Tuesday, July 31, 2012

വേൽമുരുകന്റെ മരണം


മുരുകനെ കാണ്മാനില്ല. ഇതു പരസ്യമല്ല. ഞാൻ സ്വയം മനസ്സിലാക്കിയതാണ്‌. വേൽമുരുകൻ മരിച്ചു പോയെന്നാണ്‌ തോന്നുന്നത്‌. വെറുതെ മരിക്കാൻ വഴിയില്ല, അവനെ ആരോ കൊന്നുകളഞ്ഞതു തന്നെ. അവനും ഈ ഞാനും ഔസേപ്പ്‌ മൊതലാളിയുടെ വീട്ടിലെ പണിക്കാരാണ്‌. അല്ല, അവൻ പണിക്കാരനായിരുന്നു. അതല്ലേ ശരി? അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ച, പത്രം വായിക്കാൻ അറിയാവുന്ന എനിക്കതെല്ലാമറിയാം. കവിതയും കഥയുമൊക്കെ എഴുതാൻ ശ്രമിച്ച്‌ പരാജയപ്പെട്ടിട്ടുമുണ്ട്‌. നല്ലൊരു കഥ ഇതു വരെ കിട്ടിയില്ല. ആ ഒരു കാരണം മാത്രമേയുള്ളൂ. പക്ഷെ അതൊക്കെ രഹസ്യമാണ്‌. എന്റെ മുതലാളി അടുത്തകാലത്ത്‌ മുതലാളിയായതാണ്‌. പുതുപണക്കാരൻ എന്നൊക്കെ ചില നാട്ടുകാര്‌ പറയും. ഭൂമിക്കച്ചോടം നടത്തിയതുകൊണ്ടോ, എവിടെയോ കുഴിച്ചപ്പോൾ എന്തൊ കല്ലോ മറ്റോ കിട്ടിയതു കൊണ്ടോ.. കഥകളങ്ങനെ പലതും കേട്ടു. ഞാനതിനൊന്നും ചെവി കൊടുക്കാൻ പോയില്ല. എന്തിന്‌ ? മൂന്ന് നേരം കഴിക്കാൻ കിട്ടുന്നിടത്ത്‌ എനിക്കെന്ത്‌ പരാതി? പക്ഷെ മുരുകൻ പറഞ്ഞ കഥകൾ.. അതു കേട്ട്‌ ഞാനിപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ്‌.

എന്നെ അവൻ 'രാവുന്നി' എന്നാണ്‌ വിളിച്ചിരുന്നത്‌. കൂടെ കാറ്റിന്റെ ഒരു ശബ്ദവും ഉണ്ട്‌. അതവന്റെ സൗജന്യം. മുൻവശത്തെ രണ്ടു പല്ലുകളുടെ അഭാവമാണ്‌ കാരണം. പക്ഷെ അവൻ സ്നേഹത്തോടെ വിളിക്കുകയുള്ളൂ. ഇവിടെ വന്നപ്പോൾ മുതൽ മുരുകന്റെ കൂടെ ആയിരുന്നു. വൃത്തി കുറച്ച്‌ കുറവാണേലും, അപാര കൈപുണ്യമാ..എന്തുണ്ടാക്കിയാലും വയർ നിറച്ച്‌ കഴിച്ച്‌ വിരലു നക്കിയിട്ടേ ആരും എഴുന്നേറ്റ്‌ പോയിട്ടുള്ളൂ. അവന്റെ കൂടെ നിന്ന് ഞാനും ചില സൂത്രങ്ങൾ പഠിച്ചിട്ടുണ്ട്‌.

'ങാ..മുരുകൻ ഇവിടില്ല..നീ വേണം എല്ലാം നോക്കാൻ'
നാട്ടിൽ ഒരു കല്ല്യാണം കൂടിയിട്ട്‌ വന്നപ്പോൾ മുതലാളി പറഞ്ഞതാണ്‌.
ഇതു ഒരാഴ്ച്ച മുൻപ്‌ പറഞ്ഞതാണ്‌..ഇപ്പോ ഒന്നൂടെ ഓർത്തു നോക്കി. ആ പറഞ്ഞത്‌ എന്തോ മറച്ചു പിടിക്കാൻ പറഞ്ഞതല്ലേ? എന്നോട്‌ പറയാതെ മുരുകൻ ഒരിടത്തും പോവൂല്ല. എനിക്കു നന്നായറിയാം. ഇതിപ്പോ ആഴ്ച്ച ഒന്നു കഴിഞ്ഞു. അമ്മിണിയോടും ചോദിച്ചു. അവൾക്കും അറിയത്തില്ല. അല്ലേൽ തന്നെ അവൾക്കെന്തറിയാം?. മുരുകനെ കാണാതായപ്പോഴാണ്‌ മുരുകനെ കുറിച്ച്‌ എനിക്കൊന്നും തന്നെ അറിയില്ലെന്നും, അവനോട്‌ അവനെ കുറിച്ച്‌ പോലും ഒന്നും ചോദിച്ചിട്ടില്ലായിരുന്നുന്നെന്നും ഓർത്തത്‌. മുരുകനെ കുറിച്ച്‌ കേട്ട കഥകൾ പലതിനും വാലും തുമ്പും ഉണ്ടായിരുന്നില്ല. മുരുകൻ ഏതോ രാത്രിയിൽ കവലയിൽ വന്നിറിങ്ങിയതാണെന്നും പിന്നീട്‌ അവിടുള്ള ചായപീടികയിൽ പണിക്ക്‌ നിന്നെന്നും, കട പൂട്ടി പോയപ്പോൾ, മുതലാളിയുടെ വീട്ടിൽ പണിക്ക്‌ വന്നതാണെന്നും. എങ്കിലും അവന്റെ നാട്‌, വീട്‌, ബന്ധുക്കൾ ഇതൊന്നും തന്നെ ഇതു വരെ എന്നോട്‌ പറഞ്ഞിട്ടില്ല.

തമിഴിലെഴുതിയ ചില കത്തുകൾ അവനു വരാറുണ്ടെന്നുള്ളത്‌ വാസ്തവമാണ്‌. ഞാൻ കണ്ടിട്ടുള്ളതാണ്‌. അതേക്കുറിച്ചും ഒന്നും അവൻ പറഞ്ഞിട്ടില്ല. മുതലാളിയെ കുറിച്ച്‌ പറയുമ്പോൾ, ബഹുമാനത്തോടൊപ്പം ഭയവും അവന്റെ കണ്ണിൽ നിറയും.
'നമ്മ മുസലാളി സിങ്കം!'
പലവട്ടം അവനങ്ങനെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.
ഞാൻ സിങ്കത്തിന്റെ കഥയറിയാൻ ശ്രമിച്ചു. മുതലാളിക്ക്‌ ചാരായത്തിന്റെ കച്ചോടമാണ്‌. കൂടെ ചില മല്ലന്മാരെ കണ്ടിട്ടുണ്ട്‌. അവന്മാരോട്‌ ഒരു വാക്കു പോലും ഞാൻ ചോദിക്കാൻ പോയിട്ടില്ല. മുതലാളിയുടെ കച്ചോടത്തിനു എതിരു നിൽക്കുന്നവരൊക്കെ കാണാതാവും. പിന്നീട്‌ കൊക്കയിൽ അവരുടെയൊക്കെ ജഢവും കിട്ടിയിട്ടുണ്ട്‌. ഈ രണ്ടു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നെനിക്കറിയില്ല്ല. വിട്ടു പോയത്‌ പൂരിപ്പിക്കുന്നത്‌ ഇസ്കൂളിൽ പഠിക്കുമ്പോഴും എനിക്കിഷ്ടമില്ലായിരുന്നു. പിന്നെയാ ഇപ്പോൾ?
വേൽമുരുകൻ ഒറ്റയ്ക്കല്ല, പൊണ്ടാട്ടിയും കൂടെയുണ്ട്‌. പേര്‌ താമര. തമിഴിൽ താളത്തിൽ പേശണ താമര. താമരെ കാണാൻ നല്ല ശേലാണ്‌. എവിടെ നിന്നെന്നറിയില്ല, എന്നും എവിടെ നിന്നെങ്കിലും കുറച്ച്‌ പൂവ്‌ താമര സംഘടിപ്പിക്കും. ഇല്ലെൽ മുരുകൻ സംഘടിപ്പിച്ചു കൊടുക്കും.

എന്റെ വിചാരങ്ങൾ രാത്രി പുകവലിക്കുമ്പോൾ ഊതി വിടുന്ന പുകച്ചുരുളുകൾ പോലെയാണ്‌. കുമുകുമാന്ന്. മുരുകനെ മുതലാളി കൊന്നു കളഞ്ഞതാണെന്ന നിഗമനത്തിലെത്തിയത്‌ ഒരു രാത്രി കുമുകുമാന്ന് പുകച്ചുരുളുകൾ മുകളിലേക്ക്‌ പോയപ്പോഴാണ്‌. ഒരു കാരണം കണ്ടു പിടിക്കാൻ ഞാൻ പിന്നേയും പുകച്ചു. ചിന്തകളെ പുകച്ച്‌ പുറത്ത്‌ ചാടിച്ചു എന്നു പറയാം. ഉള്ളിലേക്കു പോയ പുകച്ചുരുളുകളുടെ താപം കൊണ്ടാവാം, എന്റെ ധാർമികബോധം ചൂടുപിടിക്കുകയും, ധാർമ്മികരോഷമായി പുറത്തേക്ക്‌ വരികയും ചെയ്തു. ഇതൊക്കെയാണ്‌ അങ്ങനെ പുറത്ത്‌ ചാടിയത്‌.
മുതലാളിയുടെ എന്തോ ഭയങ്കര രഹസ്യം മുരുകൻ അറിഞ്ഞിട്ടുണ്ട്‌. അത്‌ പുതുപണക്കാരനായതിന്റെ രഹസ്യമല്ലാതെ മറ്റൊന്നുമാവില്ല.
മറ്റൊന്ന്..താമരയെ..മുതലാളി..ഏയ്‌..അങ്ങനെ വരുമോ?
എന്തു കൊണ്ടായിക്കൂടാ? മുതലാളി സ്വർണ്ണ നിറമുള്ള മദ്യം കുടിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. വിശ്വേട്ടന്റെ കടേന്ന് ഒരിക്കൽ ചാരായം കുടിച്ചിട്ടുണ്ട്‌. എന്തൊക്കെയാ ഞാൻ ചെയ്തതെന്ന് പിറ്റേന്ന് വാസൂട്ടി പറഞ്ഞപ്പോഴല്ലേ അറിഞ്ഞത്‌?.
ഓ, ഒരു കാര്യം വിട്ടു..അപ്പോൾ താമരയെവിടെ?
മുതലാളിയോട്‌ നേരിട്ട്‌ ചോദിച്ചാലോ?
ചിലപ്പോൾ ആ ഒരു ചോദ്യത്തോടെ ഞാനും കൊക്കയിലേക്ക്‌ എറിയപ്പെടാൻ സാദ്ധ്യതയുണ്ട്‌.

സ്വയം ഒരു അന്വേഷണം നടത്താൻ തീരുമാനിച്ചു. വീട്ടിനുള്ളിൽ വെച്ചാണെങ്കിൽ മുരുകന്റെ ചോര, താമരയുടെ പൊട്ടിയ വള കഷ്ണം..കീറിയ തുണിയുടെ എന്തേലും ഭാഗം. ഏതു കുറ്റവാളിയും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കും എന്നല്ലേ വാരികയിലെ നായകൻ പറഞ്ഞത്‌?. അന്വേഷിച്ചു. കറയും കിട്ടിയില്ല, വളയും കിട്ടിയില്ല്ല. അപ്പോൾ കൊല നടന്നത്‌ വീട്ടിൽ വെച്ചാവില്ല. മുതലാളിക്ക്‌ വേറെയും വീടുകളുണ്ട്‌. ഗോഡൗണുകളുണ്ട്‌. അവിടെല്ലാം ചെന്നു തിരക്കാൻ പറ്റില്ല. എന്നാൽ എന്റെ നിഗമനങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവം ഒരാഴ്ച്ചയ്ക്കകം സംഭവിക്കുക തന്നെ ചെയ്തു. കൊക്കയിൽ നിന്ന് ഒരു ജഢം കൂടി കണ്ടു കിട്ടി. പക്ഷെ ഞാൻ രണ്ടു ജഢങ്ങളാണ്‌ പ്രതീക്ഷിച്ചത്‌. ഒന്നെങ്കിലും കിട്ടിയല്ലോ. അതു ധാരാളം.

ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഇതിനൊരു അവസാനം വേണം. പുകച്ച്‌ പുറത്ത്‌ ചാടിച്ച ഒരു ചിന്ത പറഞ്ഞതാണത്‌. പുകച്ചുരുളുകളുടെ കട്ടി കൂടി കൂടി വന്നു ഒപ്പം, മുതലാളിയെ കൊല്ലണം എന്ന ചിന്തയും. ഇത്‌ എന്റെ പ്രതികാരം മാത്രമല്ല, നാടിനെ രക്ഷപെടുത്താനുള്ള ഒരേയൊരു മാർഗ്ഗം കൂടിയാണ്‌. അതിനെന്താണെളുപ്പ മാർഗ്ഗം?. നേരിട്ട്‌ എതിരിടാൻ പറ്റില്ല. അതൊക്കെ സിനിമയിലെ നായകന്മാർക്കെ കഴിയൂ. പോരെങ്കിൽ മുതലാളിക്ക്‌ ഒരു തോക്കുണ്ട്‌. നീണ്ട ഒരു തോക്ക്‌. അടുക്കളയിലടുക്കി വെച്ച വെട്ടുകത്തി, പിച്ചാത്തി, വാക്കത്തി..എടുത്തങ്ങ്‌ വീശിയാലോ? വേണ്ട, രക്തം കണ്ടാൽ എനിക്ക്‌ തലകറങ്ങും. കൊന്നിട്ട്‌ തലകറങ്ങി കിടമ്പോഴാവും പോലീസ്‌ വരിക. അതിനു പോലീസിനെ ആരെങ്കിലും വിളിക്കണ്ടെ?. വേണമെന്നില്ല, സിനിമകളിൽ കണ്ടിട്ടുണ്ടല്ലോ, കൊലപാതകം നടന്നു കഴിയുമ്പോൾ കൃത്യമായി പോലീസ്‌ വരുന്നത്‌. ഇവിടെയും വരും. എനിക്ക്‌ പിടികൊടുക്കാൻ ഒരു താത്പര്യവുമില്ല. കൊന്നിട്ട്‌ നാടു വിടണം. എവിടേക്കെങ്കിലും. കേരളത്തിനു പുറത്ത്‌. എന്നിട്ട്‌ ആരുമറിയാതെ വേഷം മാറി താമസിക്കണം. ചതിയനായ മുതലാളിയെ കൊന്നാൽ ആരും എന്നെ ശപിക്കില്ല. വർഷങ്ങൾ കഴിയുമ്പോൾ വേഷം മാറി തന്നെ തിരിച്ചു വരാം.
രക്തം പുറത്ത്‌ വരാതെ ഒരാളെ കൊല്ലണമെങ്കിൽ അയാളെ ശ്വാസം മുട്ടിച്ചോ, വിഷം കൊടുത്തോ കൊല്ലണം. ശ്വാസം മുട്ടിപ്പിക്കാൻ പോയാൽ ചിലപ്പോൾ മുതലാളിയുടെ കയ്യിൽ കിടന്ന് എന്റെ ശ്വാസം പോകും. സ്വർണ്ണ ബ്രേസ്‌ലേറ്റ്‌ ഇട്ട, രോമം നിറഞ്ഞ കൈ എന്റെ മൂക്കിനു മുകളിൽ..പിടഞ്ഞ്‌ പിടഞ്ഞ്‌..ഓർക്കുമ്പോഴെ ശ്വാസം മുട്ടുന്നു. അങ്ങനെയാണ്‌ പാഷാണത്തിൽ തീരുമാനമായത്‌. പാഷാണത്തിൽ കൃമി എന്നെവിടെയോ വായിച്ചിട്ടുണ്ടല്ലോ..അതെന്താ? എന്തായാലും കൃമിയുള്ള പാഷാണമാണ്‌ വേണ്ടത്‌. അതു തന്നെ ചോദിച്ചു വാങ്ങണം. ചിലപ്പോൾ അതിനു വില കൂടുതലായിരിക്കും. എങ്കിലും കുഴപ്പമില്ല. ഇവനൊക്കെ അതു മതി. മുതലാളിയോടുള്ള ബഹുമാനം കുറഞ്ഞു കുറഞ്ഞു വന്നു. ബഹുമാനം അളക്കാനുള്ള വല്ല യന്ത്രവും ഉണ്ടെങ്കിൽ അതറിയാമായിരുന്നു.

എലിപ്പാഷാണം വാങ്ങിയത്‌ ശങ്കരേട്ടന്റെ കടയിൽ നിന്നാണ്‌. 'ഇപ്പോഴുമവിടെ എലിയുണ്ടൊ?' എന്നു ശങ്കരേട്ടൻ ചോദിച്ചപ്പോൾ, 'ഒരെണ്ണമുണ്ട്‌..' അതു പറഞ്ഞപ്പോൾ ശബ്ദത്തിനു കുറച്ച്‌ ശക്തി കൂടി പോയെന്നു തോന്നുന്നു. ശങ്കരേട്ടനു വല്ല സംശയവും തോന്നി കാണുവോയെന്തോ?.
ദിവസവും രാത്രി ഒരു ഗ്ലാസ്സ്‌ പാൽ കുടിക്കുന്ന സ്വഭാവം മുതലാളിക്കുണ്ട്‌. അതും പശുവിൻ പാല്‌. ഓരോ ദുസ്വഭാവങ്ങളെ. അതു ഞാൻ തീർത്തു കൊടുക്കാൻ തീരുമാനിച്ചു. ഇതോടെ ദുസ്വഭാവം മാത്രമല്ലേ, എല്ലാം തീരും.

ഞാൻ രഹസ്യമായി തയ്യാറെടുപ്പ്‌ നടത്തി. വസ്ത്രങ്ങൾ, കുത്തിക്കുറിച്ച മഹത്തായ കവിതകൾ, കവിതകൾ എല്ലാം പെട്ടിയിലാക്കി. പേരിനു മാത്രം വസ്ത്രങ്ങൾ അയയിൽ തൂക്കിയിട്ടു. ആർക്കും സംശയം തോന്നാൻ പാടില്ലല്ലോ.

അങ്ങനെ ആ ദിനമെത്തി. വേൽമുരുകനെ കാണാതായതിന്റെ രണ്ടാം വാരം. മുരുകനെ ഓർത്തു, ധ്യാനിച്ചു, കണ്ണീർ വാർത്തു. ഓർമ്മകൾ അയവിറക്കി. ഉമിനീരും ഇറക്കി. താമര..പാവം പെണ്ണ്‌. ഇപ്പോഴെവിടെയായിരിക്കും? കൊക്കയിൽ ദ്രവിച്ചു കൊണ്ടിരിക്കുകയാവും. അവിടെ കുറുക്കന്മാരുണ്ട്‌, കാട്ടാനകളുണ്ട്‌..വേണ്ട. അതൊന്നും ഓർക്കണ്ട. ചൂട്‌ പാലിൽ പാഷാണമൊഴിച്ചു. നല്ലവണ്ണം പഞ്ചസാര ചേർത്തു. ഇനി നിമിഷങ്ങൾ മാത്രം. ഒരു ഗ്ലാസ്സ്‌ പാല്‌ ഈ നാടിന്റെ ചരിത്രം മാറ്റി മറിക്കും. ഞാനൊരു വീരപുരുഷനാവും. ഞാൻ കണ്ണാടിയിൽ പോയി നോക്കി. അടുത്ത തവണ വന്നു നോക്കുമ്പോൾ അവിടെ എന്റെ പ്രതിച്ഛായ ഉണ്ടാവില്ല, പകരം ഒരു കൊലയാളിയുടെ..അല്ല അതു വേണ്ട, വീര നായകന്റെ പ്രതിച്ഛായ ആവും കാണുക.

പാലു കൊടുത്തിട്ട്‌ എത്ര നേരം കാത്തിരിക്കണം? ശങ്കരേട്ടനോട്‌ അതു ചോദിക്കാൻ വിട്ടു. പെട്ടെന്ന് കാളിംഗ്‌ ബെല്ലടിച്ചു. പോലീസെത്തിയോ?! കൊല നടന്ന ശേഷമല്ലേ..? ഗ്ലാസ്‌ മൂടി വെച്ചിട്ട്‌ ചെന്നു വാതിൽ തുറന്നു. അവിടെ വിയർത്ത്‌, കഴുത്തിലൊരു തോർത്തും ചുറ്റി നിൽക്കുകയാണ്‌ വേൽമുരുകൻ.. മുരുകൻ ജഢമായിട്ടില്ല, താമര പിന്നിലുണ്ട്‌. അവളും ജഢമായിട്ടില്ല. എന്തെന്നറിയില്ല ഞാൻ ചെന്ന് മുരുകനെ മുറുക്കെ കെട്ടിപിടിച്ചു.
'ഒന്നുമില്ലയെ അണ്ണെ, അമ്മാവുക്ക്‌ ഒന്നുമെ ആകവില്ലയെ..'.

അമ്മാവുക്ക്‌..?
മുരുകൻ പരലോകത്ത്‌ നിന്ന് തിരിച്ച്‌ വന്ന സന്തോഷം ഞാനെങ്ങനെ മുരുകനെ പറഞ്ഞറിയിക്കും?
നിമിഷങ്ങൾക്കകം വിഷം കുടിച്ച മരിക്കേണ്ട മുതലാളി.
ഈ നാടിന്റെ ചരിത്രം.
നാട്‌ വിട്ട്‌, വേഷം മാറി താമസിക്കാൻ തീരുമാനിച്ച ഞാൻ.
എല്ലാം ബാഷ്പം.
ഒരു പാട്ട നിറച്ച്‌ മുറുക്ക്‌ അവൻ കൊണ്ടു വന്നത്‌ ഞാൻ കണ്ടു.
ക്രൂരനായ മുതലാളി ഇനി പഴയ തങ്കപ്പെട്ട മുതലാളിയാവാൻ കുറച്ച്‌ സമയമെടുക്കും. അത്രയ്ക്കും മനസ്സിൽ പതിഞ്ഞു പോയിരുന്നു. എന്തൊക്കെയായിരുന്നു? കൊല, ചോരക്കറ, വളത്തുണ്ട്‌, ഗോഡൗൺ, കൊക്ക, കാട്ടാന.. എല്ലാം ബാഷ്പം.

'അണ്ണാ, തൂക്കമില്ലയാ?' താമരയുടെ അന്വേഷണം. അവൾക്ക്‌ എല്ലാരോടും സ്നേഹമാണ്‌.

ഞാൻ കതകടച്ച്‌ തിരിയുമ്പോൾ ഗ്ലാസ്സുമായിട്ട്‌ മുരുകൻ മുതലാളിക്ക്‌ പാൽ കൊടുക്കാൻ പോകുന്നത്‌ കണ്ടു.
'പോയി തൂങ്കണ്ണെ.. എല്ലാമെ ഞാൻ പാത്തികിറെൻ'. വന്നയുടൻ ജോലി തുടങ്ങി കഴിഞ്ഞു. ഇതാണാത്‌മാർത്ഥത. ജോലിക്കാരായാൽ ഇങ്ങനെ വേണം. അപ്പോൾ പാല്‌?..മുരുകനെ കൊന്നതിലുള്ള പ്രതികാരം..അതിനുള്ള പ്രതികാരം മുരുകൻ തന്നെ പാലിൽ പാഷാണം കലക്കി കൊടുത്താൽ..?

ഈ പ്രാവശ്യം എനിക്കു ചിന്തകളെ പുകയ്ക്കേണ്ടി വന്നില്ല. അല്ലാതെ തന്നെ പുറത്തേക്ക്‌ വന്നു. ഞാനോടി ചെന്ന് മുരുകന്റെ കൈയ്യിൽ നിന്നു ഗ്ലാസ്സ്‌ വാങ്ങി.

'മുരുകൻ പോയി കിടന്നോ..ഇതു ഞാൻ കൊടുക്കാം..യാത്ര കഴിഞ്ഞതല്ലേ..തൂങ്ക്‌ തൂങ്ക്‌'

വീണ്ടും നിർബന്ധിക്കേണ്ടി വന്നു. എങ്കിലെന്താ ഗ്ലാസ്സ്‌ കിട്ടിയില്ലേ?. മുരുകൻ തിരിഞ്ഞു നടന്നപ്പോൾ, ഞാൻ അടുക്കളയിലേക്ക്‌ തിരിച്ചു പോയി.
നാളെ ശങ്കരേട്ടനെ കണ്ട്‌ പറയണം, എലിശല്യം തീർന്ന കാര്യം. ഇപ്പോ ചെയ്യേണ്ടത്‌ - തങ്കപ്പെട്ട മുതലാളിക്ക്‌ ഒരു ഗ്ലാസ്‌ ചൂട്‌ പാൽ കൊടുക്കുക എന്നതാണ്‌.

ഇതൊരു കഥയായിട്ട്‌ എഴുതിയാലോ?. ഈ രാത്രി തന്നെ ഇതു എഴുതി തീർക്കണം. ഞാൻ തീരുമാനമെടുത്തു.


Sabu MH

No comments:

Post a Comment