Tuesday, July 31, 2012

ആനക്കാരന്...


“ആനയോട് സ്വകാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ..?
ഉണക്കപ്പുല്ലും വൈക്കോലും എന്തേ ആന കഴിയ്ക്കുന്നില്ല..?
ആനയ്ക്ക്  സ്വയം ചോറുരുട്ടി കഴിച്ചാല്‍ എന്താ..?
ആനയ്ക്ക്  ഉപ്പില്ലാത്ത ഭക്ഷണമാണൊ കൊടുക്കുക..?
മഞ്ഞള്‍ ചേര്‍ത്താല്‍ ആനയ്ക്ക് നിറം പിടിയ്ക്കാതിരിയ്ക്കുമോ…?
ചോറുണ്ട് കഴിഞ്ഞാല്‍  ആനയ്ക്ക് പായസം കുടിയ്ക്കാനുള്ള വയറുണ്ടാകുമോ..?
ആന പാവമാണൊ…പണക്കാരനാണൊ..?
ആന പാവങ്ങളുടെ വീട്ടില്‍ താമസിച്ചാല്‍ ആനയും ദരിദ്രനാകുമോ..?
അതൊ ദരിദ്രന്‍ പണക്കാരനാകുമോ..?“

അര്‍ദ്ധരാത്രി ആയി ഉറങ്ങാന്‍..
ഉറക്കം പിടിച്ചത് മുതല്‍  സ്വപ്നം കണ്ടത്  കുഞ്ഞു നാളില്‍ അമ്മ കാണിച്ച് കൊതിപ്പിച്ചിരുന്ന  അമ്മയുടെ തറവാട്ട് മുറ്റത്തെ ആന ചിത്രം..

ഉണര്ന്നപ്പോള്‍  ആന ഗ്രാമത്തിലൂടെ  മതിച്ച് നടക്കുന്നു..
അതിന്‍റെ മണം അടുക്കുന്തോറും മനുഷ്യര്‍ ഓടി അകലുന്നു..
ആകസ്മികമായി ആന വീട്ടു മുറ്റത്ത് വന്നു നിന്നപ്പോള്‍ ഒന്നും മനസ്സിലായില്ല..
ആനയുടെ നിഴലില്‍ നിന്ന് അവന്‍ മാറി നിന്നു..
ആനത്തോട്ടി ഒരു രാജഭടന്‍റെ കുന്തം കണക്കെ ഉയര്‍ത്തി പിടിച്ച്.. ഉശിരു കാട്ടി നെഞ്ച് വിരിച്ച്നില്‍ക്കുന്നു..
അവന്‍ അടുക്കുന്നു..
അവന്‍റെ മൂക്കിന്മേല്‍ ഒരു കുരു…അത് പൊട്ടുമോ…?

അവന്‍..അടുക്കുകയാണ്‍..

“നാട്ടാരെല്ലാം നാട്  വിട്ടു..നാട് കാലിയായി..
എല്ലാം ഇവന്‍റെ മിടുക്ക് ,
ഇനി ഈ കൊടുങ്കാറ്റ്  ശമിയ്ക്കണമെങ്കില്‍ മട്ടുപ്പാവില്‍ നിന്ന് നീ ഇറങ്ങി വരിക..
കാറ്റും മഴയും കൊള്ളിയ്ക്കാതെ ഇവന്‍റെ തണലില്‍ നിന്നെ ഞാന്‍ പുലര്‍ത്തും..
അടുക്കള ചൂട് നീ തട്ടില്ല,
പുളിങ്കറിയ്ക്കുള്ള പുളി നീ തൊടില്ല,
ബക്കറ്റിലെ നനഞ്ഞ തുണികള്‍ നീ തോരാനിടില്ല,
എനിക്ക് കുളിയ്ക്കാന്‍ നീ വെള്ളം കോരില്ല..
നിന്‍റെ ഒരു കയ്യില്‍  വെള്ളിപാത്രം തരും ഞാന്‍,
മറു കൈ കൊണ്ട്  നീ ഇവനെ..നമ്മുടെ പുത്രനെ മാമൂട്ടി വളര്‍ത്തും..കൊഞ്ചിയ്ക്കും..ലാളിയ്ക്കും..
ഇതു മാത്രമെന്‍റെ വ്യവസ്ത്ഥ..
എന്‍റെ ഉള്ളം മിടിയ്ക്കുന്നു…തിടുക്കം കൂട്ടുന്നു..
ഇവന്‍റെ ചങ്ങലയിലൂടെ എനിയ്ക്ക് കേള്‍ക്കാന്‍  കഴിയുന്ന ഒരു സംഗീതമുണ്ട്..
നമ്മുടെ  ഹൃദയ സംഗീതം..
നമ്മുടെ പ്രണയ മിടിപ്പുകള്‍..
നിനക്ക് കേള്‍ക്കാന്‍ ആവുന്നുണ്ടോ ഞാന്‍ കേള്‍ക്കുന്നത്..?
ജിത്സും.. ജിത്സും..ജിത്സും…”


നിയ്ക്കും അടക്കി വെയ്ക്കാനായില്ല..

“മനുഷ്യരെ നാട്ടില്‍  നിന്ന് ഓടിച്ച ഈ ഗജവീരന്‍ ഇത്ര നിഷ്ഠൂരനോ..
നോക്കൂ…ഇവന്‍റെ കൃഷ്നമണികള്‍ ചലിയ്ക്കുന്നില്ല..
കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നില്ല..
ചേമ്പിന്‍ ചെവികള്‍ ആട്ടുന്നില്ല..
ഇരു വശങ്ങളിലേയ്ക്കും തല്‍ തിരിയ്ക്കുന്നില്ല..
നിനക്ക് കാണാന്‍ ആവുന്നുണ്ടോ ഞാന്‍ കാണുന്നത്.?.
ഇവന്‍ എന്നേയും ചവിട്ടി അരയ്ക്കുകയില്ല എന്ന് എന്തു ഉറപ്പാണ്‍ നിനക്ക് തരാനുള്ളത്..?
കള്ളത്തരത്തിന്‍ ഒരു വലിയ രൂപം കൊടുത്തിരിയ്ക്കുന്ന സാധനം…
കൂട്ടിന്‍ നീയും…ഹ്മ്മ്മ്….ഒരു ആനക്കാരന്‍ വന്നിരിയ്ക്കുന്നു..
പാപ മരണം  അതി സാധാരണം.
എന്നു വെച്ച് ഈ ഇളം പ്രായത്തില്‍ ഇവന്‍റെ കനത്ത കാലുകള്‍ക്കടിയില്‍ കിടന്ന് അമരാന്‍…
ഹൊ….ന്റ്റെ ഈശ്വരാ….
പ്രസവ മുറിയില്‍ എത്തി നോക്കരുത് എന്ന് അമ്മമ്മ പറയുന്നതും ഇതിനു തുല്ല്യ വേദനയെ ഉദ്ദേശിച്ചായിരിയ്ക്കില്ലേ..
ശബ്ദമുണ്ടാക്കാതെ ഈശ്വര നാമം ജപിച്ച് മരിച്ചാല്‍ ആത്മാവിന്‍ ശാന്തി കിട്ടും..
അറിയോ നിനക്ക് ഇത് വല്ലതും…ങെ..?”

അവന്‍ ശാന്തനായിരുന്നു, എന്നു വെച്ച് നിശ്ശബ്ദനായിരുന്നില്ല..

“തല തിരിഞ്ഞവളേ…തലയില്‍ ഓളമില്ലാത്തവളേ..
ഇന്നലെ പെയ്ത പേമാരിയില്‍ മുയല്‍ കരഞ്ഞത് നീയും കേട്ടുവോ..?
കാരണം അതിന്‍റെ തലയില്‍ ചക്ക വീണ്‍ തലയില്‍ കൊമ്പ് മുളച്ചു..
ആമയുടെ ദു:ഖം എന്താണെന്ന്  നീയും അറിഞ്ഞുവോ..?
കാരണം ആമയ്ക്ക് മുയല്‍ എത്തും മുന്നെ ഓടി ആസ്പത്രിയില്‍ എത്തണം..
അങ്ങേതിലെ കുട്ടികൊമ്പന്‍  മുറ്റത്ത്  ഉലാത്തുന്നതിന്‍റെ സങ്കടം നീയും കണ്ടുവോ..?
കാരണം അടിച്ചു തെളിക്കാരി ഉറുമ്പിന്‍ ഗര്‍ഭം..
ഉറുമ്പ് താടിയ്ക്ക്  കൈയ്യും കൊടുത്തിരിയ്ക്കുന്നതിനു കാരണം,
അവള്‍ക്ക് നടു നിവര്‍ത്തി പണി എടുക്കാന്‍ വയ്യ…
ഈ മഴക്കോള്‍ ദിനത്തിലും കൊടും ചൂട് സഹിയ്ക്കാനാവാത്തവനെ  പോലെ പരവശനായി ഞാന്‍ നില്‍ക്കുന്നതെന്തിന്‍ എന്ന് നിനക്ക് അറിയണോ..?
ഇവനിലൂടെ ഞാന്‍ കേള്‍ക്കുന്ന എന്‍റെ പ്രണയ സംഗീതം തന്നെ..
ജിത്സും.. ജിത്സും..ജിത്സും…
നിനക്കും കേള്‍ക്കാമോ…?
ഇല്ല.. നീ കേള്‍ക്കില്ല…നീ കാണില്ല..
നീ സതീ രത്നമല്ലേ…
അല്ലെങ്കിലും അറിയാം വിശ്വാസിയ്ക്കാന്‍ കൊള്ളാവുന്ന ജാതിയോ ഇനമോ അല്ല ഇവറ്റകളെന്ന്..
കരഞ്ഞ് കരഞ്ഞ് തലയണ നനച്ച് കുതിര്‍ക്കുന്ന വര്‍ഗ്ഗങ്ങള്‍..
നീ എന്തെല്ലാം കളികള്‍ എന്നെ വെച്ച് കളിച്ചു..
എത്ര തവണ എന്‍റെ പുറം നിനക്ക് ഇടിയ്ക്കാന്‍ ഞാന്‍ തന്നു ..
എന്‍റെ പുറം പള്ളിപ്പുറം ആയത് മിച്ചം..
നീ എന്തിന്‍ എന്നെ തള്ളി പറഞ്ഞ്  അമ്മയുടെ സാരിത്തലപ്പില്‍ തൂങ്ങി നിന്നെന്നെ കൊഞ്ഞനം കാണിച്ചു..?
മണ്ടൂസ്സ്…..
നിന്നെ കെട്ടുന്നവന്‍ ഒരു മതപുരോഹിതനായിരിയ്ക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നൂ..
അമ്പടാ…എന്നോടാ കളി..?“


നനഞ്ഞ മണ്ണില്‍ നാല്‍ കനത്ത കാലുകളും രണ്ട് പതറുന്ന കാലുകളും ഒരു ആനത്തോട്ടിയും അമര്‍ന്ന് പതിഞ്ഞ്  അകലുന്നു..
ആനമണി കിലുങ്ങുന്നു..
മനുഷ്യ വിയര്‍പ്പിന്‍റെ ഗന്ധം അകലുന്നു..
ആന മണം മാത്രം മൂക്കിന്‍ തുമ്പിന്മേല്‍ കെട്ടടങ്ങാതെ തട്ടി മുട്ടി നില്‍ക്കുന്നു..
അവന്‍റെ മൂക്കിന്‍  തുമ്പിന്മേലുള്ള കുരു..
അതാ…………അത് പൊട്ടുന്നു..
ഇപ്പോള്‍ കേട്ട നാദം അതാണൊ..?
അതൊ.. ജിത്സും.. ജിത്സും..ജിത്സും…?

*********************************************

“എത്ര വരെ പഠിച്ച് ജോലി തരായി..?
ഗ്രാമത്തില്‍ എത്ര പറ കൃഷി വില്യ്ക്കു വാങ്ങി..?
ഉപ്പും മുളകും വാങ്ങാന്‍ കയ്യില്‍ പൈസ തികഞ്ഞോ…?
പുലര്‍ച്ചെ വെള്ളച്ചോറ് വയറു നിറയെ കഴിച്ചോ…?“

പൊതു ജനങ്ങളുടെ മൌലീക അവകാശങ്ങള്‍ വീര്യം കെടുത്തിയില്ല..
റാന്തലിന്‍റെ ഇത്തിരി വെട്ടത്തില്‍ പുല്ലുപായ വിരിച്ച്  തണുത്ത തറയില്‍ മലര്‍ന്നു കിടക്കെ,
നെഞ്ചിലെ രോമങ്ങളിലൂടെ വിരലോടിച്ച്  ഗജന്‍റെ വരവ് ചെലവുകള്‍  കാണാപാഠം പഠിച്ചു..
മുറ്റത്തെ ആന മണം മൂക്കില്‍ തുളച്ചു കയറിയപ്പോള്‍ ആനകമ്പം ഉണര്‍ന്നു..അഭിമാനം നുര പൊന്തി..
ഒരു പണക്കാരന്‍റെ ഗര്‍വ്വോടെ ചുറ്റിനും നോക്കി..
വാടക മുറിയില്‍ വെളിച്ചം കൊണ്ട് അലങ്കാരങ്ങള്‍..
ബന്ധുക്കളുടെ ആരവങ്ങള്‍..
കുട്ടികളുടെ കളിച്ചിരികള്‍ ..
പാശ്ച്ചാത്തലത്തില്‍ .. ജിത്സും.. ജിത്സും..ജിത്സും…

ആനക്കരന്‍ എന്നത്തേയും പോലെ സുഖ നിദ്രയില്‍ അലിഞ്ഞു..!


നൊമ്പരങ്ങളില്‍ ഊളിയിട്ട്  ഒരു സുഖ നിദ്ര..
കൂട്ടിന്‍ ഏങ്ങി കരച്ചിലിന്‍റെ വിമ്മിട്ടം.
“ഞാന്‍ എന്ന  സുന്ദരി.. നീളന്‍ മൂക്കുകാരി കൂട്ടിനില്ലാതെ
കൊമ്പനേയും കൊണ്ട് നീ എവിടെ പോയി ഒളിച്ചു…?”

അവളുടെ നിദ്ര നൊമ്പരങ്ങളില്‍ ഭദ്രം...!


വർഷിണി വിനോദിനി

No comments:

Post a Comment