പുലര്‍ച്ചക്കോഴി കൂവും മുന്‍പേ കോളിംഗ്ബെല്ലിലെ കിളി ചിലച്ചു.നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. നീന നിദ്രാലസ്യത്തോടെ നിവര്‍ത്തിയില്ലാതെ പൂമുഖ വാതിലിനടുത്തെക്കു നടന്നു.
ജോണി!!......അവളുടെ പ്രിയ ജോണി.ഒരു നിമിഷംകൊണ്ട് ഉറക്കച്ചടവുകള്‍ ഉണര്‍വിലെയ്ക്ക് വഴിമാറി. അയാളങ്ങനെയാണ്. പലപ്പോഴും നിനച്ചിരിക്കാതെ എത്തി അവള്‍ക്ക് ആകസ്മിക സന്തോഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹ വാര്‍ഷികത്തിന്, ക്രിസ്മസ് രാത്രിയില്‍, കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ അങ്ങനെയങ്ങനെ......
എങ്കിലും പ്രത്യേകിച്ച് വിശേഷ ദിവസങ്ങളോന്നും അരികില്‍ ഇല്ലാത്തതിനാല്‍ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല. ആ മാറോട് പറ്റിനില്‍ക്കുമ്പോള്‍ അവളോര്‍ത്തു."കുട്ടികള്‍ക്കും ഒരു വലിയ സര്‍പ്രൈസ് ആകും. അവന്‍മ്മാര്‍ക്കുള്ള ചോക്ലെറ്റ്സ് ഇങ്ങേടുക്കട്ടെ" വാതില്‍ വലിച്ചടച്ച് അവള്‍ ബാഗ് ജോണിയുടെ കയ്യില്‍നിന്നും വാങ്ങി.
"ഈ ബാഗ് മാത്രമേയുള്ളൂ?" അവള്‍ക്കു സംശയം.
"അതെ. വാരി വലിച്ചോന്നും വാങ്ങാന്‍ സമയം കിട്ടിയില്ല. ബാഗുപോലും എയര്‍പോര്‍ട്ട് ഡ്യുട്ടി ഫ്രീയില്‍ നിന്നാണ്."
നീന ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.
ദുബായില്‍നിന്നും വെളുപ്പിനെ മൂന്നു മണിക്കുള്ള എമിരേറ്റ്സ് ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടുന്നൊരു ടാക്സിപിടിച്ച് വീട്ടിലെത്തുന്ന വരെയും ചിന്തകള്‍ എങ്ങോട്ടാണ് പായുന്നത് എന്നതിനുത്തരം ഇപ്പോഴും അയാള്‍ക്കറിവില്ല. എങ്കിലും ഒരു കാര്യത്തില്‍ സമാധാനം, തന്റേത് വിവേകമതിയായ ഭാര്യയാണ് എന്നതാണ്. അതുകൊണ്ടാണ് അനാവശ്യ ചോദ്യങ്ങളില്‍ ചിന്താമണ്ഡലം ചൂടുപിടിപ്പിച്ച് അത് പൊട്ടിത്തെറിക്കാന്‍ ഇടയാവാത്തത്. ഷവറില്‍നിന്നും തണുത്ത വെള്ളം തലയില്‍ അരിച്ചിറങ്ങുമ്പോള്‍ ജോണി ആശ്വസിച്ചു.
ബ്രേക്ഫാസ്ടു കഴിഞ്ഞു. കുട്ടികള്‍ സ്കൂളില്‍ പോയി. അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. അത് സാധാരണ പതിവില്ലാത്തതാണ്. വീട്ടിലെത്തിയാല്‍ പിന്നെ എത്ര വര്‍ത്തമാനങ്ങളും വിശേഷങ്ങളും കേട്ടാലും മതിവരാതെ തന്‍റെ പിന്നാലെ കൂടി അടുക്കളയിലും തൊടിയിലും കുട്ടിയെപ്പോലെ കൂടെ നടക്കുന്നയാളാണ്. ഈ സാഹചര്യത്തില്‍ തന്നെപ്പോലെ മറ്റു ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചിന്തിക്കാവുന്നത് ജോലി നഷ്ടപ്പെട്ട് ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിയ പാടെ മുന്നറിയിപ്പൊന്നും കൂടാതെ നാട്ടിലേയ്ക്ക് പോന്നതാവാം എന്നാണ്.... പക്ഷേ ജോണി ദുബായില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ ബിസ്സിനെസ് നടത്തുന്നു. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്" അവിടെയും നാട്ടിലും മോശമല്ലാത്ത പേരുള്ള കമ്പനി തന്നെയാണ്. വല്ല ഷിപ്മെന്റ് പ്രോബ്ലമോ, ഓര്‍ഡര്‍ റിജക്റ്റ് ആയതോ ആവട്ടെ, നന്നായൊന്ന് ഉറങ്ങിക്കഴിയുമ്പോള്‍ ഒക്കെ ശരിയാവും. നീനയും സമാധാനിച്ചു.
അവളുടെ ആത്മഗതം പോലെ ഉണര്‍ന്നപ്പോള്‍ ആള്‍ തെല്ലുഷാറായി. മുഖത്ത് പതിവ് പുഞ്ചിരി വിരിഞ്ഞു. എങ്കിലുമെന്തോ അലട്ടുന്നുണ്ട് എന്നുറപ്പ്...... റിമോട്ടില്‍ വിരലുകളും ടി.വിയില്‍ ന്യൂസ് ചാനലുകളും അക്ഷമരായി ഓടിക്കളിക്കുന്നു. വൈകുന്നേരവും കുട്ടികളുടെ മുന്പിലും ഇല്ലാത്ത സിഗരറ്റുവലി ലേശം കലശലായോ എന്നും സംശയം. സമാന സാഹചര്യങ്ങളില്‍ ഒരു ഭാര്യ എങ്ങനെ പെരുമാറണമെന്നതില്‍ അവള്‍ക്ക് നല്ല ബോദ്ധ്യമുണ്ട്. വല്ലാത്ത മാനസിക സമ്മര്‍ദം അനുഭവിക്കുമ്പോഴോ കോപാകുലനായി നില്‍ക്കുമ്പോഴോ പുരുഷപ്രജകളെ ഉപദേശങ്ങളാലും ചോദ്യശരങ്ങളാലും വലയ്ക്കരുത്. ഒക്കെയൊന്ന് തണുത്ത് താനേ തിരികെവന്നു മണി മണി പോലെ സകലതും ഭാര്യയോട് പറയും. അല്ലാതെ എവിടെപ്പോകാന്‍? അതിനല്പം ക്ഷമ കാണിക്കുകയാണ് ബുദ്ധി. ആ രാത്രി അങ്ങനെയങ്ങ് പോയി.
അതിരാവിലെ ഉണര്‍ന്നപ്പോള്‍ പത്രം അരിച്ചു പെറുക്കുന്ന ജോണിയെ ഉമ്മറക്കസേരയില്‍ കണ്ടു. പിന്നീട് തിടുക്കത്തില്‍ കുളിച്ചൊരുങ്ങി അത്യാവശ്യമായി ഒന്നുരണ്ടിടങ്ങളില്‍ പോകാനുണ്ടെന്നു പറഞ്ഞ് വണ്ടിയുമായി ഇറങ്ങി.
ഇടക്ക് പലതവണ മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും "തിരക്കിലാണ് അങ്ങോട്ടു വിളിക്കാം" എന്ന മറുപടി. അന്ന് വൈകുന്നേരം വീട്ടിലെത്താന്‍ കഴിയില്ലെന്നും തിരുവനന്തപുരത്തും കൊച്ചിയിലും അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും ഇന്ത്യന്‍ എംബസിയിലും പ്രവാസികാര്യ മന്ത്രിയുടെ ഓഫീസിലും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും മറ്റും കാണാന്‍ രാഷ്ട്രീയ ബന്ധങ്ങളുള്ള സുഹൃത്തുമായി തിരക്കിട്ട് ഓടി നടക്കുകയാണെന്നും വിളിച്ചറിയിച്ചു. പിറ്റേന്നു വൈകുന്നേരവും വീട്ടിലെത്താമെന്ന ഭാര്യയോടുള്ള വാക്കു പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലാംനാള്‍ പാതിരാത്രിയില്‍ എപ്പൊഴോ അയാളെത്തി.
നേരം ഒരുപാട് പുലര്‍ന്നിട്ടും തളര്‍ന്നുറങ്ങുന്ന അയാളെ ശല്യപ്പെടുത്താതെ ആറിയ കാപ്പിക്ക് കൂട്ടായി നീനയിരുന്നു. ഉണര്‍ന്നപ്പോള്‍ അതു പ്രസരിപ്പുള്ള അവളുടെ ജോണിയായിരുന്നു. അയാളുടെ മുഖത്തുണ്ടായിരുന്ന മ്ലാനത ഉറക്കത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയതിലെ സന്തോഷം അവളറിഞ്ഞു. അയാളവളുടെ കൈവിരലുകളില്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
"ചില കാര്യങ്ങള്‍ അത്യാവശ്യമായി ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. ഇനിയും പലതും ബാക്കിയുണ്ട്. വളരെ പ്രധാനപ്പെട്ടൊരു സാമ്പത്തിക ഇടപാട് വളരെക്കുറച്ചു സമയത്തിനുള്ളില്‍ പരിഹരിക്കാനുണ്ട്. നമ്മുടെ കൊച്ചിയിലെ സ്ഥലവും ഫ്ലാറ്റും വില്‍ക്കേണ്ടി വന്നു. ഈ വീടും, റബര്‍ തോട്ടവും പറഞ്ഞ തുകക്ക് ഇടപാടായിട്ടുണ്ട്, മറ്റൊരു വാടക വീട് ഞാന്‍ ശരിയാക്കിയിട്ടുണ്ട്. ഉടനെതന്നെ അങ്ങോട്ട് മാറണം. ബാക്കി കാര്യങ്ങളൊക്കെ സുഹൃത്തിനോടു പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. എനിക്ക്.........നാളെത്തന്നെ തിരികെപ്പോണം!"
സ്ഥബ്ധയായി അതു കേട്ടുനില്ക്കുമ്പോള്‍ ഒരായുസ്സ്കൊണ്ട് ഉണ്ടാക്കിയത് സകലതും വിറ്റു തുലയ്ക്കാനും മാത്രം എന്ത് നഷ്ടമാണുണ്ടായതെന്ന് ചോദിച്ചു പൊട്ടിത്തെറിക്കണം എന്നുണ്ടായിരുന്നു. പക്ഷേ താന്‍ ലോകത്തുള്ള മറ്റു ഭാര്യമാരെ പോലെയല്ല. ജോണിയെ നന്നായറിയാം. ആ കവിളിലെ കണ്ണുനീര്‍ തുടച്ചത് അയാള്‍ തന്നെയായിരുന്നു.
പോകുന്ന അന്നു രാവിലെ പതിവില്ലാതെ കുടുംബസമേതം ഇടവകപ്പള്ളിയില്‍ കുര്‍ബാന കണ്ടു. എയര്‍പോര്‍ട്ടിന്‍റെ ചില്ലുവാതില്‍ കടന്നു കണ്മുന്നില്‍നിന്നു മായുന്നതിനു മുന്‍പേ അയാള്‍ അവളോടു പറഞ്ഞു."അലമാര്യ്ക്കുള്ളില്‍ ഇന്നലെ ഞാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ ഒരു കുറിപ്പുണ്ട്. നോക്കാന്‍ മറക്കേണ്ട"
പാഞ്ഞു വീട്ടിലെത്തുന്ന വരെ അതിലെന്താണ് എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു അവള്‍ക്ക്. വെള്ളക്കടലാസില്‍ അപരിചിതമായ ഒരു അഡ്രെസ്സ് കുറിച്ചിട്ടിരുന്നു.
"ഷൌക്കത്ത് അലിപുതിയപറമ്പില്‍ വീട്നിയര്‍ അങ്ങാടിപ്പുറം ടെമ്പിള്‍ മലപ്പുറം." നീ സമയയം പോലെ ഇവിടെവരെ ഒന്നു പോകണം. അവന് ഉമ്മയും ഒരു കുഞ്ഞു പെങ്ങളും മാത്രമേയുള്ളൂ"
കൂടെ അടുത്ത നാളിലെ പത്രത്തില്‍നിന്നും കീറിയെടുത്ത ഒരു കഷ്ണം വാര്‍ത്താക്കുറിപ്പും ഒപ്പംകണ്ട്, ഒന്നിന്റെയും അര്‍ത്ഥമറിയാതെ അവ കൂട്ടിവായിക്കാന്‍ അവള്‍ തത്രപ്പെടുമ്പോള്‍, എയര്‍പോര്‍ട്ടില്‍ അവസാന ഗേറ്റിന്‍റെമുന്‍പിലെ സന്ദര്‍ശക കസേരയിലിരുന്ന് അയാളുടെ ചിന്തകള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലേയ്ക്ക് മടങ്ങി.
താനന്നു മദ്യപിച്ചിരുന്നില്ല. അലൈനിലുള്ള സുഹൃത്തിന്റെ മകളുടെ ബര്‍ത്ത്ഡേ പാര്‍ടി കഴിഞ്ഞ് പോരുന്ന വഴി തന്‍റെ കൂടെക്കൂടിയ ചങ്ങാതിമാരെയൊക്കെ അവരവരുടെ വസതികളിലില്‍ ഇറക്കിവിട്ട്, നേരം ഒരുപാട് ഇരുട്ടിയതിനാല്‍ തിടുക്കത്തില്‍ ഈന്തപ്പനകളുടെ ഇടയിലൂടെയുള്ള ചിരപരിചിതമല്ലാത്ത ഒരു ക്രോസ്കട്ട് റോഡ് വഴി പ്രധാന ഹൈവേ ലക്ഷ്യമാക്കി പായുന്നതിനിടെ അപ്രതീക്ഷിതമായി ഓവര്‍ സ്പീഡ് ക്യാമറയുടെ കൊള്ളിയാന്‍ പോലത്തെ ഫ്ലാഷ് മിന്നി. ആ ഞെട്ടലില്‍ നിന്ന് മുക്തിയാവുന്നതിനു മുന്‍പേ മിന്നായംപോലെ എന്തോ ഒന്ന് വണ്ടിയില്‍ തട്ടിത്തെറിച്ചു. പെട്ടെന്ന് ഇറങ്ങിനോക്കി. ആ കാഴ്ച കണ്ട് തലകറങ്ങി. പാത വിജനമാണ്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നൊന്നും നോക്കിയില്ല. ശര വേഗത്തില്‍ പാഞ്ഞ വണ്ടി നിര്‍ത്തിയത് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങിലാണ്.
തിടുക്കത്തിനിടെ മറന്നിട്ട പാസ്പോര്‍ട് തിരികെവന്ന് അലക്ഷ്യമായ ഡാഷ്ബോര്‍ഡിനുള്ളില്‍ നിന്ന് ചികഞ്ഞെടുത്ത്, അച്ഛന്‍ മരിച്ചതിനാല്‍ അത്യാവശ്യമായി നാട്ടില്പോകാന്‍ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് വേണം എന്നാവശ്യപ്പെട്ട് അപ്പോള്‍ തന്നെ അവിടം വിടുമ്പോള്‍ മനസിന്‍റെ വേവലാതികളില്‍ നിന്നും ഒട്ടും രക്ഷപെട്ടിരുന്നില്ല. വീട്ടിലെത്തിയിട്ടും ഉള്ളം സ്വസ്ഥമാകുമോ? പത്രത്തില്‍ ആ വാര്‍ത്ത കണ്ടതും ഉള്ളിന്റെയുള്ളിലെ കുറ്റബോധം കൂടുതല്‍ ശക്തിയായി. എല്ലാറ്റില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ അത്രമാത്രം കഠിന ഹൃദയമുള്ള ഒരാളല്ലല്ലോ!
ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. അത് നീനയാണ്!ആന്‍സര്‍ ബട്ടന്‍ അമര്‍ത്തിയിട്ടും ഒരു തേങ്ങല്‍ മാത്രമേ അവളില്‍നിന്നും കേള്‍ക്കാനുള്ളൂ, ജോണിയാണ് സംസാരിച്ചത്.
"അലൈനിലെ ഈന്തപ്പനതോട്ടത്തില്‍ ജോലിക്കാരനായ ഷൌക്കത്ത് മരണപ്പെട്ടത് എന്‍റെ കാറിടിച്ചാണ്. ഒരു കൈയ്യബദ്ധം! ആര്‍ക്കും പറ്റാവുന്നത്. വിധി അവിടെ എന്‍റെ രൂപത്തിലായിരുന്നു. അതിനു വ്യക്തമായ തെളിവുകളുണ്ട്. ആ സമയത്ത് ക്യാമറയില്‍ പതിഞ്ഞ എന്‍റെ മുഖം, കാര്‍ എയര്‍പോര്ട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരപ്പാടുകളോടെ കണ്ടെടുക്കാം, എന്‍റെ ടിക്കറ്റ്, യാത്ര....... എല്ലാമെല്ലാം ഒരു കൊലപാതകത്തിലുള്ള എന്‍റെ പങ്കിനെ മറക്കാനാവാത്ത രേഖകളാണ്.
അവിടുന്ന് രക്ഷപെട്ടോടിവന്നിട്ടും എന്‍റെ മനസാക്ഷിയുടെ മുന്നില്‍നിന്നും മറഞ്ഞിരിക്കാന്‍ തക്കവണ്ണം ഞാന്‍ അത്ര ക്രൂരനാണോ? ഒത്തിരിയാലോചിച്ചു. ജീവന്റെ വിലയായ ബ്ലഡ് മണി* സകലതും വിറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇതുവരെ. ഷൌക്കത്തിന്‍റെ വീട്ടില്‍ പോയി, അവര്‍ക്കെന്നെ മനസിലാക്കാന്‍ പറ്റി. സര്‍ക്കാന്‍ സംബന്ധമായ എല്ലാ സഹായങ്ങളും ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്. ദുബായില്‍ സുഹൃത്തുക്കളും സ്പോന്സരും എന്‍റെ സഹായത്തിനുണ്ട്. എങ്കിലും വിമാനമിറങ്ങുമ്പോള്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം........
എന്തു തന്നെയായാലും ആ വിധി ഞാന്‍ മനസാ സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയൊക്കെ ദൈവത്തിലര്‍പ്പിക്കുന്നു. എങ്കിലല്ലേ നാളെ ഞാന്‍ മടങ്ങി വന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് നന്മകള്‍ പറഞ്ഞു കൊടുക്കാന്‍, നല്ലോരപ്പനായിരിക്കുവാന്‍, ഉള്ളു തുറന്ന് നിന്നെ സ്നേഹിക്കുന്ന ജോണിയായി എന്നും ജീവിക്കുവാന്‍ എനിക്ക് പറ്റുകയുള്ളൂ......."
പാസ്സെഞ്ചേര്‍സ് യുവര്‍ അറ്റെന്ഷന്‍ പ്ലീസ്...............
വിമാനത്തിലെയ്ക്ക് കയറാനുള്ള അവസാന അറിയിപ്പ് മുഴങ്ങി.
***** The End*****
ബ്ലഡ് മണി:- ഗള്‍ഫ് രാജ്യങ്ങളിലെ ഷരിയാ നിയമപ്രകാരം വണ്ടിയിടിച്ചു മരിക്കുന്നയാളുടെ കുടുംബത്തിന് വാഹനം ഓടിച്ചയാള്‍ കോടതിവിധിയനുസരിച്ച് നല്‍കേണ്ടിവരുന്ന തുകയാണ് ബ്ലഡ് മണി അഥവാ ജീവന്‍റെ വില. ഇത് ചിലപ്പോള്‍ ലക്ഷങ്ങളോ കൊടികളോ ആയതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തും. ആ സാഹചര്യത്തില്‍ ഇത്രയും വലിയതുക ആരും കൊടുക്കനില്ലാത്തതിനാല്‍ ഡ്രൈവര്‍ ആജീവനാന്തം ജയിലില്‍ കിടക്കേണ്ടിവരും.
Joselet Mamprayil Joseph
Joselet Mamprayil Joseph
No comments:
Post a Comment