Tuesday, July 31, 2012

മണല്‍ വഴികള്‍.


വാതില്‍ തുറക്കുമ്പോള്‍ തിടുക്കപ്പെട്ട് തണുപ്പ് അകത്തേക്ക് കയറി. നട്ടുച്ചയാണന്ന് വെയില്‍ മയക്കം കണ്ടാല്‍ തോന്നില്ല .ദേഹമാകെ തണുപ്പിന്‍റെ നഖപ്പാടുകള്‍.
നാദിര്‍ മുഹമ്മുദ് ഹസ്സന്‍ വാതില്‍ ഒന്നുകൂടി മുറുക്കി അടച്ചു.റോഡുകള്‍ ഏറെക്കുറെ വിജനം.ഇനി കാറുകള്‍ പുറത്ത് ദയയില്ലാതെ ഹോണ്‍ മുഴക്കി ക്കൊണ്ടിരിക്കും.പിടഞ്ഞു ചെന്നാലും ചോദിക്കും.
ഒരു മണിക്കൂറായല്ലോ ഞാനിവിടെ. നീ ഉറങ്ങുകയായിരുന്നോ?
ഒരു പാക്കറ്റ് സിഗ്രട്ട്,അല്ലങ്കിലൊരു പെപ്സി.അത്രയൊക്കെയേ ആവശ്യമുണ്ടാവൂ.നൂറിന്‍റെ നോട്ട് വച്ച് നീട്ടും.ചില്ലറ ചോദിച്ചാല്‍,അല്പം മുഷിഞ്ഞ നോട്ടു തിരികെ കൊടുത്താല്‍ മരിച്ചു പോയ ഉമ്മാനെ തെറി പറയും.തീരെ തര്‍ക്കിക്കാറില്ല.ഇവിടുത്തെ കാലാവസ്ഥയും,ആളുകളുടെ സ്വഭാവവും പ്രവചാനാതീതമാണ്.രണ്ടും എളുപ്പത്തില്‍ തകിടം മറിയും.
തിരക്കുള്ളപ്പോള്‍ പുറത്തേക്ക് ഓടിപ്പോകുന്നതില്‍ ചിലര്‍ മുഷിയും.ന്യായം പറയും.അപ്പോഴൊക്കെ അവരുടെ മുഖത്ത് പരിഹാസത്തിന്‍റെ ചിതമ്പല്‍ ഉണ്ടാവും .ഒന്നും കണ്ടതായിനടക്കില്ല.ഒരു ബാക്കാലയില്‍ നിന്ന് പോവുകയെന്നത്,ഏറെ മെയ്‌ വഴക്കം വേണ്ട ട്രപ്പീസ് കളിയാണ്.
മദ്രസ്സ പൂട്ടിയത് കൊണ്ട് തിരക്കില്ല.അല്ലങ്കില്‍ ഇന്നേരം നോമ്പ് തുറക്ക് സമാനമാണ്.എല്ലാവര്‍ക്കും ഒരേ സമയം സാധങ്ങള്‍ വേണം.നാല് കൈ മതിയാവില്ല.പെപ്സിയും,ചോക്ലേറ്റും,ലൈസും പെട്ടിക്കണക്കിനു കാലിയാവും.
കുറച്ചു കളവ് പോയന്നുമിരിക്കും.കുറച്ചു നാള്‍ മുന്‍പ് തൊട്ട് അപ്പുറത്ത് താമസിക്കുന്ന ജോര്‍ദാനി ഡോക്ടറുടെ മകള്‍ നാല് കിറ്റ്‌ കാറ്റ് വാങ്ങി.രണ്ട് ബോണ്ടി ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചു.പ്രായത്തെക്കാള്‍ വളര്‍ന്നവള്‍.മോഷ്ട്ടിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ലാത്ത കുട്ടി.അതൊരു ശീലമാവാം,അല്ലങ്കില്‍ കൂടെയുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാനുള്ള ശിശു സഹജമായ മോഹമാവാം.
ഞാന്‍ ഡോക്ടറുടെ അകൌണ്ടില്‍ രണ്ട് റിയാല്‍ ചേര്‍ത്തെഴുതി.അതിലെ ശെരി തെറ്റുകളെ പറ്റി ഞാനധികം ചിന്തിച്ചിട്ടില്ല.
ടെലിഫോണ്‍ നിര്‍ത്താതെ പിടഞ്ഞു.
ഫ്ലാറ്റ് നമ്പര്‍ 212 ലേക്ക് ഒരു ഫാമിലി ബോട്ടില്‍ പെപ്സി,രണ്ട് പാക്കെറ്റ് മാല്‍ബോറോ.
ഓര്‍ഡര്‍ കുറിച്ച് കമ്പിയില്‍ കുത്തി വെച്ചു.
ഓരോ ഫ്ലാറ്റിലും ഒരു ദിവസം ഒരുപാട് തവണ കയറിയിറങ്ങണം.എല്ലാ ഓര്‍ഡറും ഒന്നിച്ചു തന്നാല്‍ ഉപകാരമാവുമെന്ന് എപ്പോഴും പറയുന്നതാണ്.എന്നാലും അവര്‍ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും.
മുഹമ്മദ്‌ ഇനിയും വന്നിട്ടില്ല.ഹോം ഡെലിവറിയാണ് അവന്‍റെ പ്രധാന പണി.അവന്‍റെ പേര് മനോഹരന്‍ എന്നോ,മോഹനന്‍ എന്നോ ആണ്.ആരാണാവോ മുഹമ്മദ്‌ എന്ന് വിളിച്ചു തുടങ്ങിയത്!
ആളുകളുമായി ഇടപഴകാന്‍ അവനു നന്നായി അറിയാം.എന്നെ പ്പോലെ വേഗത്തില്‍ ശുന്ടി പിടിക്കാറില്ല.ഞാന്‍ കണ്ട ഹിന്ദികളില്‍ അധികവും സൌമ്യരും,ക്ഷമാശീലരുമാണ്.ഒരു കാര്യത്തില്‍ അവന്‍ എപ്പോഴും ആശങ്ക പ്പെട്ടുകൊണ്ടിരുന്നു.
ശമ്പളം വൈകുമോ?
പ്രാരാബ്ധങ്ങളുടെ നടുവിലാണവന്‍.
മുഹമ്മദ്‌ എന്ന് വിളിക്കുമ്പോള്‍ അവന്‍റെ മുഖം അത്ഭുതത്തോടെ വിടരുന്നത് ഞാന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്.
ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ആരും വിളിക്കാറില്ല.മുസ്ലിങ്ങള്‍ അല്ലാത്തവരോട് സലാം പറയാറില്ല.
മുഹമ്മദ്‌ തെല്ലൊന്നു വിശദീകരിച്ചു.
നിങ്ങളുടെ സംസ്കാരം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.മുഹമ്മദ്‌ എന്നത് ഒരു മാതൃകാ പുരുഷന്‍റെ പേരാണ്.ആ പേരില്‍ അഭിസംബോധന ചെയ്യുന്നതും,ദൈവനാമത്തില്‍ നന്മനേരുന്നതും ഏറ്റവും ഉത്തമം എന്നുമാണ് ഞങ്ങള്‍ കരുതുന്നത്.ഏറ്റവും പഴക്കമുള്ള ഒരു സംസ്കാരത്തിന്‍റെ അടയാളമാണത്‌.സലാമിന്‍റെ വിശാലതയിലേക്ക്‌
വരാതെ,അതിന്‍റെ ഖ്യാതിയെ തളച്ചിടുന്നത് ഒട്ടും ശരിയല്ലന്നാണ് എന്‍റെ അഭിപ്രായം.
നിങ്ങളുടെ നാട്ടില്‍ വിവാഹിതനാവുന്ന പുരുഷന് ധാരാളം,സ്വത്തും,സ്വര്‍ണ്ണവും കിട്ടില്ലേ?എന്തൊരു വിചിത്രമായ
സമ്പ്രദായങ്ങള്‍!എനിക്ക് നാല്‍പ്പത് വയസ്സ് കഴിഞ്ഞു.ഞാനിപ്പോള്‍ അവിവാഹിതനായി കഴിയുന്നത്‌,മഹറിനുള്ള
പണമില്ലാത്തത് കൊണ്ടാണ്.ഒരു വീട് വെക്കണം,മഹര്‍ കണ്ടെത്തണം.പെണ്‍ മക്കളുണ്ടായിരുന്നങ്കില്‍ വാപ്പയുടെ
ചികിത്സയെങ്കിലും ഭംഗിയായി നടക്കുമായിരുന്നു.
നാദിര്‍ മുഹമ്മദ്‌ ഹസ്സന്‍ തണുപ്പില്ലാത്ത വെള്ളം കുടിച്ച് ചുണ്ട് തുടച്ചു.
ജീവിക്കുക എന്നത് എവിടെയും അത്ര എളുപ്പമുള്ള കാര്യമല്ല.തമ്മില്‍ ഭേദം നിങ്ങളുടെ നാടാണ്.ഇവിടുത്തെ ഒരു കിലോ അരിയുടെ കാശ് കൊണ്ട് നിങ്ങള്‍ക്ക് നാല് കിലോ അരി നാട്ടില്‍ വാങ്ങിക്കാം.
അങ്ങിനെ ചിന്തിക്കുന്നതില്‍ വലിയ കാര്യമില്ല.
മുഹമ്മദ്‌ ഇടപെട്ടു.
അതാതു നാടിന്‍റെ ലഭ്യതക്കും,വ്യവസ്ഥിതിക്കും, അനുസരിച്ചാവും വില നിലവാരത്തിന്‍റെ അടിസ്ഥാനം.ഇന്ത്യന്‍ മണിയില്‍ കണക്കാക്കിയാല്‍ പെട്രോളിന് ഇവിടെ ഏഴ് രൂപയേ വേണ്ടൂ.ഞങ്ങള്‍ അതിന് ആറിരട്ടി വിലയാണ് കൊടുക്കുന്നത്.ഇവിടെ ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വിലക്ക് രണ്ട് ലിറ്റര്‍ പെട്രോള്‍ കിട്ടില്ലേ?
എന്‍റെ വീടിന്‍റെ കക്കൂസിന് പിന്നിലും,പറമ്പിലും താനേ വളരുന്ന പപ്പായയാണ് പതിനാറ് റിയാല്‍ കൊടുത്ത് നിങ്ങള്‍ വാങ്ങി കഴിക്കുന്നത്‌.വേലിതറികളായി നില്‍ക്കുന്ന മുരിങ്ങ മരത്തിലാണ്,പന്ത്രണ്ട് റിയാലിന്‍റെ മുരിങ്ങാക്കായ ഉണ്ടാവുന്നത്.
അവരുടെ വര്‍ത്തമാനങ്ങള്‍ ക്കിടയിലെക്കാണ് അബൂ സലിഹ് അബ്ദുള്ള കടന്നു വരുന്നത്.
അയാള്‍ പതിവിലും ഉന്മേഷവാനാണ്‌.
ഇന്ന് കുറച്ച് സാധനങ്ങള്‍ വേഗം വീട്ടില്‍ എത്തിക്കണം.രാത്രി ഒരു പാര്‍ട്ടിയുണ്ട്.
താങ്കള്‍ വലിയ സന്തോഷത്തിലാണല്ലോ.
നാദിര്‍ മുഹമ്മദ്‌ ഹസ്സന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
ശരിയാണ് .ഞാന്‍ ഏറെ സന്തോഷവാനാണ്.എനിക്കിന്ന് ആറാമത്തെ പെണ്‍കുട്ടി ജനിച്ചു.
മബ്രൂക്... മബ്രൂക് .അവര്‍ ഒരുമിച്ച് അനുമോദിച്ചു.കൈ കൊടുത്തു.
ശുക്രന്‍. ശുക്രന്‍ .ഇന്ന് രാത്രി ഭക്ഷണം എന്‍റെ വക.കബ്സയും,അലീസയും കഴിക്കുന്നതില്‍ വിരോധമില്ലല്ലോ.
അബൂ സാലിഹ് അബ്ദുള്ള നിറഞ്ഞു ചിരിച്ചു.
രണ്ട് പോക്കറ്റിലും മല്‍ ബോറോ റെഡ് തിരുകി അയാള്‍ വണ്ടിയിലേക്ക് കയറി.

2

മസീഹാ ഇബ്രാഹീമിന്‍റെ സംശയത്തിന് പിന്നെയും തീ പിടിച്ചു.
എന്‍റെ മഹറിന്‍റെ പണം കൊണ്ട് വാപ്പ മറ്റൊരു നിക്കാഹ് കഴിക്കുമോ?
ജേഷ്ട്ടത്തി ഫാതിമ്മയുടെ മഹര്‍ കൊണ്ടാണ് വാപ്പ രണ്ടാമതും നിക്കാഹ് കഴിച്ചത്.അവളേക്കാള്‍ പ്രായം കുറവാണല്ലോ രണ്ടാനുമ്മാക്ക്.
മസീഹാ ഇബ്രാഹിമിന് മുപ്പത് വയസ്സ് കഴിഞ്ഞു.മഹറിന്‍റെ കാര്യത്തില്‍ വാപ്പ വിട്ട് വീഴ്ച ചെയ്യാത്തത്‌ കൊണ്ടാണ്
ഒരു ബന്ധവും കരക്ക്‌ അടുക്കാത്തത് എന്ന് അവള്‍ക്ക് നന്നായിട്ടറിയാം.കൂടുതല്‍ സംഖ്യചോദിക്കുമ്പോള്‍ പെണ്ണിന്‍റെ മൂല്യം കൂടുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാവാം.ഇതൊരു സാധാരണ സംഭവം എന്ന മട്ടിലാണ് എല്ലാവരും ഇതിനെ കാണുന്നത്.ഒരു പെണ്ണിന്‍റെ മനസ്സിനൊപ്പം എത്ര പേര്‍ സഞ്ചരിച്ചിട്ടുണ്ട്?അവളുടെ സ്വപ്നങ്ങളുടെ നിറഭേദ ങ്ങളെ എത്ര പേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്?സിനിമയില്‍ കാണുന്നതല്ല ജീവിതം.കണ്ണിന്‍റെ മുന കൂര്‍പ്പിച്ചു കാവലിരിക്കുന്നവരാണ് ഏറെയും.
അവളുടെ മൊബൈലില്‍ ഷാക്കിറ പാടുന്നു.
അപ്പുറത്ത് വലീദ് അബ്ദുല്‍ റാഷിദ്‌.മിസ്റി.പെര്‍ഫ്യും സെയില്‍സ് മാന്‍.
അവള്‍ മധുരമുള്ള ശബ്ധത്തില്‍ അവനെ തൊട്ടു.
നിന്നെ കാണാന്‍ വന്ന കിളവന്‍ എന്ത് പറഞ്ഞ്?
പതിവ് പോലെ മഹറില്‍ ഉടക്കി.അതല്ല കാര്യം.ഉള്ള നേരം കൊണ്ട് അയാള്‍ എന്നെ കണ്ണ് കൊണ്ട് ബലാല്‍സംഗം ചെയ്ത്‌.
അവള്‍ ശബ്ദം താഴ്ത്തി പ്പറഞ്ഞു.
ആര്‍ത്തി മാത്രേ ഉണ്ടാവൂ.പൂത്തുലയും മുന്‍പ് കൊമ്പ് ഒടിഞ്ഞ്താഴെ വീഴും.
അവര്‍ ഉറക്കെ ചിരിച്ചു.
ആ കിളവനായാലും മതി.സ്വത്തും,സൌകര്യവും ധാരാളം.നമ്മുടെ സന്തോഷത്തിനും,സ്വാതന്ത്രത്തിനും തടസ്സമുണ്ടാവില്ല.ഞാന്‍ നിങ്ങളുടെ അടിമയാണന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നാല്‍ മതി.
കുറച്ച് കാശുമായി നിന്‍റെ വാപ്പാനെ വന്നു കണ്ടാലോ?
ആ തമാശ അവള്‍ക്കത്ര രുചിച്ചില്ല.ഒരു സൌദിയുടെ കൂലിപ്പണിക്കാരന് ഇതിനു മാത്രം കാശ് എവിടെ നിന്നാ.
ഇനി കാശ് ഒത്താല്‍ തന്നെ ഈ രാജ്യത്തെ നിയമങ്ങളെ എങ്ങനെ മറികടക്കാനാണ്?ആണുങ്ങളെപ്പോലെ അന്യ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് നിക്കാഹ് ചെയ്യാന്‍ അനുവാദമില്ലല്ലോ. ഇവിടുത്തെ സ്ത്രീകള്‍ക്ക് സ്വദേശികളെ മാത്രമേ വിവാഹം ചെയ്യാനാവൂ.ഇതൊന്നും നിനക്ക് അറിയാത്തതാണോ?
അറിയാം ഞാനൊരു തമാശക്ക്.
നിന്‍റെ യൊരു തമാശ.ഓരോരോ ആവശ്യങ്ങള്‍ക്ക് വാങ്ങിയ കാശിന് ഞാന്‍ കണക്കു വെച്ചിട്ടില്ല നീയിപ്പോള്‍ ചെവി ചേര്‍ത്ത്‌ പിടിച്ചിരിക്കുന്ന മൊബൈല്‍ അടക്കം ...വേണ്ട. എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട.
അവള്‍ മനസ്സില്‍ തോന്നിയതൊന്നും പറഞ്ഞില്ല.
വിഷയം മാറ്റി.
അടുത്തൊന്നും നേരില്‍ കാണാന്‍ കഴിയില്ല. ഡ്രൈവര്‍ നാട്ടില്‍ പോയി.പിന്നെ നിന്‍റെ ചിരിയിലും,പെരുമാറ്റത്തിലും
രണ്ടാനുമ്മാക്ക് നേര്‍ത്ത സംശയങ്ങള്‍ മണക്കുന്നുണ്ട്.അല്ലങ്കില്‍ ഇത്രയധികം പെര്‍ഫ്യും വാങ്ങിക്കൂട്ടാന്‍ എനിക്കതി ന്‍റെ കച്ചോടം ഇല്ലല്ലോ.
അത് പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത് .ഇന്നലെ ഒരു പെര്‍ഫ്യും ലാന്‍ഡ്‌ ചെയ്തിട്ടുണ്ട്.
ഇതിലൊന്നും എനിക്ക് യാതൊരു ഭ്രമവുമില്ല .നിന്നെ കാണാന്‍ ഉള്ള ഒരു വളഞ്ഞ വഴിമാത്രം.
അവന്‍ സുന്ദരമായ ഒരു ചിരി അവളുടെ കാതില്‍ നിറച്ചു.
രണ്ടാനുമ്മ ആള് കൊള്ളാലോ
മതി.മതി.നിന്‍റെ കണ്ണുകള്‍ അവരെ വിവസ്ത്രയാക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
പിടിക്കപ്പെട്ട കള്ളന്‍റെ ജാള്യം അവളിപ്പോള്‍ കാണുന്നില്ല.വിളറിയ ശബ്ദത്തെ അവന്‍ വേഗത്തില്‍ തിരിച്ച് പിടിക്കാന്‍ അവന്‍ അപ്പോള്‍ പരിശ്രമിച്ചു കൊണ്ടിരുന്നു.
അവള്‍ വശ്യമായി പൈതൊഴിഞ്ഞു.
സമിനമിന വാക്ക വാക്ക ഹേ ഹേ .....
മസീഹാ ഇബ്രാഹിമിന്‍റെ മൊബൈലിന് വിശ്രമമില്ല.
ഇപ്പോള്‍ സംസാരിക്കുന്നത് അല്‍ ദഫ്ര ക്ലിനിക്കിലെ പലസ്തീന്‍ ഡോക്ടറാണ്.
രണ്ട് കുട്ടികളുടെ പിതാവ്.സന്ധിക്കാന്‍ ഏറ്റവും സുരക്ഷിതമായ ഇടം ഹോസ്പിറ്റ ലാണാന്നു അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ആള്‍.
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒരു സുഡാനിയുണ്ട്.കറുപ്പിന്‍റെ മുഗ്ദത മുഴുവന്‍ ആവാഹിചെടുത്തവന്‍.അവന്‍ പറയുന്നത് സത്യമാണങ്കില്‍ എന്നേക്കാള്‍ പത്ത് വയസ്സ് ഇളയവന്‍.ഞാനിക്കാര്യം അവനോടും പറഞ്ഞിട്ടില്ല.പറയുന്ന കാര്യങ്ങള്‍ നേരാണന്ന് എന്താണ് ഉറപ്പ്?അവനിപ്പോള്‍ യൂറോപ്പിലാണത്രെ.രാത്രി സംസാരിക്കാനാണ് അവനു പ്രിയവും,സൌകര്യവും.ഉറക്കം ഒഴിവാക്കുന്നത് ഓര്‍ക്കുമ്പോള്‍ അവനെ തന്നെയാണ് ഞാന്‍ ഒഴിവാക്കുക.
ചിലപ്പോള്‍ വല്ലാത്ത മടുപ്പാണ്.പതിനേഴ്‌ ഇഞ്ച് സ്ക്രീനില്‍ നിന്ന് ലോകത്തെ അടര്‍ത്തി മാറ്റി,ബെഡ്ഡില്‍ കമിഴ്ന്നു കിടക്കും.പേടിപ്പെടുത്തുന്ന നിശബ്ദതയാണ് വീട് നിറയെ.മുറികളില്‍ അപരിചിതമായ വഴികള്‍.
ഷാക്കിറ പലവട്ടം പാടി തളര്‍ന്നു.
ഫാസ്റ്റ് ഫുഡിന്‍റെ മാദകത്വത്തില്‍ കൊഴുത്ത ദേഹം പലതരം വിശപ്പിനാല്‍ ഉണര്‍ന്നു കൊണ്ടിരുന്നു.
ആകാശം ഒന്ന് കാണണമെന്ന് തോന്നുമ്പോള്‍ എന്ത് ചെയ്യും?പുറത്തിറങ്ങണമെങ്കില്‍ കറുപ്പില്‍ പൊതിഞ്ഞെടുക്കണ്ടേ?
വണ്ടിയോടിക്കാന്‍ നിയമം അനുവദിക്കുന്നില്ല.ടാക്സിയില്‍ പോകണമെങ്കില്‍ ഒരു പുരുഷ സാന്നിധ്യം ഉറപ്പ് വരുതണ്ടേ.
എല്ലാം ഊരി എറിയണമെന്നു തോന്നും ചിലപ്പോള്‍.അങ്ങിനെ ഒരിക്കല്‍ ചെയ്തിട്ടുമുണ്ട്.അന്ന് മുതലാണ്‌ ശ്രീലങ്കന്‍ വേലക്കാരിയും അവളും ഒരേ മുറിയില്‍ ഉറങ്ങാന്‍ തീരുമാനിച്ചത്.
മസീഹാ ഇബ്രാഹിം ,ഡിസ്പോസിബിള്‍ കണക്ഷന്‍ മാത്രം ബോധപൂര്‍വം തെരഞ്ഞെടുത്തു.
ഇന്ത്യക്കാരെ എന്തുകൊണ്ടോ അവള്‍ക്കിഷ്ട്ടമല്ല.അവരെ കുറിച്ച് പറയുമ്പോള്‍ വിസയെടുക്കാന്‍ ബാങ്കില്‍ അടക്കേണ്ട കാശുമായി മുങ്ങിയ മലയാളി മുഖമാണ് അവള്‍ ഓര്‍ക്കുക.
സോറി .ഇഗ്ലണ്ടില്‍ നിന്ന് ആല്‍ബെര്‍ട്ടോ വിളിക്കുന്നു.കുറെ നാളായി അവന്‍ വിളിച്ചിട്ട്.നിങ്ങളോട് എനിക്ക് ചിലത് കൂടി സംസാരിക്കാനുണ്ട്.അതിന് മുന്‍പ് ഞാനീ കോള്‍ ഒന്ന് അറ്റെന്റ് ചെയ്യട്ടെ.

അഹ് മദ് മുഈനുദ്ധീന്‍..

No comments:

Post a Comment