വൃത്തിയാക്കുമ്പോൾ ആലോചിച്ചത് ഇതിനൊരു പരിഹാരം വേണമല്ലോ എന്നുമാത്രമായിരുന്നു. എന്നും പ്രശ്നത്തെ കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുന്നത് ഒരു രീതിയേ അല്ല. പ്രതിവിധികളെ കുറിച്ച് തന്നെയാണ് ആലോചിക്കാറുള്ളത്.
വാഷിങ്ങ്ടൺ സ്ടീറ്റിൽ താമസിക്കുന്ന ഡോക്ടർ വേണുഗോപനെ കാണാൻ തീരുമാനിക്കുന്നത് അങ്ങിനെയാണ്.  ഡോക്ടരുടെ വീട്ടിലേക്ക് കയറും മുമ്പേ കൂട്ടിലുള്ള അൾസേഷ്യൻ ഒന്നു രണ്ട് വട്ടം മുരണ്ടു. പിന്നെ  പരിചയ ഭാവത്തിൽ വാലാട്ടി കുഞ്ഞു ശബ്ദത്തിൽ ഒന്നു മൂളി..കയ്യും കാലും കൂടിന് ഇരുവശവും ഉയർത്തി വച്ച് അഭിവാദ്യം ചെയ്യും പോലെയോ സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്യുന്നതാവണം.

കാര്യം അവതരിപ്പിച്ചപ്പോൾ ഒരു മന്ദഹാസത്തോടെ ഡോക്ടർ വേണുഗോപൻ  വിശദമാ‍യ ഒരു പരിശോധന തന്നെ നടത്തി. പേടിക്കനൊന്നുമില്ലെന്നും നാമൊക്കെ ആൾകുരങ്ങുകളുടേ വംശത്തിൽ നിന്ന് ഉണ്ടായതല്ലേയെന്നും ആശ്വസിപ്പിച്ചു..ചില ജനിതകമായ മാറ്റങ്ങൾ ആയിരിക്കണം. വല്യ കുഴപ്പമൊന്നും ഉള്ളതായി എനിക്ക് തോന്നുന്നില്ല. എന്നാലും കുറച്ച് മരുന്നുകളും ഓയിൻറ് മെൻറുകളും കുറിച്ച് തരാം. ഉണ്ടായിരുന്ന സാമ്പിൾ മരുന്നുകൾ സൌഹൃദത്തോടെ തരികയും ചെയ്തു.

ദേഹത്ത് വന്നു കൊണ്ടിരിക്കുന്ന മൃഗഗന്ധം മാറുന്നതിനായി കുളിക്കുമ്പോൾ ഉപയോഗിക്കാൻ ചില മരുന്നുകളും എഴുതി തരികയും ചെയ്തു. പട്ടിമണം കാരണം റോസിയോട് സംസാരിക്കാൻ പോലും വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു.

വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നല്ല ഉന്മേഷം തോന്നി.. ഇന്ന് റോസി വരും മുമ്പ് അടുക്കള പണികളൊക്കെ ചെയ്ത് തീർത്ത് നേരത്തേ ബെഡ് റൂ‍മിൽ കയറണം. എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഡൈനിം ടേബിളിൽ ഇരുന്നതാണ്. വല്ലാത്ത ഒരു കിരു കിരുപ്പ് പുറകിൽ….വളര്‍ന്നു തുടങ്ങിയ വാലില്‍ ഒരു പെടപ്പ്..കസേരയില്‍ ഇരുന്നു കഴിക്കാന്‍ പറ്റാത്തവിധം ഒരു പെരുപ്പ്..!
പിന്നെ നിലത്ത് കുനിഞ്ഞ് ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോഴാണ് അച്ച്ഛനെന്താ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്ന ചോദ്യവുമായി മക്കൾ സ്കൂൾ വിട്ട് വന്നത്. പിന്നെ ഒന്നും മിണ്ടാതെ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് അവർ കഴിച്ചെന്ന് ഉറപ്പാക്കി പാത്രങ്ങൾ കഴുകി വച്ച് കിടപ്പു മുറിയിലേക്ക് നടന്നു. ഇന്ന് റോസി വരുമ്പോൾ കൂടുതൽ ഇഷ്ടത്തോടെ എന്തെങ്കിലുമൊക്കെ ചെയ്യണം ഒരു മൂളിപ്പാട്ടോടെ സിഡിപ്ലേയറിൽ പഴയ ഒരു ആൽബത്തിൻറെ സിഡി ഇട്ടു.
പങ്കജ് ഉദാസിൻറെ ഈരടികൾ പതിയെ പാടിക്കൊണ്ടേയിരുന്നു…

  
 “ ഈ മുറിയിലെന്താ .. വല്ലാത്ത ഒരു മണം…ഗ്ലാഡിസിൻറെ പട്ടി വന്നൊ ഇന്നിവിടെ?” എന്ന ചോദ്യവുമായാണ് റോസി മുറിയിലേക്ക് കയറി വന്നത്.  അക്ഷരാർത്ഥത്തിൽ അയാൾ ചുരുങ്ങിപ്പോയി…
“ഏയ് ഇല്ല. വല്ല എലിയോ മറ്റോ ആയിരിക്കാം. എനിക്ക് മണമൊന്നും വരുന്നില്ലല്ലോ.. ങും.. ഞാൻ നോക്കാം….” അയാൾ വേഗം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ച് മുറിയിൽ നിന്ന്പുറത്തേക്കിറങ്ങി.

വാൽ മാത്രമല്ല ഇപ്പോഴത്തെ അയാളുടേ പ്രശ്നം ശരീരത്തിലുള്ള പട്ടിമണം കൂടിയായപ്പോൾ തീർത്തും ഒറ്റപ്പെട്ടതായി  തോന്നി. ആത്മാർഥമായി ഒന്ന് പൊട്ടിക്കരയണമെന്ന് അയാൾ ആഗ്രഹിച്ചു. കരയുമ്പോൾ അതൊരു ഉറച്ച അൾസേഷ്യൻറെ കുരയായ് മാറിയാലോ എന്നപേടിയിൽ അയാൾ ശബ്ദമില്ലാതെ അടുക്കളയുടെ ഒരരികിൽ ഇരുന്ന് നിറഞ്ഞു വരുന്ന കണ്ണു തുടച്ചു.

 വീണ്ടും ഡോക്|ടർ വേണു ഗോപൻ പരിശോധീച്ച് മരുന്നിനും പുരട്ടാൻ ഓയിൻ മെൻറിന്‍ എഴുതുകയും മനസ്സിന് ധൈര്യം നൽകി  തിരിച്ചു വിട്ടെങ്കിലും അത്ര വല്യ ഉത്സാഹമൊന്നും തോന്നിയില്ല.

വീട്ടിലെത്തി അടുക്കളപ്പണിയും കുട്ടികളുടെ ഭക്ഷണവും ഒക്കെ തയ്യാറാക്കി അയാൾ ഭാര്യ വരുന്നതും കാത്ത് ഗേറ്റിനരികിൽ നിന്നു.  ഇന്നലെത്തെ പോലെ പട്ടി മണം ഉണ്ടാകരുതല്ലോ എന്നു കരുതി കൂടുതൽ തേച്ച് കുളിച്ച് ഒരുങ്ങിയാണ് പുതുമണവാളനെ പോലെ അയാൾ ഗേറ്റിനരികിൽ നിന്നത്.  രണ്ടു കാലുകളും ഗേറ്റിലേക്ക് ചേർത്ത് വച്ച് വെറുതെ അയാൾ മനോരാജ്യത്തിലേക്ക് മുഴുകി ഒരു കുട്ടിയെ പോലെ ഭാര്യവരുന്നതും കാത്ത് ഗേറ്റിൽ തൂങ്ങി നിന്നു.
ഒരു വളവ് തിരിഞ്ഞ് വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് റോസി കണ്ടത്  ഗേറ്റിനു മുകളിൽ കറുത്ത് ഉയരം കൂടിയ ഒരു പട്ടി!!!!


Raju Iringal

No comments:

Post a Comment