Tuesday, July 31, 2012

കര്‍ക്കടകക്കാറ്റിനിളംചൂട്!

“ഈ കര്‍ക്കടകം കള്ളിതന്നെ! മര്യാദയ്ക്ക് പെയ്യൂല്ല, എന്നാ പെയ്യാതിരിക്ക്വോ.. അതൂല്ല! ഇറയത്തുന്നങ്ങോട്ട് പോ കോഴീ..! മഴക്കോള് കണ്ടാമതി, കോഴിയിങ്ങ് അകത്തെത്തും!” കോഴിയെ ആട്ടി സുബൈദ തിരിഞ്ഞപ്പോഴാണ് വഴിയിലൂടെ പോകുന്ന നാരായണമേനോനെ കണ്ടത്. “ങാഹാ.. മേനോന്‍ചേട്ടന്‍ വരണേള്ളൂ! ഇക്ക കൊറേനേരായി പോയിട്ട്! ഇന്ന് ഗായത്രിയമ്മേടെ ആണ്ടാണ്, മേനോന്‍ചേട്ടന്‍ വരാന്‍ വൈകുംന്നൊക്കെ ഞാന്‍ പറഞ്ഞതാ.. കേട്ടില്ല! ആണ്ടൊക്കെ നന്നായോ? മക്കളാരെങ്കിലും വന്നിരുന്നോ?”

മേനോന്‍ നടത്തം നിര്‍ത്തി മതിലിനോട് കുറച്ചുചേര്‍ന്ന് പറഞ്ഞു “ഓ.. ഇല്ല. എന്നത്തേയും പോലന്നെ. അമ്പലത്തിലുള്ള അന്നദാനംമാത്രം. പിന്നെ അവിടെ രാമായണം കേള്‍ക്കാന്‍നിന്നു കുറച്ചുനേരം. ബഷീറിനെ വിചാരിച്ചാ ഇപ്പൊ ഓടിവന്നെ! അല്ലെങ്കില്‍ അവിടെ നിന്നേനെ ഇനിം.. എന്നാ ശരി ട്ടോ.. കാണാം.”

സുബൈദ പുഞ്ചിരിച്ചു, പിന്നെ “നല്ല മക്കള്!” എന്ന് പിറുപിറുത്തുകൊണ്ട് അകത്തേക്ക് കേറി.

മേനോന്‍ ആല്‍ത്തറയില്‍ എത്തിയപ്പോള്‍ അവിടെ ബഷീര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ട ഉടനെ ബഷീര്‍ പറഞ്ഞു. “ആഹാ എത്തിയല്ലോ! മേനോന്‍ ഇനിയിന്ന് വരില്ല്യന്നാ ഞാന്‍ വിചാരിച്ചേ!”

“കൊള്ളാം.. അങ്ങനെ എത്താതിരിക്കാന്‍ പറ്റ്വോഡോ! കൊല്ലെത്രയായി നമ്മളിവിടെ കൂടണു! ഈ അമ്പലമുറ്റോം, ആല്‍ത്തറേം, അക്ഷരശ്ലോകോം, പിന്നെ ബഷീറും അല്ലേ എന്‍റെ ലോകം! എവടെ മറ്റുരണ്ടാത്മാക്കള്‍ ?”

“മഴമൂടം കണ്ടപ്പോത്തന്നെ അവര് വിട്ടു. “പിന്നെ പോയ വിശേഷം എന്തുണ്ട്?”

“ഓ.. എന്ത് വിശേഷം! എന്‍റെ താത്രിക്കുട്ടി പോയതോടെ തീര്‍ന്നില്ല്യേഡോ എന്‍റെ വിശേഷൊക്കെ! ഇപ്പൊ എങ്ങനെയെങ്കിലും ഈ ജീവിതം ഒന്നവസാനിച്ചാമതീന്നേ ള്ളൂ. ഒരു മനുഷ്യായുസ്സിന് ഈ വയസ്സൊക്കെ ധാരാളാഡോ!”

“താനെന്‍റെ വായീന്ന്‍ വല്ലതും കേള്‍ക്കണ്ടാ ട്ടാ. എഡോ മേന്‍നേ, മരണം എന്നത് ഒരു പിടിതരാപ്പുള്ളിയാ! നമ്മള്‍ ക്ഷണിക്കുന്ന നേരത്തും, തേടുന്ന നേരത്തൊന്നും അതുവരില്ല. എന്നാല്‍ അതൊട്ട്‌ വിചാരിക്കാത്തോര്ടെ അടുത്തേക്ക് ഓടിച്ചെല്ലേം ചെയ്യും! എന്തായാലും ഒന്നുറപ്പാ.. അത് സമയം തെറ്റിക്കാതെ വരും! അതുകൊണ്ട് താന്‍ ഇപ്പൊ അതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട കേട്ടാ! എന്തായാലും തന്നെക്കാള്‍ മൂത്ത ഞാന്‍ പോയിട്ടേ താന്‍ പോകൂ!”

“അങ്ങനെ പറയല്ലേ ബഷീ” മേനോന്‍ കയ്യുയര്‍ത്തി തടഞ്ഞു.

“ഹല്ലാപിന്നെ.. താന്‍ പിന്നെ ഓരോന്ന് പറയുന്നതോ.. അതേ, നേരം കളയാതെ നമ്മുടെ ശ്ലോകത്തിലേക്ക് കടക്കാം. ഇന്നലെ ഞാന്‍ തനിക്ക് ‘പാ’യാ തന്നെ! താന്‍ അതുവച്ച് ഒന്നങ്ക്ട് കാച്ചിയെ..”

“അതിലെ നര്‍മ്മം ഏറ്റുപിടിച്ച് മേനോന്‍ പറഞ്ഞു. “ഹഹ.. ആ പായേലാ ഇന്നലെ ഞാന്‍ ഉറങ്ങിയത്.” ആ ചിരിയില്‍ ബഷീറും പങ്കുചേര്‍ന്നു. പിന്നെ മേനോന്‍ ഒന്ന് നിര്‍ത്തി ശ്ലോകം ചൊല്ലി..

“പൂര്‍വ്വം രാമ തപോവനാധിഗമനം, ഹത്വാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീദാഹനം
പാശ്ചാത് രാവണ കുംഭകര്‍ണ്ണ നിധനം ഹ്യേതദ്ധി രാമായണം!”

ബഷീര്‍ ആശ്ചര്യപ്പെട്ടു “ങേ..ഇതേത് ശ്ലോകാഡോ?? ഞാന്‍ കേട്ടിട്ടേയില്ലല്ലോ! എന്തായാലും രാമായണത്തിലേതല്ല!”

മേനോന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു “ഇതിന്ന്‍ കിട്ടിയതാഡോ! അമ്പലത്തിലെ രാമായണ പാരായണത്തില്‍നിന്ന്‍! ഇത് രാമായണ ഏകശ്ലോകിയാത്രേ! ഇത് ചൊല്ലിയാല്‍ മുഴുവന്‍ രാമായാണോം പാരായണംചെയ്ത ഫലാത്രേ! കേട്ട ഉടനെ ഞാനത് എഴുതിയെടുത്തു. തന്‍റെ മുന്നില്‍ ആളാവണ്ടേ!”

ബഷീര്‍ വിടുമോ..“കൊള്ളാം..! ആ എഴുതിയത് അപ്പൊ കയ്യിലുണ്ടാവ്വല്ലോ. ഇങ്ങ് തന്നേ!” ശ്ലോകം വാങ്ങുന്നതിനിടയില്‍ ബഷീര്‍ ചോദിച്ചു “തനിക്ക് രാമായണത്തിലെ പ്രധാനപ്പെട്ട ശ്ലോകം ഏതാന്നറിയോ?” സംശയിച്ചുനിന്ന മേനോന് ബഷീര്‍തന്നെ ഉത്തരവും കൊടുത്തു.

“കരുതേണം രാമനെ നിന്നച്ഛനായ്,
കാണേണം എട്ടത്തിയമ്മയിലമ്മയെ!
കാടല്ലതയോദ്ധ്യയെന്ന് നിനയ്ക്കുക!
കദനമൊഴിഞ്ഞ് പോയിവരൂ പുത്രാ!”

പിന്നെ ബഷീര്‍ അതിന്‍റെ വിശദീകരണവും കൊടുത്തു. “വനവാസത്തിന് പുറപ്പെടാന്‍നേരം ലക്ഷ്മണന്‍റെ അമ്മയായ സുമിത്രാദേവി ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് സന്ദര്‍ഭം! പണ്ഡിതശ്രേഷ്ഠനായ വരരുചിയാ ഇത് കണ്ടുപിടിച്ചത്.”

മേനോന്‍ പറഞ്ഞു “ശരിയാ.. എങ്ങോ കേട്ട ഒരോര്‍മ്മയുണ്ട് ഇപ്പോള്‍ .”

ബഷീര്‍ ചിരിച്ചു “എങ്ങോ.. അല്ലെന്‍റെ മേന്‍നേ, പണ്ടത്തെ നമ്മുടെ സംസ്കൃതക്ലാസ്സില്‍ ഗുരുനാഥന്‍ പറഞ്ഞുപഠിപ്പിച്ചതായിരുന്നു ഇത്!”

മേനോന്‍ അതോര്‍ത്തപോലെ പറഞ്ഞു “ഹോ.. ശരിയാ! തന്‍റൊരു ഓര്‍മ്മ! പത്തറുപത് കൊല്ലെങ്കിലും കഴിഞ്ഞിട്ടുണ്ടാവും ല്ലേ! ”

“ഹ്മ്മ്മം.. 59 കൊല്ലം! എന്തായിരുന്നു അന്നൊക്കെ! കര്‍ക്കടക്കഞ്ഞി കട്ടുകുടിക്കലും, തന്‍റേം താത്രിക്കുട്ടീടെം പ്രേമോം, ഒളിച്ചോട്ടവും, അതിന് കൂട്ടുനിന്നെന്നും പറഞ്ഞ് ഗുരുനാഥന്‍ പരാതിപ്പെടലും, ഉപ്പേടെ വിസ്തരിക്കലും.. ഹൊ; ഒന്നുംപറയണ്ട പുകില്!! എല്ലാം ഇന്നലെ കഴിഞ്ഞപോലെയല്ലേ തോന്നണേ! എന്നാലും താനതൊക്കെ മറന്നോ ന്‍റെ മേന്‍നേ!”

“അതൊക്കെ ഞാന്‍ മന:പൂര്‍വ്വം ഓര്‍ക്കാതിരിക്ക്വാഡോ ഇപ്പൊ! ഓരോന്ന് ആലോചിച്ചാ എനിയ്ക്ക് വട്ടായിപ്പോകും! ആ ശാപൊക്കെയാ ഇന്നെന്‍റെ ജീവിതം!”

ബഷീര്‍ സമാധാനിപ്പിച്ചു. “താന്‍ പിന്നേം ഓരോന്ന് ആലോചിച്ചുകൂട്ടണ്ട. മക്കള്‍ വിളിക്കാഞ്ഞിട്ടൊന്ന്വല്ലല്ലോ താന്‍ ആ ആശ്രമത്തില്‍ കൂടിയത്! അഹങ്കാരായിട്ടല്ലേ..!”

“ഹും! അഹങ്കാരം! താനെന്തറിഞ്ഞിട്ടാ.. അല്ലെങ്കിലും അവരെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഭര്‍ത്താവ് മരിച്ചപ്പോ ശ്രീജയ ഉള്ളതെല്ലാം വിറ്റുപെറുക്കി മോള്‍ടൊപ്പായി! പിന്നെ ജയനും വിജയനും! ഗള്‍ഫിലാണെങ്കിലും അവരടെ പെണ്ണുങ്ങളും അവടെ ജോലിക്കുപോണില്ല്യെ! അവരടെ ഇടയില്‍ ഒരു ബാധ്യതയായി ഞാനും ചെല്ലണോ! പരോക്ഷമായിട്ടാണെങ്കിലും അവരതെത്രതവണ സൂചിപ്പിച്ചു! ആരേം പറഞ്ഞിട്ട് കാര്യമില്ല. എന്‍റെ മൂന്നുമക്കള്‍ക്കും പത്തിന്‍റെപൈസ കൊടുക്കാന്‍ എനിയ്ക്കുണ്ടായിട്ടില്ല. ഉള്ളകാലം മുഴുവന്‍ വാടകവീട്ടില്‍ കഴിഞ്ഞ എനിയ്ക്കതിനുള്ള ഗതിയില്ലായിരുന്നു എന്നത് സത്യം! അല്ലെങ്കിലും ഒരു പ്രൈവറ്റ്‌ കമ്പനിയിലെ കണക്കപ്പിള്ളയ്ക്ക് എന്ത് ഗതി!” പിന്നെ ഒന്നുനിര്‍ത്തി ഒരു ദീര്‍ഘനിശ്വാസത്തോടെ വീണ്ടും തുടര്‍ന്നു “ഡോ.. ജീവിതപങ്കാളി പോയാല്‍പ്പിന്നെ ഇങ്ങനെയൊക്കെയാഡോ നമ്മളെല്ലാരും! എന്നാലും എന്‍റെ മക്കള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ ..”

“അതിന് താനെന്തിനാഡോ വിഷമിക്കുന്നെ! മക്കള്‍ക്ക്‌ നല്ലൊരു വിദ്യാഭ്യാസം കൊടുത്തു, മൂത്തവളെ നല്ലനിലയില്‍ കെട്ടിച്ചും വിട്ടു! അതുപോരെ? തന്‍റെ മക്കള്‍ക്കൊക്കെ ഇപ്പൊ എന്താ ഒരുകുറവ്! എഡോ.. തന്നെപ്പോലൊരു അച്ഛനുള്ളതുകൊണ്ടാ അവരിന്നിങ്ങനെ! അറിയോ! ” ബഷീര്‍ രോഷംകൊണ്ടു.

“ങാ.. ബഷീ..,” പെട്ടെന്ന് ഓര്‍മ്മിച്ചപോലെ മേനോന്‍ വിളിച്ചു.. “നാളെ ഞാന്‍ ഉണ്ടാവില്ല കേട്ടോ. നാളെ വിജയന്‍റെ വീട്ടിലാ ഉച്ചയ്ക്കൂണ്. അവന്‍റെ മോന്‍റെ രണ്ടാം പിറന്നാളാ! എല്ലാരും വരും.”

ബഷീര്‍ അത്ഭുതംകൂറി. “ഓ.. ജയനും വിജയനും ഇപ്പൊ നാട്ടിലെത്തീണ്ടല്ലോ ല്ലേ! ജയന്‍റെ രണ്ടാമത്തെ മോളും വിജയന്‍റെ മോനും ഒരു പ്രായല്ലേ?”

“അതെ. രണ്ടുമാസത്തിന് ജയന്‍റെ മോളാ മൂപ്പ്‌.”

“അയ്യോ.. പറഞ്ഞ് നേരം പോയതറിഞ്ഞില്ല. നോമ്പ് തുറക്കാന്‍ സമയായി. ഞാന്‍ പോട്ടെഡോ..” ബഷീര്‍ എഴുന്നേറ്റപ്പോള്‍ വേച്ചുപോയി!

മേനോന്‍ പിടിച്ചു. “ഈ നോമ്പുകാലത്ത് ഇങ്ങനെ നടക്കണ്ട വല്ല കാര്യോണ്ടോ ബഷീ.. വീട്ടിലെങ്ങാനും ഇരുന്നാപ്പോരെ! ഞാന്‍ അങ്ങട്ട് വര്വല്ലോ!”

ബഷീര്‍ നിസ്സാരമായി പറഞ്ഞു “കാലെത്രയായെഡോ ഇതൊക്കെ നോക്കാന്‍ തുടങ്ങീട്ട്! അതൊക്കെ പടച്ചോന്‍ കാത്തോളും! പിന്നെ ഈ ആലിന്‍റെ കീഴിലെ സുഖം, അത് വീട്ടീകിട്ട്വോ! അപ്പൊ മറ്റന്നാള്‍ കാണാം. സന്തോഷായി പോയിവാ..”

ചന്നംപിന്നം ചാറ്റല്‍മഴയുള്ള അടുത്തദിവസം ഉച്ചയോടെ മേനോന്‍ മകന്‍റെ വാസസ്ഥലത്തെത്തി. ഈയിടെ പണിതീര്‍ന്ന ഒരു കൂറ്റന്‍ പാര്‍പ്പിടസമുച്ചയം! പന്ത്രണ്ടാം നിലയിലായിരുന്നു വിജയന്‍റെ ഫ്ലാറ്റ്. കേറിച്ചെന്നപ്പോള്‍ സ്ത്രീകളും കുട്ടികളും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

“അച്ഛന്‍ നേരത്തേയാണല്ലോ..!” പുഞ്ചിരിയോടെ ശ്രീജയ (മൂത്തമകള്‍ ) വരവേറ്റു. അപ്പോഴേക്കും നാലഞ്ചു കുട്ടികള്‍ ഓടിവന്നു. ശ്രീജയയുടെ മകളുടെ രണ്ടുമക്കളും വന്നിട്ടുണ്ട്. എല്ലാര്‍ക്കും അപ്പൂപ്പനെ വല്യകാര്യം! താന്‍ കൊണ്ടുവന്ന മിഠായിയും ആപ്പിളും കുട്ടികള്‍ക്ക് കൊടുത്തു അയാള്‍ . അപ്പോഴേക്കും വിജയന്‍റെ ഭാര്യ വന്നു ആ മിഠായി പിടിച്ചുവാങ്ങി. “ഇതൊന്നും കുട്ടികള്‍ കഴിക്കില്ല്യാച്ഛാ.. ഒന്നാമത് മോശം ക്വാളിറ്റി ആവും ഇവടെ കിട്ടണതൊക്കെ!”

പക്ഷേ മക്കള്‍ അതിനുവേണ്ടി ഒച്ചയുണ്ടാക്കാന്‍ തുടങ്ങി. “ജന്തുക്കള്‍ ! കാണാത്തകളിയാ! എന്തോരം ചോക്ലേറ്റൊക്കെ തിന്നണു.. എന്നാലും വൃത്തികെട്ടതേ വേണ്ടൂ.. മിണ്ടാതെ അപ്രത്ത്‌ പോയിരുന്നു കളിച്ചോ.. ദ്വേഷ്യത്തോടെ അതും പറഞ്ഞ് ആ കുട്ടികളെ ബാല്‍ക്കണിയിലേക്ക് പറഞ്ഞയച്ചു അവള്‍ .”

“എവിടെ ജയനും വിജയനും?” അയാളുടെ ചോദ്യത്തിന് ജയന്‍റെ ഭാര്യയാണ് മറുപടി പറഞ്ഞത്. “ഒന്നുരണ്ടു ഫ്രണ്ട്സ്‌ന് ട്രീറ്റ് കൊടുക്കാന്‍ പോയതാ. വരാറായി.” അതുംപറഞ്ഞ് അവള്‍ അടുക്കളയിലേക്കുപോയി. രണ്ടുപേരും ഉച്ചയ്ക്കത്തേക്കുള്ള പൊരിഞ്ഞ പണിയിലാണെന്ന് തോന്നി.

അയാളവിടെ സെറ്റിയിലിരുന്നു. ടിവിയില്‍ റിയാലിറ്റി ഷോ തകൃതിയായി നടക്കുന്നു. അപ്പോള്‍ ഒരു ഗ്ലാസ് വെള്ളവുമായി വന്ന ശ്രീജയ ചോദിച്ചു “അച്ഛന് വഴി ബുദ്ധിമുട്ടൊന്നുണ്ടായില്ല്യല്ലോ..ല്ലേ?”

പെട്ടെന്നായിരുന്നു കുട്ടികളുടെ അലറിക്കരച്ചില്‍ ! അങ്കലാപ്പോടെ അവരൊക്കെ ബാല്‍ക്കണിയിലേക്ക് കുതിച്ചു..

അവിടെക്കണ്ട കാഴ്ച ആരും നടുങ്ങിത്തരിക്കുന്നതായിരുന്നു!ജയന്‍റെയും വിജയന്‍റെയും രണ്ടു കുഞ്ഞിമക്കള്‍ ബാല്‍ക്കണിയില്‍നിന്ന്‍ താഴേക്കു വീണിരിക്കുന്നു! പക്ഷെ തൊട്ടടുത്ത നിലയിലെ ഏസിഡക്റ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു രണ്ടുപേരും! ആണ്‍കുട്ടിയുടെ മുകളിലാണ് പെണ്‍കുട്ടി കിടന്നിരുന്നത്. ഓടിയെത്തിയ വിജയന്‍റെ ഭാര്യ അതുകണ്ട് ബോധഹീനയായി നിലംപതിച്ചു! മറ്റുള്ളവര്‍ അലമുറയിട്ട് കരച്ചിലും!

നടുങ്ങിയ മേനോന്‍ ആ കുഞ്ഞുങ്ങളോട് വിളിച്ചുപറഞ്ഞു “മക്കളേ.. അനങ്ങല്ലേ, അപ്പൂപ്പന്‍ ഇപ്പൊ വരാം ട്ടോ..” അവരത് കേട്ടോ എന്തോ! പക്ഷെ പിടയ്ക്കുന്നുണ്ടായിരുന്നു അവര്‍ !

മേനോന്‍ പിന്നെ സ്റ്റെയര്‍വഴി ഓടുകയായിരുന്നു തൊട്ടുതാഴത്തെ നിലയിലേക്ക്. ഭാഗ്യത്തിന് ആ വീട്ടുകാര്‍ അവിടെയുണ്ട്. രണ്ട് വൃദ്ധദമ്പതികളെയാണ് കണ്ടത്. മേനോന്‍ അവരുടെ ബാല്‍ക്കണിയിലേക്ക് കുതിച്ചു. പക്ഷെ അവിടെനിന്ന്‍ ഒരൊന്നരമീറ്റര്‍ മുകളിലായിരുന്നു കുഞ്ഞുങ്ങള്‍ ! ആകെപ്പാടെ സംഭ്രാമാവസ്ഥ! ആ പതിനൊന്നാം നിലയുടെ താഴെ നോക്കിയപ്പോള്‍ അയാള്‍ക്ക്‌ തല കറങ്ങുന്നപോലെ തോന്നി. അപ്പോഴേക്കും താഴെ ആളുകള്‍ കൂടിത്തുടങ്ങിയിരുന്നു. ആരൊക്കെയോ വിളിച്ചുകൂവുന്നുണ്ട്. കുട്ടികളിലടിയിലുള്ളയാള്‍ അപ്പോഴേക്കും ആ ഡക്റ്റിനുപുറത്തേക്ക് വന്നുതുടങ്ങിയിരുന്നു! മുകളിലുള്ള പെണ്‍കുഞ്ഞ് ഭയന്നുകരയുന്നുണ്ടായിരുന്നു. ആഞ്ഞൊരനക്കം മതി, താഴത്തേക്ക് രണ്ടുപേരും പോകാന്‍ ! പിന്നെ പെറുക്കാന്‍കൂടി ഒന്നുമുണ്ടാവില്ല!

മേനോന്‍ പിന്നെ അമാന്തിച്ചില്ല. ആ ബാല്‍ക്കണിവഴി ഏന്തിക്കേറാന്‍ തുടങ്ങി. സാരിയും മറ്റുമായി ആ വൃദ്ധദമ്പതികളും സഹായത്തിനുണ്ടായിരുന്നു. സാരിയുടെ ഒരറ്റം അരയില്‍ കെട്ടി മറ്റേയറ്റം ബാല്‍ക്കണിയിലെ കമ്പിയില്‍ കെട്ടി അയാള്‍ ആയാസപ്പെട്ടുകേറി. “മക്കളേ പേടിക്കല്ലേ.. അപ്പൂപ്പന്‍ ദാ എത്തിപ്പോയി!

പിന്നെ അവിടെ നടന്നത് അത്യന്തം ഉദ്വോഗജനകങ്ങളായ നിമിഷങ്ങള്‍ ! ആദ്യത്തെ കുട്ടിയെ എങ്ങനൊക്കെയോ രക്ഷിച്ച് ബാല്‍ക്കണിയിലെത്തിയ ജനത്തിന് കൈമാറി. താഴെയുള്ള ജനസമുദ്രം അതു നോക്കി ശാസോച്ഛ്വാസം പോലും മറന്നുനില്‍ക്കുകയായിരുന്നു! രണ്ടാമത്തെ കുട്ടിയുടേതായിരുന്നു കഷ്ടം. പൈപ്പില്‍ കുടുങ്ങിയിരുന്നു അവന്‍ ! അപ്പോഴേക്കും ഒരു രണ്ട് ചെറുപ്പക്കാര്‍ സഹായിക്കാന്‍ ഇറങ്ങി. ആയാസപ്പെട്ട് അവനെ വലിച്ചെടുക്കുന്ന സമയം താഴെ ഫയര്‍ഫോര്‍സും എത്തിച്ചേര്‍ന്നു. കാഴ്ചക്കാരായി നില്‍ക്കുകയെന്നല്ലാതെ അവര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായില്ല. എങ്കിലും അവര്‍ താഴെ എന്തൊക്കെയോ തയ്യാറെടുപ്പുകള്‍ തുടങ്ങി.

ജീവന്മരണ പോരാട്ടത്തില്‍ ആണ്‍കുട്ടിയേയും പുറത്തേക്കെടുത്തു. വീഴാന്‍പോയ അവനെ ആ ചെറുപ്പക്കാര്‍ താങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. ആ പിഞ്ചുകുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരുന്നു. “വേഗം ആസ്പത്രിലേക്കെടുക്കണം.. വണ്ടി സ്റ്റാര്‍ട്ടാക്കിവെക്കാന്‍ പറയ്‌” ബാല്‍ക്കണിയില്‍ നിന്നാരൊക്കെയോ വിളിച്ചുപറയുന്നത് കേള്‍ക്കാം. പെട്ടെന്ന്; മേനോന്റെ അരയിലെ സാരിക്കെട്ടഴിഞ്ഞതും മേനോന്‍ അത് പിടിക്കാന്‍ നോക്കിയതും ഒരുമിച്ചായിരുന്നു! “ആഹ്..” ഒരു ആര്‍ത്തനാദത്തോടെ അയാള്‍ താഴേക്ക് പതിച്ചു!

പിറ്റേദിവസം സുബൈദയാണ് ബഷീറിനെ പത്രം കാണിച്ചത്! അവരൊച്ചയിട്ടു “അയ്യോ.. ഇക്കാ.. ഇതുനോക്കിയെ.. നമ്മുടെ മേനോന്‍ചേട്ടന്‍ ...”

ബഷീര്‍ ഓടിയെത്തി പത്രം പിടിച്ചുവാങ്ങി! മുന്‍പേജിലന്നെ കണ്ടു അത്..

‘12-ാം നിലയില്‍നിന്ന് അതിസാഹസികമായ്‌ പേരക്കുട്ടികളെ രക്ഷപ്പെടുത്തി, താഴേക്കുവീണ വൃദ്ധന്‍ അത്യാസന്നനിലയില്‍ !’ ഒപ്പം രക്ഷപ്പെടുത്തുന്നതും വീഴുന്നതുമായ വര്‍ണ്ണചിത്രങ്ങളും, വിവരണങ്ങളും! വാര്‍ത്ത വായിച്ച ബഷീര്‍ അക്ഷരാര്‍ദ്ധത്തില്‍ തരിച്ചുപോയി!

ബഷീറും സുബൈദയും ആശുപതിയില്‍ ചെന്നപ്പോള്‍ മേനോന്‍ ഐസിയുവിലാണ്. വാര്‍ത്തയറിഞ്ഞ് കുറേപ്പേരെത്തിയിരുന്നു. പക്ഷെ ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല. വാതിലിന്‍റെ ഗ്ലാസിലൂടെ ആ ശരീരത്തെ നോക്കി സുബൈദയും ബഷീറും മൂകരായി. മക്കളൊക്കെ വിഷണ്ണന്നരായ്‌ പുറത്തുതന്നെയുണ്ടായിരുന്നു. പിന്നെ അവര്‍ കുട്ടികളുടെ സുഖവിവരം അന്വേഷിച്ചു. അവര്‍ക്ക് കുഴപ്പമൊന്നുമില്ല. പ്രാഥമിക ചികിത്സ നല്‍കി അന്നുതന്നെ അവര്‍ ഡിസ്ചാര്‍ജാവുകയും ചെയ്തു.

ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറി. മേനോന്‍റെ നിലയില്‍ വലിയ പുരോഗതിയൊന്നുമില്ല. ജീവനുണ്ട് എന്നുമാത്രം. പക്ഷെ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി. ആ അനിശ്ചിതത്വത്തില്‍ ഒരു വാല്യക്കാരനെ ശമ്പളത്തിന് നിര്‍ത്തി മക്കളും അവരവരുടെ തിരക്കില്‍ വീണു. ഇടയ്ക്കിടെ ബഷീറും സുബൈദയും വന്നുപോകും. അതിനിടയില്‍ സുബൈദയ്ക്ക് വാതത്തിന്‍റെ അസുഖംവന്ന് കുറച്ചുനാള്‍ ആശുപത്രീല്‍ പോക്ക് നടന്നില്ല. പിന്നെ ഈദിനുശേഷമാണ് അവര്‍ പോയത്. അപ്പോഴേക്കും മേനോനെ മറ്റൊരു ബ്ലോക്കിലാക്കിയിരുന്നു. തേടിപ്പിടിച്ചുചെന്നപ്പോള്‍ ആകെ വിജനമായിരുന്നു അവിടം. സുബൈദ പറഞ്ഞു “യാ ള്ളാ.. ഇവടൊരറ്റ മനുഷ്യനേം കാണുന്നില്ലല്ലോ ഇക്കാ!”

അവര്‍ റൂമിലേക്ക്‌ കേറിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു! മേനോന്‍ ദയനീയമായി അവരെ നോക്കി. ബഷീര്‍ അടുത്തുചെന്നിരുന്ന്‍ ആ കൈ കവര്‍ന്നു. വല്ലാതെ ശോഷിച്ചിരുന്നു ആ വിരലുകള്‍ ! ബഷീര്‍ ആ കൈ തന്‍റെ നെറ്റിയോട്‌ ചേര്‍ത്ത് വിതുമ്പിപ്പോയി! പെട്ടെന്ന് സുബൈദ പറഞ്ഞു “ങ്ങളെന്തുപണിയാ കാണിക്കണേ ഇക്കാ.. മേനോന്‍ചേട്ടനെ വിഷമിപ്പിക്ക്യാ..?”

അപ്പോള്‍ മേനോന്‍ മറ്റേ കൈകൊണ്ടു ബഷീറിന്‍റെ കയ്യില്‍ മൃദുവായി തഴുകി അവ്യക്തമായ്‌ പറഞ്ഞു “കരയല്ലേഡോ.. ഞാന്‍ പറഞ്ഞില്ലേ.. എന്‍റെ പാപം.. അതനുഭവിച്ചന്നെ തീര്‍ക്കണം.. എന്നാലും ന്‍റെ കുഞ്ഞുമക്കളെ രക്ഷപ്പെടുത്താന്‍ പറ്റീലോ...!”

പക്ഷെ എത്ര അവ്യക്തമായി പറഞ്ഞാലും ബഷീറത് കേള്‍ക്കും, മനസ്സിലാക്കും! പുറത്തിറങ്ങിയപ്പോള്‍ ബഷീര്‍ ചുറ്റുംനോക്കിപ്പറഞ്ഞു “എന്നാലും ഒരു ചായകുടിക്കാന്‍ പോയ ചെക്കന്‍ ഇത്ര നേരെടുക്കണോ!”

സുബൈദ പല്ലുഞെരിച്ചു.. “ഹും! ഓരോ ലൊട്ടുലൊടുക്കുകള്‍ പറഞ്ഞ് മക്കള്‍ അന്നേ സ്ഥലം കാലിയാക്കി. എന്നിട്ടല്ലേ ശമ്പളത്തിന് നിര്‍ത്തിയ ചെക്കന്‍ ! അല്ലെങ്കിലും തന്തേടെ മരണംകാത്ത് എത്രകാലാ മക്കള് നിക്ക്വ; ല്ലേ!! കൊല്ലാന്‍ പറ്റിയെങ്കില്‍ അതും ചെയ്തേനേ അവര്!” ബഷീര്‍ ശാസനയോടെ സുബൈദയെ നോക്കി.

പിന്നെ അവര്‍ ചികിത്സിച്ചിരുന്ന ഡോക്ടറെ സമീപിച്ചു. ബഷീറിനെ കണ്ടപ്പോള്‍ ആ ഡോക്ടറുടെ മുഖത്ത് ഒരാശ്വാസം ഉണ്ടായി. “ഹായ് ബഷീറങ്കിള്‍ ! എവിടെയായിരുന്നു! നിങ്ങളും പുള്ളിയെ വിട്ടുപോയെന്ന്‍ കരുതി ഞാന്‍ !” അവര്‍ കുറച്ചുനേരം സംസാരിച്ചു. ഡോക്ടര്‍ പറഞ്ഞു “അറിയാലോ.. ഞങ്ങള്‍ക്കിനിയൊന്നും ചെയ്യാനില്ല. ഡിസ്ചാര്‍ജ് വാങ്ങാന്‍ പറഞ്ഞിട്ട് ഒരാഴ്ചയിലേറെയായി. ആരും തിരിഞ്ഞുനോക്കിയില്ല ഇതുവരെ! ഇവിടേം ചില പരിധികളൊക്കെയില്ലേ!”

ബഷീര്‍ ഞെട്ടി! “ങ്ഹേ!! മക്കളെ അറിയിച്ചോ?”

“പിന്നെ അറിയിക്കാതെ! ഇപ്പൊ മൊബൈലും സ്വിച്ച്ടോഫാ! ദേ നോക്ക്..” ഗൌരവത്തോടെ പറഞ്ഞ് ഡോക്ടര്‍ അവരുടെ നമ്പര്‍ തന്‍റെ മൊബൈലില്‍ ഡയല്‍ചെയ്ത് കാണിച്ചുകൊടുത്തു.

നടുങ്ങിപ്പോയ ബഷീറിന്‍റെ പുറത്ത് സുബൈദയുടെ കൈകള്‍ സ്പര്‍ശിച്ചു “ഇക്ക എന്തിനാ വിഷമിക്കണേ.. നമ്മടെ വീടില്ലേ.. ഇക്കേടെ സ്നേഹിതനെ നമുക്കങ്ങോട്ടു കൊണ്ടുപോകാലോ! ദൈവം സഹായിച്ച് എനിയ്ക്കിപ്പൊരു അസുഖോല്ല, കെട്ടിച്ചയച്ച പെണ്മക്കളോടൊന്നും നമ്ക്ക് സമാധാനോം ബോധിപ്പിക്കണ്ട! പിന്നെന്താ..”

അന്ന് വൈകീട്ട് മേനോന്‍റെ മക്കള്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലായിരുന്നു. ശ്രീജയ പറഞ്ഞു “അച്ഛനെ അവര് കൊണ്ടോയെന്ന്‍ ആ ചെക്കന്‍ വന്നുപറഞ്ഞപ്പോ ഞെട്ടിപ്പോയി ഞാന്‍ ! നാണക്കേടാ.. കണ്ട ജോനോന്‍റെ വീട്ടീന്നൊക്കെ അച്ഛന്‍ മരിച്ചാ..! മൂന്നുമക്കളുണ്ടായിട്ട് അവസാനകാലത്ത് തിരിഞ്ഞുനോക്കീല്ല്യാന്ന് പറയും നാട്ടുകാര്!” അവര്‍ അച്ഛന്‍റെ കാര്യം പറഞ്ഞ് പരസ്പരം പോരടിച്ചുതുടങ്ങിയപ്പോഴേക്കും ജയന്‍ പറഞ്ഞു “ഇനി അന്യോന്യം പറഞ്ഞിട്ടെന്താ കാര്യം! എന്തായാലും കുറച്ച് സഹിച്ചേപറ്റൂ. മറ്റന്നാള്‍ നമ്മള്‍ പോകുന്നുണ്ടല്ലോ.. പിന്നെ ശ്രീജയയോടായി പറഞ്ഞു “ചേച്ചീ.. മറ്റന്നാള്‍ ഞങ്ങള്‍ ഉച്ചയോടെ അവിടെയെത്തും. ശേഷം തീരുമാനിക്കാം!”

ആശുപത്രിയില്‍നിന്ന്‍ ബഷീറിന്‍റെ വീട്ടിലെത്തിയ രണ്ടുദിവസം മേനോന്‍ ഉന്മേഷവാനായിരുന്നു. പക്ഷെ അടുത്തദിവസം അസ്വാസ്ഥ്യംകൂടി. അന്നയാള്‍ വ്യക്തമായ്‌ സംസാരിച്ചു “ഡോ.. എന്‍റെ സമയം അടുത്തെഡോ.. ഇത്രേം നാളും ഞാന്‍ കാത്തുകിടന്നു. ഇപ്ലാ അത് വരണേ! മഞ്ഞുപോലെ ഒരു വെളുത്തരൂപം...!”

ബഷീര്‍ ഭയപ്പാടോടെ ചുറ്റുംനോക്കി അയാളെ ശാസിച്ചു.

പക്ഷെ മേനോന്‍ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു “അതാഡോ.. എന്‍റെ താത്രിക്കുട്ടി..”

ആ കിടപ്പ് ഉച്ചവരെ നീണ്ടു. ഉച്ചയോടെ മേനോന്‍റെ മരണം ആസന്നമായെന്ന്‍ അവര്‍ക്ക് മനസ്സിലായി. കാരണം അയാള്‍ ദീര്‍ഘമായി ശ്വാസമെടുക്കാന്‍ തുടങ്ങിയിരുന്നു..!

ആ ബുദ്ധിമുട്ടിലും അയാള്‍ ബഷീറിനോട് പറഞ്ഞു “പൂ.. പൂ.., രാ..മാ..യ.. ആ ശ്.ശ്ലോകം..”

അത് കാണാന്‍വയ്യാതെ സുബൈദ വായ്‌പൊത്തിക്കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. അപ്പോഴാണ്‌ ഒരു ലാന്‍ഡ്‌ക്രൂയിസര്‍ വണ്ടി വന്നുനിന്നത്. അതില്‍നിന്നിറങ്ങിയ ആളുകളെ കണ്ട് ആ വൃദ്ധസ്ത്രീയുടെ മുഖം വക്രിച്ചു. അവര്‍ വീട്ടിലേക്ക് കേറാന്‍ നേരം അവരലറി!

“ഒറ്റയെണ്ണം ഇതിനകത്ത് കാലുകുത്തിപ്പോകരുത്. നിങ്ങളെക്കണ്ടാല്‍ അവസാനശ്വാസംപോലും അയാള്‍ക്ക്‌ കിട്ടീന്ന് വരില്ല. ആ മനുഷ്യന്‍ മരിക്കുമ്പോഴെങ്കിലും സമാധാനം ണ്ടായിക്കോട്ടേ! മക്കള്‍പോലും.. മക്കള്‍ ! പടച്ച റബ്ബേ...” തലയ്ക്കു കൈവച്ച് പൊട്ടിക്കരഞ്ഞവര്‍ തളര്‍ച്ചയോടെ നിലത്തിരുന്നു.

അപ്പോള്‍ “പൂര്‍വ്വം രാമതപോവനാധിഗമനം..” എന്ന ആ ശ്ലോകത്തിന്‍റെ ഈരടികള്‍ ബഷീറിന്‍റെ ഗദ്ഗദത്താല്‍ ഇടറിയ സ്വരത്തില്‍ മെല്ലെ പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു..

ആ സമയം അതിലേ കടന്നുപോയ തെന്നലിന് ഇളംചൂടായിരുന്നോ ആവോ! ഒരുപാട് ജന്മങ്ങളില്‍ മനസ്സിലാവാത്ത ജീവിതം ചിലപ്പോ ഒരു മരണം മനസിലാക്കിത്തന്നേക്കാം!





Viju Nambiar

No comments:

Post a Comment