നല്ല തണുപ്പുള്ള ഇരുട്ടുമുറി ,രണ്ടു വശങ്ങളിലും ;ഊര് മൂപ്പന്‍ പുതക്കാറുള്ള ചവുക്കാളം പോലെയുള്ള തുണി തൂക്കിയിട്ടിരിക്കുന്നു .കാടിന്‍റെ നടുവില്‍ എത്തിയത് പോലെ കുളിര്‍ന്ന്,ഒറ്റയ്ക്ക് ,മരങ്ങള്‍ ഇല്ലെങ്കിലും ചില്ലകള്‍ ഉലയുന്നത് പോലെ തോന്നിയത് കൊണ്ട് കെമ്പിയും കുമരനും വളരെ സൂക്ഷിച്ചു സൂക്ഷിച്ചു ഓരോ അടിയും വെച്ചു.മുകളില്‍ നിന്നോ വശങ്ങളില്‍ നിന്നോ ഒരു നരിയോ പുലിയോ ചാടി വീണേക്കും . " പ്പെല്‍ത്തോരോ കാര്യങ്കള് " ,, കെമ്പിയുടെ മാറത്തു കെട്ടിയിരുന്ന തുണിത്തൊട്ടിലില്‍ തല മാത്രം പുറത്തിട്ടു മരുതന്‍ നിറുത്താതെ കിണുങ്ങി ..കെമ്പി അത് ശ്രദ്ധിച്ചതേയില്ല. ആദ്യമൊന്നു കണ്ണ് മഞ്ചിയെങ്കിലും കെമ്പിക്കും കുമരനും ഈ പെട്ടിക്കുള്ളില്‍ കാട് വളര്‍ന്നത് അതിശയമായി .ദെല്ലീന്നു കമ്പ്ലക്കാട്ട് എത്ത്യേത് എത്തര ബേഗം ?ത്പ്പോ കുടീന്റ തിണ്ണമ്മലിരിക്ക്ന്ന കുള്‍റും മണും"...
"ഇവിടെയിരുന്നോ ;ഇപ്പം ട്രെയിന്‍ വിടും "കറുത്ത കണ്ണട വെച്ച സിമ്പ്ലന്‍ ആയ സാറ് പറഞ്ഞു .അവിടെ തൂക്കിയിട്ടിരുന്ന തുണിയും കോപ്പുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും നീക്കിയിട്ടപ്പോ ഇച്ചിരി വെട്ടം വന്നു .മരുതനെ നെഞ്ചത്തെ സഞ്ചിയില്‍ നിന്നിറക്കി കെമ്പി സീറ്റിന്‍റെ അരികില്‍ അള്ളിപ്പിടിച്ചിരുന്നു ,.
"ങ്ങട്ട് തള്ളിയിര്‍ക്കപ്പ "
കുമരന്‍ ബേഗ് സീറ്റിന്‍റെ അടിയില്‍ തള്ളിക്കയറ്റി .കോലരക്കും തേനും കൊടുക്കുന്ന തോമസിന്‍റെ കടയില്‍ നിന്ന് കെമ്പി ദെല്ലിക്ക് പോണ കാര്യം പറഞ്ഞപ്പ അയാള് തന്ന ബേഗ് ആണ് . " പ്പെട്ടീല്‍ ബേറെ ആരുംല്ലേ ?"
"ആ .." കുമരന്‍ മൂളി .അവന്‍ആകെ വശം കെട്ടു എന്ന് കെമ്പിക്ക് തോന്നി .വിയര്‍പ്പും ചെളിയും അടിഞ്ഞ ചുരുചുരുണ്ട മുടി കുമരന്‍ പറപറാ മാന്തി .അവന്‍റെ ഒച്ച അടഞ്ഞിരുന്നു ,ഘോഷ യാത്രക്ക് കാറിക്കൂവിയിട്ടാണ്.കാവിലെ വെള്ളാട്ടിന് അവന്‍റെ കുരല് കേട്ടാല്‍ ആനകള്‍ .കടുവകള്‍ ഒക്കെ നടുങ്ങും .ഇപ്പം പൂച്ച കരയുന്നത് പോലത്തെ ഒച്ച ..
മരുതന്‍ പിന്നേം കിണ്‌ങ്ങുന്നു.നല്ലയടി വെച്ച് കൊട്ക്കണം .മൂന്നു വയസ്സാകും ഈ മഴക്കാലത്ത് ,,കഴിഞ്ഞതിന്‍റെ മുന്പത്തെതിന്റെ മുന്‍പത്തെ ഉരുള്‍പൊട്ടലിനു കെമ്പി പെറ്റതാ അവനെ .
"കുഞ്ചക്കാനും ചോമനും ഒക്കെ എബടെ ?"
"ആ ;ബേറെ ബണ്ടി കിട്ടിക്കാണും "ചോമന്‍ പിറുപിറുത്തു .
ചക്രം പിടിപ്പിച്ച ഒരു വലിയ ബേഗ് വലിച്ചു നിരക്കിയും അത് പോലത്തെ വലുതൊരെണ്ണം തോളത്തു തൂക്കിയും വെളുത്തു ചൊമന്ന ഒരു പെണ്ണും അതിനെ പോലത്തെ തന്നെ ഒരു ചെറിയ കൊച്ചും കേറി വന്നു .മദാമ്മേ ന പോലോണ്ട് ആ കൊച്ച്.ഇത് പോലത്തെ ഒരു കൊച്ചുമായിട്ടു വന്ന ഒരു മദാമ്മ ഇന്നാള്‍ കുമരന്റെയും കെമ്പിയുടെയും ഒക്കെ പടം എടുത്തോണ്ട് പോയിരുന്നു .ഒരെണ്ണം അന്നേരം തന്നെ എടുത്തു തന്നത് കെമ്പി ചുമരില്‍ ചോറ് തേച്ചു ഒട്ടിച്ചു വെച്ചിട്ടുണ്ട് .ആ മദാമ്മയെ പോലെ തന്നെ ഒരു എത്താത്ത കുട്ടി പാന്‍റ്ആണ് ഈ പെണ്ണും ഇട്ടിരിക്കുന്നത് ..!
"ഏയ് ,കം ,കം കം ,കമ്മിയര്‍ യാര്‍ .വാട്ട് ര്‍ യു ഡൂന്‍ഗ് ദേര്‍ ?"എളിയില്‍ കൈ വെച്ച്; ബേഗ് നിലത്തു വെച്ചും നെറ്റിയിലെ വിയര്‍പ്പു തുടച്ചും ചൊമന്ന പെണ്ണ് കൊച്ചിനെ വഴക്ക് പറഞ്ഞു .അവര്‍ വഴക്ക് പറയുന്നത് കേള്‍ക്കാനും രസമൊണ്ട് .കുമരന്‍ കള്ളു കുടിച്ചു വരുമ്പോള്‍ ഇങ്ങനെയാണ് തെറി പറഞ്ഞിരുന്നതെങ്കില്‍ ;ഇവരുക്കൈനു ന്ഗലീശു അറിയണ്ടേ "?ഹഹ്ഹ ... ആ മദാമ്മകൊച്ചു കമ്പിയേണിയില്‍ തൂങ്ങിക്കിടന്നാടി .മരുതന്‍ കൊര്‍ച്ചും കൂടെ ബെല്താഗട്ടെ,ആന്നപ്പോം ഈനെക്കാളും നല്ലോണം ഓനാടും; ബെല്യ മരത്തിന്റെ കൊമ്ബത്തൂന്ന്നു കൊമ്പത്തെക്ക് "...
" വീഴും ശ്രേയാ ,കമ്മിയര്‍ "ഓ ,നമ്മ ഊരുക്കാരിയാണ്.എങ്കെന്നു ?ആ ..!
കെട്ടും കിടക്കയും ഒക്കെ സീറ്റിനടിയില്‍ കുത്തിക്കയറ്റി ആ പെണ്ണ്" ഓഹ്ഫ്ഫ് "എന്ന് വീര്‍പ്പെടുത്തു കൈകള്‍ കുടഞ്ഞു .എന്തോരം കെട്ടും കിടക്കയുമാണ് ഇവര്‍ക്ക് ?ഒറ്റക്ക് പൊക്കിക്കൊണ്ട് വന്നില്ലേ ?സമ്മതിക്കണം ഇവരെ ..;.എവാളുടെ ആമ്ബ്രന്നോന്‍ എങ്കെ ?ആ ... ?;"
ചൂടെടുക്കുന്നത് മാതിരി ഒരു കോലം കാണിച്ചു അവര് മുകളിലേക്ക് നോക്കി പങ്ക കറക്കി . അവരുടെ മുടീടെ ഒരു വശം നല്ല ചോപ്പ് നിറം .പക്ഷെ കഴുത്തിലും കയ്യിലും ഒന്നുമില്ല .കെമ്പിയുടെ വളകളും മാലകളും അനങ്ങു മ്പോളെല്ലാം കില് കിലെ കലമ്പി .
"എസി ടു ടയര്‍ നാ ?' കുമരനോട് ആണ് ചോദിച്ചതെങ്കിലും അവന്‍ കേള്‍ക്കാത്ത മാതിരി ഇരുന്നെയുള്ളൂ .കെമ്പി മുറുക്കാന്‍ കറ പിടിച്ചു കേടു വന്ന പല്ലുകള്‍ കാട്ടി ചിരിച്ചു .അബദ്ധം പറ്റി എന്ന് തോന്നിയിട്ടാവാം അവര്‍ സീറ്റില്‍ പോയിരുന്നു .
"എന്ഗാട്ടു പോണു ? "കെമ്പി അവരോടു ചോദിച്ചു .
"ആലുവ "ശീട്ട് തിര്ച്ചും മറിച്ചും നോക്കി അവര്‍ക്ക് അവള്‍ ചോദിച്ചതെന്താ എന്ന് മനസ്സിലാകാത്തത് കൊണ്ട് ആയിരിക്കും കുറച്ചു നേരത്തിനു ശേഷം മുഖമെടുക്കാതെ പറഞ്ഞു .
"എങ്കള്,കൊയിക്കൊട്ടു;അബുടുന്നു കമ്പ്ലക്കാട്ട്;ബയനാട് "കുമരന്‍ പുറത്തോട്ടു നോക്കിയിരിക്കുകയായിരുന്നു .
ആ പെണ്ണ് ഒരു കുഞ്ഞു ബേഗ് എടുത്തു മടിയില്‍ വെച്ച് ഒരു പൊസ്തകം എടുത്തു വായിച്ചു തുടങ്ങി .കെമ്പി സ്കൂളില്‍ പോയപ്പോള്‍ പോലും പൊസ്തകം വായിച്ചിട്ടില്ല .എല്ലാ വര്‍ഷവും സ്കൂളീന്ന് പൊസ്തകം തരും .കൊണ്ട് ചെന്ന് എവിടെയെങ്കിലും ഇടും .ആ പൊസ്തകം എന്തിനാ തരുന്നെന്നു കെമ്പിക്ക് ഇത് വരെ മനസ്സിലായിട്ടില്ല .പരീക്ഷക്ക് പഠിക്കാന്‍ വേണ്ടിയാണെന്ന് സാറ് പറയും.ഇവര്‍ക്കും പരീക്ഷ കാണുവായിരിക്കും..
"പേരെന്താ ?"
"ഈവ ".അതെന്തു പേര് ?കെമ്പിക്ക് ചിരി വന്നു .അപ്പോഴും വളകള്‍ ,മാലകള്‍ ഒക്കെ കിലുങ്ങി ,.ആ മദാമ്മക്കൊച്ചു അപ്പോഴാണ് അവരെ ശ്രദ്ധിച്ചത് .അമ്പരന്ന മിഴികളോടെ ആ കൊച്ച് കെമ്പിയുടെ ആടയാഭരണങ്ങളിലേക്ക് നോക്കി .
"ദെ മമ്മീ ,കാനിബാള്‍സ് "
അവരെ ചൂണ്ടി ആ മദാമ്മക്കൊച്ചു പേടിയോടെ പറഞ്ഞു .കളി നിറുത്തി അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു .ഒന്നും പറയാതെ ഈവ കുട്ടിയുടെ തുടയില്‍ ചെറിയ ഒരടി വെച്ച് കൊടുത്തു.കുട്ടി പറഞ്ഞത് മനസ്സിലായില്ലെങ്കിലും കെമ്പി കുട്ടിയെ നോക്കിയും ചിരിച്ചു ,കുട്ടി കുറച്ചു കൂടെ അമ്മയോട് ചേര്‍ന്നിരുന്നു .
"ഇവര് നമ്മളെ തിന്നുവോ മമ്മീ ?"കുട്ടി ഒച്ച കുറച്ചു ചോദിച്ചു ..
"ഷട്ടപ്പ് ശ്രേയാ " ഒരു ബുക്കും കുറെ കളര്‍ പെന്‍സിലും ഈവ ശ്രേയക്ക് എടുത്തു കൊടുത്തു .ആ കൊച്ച് അത് തുറന്നു വെച്ച് കുത്തി വരക്കാന്‍ തുടങ്ങി .
കുമരന്‍ ഇരുപ്പു ശരിയാകാതെ എഴുന്നേറ്റു സീറ്റിന്‍റെ മുകളില്‍ കുന്തിച്ചിരുന്നു .കമ്പള ക്കാട്ടെ കുടീന്റ തിണ്ണമ്മല്‍ ഇരിക്കണ മാതിരി .മരുതന്‍ പിന്നേം കിണുങ്ങിത്തുടങ്ങി,അവന്‍റെ മൂക്കില്‍ നിന്നും മൂക്കട്ട ഒലിച്ചിറങ്ങി .ചായ ,ചായ എന്ന് വിളിച്ചു കൊണ്ട് ഒരാള്‍ നടന്നു പോയി .കെമ്പി കുമരനെ തോണ്ടി .
"ഒരു തെത്തണ്ണി ബാങ്കിക്കുടുന്കെ "
കുമരന്‍ കേട്ടില്ലെന്നു തോന്നി .കെമ്പിക്ക് വിശപ്പും ദാഹവും നല്ലോണം ഉണ്ടായിരുന്നു .കൊറേ ദിവസായി എന്തേലും വായില്‍ പിടിക്കുന്നത് കഴിച്ചിട്ടും .ദെല്ലീല്‍ ചെന്ന ദിവസം മൊതല്‍ തിന്നാന്‍ പറ്റാത്ത എരൂം പുളീം ഇല്ലാത്ത തീറ്റ തന്നെ.നല്ല കപ്പക്കിഴങ്ങ് ചുട്ടതും കാട്ടുകോഴി മുളകിട്ട് വേവിച്ചതും തിന്നു ശീലിച്ച നാക്കല്ലേ ? ,കെമ്പിക്ക് അത് കൊണ്ട് വയറു കേടായി .കുമരനും ബെജാറിലാണ്.ഒരൊറ്റ ഷാപ്പ് കണ്ടില്ല ഇബടെ ബന്നിട്ടു എന്ന് ഒറ്റക്കിരുന്നു പറയുന്നത് കേട്ടാരുന്നു .
കുമരന്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും ഒരു പ്ലാസ്ടിക് കൂടെടുത്ത് അതില്‍ നിന്നും പോകല കയ്യിലിട്ടു തിരുമ്മി.കെമ്പിക്കും വാ കഴക്കുന്നുണ്ടായിരുന്നു .കുടീലാരുന്നെങ്കില്‍ അവളും കുറച്ചു വാങ്ങി അണയില്‍ വെച്ചേനെ.
"യെപ്പ ഊരെത്തും നമ്മ .?"
"ആ "കുമരന്‍ കൈ മലര്‍ത്തി .പിന്നെ ഊറി വന്ന തുപ്പല് നീട്ടിത്തുപ്പി .ചില്ലിലൂടെ അത് ഒലിച്ചിറങ്ങി .മദാമ്മക്കൊച്ചു "ശ്ശീ"എന്നോരൊച്ചയുണ്ടാക്കി.എന്തോ മണ്ടത്തരം പറ്റി എന്ന് കെമ്പിക്ക് മനസ്സിലായി .അവള്‍ തിടുക്കത്തില്‍ പുകലച്ചാറു ചേല കൊണ്ട് ഒപ്പിയെടുത്തു .ശ്രേയയും ഈവയും "ശീ ശ്ശീ "എന്ന് മുഖം കൊണ്ട് പറയുന്നത് കണ്ടെങ്കിലും കെമ്പി ചേലയോതുക്കി പുറത്തേക്ക് നോക്കിയിരുന്നു .
ശ്രേയ കുനിഞ്ഞു കിടന്നു ചിത്ര പുസ്തകത്തില്‍ കുത്തി വരച്ചു .ഈവ (എന്തൊരു പേര് ?)മടിശീല പോലത്തെ ഒരു ബേഗ് തുറന്നു ഒരു കൂട് ബിസ്കറ്റ് എടുത്തു രണ്ടു വിരല്‍ കൊണ്ട് അതില്‍ നിന്ന് രണ്ടു ബിസ്കറ്റ് എടുത്തു ശ്രേയക്ക് നേരെ നീട്ടി .
"ഗിവ് ഹിം".ബിസ്കറ്റ് മരുതനു കൊടുത്തു തിരിച്ചോടിയ അവളെ ഒന്ന് തൊടാന്‍ കെമ്പി കൈ നീട്ടിയെങ്കിലും പറ്റിയില്ല .
ഷീട്ട് നോക്കുന്ന സാര്‍ കേറി വന്നു .കുമരന്റെ ഉടുപ്പിന്റെ കീശയില്‍ ചുരുട്ടി മടക്കി ഇട്ടിരുന്ന ശീട്ട് അയാള്‍ തിരിച്ചും മറിച്ചും നോക്കി .പിന്നെ കുമാരനെയും കെമ്പിയെയും.
"കിധര്‍ ജാനാ ഹൈ?"
"ആ "കുമരന്‍ വിനയത്തോടെ തല ചൊറിഞ്ഞു.
"കിധര്‍ ജാനാ ഹൈ ഭായ് "കുറെക്കൂടെ ഒച്ചത്തില്‍ അയാള്‍ ചോദിച്ചു .
ഓ"കുമരന്‍ പിന്നെയും മൂളി "വെയര്‍ ഗോയിംഗ് ?"ഇക്കുറി കുമരന്‍ മൂളിയില്ല .വെറുതെ വായ പൊത്തി നില്‍ക്കുക മാത്രം ചെയ്തു .എന്തോ പ്രശ്നമുണ്ടെന്നു കെമ്പിക്ക് തോന്നി .കെമ്പി ദയനീയമായി ഈവയെ നോക്കി .
ഭാഗ്യം ,അവര്‍ സീറ്റിന്‍റെ അറ്റത്തേക്ക് നീങ്ങിയിരുന്നു ."ക്യാ ഹുവാ സാര്‍? "
"നോ മാഡം.യെ പ്ലട്ഫോം ടിക്കെറ്റ് ഹൈ " കുമരന്‍ ശീട്ട് നോക്കണ സാറിനെ നോക്കും .,പിന്നെ മാഡത്തെ നോക്കും .
"ഇത് നിങ്ങള്‍ എവിടുന്നെടുത്ത ടികെറ്റ് ആണ് ?"മാഡം ചോദിച്ചു ..
"എങ്കള് ദില്ലീല് ഗോഷ്യാത്ര കൂടാന്‍ വന്നത് ;അതിനുടെ ഒരു സാര്‍ ചീട്ടു തന്തേന്‍ "
"അന്ത സാര്‍ ഏമാന്‍ താ ഇങ്ക ഇരുത്തീത് " കെമ്പി കൂട്ടിച്ചേര്‍ത്തു .
"അയാള്‍ നിങ്ങളെ പറ്റിച്ചു ;ഈ ടികെട്ടില്‍ യാത്ര ചെയ്യാന്‍ പറ്റില്ല ,ഇതും കൊണ്ട് ട്രെയിനില്‍ കേറാന്‍ പോലും പാടില്ല "
കെമ്പി കുമരനെ തോണ്ടി .തല തിരിച്ചു നോക്കിയിട്ട് കുമരന്‍ മിണ്ടാതെ കയ്യും കെട്ടി നിന്നു.ചീട്ടു നോക്കുന്ന സാര്‍ ഒരു ബുക്കും പേപ്പറും എടുത്തു മടിയില്‍ വെച്ച് എന്തെല്ലാമോ എഴുതി .കുറെക്കഴിഞ്ഞു പറഞ്ഞു "ടു തൌസന്ദ് വണ്‍ സിക്സ്ടി ഫൈവ് ".എന്ന് വെച്ചാല്‍ എന്താന്നു കെമ്പിക്ക് മനസ്സിലായില്ല .കുമരന്‍ വിനയത്തോടെ ഇടയ്ക്കിടെ തല ചൊറിയുക മാത്രം ചെയ്തു .
"മേ ആവൂംഗാ .പൈസ ലേകെ രഖോ "എന്ന് പറഞ്ഞു അയാള്‍ എഴുന്നേറ്റു പോയി .ഇനി കുഴപ്പമില്ല എന്ന് തോന്നുന്നു .കുമരനും സമാധാനത്തോടെ സീറ്റിലെക്കിരുന്നു.
"നിങ്ങളെ ആരോ പറ്റിച്ചതാ ,ഇനിയിപ്പോള്‍ രണ്ടായിരത്തി ഒരു നൂറ്ററുപതു അടക്കണം എന്നാ പറഞ്ഞത് ,ഫൈന്‍ ആയിട്ട് "
"ഓ ഓ "കുമരന്‍ തലയാട്ടി .അവന്‍റെ കയ്യില്‍ അധികം പൈസയില്ല എന്ന് കെമ്പിക്ക് അറിയാമായിരുന്നു .വല്ല പത്തോ നൂറോ കാണുമായിരിക്കും .
"ഇന്യിപ്പോ എന്ന ശെയ്യും ?"കുമരനും അതറിയുമായിരുന്നില്ല .
പറയാനുള്ളത് പറഞ്ഞു എന്നാ മട്ടില്‍ മാഡം വീണ്ടും പുസ്തകം വായിക്കാന്‍ തുടങ്ങി .ശ്രേയ അടുത്ത പടം വരയ്ക്കാന്‍ പേജ് മറിച്ചു.മരുതന്‍ മൂക്കില്‍ വിരലിട്ടിളക്കി.തീവണ്ടി ഓടുക തന്നെയാണ് .ഇനി ആ സാറ് വരത്തില്ലായിരിക്കും ,കെമ്പി വിചാരിച്ചു .പക്ഷെ ,..
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പിന്നേം കറങ്ങി തിരിഞ്ഞു വന്നു .
"ക്യാ കരേംഗേ "കുമരന്‍ അയാളെ നോക്കുക മാത്രം ചെയ്തു ."സാറെ എങ്കള് ദില്ലീല് ഗോഷ്യാത്ര കൂടാന്‍ വന്തേന്‍ . അതിനുടെ ഒരു സാറു ഇന്ത ചീട്ടു തന്തേന്‍ ,ഇങ്കെ ഉക്കാര വെച്ചിട്ടെന്‍ , "കുമരന്‍ കരയുന്ന മാതിരിയാണ് പറഞ്ഞത് .
"സജ ബരോ ,നഹി തോ ഉത്തടോ "കുമാരന് ഒന്നും മനസ്സിലായില്ല എന്ന് കണ്ടു അയാള്‍ മാഡത്തോടായി പറഞ്ഞു "തോടാ സംചാവോ മാഡം "
"പൈസ കൊടുക്കാനില്ലെങ്കില്‍ ഇറങ്ങിക്കോളാന്‍ ആണ് അയാള്‍ പറയുന്നത് "പിന്നെ രഹസ്യം പറയുന്നത് മാതിരി കേമ്പിയോടായി അവര്‍ പറഞ്ഞു "മുഴുവനില്ലെങ്കില്‍ പത്തോ ആയിരമോ കൊടുക്കെന്നെ ,അയാള്‍ ഇവിടെത്തന്നെ ഇരിക്കാന്‍ സമ്മതിക്കും "
"ആയിരം !!"കെമ്പിക്ക് ചിരി വന്നു .അത്രേം പൈസ ഒരുമിച്ചു ഇത് വരെ കണ്ടിട്ടില്ല .പിന്നെ ഇപ്പം എബ്ടന്നു ബരാന്‍ ? പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല .മാഡ ത്തിനും ദേഷ്യം വന്നു എന്ന് തോന്നുന്നു ."പൈസ കൊടുക്കാനില്ലെങ്കി ഇറങ്ങിക്കോ" ,കുമരന്‍ കുനിഞ്ഞിരിക്കുകയാണ് .ഒന്നും പറയുന്നില്ല .
"അടുത്ത സ്റ്റേഷനില്‍ വണ്ടി നിറുത്തുമ്പോള്‍ ഇറങ്ങിക്കോ "മാഡം പറഞ്ഞു ;"ഇല്ലെങ്കില്‍ പോലീസുംകൂട്ടവും ഒക്കെ വരും "
അധികം ആളില്ലാത്ത ഒരു സ്റ്റേഷനില്‍ വണ്ടി നിന്നു .നേരം ഇരുട്ടി തുടങ്ങിയിരുന്നു .അവര്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഇടനാഴിയില്‍ കൂടെ പെട്ടി തൂക്കിപ്പിടിച്ച് നേരത്തെ അവരെ ട്രെയിനില്‍ കൊണ്ട് വന്നിരുത്തിയ സാറും ഒരു പെണ്ണും കൊച്ചും കൂടെ നടന്നു വന്നു .കെമ്പിക്ക് സമാധാനമായി ."രക്ഷപ്പെട്ടു .ഇനിഈ സാര്‍ ശോല്‍വാരെ "
"ദെ സാര്‍ "കുമരന്‍ അയാളുടെ പിറകെ ചെന്ന് വിളിച്ചു ,പക്ഷെ അത് കേള്‍ക്കാത്ത പോലെ ആ സാര്‍ പെട്ടിയുടെ അകത്തേക്ക് കയറി പ്പോയി .നിസ്സഹായതയോടെ കുമരന്‍ കെമ്പിയെ നോക്കി ."കൊച്ചിന് മരുതന്റെ പ്രായം ."കെമ്പി മനസ്സിലോര്‍ത്തു ..
കെമ്പിയെയും മരുതനെയും ഇറങ്ങാന്‍ ശീട്ട് നോക്കുന്ന സാര്‍ സഹായിച്ചു .ഒരു വളിച്ച ചിരിയുമായി കുമരനും ഇറങ്ങി .സിമന്റിട്ട തറയില്‍ ഒരു നായ ഉറങ്ങിക്കൊണ്ടിരുന്നു .അതിനടുത്ത വലിയ മരത്തില്‍ കിളികള്‍ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു .
കെമ്പി മരുതനെയും കൊണ്ട് നിലത്തിരുന്നു .ഇനി എങ്ങനെ പോകും ?ആ .കുമരന്‍എന്തെങ്കിലും ചെയ്യട്ടെ .അവന്‍റെ കയ്യില്‍ പൈസ കുറവാണ് .വല്യ വല്യ സാറന്മാര്‍ പറയുന്നത് കേട്ട് പോരണ്ടാ എന്ന് കെമ്പി പറഞ്ഞതാണ് ആദ്യമേ .ഇപ്പം കുന്തം വിഴുങ്ങിയത് മാതിരി നിക്കുന്നുണ്ട് ,കള്ളു കുടിക്കാന്‍ മാത്രം അറിയാം ...
ഇനിയും തിരിച്ചു കേറാതിരിക്കാന്‍ ആണെന്ന് തോന്നുന്നു ശീട്ട് നോക്കുന്ന സാര്‍ വാതിക്കല്‍ തന്നെ നില്‍പ്പുണ്ട് .എല്ലാ പെട്ടികളില്‍ നിന്നും ആള്‍ക്കാര്‍ പുറത്തേക്കിറങ്ങി .കുറേപ്പേര്‍ വെള്ളം കുപ്പികളുമായി ഓടി വന്നു .ചവിട്ടിയേനെ കെമ്പിയെ ,നാശം .
തീവണ്ടി നീങ്ങിത്തുടങ്ങി .അതിന്‍റെ കടകട ഒച്ച മരുതനെ പേടിപ്പിച്ചു കാണും. അവന്‍ കിണുങ്ങാന്‍ തുടങ്ങി .വെള്ളമെടുക്കാനും ബീഡി വലിക്കാനും ഒക്കെ ഇറങ്ങിയവര്‍ പിന്നേം പെട്ടികളിലേക്ക് ഓടിക്കയറി .തീവണ്ടി വേഗം പിടിച്ചു .
കെമ്പിക്ക് നടക്കുന്നതെന്താണെന്ന് പിടി കിട്ടുന്നതിനു മുന്നേ കുമരന്‍ കെമ്പിയെയും മരുതനെയും തൂക്കിയെടുത്ത് അവസാനത്തെ പെട്ടിയിലേക്ക് പറന്നു കയറി .തേനെടുക്കുന്ന മരങ്ങളില്‍ നിന്നു പകര്‍ന്നു കയറാറുള്ള അവനതു നിസ്സാരമായിരുന്നു ,വീഴാതിരിക്കാന്‍ കെമ്പി അവനെയും മരുതനെയും അള്ളിപ്പിടിച്ചു .
വാതില്‍ക്കല്‍ വര്‍ത്താനം പറഞ്ഞു കൊണ്ടിരുന്ന ഒരു പെണ്ണും ചെക്കനും ഒന്ന് ചരിഞ്ഞു കൊടുത്തു .ചെറുക്കന്‍ അവരെ ഒരു കൈ കൊണ്ട് താങ്ങി ."ഇപ്പം വീണേനെ "അവന്‍ ചിരിച്ചു .നിലത്തു കുമരന്‍ നിറുത്തി ക്കഴിഞ്ഞാണ് കെമ്പി ശ്വാസം എടുത്തത് .ശീട്ട് നോക്കണ സാറ് ഇവിടേം വരുവോ ?അവള്‍ക്കു കുമരനെ പറ്റി അഭിമാനം തോന്നി .
ആ പെട്ടിയില്‍ നിറയെ ആളുണ്ടായിരുന്നു .അവള്‍ ഇതിനു മുന്‍പ് കണ്ടിട്ടുള്ളത് പോലത്തെ ആള്‍ക്കാര്‍ .ചിലര്‍ക്കൊക്കെ ചുരുണ്ട മുടി പോലും ആയിരുന്നു .കുഞ്ചക്കാനും ചോമനും ഒക്കെ അവര്‍ക്കിടയില്‍ ചിലപ്പോള്‍ കാണും ,അവിടെയിരുന്നവരെല്ലാം ഉച്ചത്തില്‍ വര്‍ത്താനം പറഞ്ഞു .ചിലര്‍ പുക വലിച്ചു. .
വാതിലിനടുത്ത് മുഖം കഴുകാനുള്ള സ്ഥലത്ത് ;നിലത്തു കുമരന്‍ കുന്തിച്ചിരുന്നു .മരുതനെ മടിയില്‍ കിടത്തി കെമ്പിയും.കമ്പ്ല ക്കാട്ട് മുട്ടാറായി എന്ന് കെമ്പിക്ക് വെറുതെ തോന്നി .കക്കൂസിനരികെ ഒരു താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍ കൂനിക്കൂടിയിരുന്നു ,
മുഖം കഴുകാന്‍ വന്ന ഒരാള്‍ കെമ്പിയെ കണ്ടു ഒന്ന് നിന്നു .എന്നിട്ട് പറഞ്ഞു "അവിടെ സീറ്റ് ഉണ്ട് ,വന്നിരുന്നോ "കെമ്പി വിശ്വാസമില്ലാതെ അയാളെ നോക്കി ,"എങ്കള് ശീട്ട് എടുത്തിട്ടില്ല" എന്ന് പറയണമെന്ന് വിചാരിച്ചെങ്കിലും ഒന്നും മിണ്ടാതെ കെമ്പിയും കുമരനും അയാളുടെ പിന്നാലെ നടന്നു .
Siyaf Abdulkhadir
No comments:
Post a Comment