രാത്രി ഒന്‍പതുമണി നേരം. തെളിച്ചം കുറഞ്ഞ നിലാവെട്ടത്തില്‍ കല്ലും ചരലും നിറഞ്ഞ വെട്ടുവഴിയിലൂടെ രമേശനും സുരേഷും ഒച്ചയെടുക്കാതെ മെല്ലെ നടന്നു. കൈയില്‍ പെന്‍ടോര്‍ച്ചൊരെണ്ണം ഉണ്ടെങ്കിലും തെളിച്ചിട്ടില്ല. ടോര്‍ച്ചുവെട്ടമൊക്കെ കണ്ടാല്‍ ആരെങ്കിലും ശ്രദ്ധിച്ചു കൂടായ്കയില്ല. വെട്ടുവഴിയുടെ മേലേ ഭാഗത്ത് കുറച്ചു വീടുകളുണ്ടെന്നു തോന്നുന്നു, മണ്ണെണ്ണ വിളക്കിന്റെ വെട്ടം കാണാം.
“ഏടാ രമേശാ.. കുറേങ്കൂടി ചെന്നാ പാറക്കൂട്ടത്തിന്റവിടേന്ന് മേളിലോട്ട് തെറ്റണോന്നല്ലേ രാജേട്ടന്‍ പറഞ്ഞെ?” സുരേഷ് മന്ത്രിയ്ക്കും പോലെ രമേശനോട് ചോദിച്ചു.
“ആടാ..കുറേ നേരായില്ലേ നടപ്പു തൊടങ്ങീറ്റ്.. അയ്യാളു നമ്മളെ മക്കാറാക്കീതാണോ..?” രമേശന്റെ ശബ്ദത്തില്‍ ആകെയൊരു എക്കച്ചെക്ക.
“ഏയ് അങ്ങനായിരിക്ക്വോ..?..എന്താണേലും കൊറേങ്കൂടി നടന്ന്വോക്കാം..”
“കോഴിമുക്ക്“ കവലയില്‍ ലാസ്റ്റ് ബസിറങ്ങി നടപ്പു തുടങ്ങീട്ടിത് അരമണിക്കൂറായി. ബസിറങ്ങിയപ്പോള്‍ കിളിയുടെയും ചില യാത്രക്കാരുടെയും അര്‍ത്ഥം വെച്ചുള്ള നോട്ടം രണ്ടുപേരും കണ്ടില്ലാന്നു വെച്ചു. കവലയിലെ മുറുക്കാന്‍ പീടികക്കാരന്റെ പെട്രോമാക്സ് വെട്ടത്തിനു മുഖം കൊടുക്കാതെ വേഗം വെട്ടുവഴിയ്ക്ക് വച്ചു പിടിയ്ക്കുകയായിരുന്നു.
രമേശനും സുരേഷും അയല്‍ക്കാരാണ്. രണ്ടു പേരും ടൌണിലെ പാരലല്‍ കോളേജില്‍ ബി.എ.യ്ക്ക് ഒന്നാം വര്‍ഷം പഠിയ്ക്കുന്നു. ഒന്നിച്ചു പോക്കും വരത്തും. അവധി ദിവസങ്ങളില്‍ രണ്ടുപേരും ചൂണ്ടയിടാനെന്ന വ്യാജേന പുഴയോരത്തു പോകും. പുഴയോരത്തെ വഞ്ചിക്കൂട്ടത്തിലും മുളങ്കാട്ടിലും പതുങ്ങിയിരുന്നാണ് ചൂണ്ടയിടീല്‍. അന്നൊരു ദിവസം പുഴക്കരെ പശുവിനെ കെട്ടാന്‍ വന്ന തോമാക്കുട്ടിയാണ് ആ രഹസ്യം കണ്ടുപിടിച്ചത്. അക്കരെ കുളിയ്ക്കുന്ന പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലാണ് രണ്ടിന്റേം പണി. വിവരം പുറത്തറിയിയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയ തോമാക്കുട്ടിയ്ക്ക് ഒരു പൈന്റ് റം മേടിച്ചുകൊടുത്താണ് അന്ന് മുഖം രക്ഷിച്ചത്.
വൈകിട്ട് എട്ടരവരെ സ്കൂള്‍ മൈതാനത്തിരുന്നു വര്‍ത്തമാനം പറഞ്ഞിട്ടേ രമേശനും സുരേഷും പിരിയുകയുള്ളു. വര്‍ത്തമാനങ്ങളില്‍ മുക്കാലേമുന്താണിയും പെണ്ണുങ്ങളെ പറ്റിയാണ്. രണ്ടു പേരും ഒരു കാര്യത്തില്‍ തുല്യദുഖിതരായിരുന്നു. നിറം കറുപ്പായതു കൊണ്ടും മുഖസൌന്ദര്യം കുറവായതു കൊണ്ടും ഒരു പെണ്ണും അവരെ ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചതായി അവര്‍ക്കു തോന്നിയിട്ടില്ല. നേരെ നിന്ന് ഒരുത്തിയോടു പേരു ചോദിയ്ക്കാന്‍ പോലും ഇത്രേം കാലമായിട്ടും രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുമില്ല. എന്നു വെച്ച് അവര്‍ക്കും സ്വപ്നങ്ങളില്ലാതിരിയ്ക്കുമോ? എത്രയെത്ര സിനിമകളില്‍ സ്നേഹവും പ്രേമവും കണ്ടിരിയ്ക്കുന്നു?അതുപോലെയൊക്കെ ഒരു പെണ്ണിന്റെ ഇഷ്ടവും ചിരിയും കൊതിയ്ക്കാത്ത ഏതൊരുവനാ ഉള്ളത്? എല്ലാ രാത്രികളിലും തങ്ങളുടെ പെണ്ണിനെപറ്റി രസം പറഞ്ഞ് ഒത്തിരി ചിരിയ്ക്കുകയും നിരാശപ്പെടുകയും ചെയ്തിരുന്നു അവര്‍.
അങ്ങനെ ഒരു രാത്രിയിലാണ് നാലു വീടിനപ്പുറത്തുള്ള മരപ്പണിക്കാരന്‍ രാജേട്ടന്‍ മൈതാനത്തു കൂടെ വന്നത്. രാജേട്ടനെ കണ്ടു നല്ല പരിചയമുണ്ട്. മരപ്പണിക്കാരനാണെങ്കിലും യാതൊരു ദുശ്ശീലവുമില്ലാ രാജേട്ടന് . വെള്ളമടി, ബീഡിവലി, യാതൊന്നുമില്ല. മധ്യവസ്കന്‍. രമേശന്റെയും സുരേഷിന്റെയും വര്‍ത്താനവും ചിരിയും കണ്ടപ്പോള്‍ രാജേട്ടനും ഒപ്പം കൂടി മൈതാനത്തിരുന്നു. അതോടെ രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടി. രാജേട്ടനെ പോലൊരു മുതിര്‍ന്ന ആളോട് എന്തു സംസാരിയ്ക്കാനാണ്..?
“എന്താടാ പിള്ളേരെ ഇത്ര ചിരീം വര്‍ത്താനോം? പറ രാജേട്ടനും കേള്‍ക്കട്ടെ..” പുള്ളി ചിരിച്ചുകൊണ്ട് രണ്ടാളോടും ചോദിച്ചു.
“ഏയ് ചുമ്മാ ഞങ്ങളോരോന്നിങ്ങനെ... പണിയൊക്കെ ഉഷാറല്ലേ രാജേട്ടാ..?”
“പിന്നേ.. അതിനൊന്നും ഒരു കൊയപ്പോമില്ല...”
പിന്നേം കുറേ നേരം അവരങ്ങനെ വര്‍ത്താനം പറഞ്ഞിരുന്നു. അതോടെ ഒരു കാര്യം ബോധ്യായി, രാജേട്ടന്‍ നല്ല രസികനാണ്. വര്‍ത്താനം കേട്ടിരിയ്ക്കാന്‍ ഒരു മടുപ്പുമില്ല. പിന്നെ പലദിവസങ്ങളിലും രാജേട്ടന്‍ കൊച്ചുവര്‍ത്താനം പറയാന്‍ കൂടി. അങ്ങനെയൊരു ദിവസമാണ് ഒട്ടും പ്രതീക്ഷിയ്ക്കാതെ അങ്ങേര്‍ ഒരു ചോദ്യം ചോദിച്ചത്.
“നിങ്ങളിതേവരെ ഒരു പെണ്ണിനെ തൊട്ടിട്ടുണ്ടോ..?”
അപ്പോഴാണ് രമേശനും സുരേഷും അക്കാര്യം ചിന്തിച്ചത്. ശരിയാണ് ഇതേവരെ മനസ്സോടെ ഒരു പെണ്ണിനെ തൊടാമ്പറ്റിയിട്ടില്ല. ബസിലെ തിരക്കില്‍ വല്ലപ്പോഴുമൊക്കെ ഒത്തു കിട്ടാറുണ്ട്. എങ്കിലും അത് ഒരു തരം കട്ടെടുക്കലല്ലേ, മനസ്സോടെ കിട്ടുന്നതല്ലല്ലോ. കോളേജിലെ നെയ് പോലത്തെ സുന്ദരികളെ തൊടുന്നതായി ചില രാത്രികളില്‍ സ്വപ്നം കണ്ടിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ല. രണ്ടുപേരുടെയും മൌനത്തിലേയ്ക്ക് പിന്നെയും രാജേട്ടന്‍ വാക്കുകള്‍ വാരിയിട്ടു,
“എടാ ആണാണെന്നും പറഞ്ഞ് നടന്നിട്ടു കാര്യമില്ല. നിങ്ങള് പുഴവക്കത്ത് കുളിസീന്‍ കാണാന്‍ പോകുന്നത് എനിയ്ക്കറിയാം. അറിയോ എന്റെ പതിഞ്ചാം വയസ്സില്‍ ഞാന്‍ ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടുണ്ട്..!”
രമേശനും സുരേഷിനും മേലാകെ കുളിരു കോരിയിട്ടു. പെണ്ണിന്റെ ചുംബനത്തിന് തേനിനേക്കാള്‍ മധുരമാണെന്നാണ് കേട്ടിരിയ്ക്കുന്നത്. വെണ്ണയില്‍ തൂവലാല്‍ തലോടും പോലാണത്രെ സ്പര്‍ശനസുഖം..!
“കല്യാണമൊക്കെ കഴിയ്ക്കും മുന്‍പ് ഇക്കാര്യത്തിലൊക്കെ ഒരു പരിചയം വേണമെടാ.. ഇതൊക്കെ എല്ലാ ആണുങ്ങളും ചെയ്യുന്നതാ. നിങ്ങളൊക്കെ കോളേജിലല്ലേ പഠിയ്ക്കുന്നേ.. ഇഷ്ടം പോലെ പീസ്സില്ലേ അവ്ടെ. വല്ലോം തടഞ്ഞിട്ടുണ്ടോ..?”
“ഇല്ല..” വിഷമത്തോടെ ഉമിനീരിറക്കി രമേശന്‍ പറഞ്ഞു. “നമ്മളെയൊക്കെ ആരുനോക്കാനാ രാജേട്ടാ..? കാണാന്‍ നല്ല മെനയുണ്ടെങ്കിലേ അവളുമാരു മൈന്‍ഡാക്കൂ..”
അപ്പോള്‍ കടന്നുപോയ ചെറുകാറ്റില്‍ അവരുടെ നെടുവീര്‍പ്പ് ലയിച്ചു ചേര്‍ന്നു.
“ഹ ഹ പോകാന്‍ പറ അവളുമാരോട്.. നിങ്ങള്‍ക്ക് കാര്യം നടക്കണോ.. കോഴിമുക്കില്‍ ഒരു കക്ഷിയുണ്ട്.. പക്ഷേ കാശു കൊടുക്കണം...”
“വേണ്ട രാജേട്ടാ.. അതൊന്നും ശരിയല്ല..” കേട്ടപാടെ രമേശന്‍ പറഞ്ഞു.
“നിന്നോടൊക്കെ പറഞ്ഞ എന്നെ വേണം തൊഴിയ്ക്കാന്‍...” രാജേട്ടന്‍ മുഖം കോട്ടി എഴുനേറ്റു.
“രാജേട്ടനറിയുന്ന കക്ഷിയാ...?” സുരേഷ് വിക്കി വിക്കി ചോദിച്ചു.
“അറിയാതെ പിന്നെ..? അങ്ങനെയൊന്നും ചെന്നാല്‍ കാര്യം നടക്കത്തില്ല. എന്റെ പേര് പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞൂന്നു മാത്രം, വേണങ്കി മതി..” ഇത്രേം പറഞ്ഞു രാജേട്ടന്‍ എഴുനേറ്റു പോയി.
“ഏടാ രമേശാ അയാളു പറഞ്ഞതു കേട്ടോ.. നമുക്കൊന്നു ട്രൈ ചെയ്താലോടാ...?”
“പോടാ.. നാട്ടുകാരറിഞ്ഞാല്‍ തൂങ്ങിച്ചത്താ മതി. ഞാനില്ല..” അങ്ങനെ പറഞ്ഞെങ്കിലും രമേശന്റെ മനസ്സില്‍ ഒരനക്കം തോന്നാതിരുന്നില്ല.
“ആരറിയാനാടാ.. കോഴിമുക്ക് ഈടുന്നു എട്ടുപത്തു കിലോമീറ്റര്‍ ദൂരെയല്ലേ.. നമ്മളെ ആരും അറിയോന്നുമില്ല്ല..”
“പക്ഷേ കാശ്.... നൂറുരൂപയെങ്കിലും വേണ്ടേ...”
ഇന്നേയ്ക്ക് കൃത്യം രണ്ടാഴ്ച മുന്‍പായിരുന്നു ഇപ്പറഞ്ഞ സംഭവോം രാജേട്ടന്റെ ഈ വര്‍ത്താനോം. ഒരാഴ്ചകൊണ്ട് രമേശനും സുരേഷും കാര്യം തീരുമാനിച്ചു. ഒരു പ്രാവശ്യം, ഒരൊറ്റപ്രാവശ്യം ഈ സംഗതിയൊന്നറിയണം. നൂറുരൂപ ഉണ്ടാക്കാന്‍ വീട്ടില്‍ കുറേ കള്ളത്തരങ്ങളും മറിമായങ്ങളും ചെയ്യേണ്ടി വന്നു. എല്ലാം റെഡിയായപ്പോള്‍ രാജേട്ടന്‍ വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു.
അരണ്ട വെളിച്ചത്തില്‍ മുന്‍പില്‍ വലിയൊരു പാറക്കൂട്ടം കണ്ടു. രാജേട്ടന്‍ പറഞ്ഞ അടയാളം. അതിന്റെ ഇടതു വശത്തൂടെ വെട്ടുവഴി താഴേയ്ക്കും വലതു വശത്തൂടെ ചെറിയൊരു നടവഴി മേളിലേയ്ക്കും പോകുന്നു. അവര്‍ നടവഴിയിലേയ്ക്കു കയറി. ഇരു വശവും റബര്‍ തോട്ടമാണ്. നല്ല ഇരുട്ടുണ്ട്. രണ്ടു മൂന്നു തവണ കാലു കല്ലിനിടിച്ചതോടെ അല്പാല്പം ടോര്‍ച്ച് തെളിയ്ക്കേണ്ടി വന്നു. വീണു കിടക്കുന്ന റബറിലയിലൂടെ എന്തോ ഇഴഞ്ഞു പോയപോലെ. അവര്‍ ആകെ പേടിച്ചു പോയി. വല്ലാതെ ശ്വാസം തിങ്ങി.
“ഏടാ സുരേഷേ നമ്മക്കു തിരിച്ചു പോകാടാ...” രമേശന്‍ കിതച്ചു കൊണ്ടു പറഞ്ഞു. സുരേഷും ആകെ പതറിപ്പോയിരുന്നു.
“നമ്മുക്ക് ലേശം ഇരിയ്ക്കാം..”
രണ്ടു പേരും ഒരു കല്ലിന്മേല്‍ ഇരുന്നു. റബര്‍ക്കൂട്ടത്തിനിടയിലൂടെ അല്പാല്പം നിലാവ് നിലത്തു വീഴുന്നുണ്ട്. ചെറിയ കാറ്റില്‍ അവ ചലിച്ചു കൊണ്ടിരുന്നു. അല്പം അകലെ എവിടെയോ ഒരു പട്ടി കുരച്ചു. അപ്പോള്‍ വെട്ടു വഴിയിലൂടെ ചിലര്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടു കയറി വരുന്നുണ്ടായിരുന്നു. രമേശനും സുരേഷും വേഗം കല്ലിന്മേല്‍ നിന്നിറങ്ങി റബര്‍ മരത്തിനു മറഞ്ഞു നിന്നു. താഴെ നിന്നു വന്നവര്‍ വെട്ടു വഴിയിലൂടെ തന്നെ പാറക്കൂട്ടം കടന്നു പോയി. അപ്പോഴാണ് ശ്വാസം നേരെ വന്നത്.
“സുരേഷേ.. വാ നമ്മക്കു തിരിച്ചു പോകാം..” രമേശന്‍ പിന്നെയും തോണ്ടി.
“ഏതായാലും വന്നതല്ലേ.. പോയി നോക്കാടാ.. വരാന്നേരം നല്ല ഉത്സാഹായിരുന്നല്ലോ..?” സുരേഷ് കടുപ്പത്തില്‍ പറഞ്ഞു.
അവര്‍ പിന്നെയും മുന്നോട്ടു നടന്നു. കുറച്ചു കൂടി ചെന്നപ്പോള്‍ രാജേട്ടന്‍ പറഞ്ഞപോലെ തന്നെ അതാ ഓടിട്ട ചെറിയ വീട്. അതു കണ്ടപ്പോള്‍ നെഞ്ചിടിച്ചെങ്കിലും വല്ലത്തൊരു ഉത്സാഹം. വീടിന്റെ മുറ്റത്തിനു താഴെ അവര്‍ നിന്നു. റബര്‍ തോട്ടത്തിന്റെ നിഴലില്‍ ആ വീടാകെ കറുത്തിരുണ്ടു കിടന്നു. ഉള്ളില്‍ എവിടെയോ നേരിയ വെളിച്ചമുണ്ട്. ഇനിയെന്തു വേണം എന്ന് രണ്ടുപേരും മുഖാമുഖം നോക്കി.
“വാതിലിനു തട്ടി വിളിച്ചാലോ.. രാജേട്ടന്റെ പേരു പറഞ്ഞാ മതീന്നല്ലേ പറഞ്ഞെ..” സുരേഷ് പിറുപിറുത്തു.
“ഏടാ വേറെ ആരേലും കാണ്വോ അവിടെ..? എന്നാല്‍ എല്ലാം കഴിഞ്ഞു..” രമേശനും ഒച്ചതാഴ്ത്തി പറഞ്ഞു.
“നീപോകുന്നോ ആദ്യം..?”
“വേണ്ട നീ ചെല്ല്.. ഞാന്‍ രണ്ടാമതു പൊക്കൊളാം..” രമേശന്‍ പുറകോട്ടു നിന്നു.
അവസാനം സുരേഷ് തന്നെ പോകാന്‍ തീരുമാനിച്ചു. മിടിയ്ക്കുന്ന നെഞ്ചോടെ പതുക്കെ പതുക്കെ കാല്‍ വലിച്ചുവെച്ച് അവന്‍ ആ വീടിന്റെ വാതില്‍ക്കല്‍ എത്തി ചെവിയോര്‍ത്തു. അകത്ത് അനക്കമൊന്നുമില്ല. നല്ല നിശബ്ദത. അല്പം വിറയലോടെ വാതില്‍ തട്ടി. പിന്നെയും രണ്ടു മൂന്നു തവണ തട്ടി. അപ്പോള്‍ അകത്തൊരനക്കം. അല്പസമയത്തിനകം വാതില്‍ മെല്ലെ തുറന്നു. മണ്ണെണ്ണ വിളക്കുമായി ഒരു രൂപം..
വാതില്‍ക്കല്‍ നിന്ന സുരേഷും മുറ്റത്തിനു താഴെ നിന്ന രമേശനും ഒരു പോലെ ഞെട്ടി. വെളിച്ചം മുഖത്തു വീണപ്പോള്‍ ആ രൂപത്തെ കണ്ടു. ഒരു സ്ത്രീ തന്നെയാണ്. വാരിക്കെട്ടിയ മുടിയും ഉലഞ്ഞ വസ്ത്രങ്ങളും. അവര്‍ വിളക്കു പുറത്തേയ്ക്കു നീട്ടിയപ്പോള്‍ പരുങ്ങി നില്‍ക്കുന്ന സുരേഷിനെ കണ്ടു..
“എന്താടാ നായീന്റെ മോനെ, ഈടെ പതുങ്ങി നില്‍ക്കുന്നെ...?”
മുറ്റത്തിനു താഴെ രമേശന്‍ വേഗം പുറകോട്ട് മൂന്നാലു ചുവടു വച്ചു ഓടാന്‍ തയ്യാറായി.. സുരേഷ് ആകെ പരവശനായിപ്പോയിരുന്നു..
“രാജേട്ടന്‍... മരപ്പണിക്കാരന്‍....” ഒരു വിധത്തില്‍ അവന്‍ വിക്കി വിക്കിപ്പറഞ്ഞു. പെട്ടെന്ന് ആ സ്ത്രീ വിളക്കു താഴ്ത്തി.
“കയറി വാ...” അവര്‍ വിളിച്ചു. അവന്‍ സങ്കോചത്തോടെ അകത്തു കയറി. ഉടനെ അവര്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ മറുകൈയിലിരുന്ന വെട്ടുകത്തി അവന്‍ കണ്ടത്. അവര്‍ അത് ഒരു മൂലയിലേയ്ക്കിട്ടു..
“പേടിയ്ക്കണ്ട, രാത്രിയില്‍ ആരാ വരുന്നതെന്ന് അറിയത്തില്ലല്ലോ ഒരു ധൈര്യത്തിന്....”
അരണ്ട മണ്ണെണ്ണ വെളിച്ചത്തില്‍ സുരേഷ് അവരെ ശരിയ്ക്കും കണ്ടു. മുപ്പത്തഞ്ചു വയസ്സെങ്കിലും പ്രായം ഉണ്ടാകും. വിദൂര സ്വപ്നങ്ങളില്‍ പോലും ഇതുപോലൊരു മുഖം ഉണ്ടായിരുന്നില്ല എന്ന് ഒരാന്തലോടെ അവന്‍ അറിഞ്ഞു. മുറിയിലെ ഇരുട്ടിന്റെ ആക്രമണത്തെ തടയാന്‍ മണ്ണെണ്ണവിളക്ക് വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
“അകത്തോട്ടു വാ...” പൊളിഞ്ഞ പ്ലൈവുഡ് കതക് തള്ളിക്കൊണ്ട് അവര്‍ പറഞ്ഞു. സുരേഷിന്റെ കാലുകള്‍ ചലിച്ചില്ല. പുറത്തേയ്ക്കിറങ്ങിയോടാന്‍ അവന്‍ അതിയായി ആശിച്ചു. പെട്ടെന്ന് ആ സ്ത്രീ അവന്റെ കൈപിടിച്ച് അകത്തേയ്ക്ക് വലിച്ചു. അസാമാന്യ കരുത്താണവര്‍ക്കെന്ന് അവനു മനസ്സിലായി. നിലം പറിഞ്ഞ് അവന്‍ ഉള്ളിലേയ്ക്ക് വലിച്ചെടുക്കപ്പെട്ടു. അവിടെ പഴകിയ ഒരു കട്ടിലില്‍ രണ്ടു കുട്ടികള്‍ ഉറങ്ങുന്നു. നിലത്തൊരു പായയും മുഷിഞ്ഞ തലയിണയും. അലക്ഷ്യമായി വാരിവലിച്ചിട്ട കുറേ പഴന്തുണികള്‍ ഒരു മൂലയില്‍. ഇരുട്ടില്‍ പൊതിഞ്ഞ ഏതോ ദുര്‍ഗന്ധം ആമുറിയിലുണ്ട്. അവര്‍ തിരിഞ്ഞു നിന്ന് വസ്ത്രം അഴിയ്ക്കാന്‍ തുടങ്ങി.
മുറ്റത്തിനു താഴെ നിന്ന രമേശന്‍ അക്ഷമനായി. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. അപരിചിതമായ സ്ഥലത്ത്, അപരിചിതയായ ഒരു സ്ത്രീയുടെ വീടിനു താഴെ പതുങ്ങി നില്‍ക്കേണ്ടി വരുക.! ആരെങ്കിലും കണ്ടാല്‍ എല്ലാം കഴിഞ്ഞു. അവനാകെ ആത്മനിന്ദ തോന്നി. ഒരാവേശത്തിന് ഇറങ്ങിപുറപ്പെട്ടതാണ്. സുരേഷ് വന്നാലുടനെ സ്ഥലം വിടണമെന്ന് അവനുറച്ചു, എന്തായാലും തനിയ്ക്കീ പരിപാടി വേണ്ട. രാജേട്ടനെ മനസ്സില്‍ നാലഞ്ചു തെറി പറഞ്ഞു. റബര്‍ തോട്ടത്തിലെ കരിയിലയില്‍ കൂടി ആരോ നടക്കുന്നപോലെ അവനു തോന്നി. ഒരു മൂങ്ങ ഉച്ചത്തില്‍ ചിറകടിച്ചു തലയ്ക്കു മുകളിലൂടെ പറന്നു പോയി.
“രമേശാ..” അരികില്‍ നിന്ന് ആ വിളി കേട്ടപ്പോള്‍ അവന്‍ ഞെട്ടിത്തെറിച്ചു. തൊണ്ട വരണ്ടുപോയി..
“ഞാനാ.. നീ പോകുന്നോ.” സുരേഷാണ്. അവന്‍ വന്നതു അറിഞ്ഞേയില്ലല്ലോ.
“വേണ്ടാ.. വേം തിരിച്ചു പോകാം”
അവര്‍ വേഗം താഴേക്കു നടന്നു. വഴിയരുകിലെ മുള്‍ക്കൂട്ടത്തില്‍ കാലുടക്കിയതും കല്ലിന്മേല്‍ നഖമിടിച്ചതും അറിഞ്ഞതേയില്ല. രമേശന് സുരേഷിനോട് അറപ്പു തോന്നി. കോഴിമുക്കു കവല വരെ അവര്‍ ഒന്നും സംസാരിച്ചതേയില്ല. പീടികക്കാരന്‍ അടച്ചുപോയിരിയ്ക്കുന്നു. അവിടം വിജനമായിരുന്നു. നിലാവെളിച്ചം മാത്രം. ഇനി നാട്ടിലേയ്ക്കു വണ്ടിയൊന്നും കിട്ടാനില്ല, നടക്കുക തന്നെ.
“എങ്ങനെ ഉണ്ടായിരുന്നു...?” അതുവരെ പിടിച്ചു നിര്‍ത്തിയ ചോദ്യം രമേശന്റെ വായില്‍ നിന്നു ചാടി.
“ഇതാ..” സുരേഷ് പോക്കറ്റില്‍ നിന്നും നൂറു രൂപാനോട്ട് എടുത്തു കാണിച്ചു.
“കാശുകൊടുത്തില്ലേ..?”
“അവരു മേടിച്ചില്ല.. ജോലി ചെയ്യാതെ കൂലി വേണ്ടാന്ന്..”
“അതായത്..........................”
“അതേടാ.. എന്നെക്കൊണ്ടാവുന്നില്ല.. മനസ്സുവന്നില്ല. അവിടെ കിടന്നുറങ്ങുന്ന രണ്ടു കുഞ്ഞുങ്ങള്‍. ആ സ്ത്രീയുടെ മുഖം.. ഏടാ.. നമുക്കറിയാത്ത ഒത്തിരി കാര്യങ്ങള്‍ ലോകത്തുണ്ട്. അതൊന്നും പറഞ്ഞുതരാന്‍ എനിയ്ക്കറിയത്തില്ല.. “
സുരേഷിന്റെ മുഖത്തുകൂടി ചാലിട്ടൊഴുകിയ നനവില്‍ നിലാവെളിച്ചം തിളങ്ങി. അപ്പോള്‍ ആകാശത്ത് ആയിരം നക്ഷത്രങ്ങള്‍ തിളങ്ങുകയും വെണ്‌മേഘത്തുണ്ടുകള്‍ പഞ്ഞിപോലെ ഒഴുകുകയും ചെയ്തു. ഇരുണ്ട നിറമുള്ള നിശബ്ദതയില്‍ പൂക്കള്‍ വിതറി കിഴക്കന്‍ കാറ്റ് കടന്നുപോയി. അവര്‍ രണ്ടുപേരും കൈകള്‍ കോര്‍ത്തുപിടിച്ച് വെറുതെ പൊട്ടിച്ചിരിച്ചു. പിന്നെ ആ വിജനപാതയിലൂടെ വലിഞ്ഞു നടന്നു, വീട്ടിലേയ്ക്ക്.
No comments:
Post a Comment