Tuesday, July 31, 2012

നനഞ്ഞ ശലഭങ്ങള്‍


ആശുപത്രിയുടെ രണ്ടാംനിലയില്‍ ഐ.സി.യു. എന്ന് വെള്ളയക്ഷരങ്ങള്‍ പതിച്ച ചില്ലുവാതിലിനു മുന്‍പില്‍ ആളുകളുടെ നല്ല തിരക്കുണ്ട്‌. അവിടുത്തെ വിങ്ങലും തേങ്ങലും പ്രതീക്ഷയും മുറ്റിയ മുഖങ്ങളില്‍ ഏറെയും സ്ത്രീകളുടെതാണ്. വടിവൊത്ത ഷര്‍ട്ടും വരവുംപോക്കും കണ്ട് ഒറ്റനോട്ടത്തില്‍ രാഷ്ട്രീയക്കാരെന്നു തിരിച്ചറിയാവുന്നര്‍, മാന്യമായും അല്ലാതെയും വസ്ത്രംധരിച്ചവര്‍, സ്കൂള്‍ കുട്ടികള്‍, പുരോഹിതര്‍, സാധാരണക്കാര്‍ തുടങ്ങി ഒരുപാടുപേര്‍ ഇത്രയും നേരത്തിനുള്ളില്‍ വാതില്‍വരെ വെറുതേ വന്നുനോക്കി തിരികെപ്പോയിട്ടുണ്ട്. പാറാവുനിന്നു ശീലമുള്ളതുകൊണ്ടാവാം കാല്‍കുഴയാത്ത രണ്ടു പോലീസുകാര്‍ തനിക്ക് മുന്‍പേ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

 ആന്‍റണിസാര്‍ തന്‍റെയാരുമല്ല! അദേഹത്തിന് ബന്ധുക്കള്‍ അധികമില്ലാത്തതിനാലാവാം "ആരാണ്? എന്തിനു കാത്തുനില്‍ന്നു?" തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം പറയേണ്ടിവരാഞ്ഞത്‌. പുലര്‍ച്ചെ പത്രവാര്‍ത്തകണ്ട് നടുങ്ങി തിടുക്കത്തില്‍ ഇവിടെയെത്തിയതു മാത്രം ഓര്‍മ്മയുണ്ട്. ഇനി ഇന്നെന്തുചെയ്യണമെന്ന് ഊഹമില്ലാത്തതിനാലോ ചിന്തകള്‍ വിജനതയിലെവിടെയോ അലഞ്ഞ് ദിശാബോധം നഷ്ടപ്പെട്ടിട്ടോ എന്തോ രണ്ടു മണിക്കൂറിലേറെയായി വൃഥാ നില്‍ക്കുന്നു. തീര്‍ച്ചയായും സാറിന്‍റെ വീടുവരെയൊന്നു പോകണമെന്നുണ്ട്. പക്ഷേ മനസ്സ് പിന്നോട്ട് വലിക്കുന്നു. താന്‍ ശൂന്യതയിലെവിടെയോ നിലതെറ്റി നടക്കുകയാണെങ്കിലും പോലീസുകാരുടെ നില്‍പ്പിന് ഒരു ഉദ്ദേശമുണ്ട്. അപകടനില തരണംചെയ്ത്, ബോധം തിരികെവന്നശേഷം പ്രതിയുടെ മൊഴിയെടുത്ത് ആത്മഹത്യാശ്രമത്തിന് കേസ്സ് ചാര്‍ജ്ജുചെയ്തിട്ടു വേണം അവര്‍ക്ക് സ്ഥലമൊഴിയാന്‍! അതു സ്പഷ്ടം! 

 അദ്ദേഹത്തെ താന്‍ ആദ്യമായി കണ്ടിട്ടും പരിചയപ്പെട്ടിട്ടും നാല്‍പ്പത്തെട്ടു മണിക്കൂര്‍ തികച്ചായിക്കാണില്ല. ആലപ്പുഴയിലെ കാര്‍ ഷോറൂമില്‍ എത്തുന്ന ഏത് കസ്റ്റമറെയും സ്വീകരിക്കുന്ന തന്‍റെ യാന്ത്രിക പുഞ്ചിരി ആന്‍റണി സാറിനെയും എതിരേറ്റത് ശനിയാഴ്ച വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെയാണ്. അതിനു മുന്‍പേ മാര്‍ക്കെറ്റിങ്ങിനായി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ക്കണ്ട് അടുത്തിടപഴകിയ ആ രണ്ടര മണിക്കൂര്‍കൊണ്ട് ഇന്നലെവരെ അപരിചിതനായിരുന്ന ഈ മനുഷ്യനെത്തേടി ഇന്നു താനെത്തുവോളം ആത്മബന്ധം വളര്‍ന്നതെങ്ങനെയാണ്? അറിയില്ല! ചിലരങ്ങനെയാണ്, നിത്യജീവിതത്തില്‍ നാം ദര്‍ശിക്കുന്ന അനേകായിരം മുഖങ്ങള്‍ക്കിടയില്‍നിന്ന് വിരളമായി മാത്രം കണ്ടെടുക്കാനാവുന്ന, തൊട്ടറിയപ്പെടുന്ന നന്മ്മയുടെ അംശങ്ങള്‍. എന്നിട്ടും എന്തേ വിധി അവരോടു ക്രൂരത കാട്ടുന്നു? ഇതുപോലെയുള്ള ദുരവസ്ഥയില്‍ ആരും ചെയ്തുപോകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് അദ്ധേഹത്തിന്റേത്. മറിച്ചു ചിന്തിച്ചു പിടിച്ചുനില്ക്കുവാന്‍ മനുഷ്യമനസ്സ് ചിലപ്പോള്‍ ദൈവത്തോളം വളരേണ്ടിവരും!!   

 സ്വദേശം മറ്റെവിടെയോ ആണെങ്കിലും പറഞ്ഞുകേട്ടിടത്തോളം സകലര്‍ക്കും  സുപരിചിതനാണ് ആന്‍റണിസാറ്. പത്തുവര്‍ഷത്തിലേറെയായി ഗവര്‍മെന്റ് സ്കൂളിനടുത്തുള്ള ചെറിയ വാടകവീട്ടില്‍ അതേസ്കൂളില്‍ അധ്യാപികയായ ഭാര്യയോടും രണ്ടു പെണ്‍മക്കളോടുമൊപ്പം താമസിച്ചുവരുന്നു. നാല്പതിന്റെ ചെറുപ്പത്തിലും "ഇണക്കുരുവികള്‍" എന്നാണു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അവരെ കളിയായി വിളിക്കുന്നത്‌! പണ്ട് ജോലിചെയ്തിരുന്ന ഏതോ സ്കൂളില്‍വച്ച്, അന്നാട്ടുകാരിയായ ടീച്ചറെ ഇഷ്ടപ്പെട്ട്‌, വീട്ടുകാരുടെ എതിപ്പ് കാര്യമാക്കാതെ വിവാഹിതരായി, അന്ന് വെറുക്കപ്പെട്ട മുഖങ്ങളില്‍നിന്നും അകന്ന്‍ ഇവിടെയെത്തപ്പെട്ടതാണ്. ചുരുങ്ങിയ കാലംകൊണ്ട് സ്കൂളിനെയും കുട്ടികളെയും നാടിനെയും നാട്ടാരെയും സ്നേഹിച്ച്, അവരുടെ എല്ലാ പ്രശനങ്ങളിലും ഇടപെട്ട്‌, മനവും ധനവും നല്‍കിയ പ്രിയവ്യക്തിത്വമാണ് അകത്ത്‌ പ്രാണനോട് മല്ലടിക്കുന്നത്. 

ലച്ചുവും, പാറുവും! കുട്ടികളുടെ പേരുകേട്ടു കൌതുകം പൂണ്ടാണ് സാറിനോട് കുശലം ചോദിച്ചത്. "ബന്ധങ്ങളിലും സൌഹൃദത്തിലും പേരിലും മതമില്ല എന്നു തിരിച്ചറിവുള്ളതുകൊണ്ടാണ് ലക്ഷ്മിയും പാര്‍വതിയും ആന്‍റണിയുടെ മക്കളായി പിറന്നത്" എന്ന അദ്ദേഹത്തിലെ രസികനായ ജ്ഞാനിയുടെ ഭാഷ്യം താന്‍ ആശ്ചര്യത്തോടെ കേട്ടുനിന്നു! ഏതാണ്ട് ഏഴരയോടെ വാഷിംഗ് കഴിഞ്ഞു ഷോറൂമിലെത്തിയ പുതിയ ചുവന്ന നിറമുള്ള കാറിനുചുറ്റും പൂമ്പാറ്റകളെപ്പോലെ കുട്ടികള്‍ വട്ടമിട്ടു പറക്കുന്നത് സന്തോഷത്തോടെ താനും കണ്ടുനിന്നു. വഴിമദ്ധ്യേയുള്ള സെയില്‍സ്‌മാന്റെ വീട്ടിലെയ്ക്ക്, പുതിയ വണ്ടിയില്‍ സ്വയം ഡ്രൈവ് ചെയ്തു കൊണ്ടുചെന്നാക്കാനുള്ള സന്മനസ്‌ ഇത്രയും കാലത്തെ പ്രവര്‍ത്തിപരിചയത്തിനിടെ ഒരു കസ്റ്റമറിലും താന്‍ കണ്ടിരുന്നില്ല. 

ഇഷ്ടമുള്ള വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത ചിത്രംപോലെ സുന്ദരമാണ് ആ കൊച്ചു കുടുംബത്തിന്‍റെ ജീവിതമെന്ന് പലരും പറഞ്ഞു. ആരോടും പരാതിയും പരിഭവവുമില്ലാതെ, പമ്പയാറിന് അഭിമുഖമായി നില്‍ക്കുന്ന കുഞ്ഞു വാടകവീടിനു ചുറ്റും നിറയെ പൂക്കളുള്ള ഉദ്യാനത്തെയും അവിടെ സ്വതന്ത്രമായി വിഹരിക്കുന്ന തേന്‍ കുരിവികളെയും ചിതശലഭങ്ങളെയുംപറ്റി നാലാംക്ലാസുകാരി ലച്ചുവും ആറാംക്ലാസ്സുകാരി പാറുവും വാതോരാതെ പറഞ്ഞപ്പോഴേ ഒരിക്കല്‍ അവിടെപ്പോകണമെന്ന് മനസ്സില്‍ കുറിച്ചതാണ്. പക്ഷേ ഇനി വയ്യ!!

 ഇന്നലെ, അതായത് ഞായറാഴ്ച, പുലര്‍ച്ചെ ശക്തിയായി മഴപെയ്തിരുന്നു. കുര്‍ബാനയ്ക്ക് കുടുംബസമേതം പള്ളിയിലെത്തി വികാരിയച്ചനെക്കൊണ്ട് കാറ് വെഞ്ചരിച്ച് തങ്ങളുടെ സ്വപനംസാഫല്യം കൂട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കാന്‍ വെമ്പല്‍കൊണ്ട കുട്ടികളോടൊപ്പം തിടുക്കത്തില്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്ത സാറിന് എവിടെയാണ് പിഴച്ചത് എന്നറിയില്ല. റിവേര്‍സ്‌ ഗിയറിലായിരുന്ന കാറ് കുത്തിയോഴുകിക്കൊണ്ടിരുന്ന പമ്പയാറ്റിലേയ്ക്ക് പൊടുന്നനെ കൂപ്പുകുത്തി! എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ച്,  പ്രതികരിക്കാന്‍ വൈകിയ തെല്ലിട നേരത്തിനു ശേഷം ഡ്രൈവര്‍ സീറ്റ്‌വിട്ട് ആന്‍റണിസാര്‍ പുറത്തു ചാടുമ്പോള്‍..........

 ഒരു കൊച്ചു തീപ്പെട്ടിയില്‍, കുഞ്ഞുസ്വപ്‌നങ്ങള്‍ കൂട്ടിവെച്ച് മെനഞ്ഞെടുത്ത രണ്ട് മുത്തുകള്‍, കൈയ്യില്‍നിന്നും വഴുതി മണല്‍വാരി  ചെളിനീങ്ങിയ നദിയുടെ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയിരുന്നു!!

 അലരിക്കരഞ്ഞിട്ടും ആളുകളെക്കൂട്ടി തപ്പിയിട്ടും രണ്ടുമണിക്കൂറിനു ശേഷമാണ് പുഴയുടെ അടിത്തട്ടില്‍ നിന്നും കയറിട്ടുകെട്ടി കാറ് കരയ്ക്കെടുത്തത്. വെള്ളംകയറി പ്രവര്‍ത്തന രഹിതമായ ഇലക്ട്രിക് സെന്‍റര്‍ ലോക്കുകളും പവര്‍ വിന്‍ഡോയും തകര്‍ത്ത്‌ അതിനുള്ളില്‍ പ്രവേശിക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ, മനസ്സ് ഭ്രാന്തമായി അലഞ്ഞ നിമിഷത്തിലെപ്പോഴോ കണ്ണില്‍ പതിഞ്ഞ "ഫ്യൂരുഡാന്‍" വിഷത്തില്‍ അദ്ധേഹത്തിന്റെ കൈയ്യെത്തിയത് ആരും ശ്രദ്ധിച്ചില്ല!! 

ചില്ലുവാതില്‍ തുറന്ന് ഓരോ തവണയും പുറത്തേയ്ക്ക് വരുന്ന നേര്സുമാരുടെയും ഡോക്ടറുടെയും മൊഴികളിലേയ്ക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരുപാട് കണ്ണുകള്‍.........! 

 അകലെ സാറിന്‍റെ വീട് ഒരു ജനസാഗരമായി മാറിക്കഴിഞ്ഞിട്ടുണ്ടാവാം. ഓരോ തവണയും ആശുപത്രികളുടെ വേദന അടുത്തറിഞ്ഞിട്ടുള്ള തനിക്ക് ഒന്നുറപ്പാണ്. ഈ മനുഷ്യന്‍ കണ്ണുതുറന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ ഉറ്റുനോക്കിയാല്‍, തന്നെ കാത്തിരിക്കുന്ന ഹൃദയഭേദകമായ നേര്‍ക്കാഴ്ചകളെയും ആത്മസംയമനത്തോടെ സ്വീകരിക്കാനാവും! ഓരോ മര്‍ത്യജീവനും വന്നുഭവിക്കുന്ന അപ്രതീക്ഷിത തകര്ച്ചകളോട് ദിവസങ്ങള്‍ക്കൊണ്ടോ മാസങ്ങള്‍ക്കൊണ്ടോ പൊരുത്തപ്പെട്ട്, മറവിയും ഓര്‍മയും പ്രാര്‍ത്ഥനയും പ്രത്യാശയുമാകുന്ന നൂലുകല്‍ക്കൊണ്ട് ഇഴചേര്‍ത്തു നെയ്തെടുത്ത പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനാവും. ഒരു കുഞ്ഞ് വീണ് എണീക്കുംപോലെ ഇത് മനുഷ്യന് ഈശ്വരന്‍ നല്‍കിയിരിക്കുന്ന അപാരമായ കരുത്താണ്!

 രണ്ടാം നിലയുടെ പടികളിറങ്ങി നടക്കുമ്പോള്‍ ഓര്‍ത്തതൊക്കെയും പള്ളിയിലെ കൂട്ടമണികള്‍ കേട്ടുപേടിച്ച് എങ്ങോ പറന്നുപോയ കൊച്ചു പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പറ്റിയായിരുന്നു! കൂട്ടില്‍ ആണ്‍ കുരുവിയെയും കുഞ്ഞിക്കുരുവികളെയും കാണാതെ മോഹാലസ്യപ്പെട്ടു വീണുപോയ തേന്‍കുരുവിയെ പറ്റിയായിരുന്നു! തണുത്തുറഞ്ഞ തീപ്പെട്ടിക്കുള്ളില്‍ അടിഞ്ഞുപോയ മുത്തുകളെ പറ്റിയായിരുന്നു! അവ മെനഞ്ഞ നനഞ്ഞ ശലഭങ്ങളെപ്പറ്റിയും!!!


Joselet Mamprayil Joseph 

No comments:

Post a Comment