ഇതില്‍ നീയുണ്ട് നീ മാത്രം..
നാളെ ക്ലാസ്സുണ്ടാകുമോ ?
ഞങ്ങള്‍ അധ്യാപകനോട് ചോദിച്ചു.
“എന്തു കൊണ്ടില്ല?”
അധ്യാപകന്‍റെ മറു ചോദ്യത്തിന് “നാളെ ശിശു ദിനമാണ് സര്‍ “
ഞങ്ങള്‍ കൂട്ടത്തോടെ മറുപടി നല്‍കി
“ശിശു ദിനത്തിന് സാധാരണ ക്ലാസ്സുണ്ടാകാറുണ്ടല്ലോ.”
അധ്യാപകന്‍റെ മറുപടി ഞങ്ങളെ നിരാശപെടുത്തി.
എന്നാല്‍ , എന്റെ കൂട്ടുകാരി നീയത് തിരുത്തി
നവംബര്‍ പതിനാല് ഞങ്ങള്‍ക്ക് ക്ലാസ്സില്ലായിരുന്നു.പക്ഷെ ഞങ്ങള്‍ സന്തോഷിച്ചില്ല. ദുഖത്തിന്റെ കെടാക്കനല്‍ ഞങ്ങളില്‍ കോരിയിട്ട് നീ വിടപറഞ്ഞില്ലേ...
നവംബര്‍ പതിനാല് ശിശു ദിനം ,
നമ്മുടെ ചാച്ചാജി ജനിച്ച ദിവസം
ഇന്ത്യ മുഴുവന്‍ കൊണ്ടാടുമ്പോള്‍ ഇവിടെ ഒരു ഗ്രാമം കണ്ണീര്‍ കടലിലായിരുന്നു.
എന്റെ കൂട്ടുകാരി .....
നീയറിഞ്ഞോ...മരണം നിന്നിലേക്കടുത്തത്
ഇല്ല , അറിഞ്ഞില്ല , നീയല്ല ആരുമറിഞ്ഞില്ല.
‘മരണം’ അവന്‍ അദൃശ്യനാണ്.
എപ്പോള്‍ എവിടെ വേണമെങ്കിലും ഏതു രൂപത്തിലും അവന്‍ വരും . അവന്റെ മുന്നില്‍ തടസ്സങ്ങള്‍ ഇല്ല പിണക്കത്തിനോ വാഗ്ദാനങ്ങള്‍ക്കോ അവനെ തടയാനാവില്ല. പണക്കാരനും പാവപെട്ടവനും അവന്‍ ഒരുപോലെ
ഇല്ല, നിന്റെ മരണം ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനവുന്നില്ല കൂട്ടുകാരി ...
മഞ്ഞപിത്തം നിന്നെ പൂര്‍ണ്ണമായും വിഴുങ്ങിയപ്പോള്‍ ഞങ്ങളിവിടെ ആഘോഷതിമിര്‍പ്പിലായിരുന്നു.
ആഘോഷവും ആവേശവും കൊടുമ്പിരികൊള്ളുന്ന സ്കൂള്‍ കലോത്സവത്തിന്റെ ഹരത്തിലായിരുന്നു. നീ ആശുപത്രിയിലയതോ , ഞങ്ങളില്‍ നിന്നകലാന്‍ പോകുന്നതോ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല കൂട്ടുകാരി..
അറിയുമ്പോള്‍ വളരെ വളരെ വൈകിയിരുന്നു , നിന്റെ ജീവന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു .
കണ്ണീര്‍ വാര്‍ത്തുകൊണ്ട് അപേക്ഷിച്ചു
പക്ഷെ കാലന്‍,
ആരെയും ഭയമില്ലാത്തവാനാണവന്‍. ഒരുനാള്‍ അവന്‍ വരും എല്ലാവരുടെയും അടുക്കല്‍. വരുമെന്ന് തീര്ച്ചപെടുത്തിയ ഒരു വിരുന്നുകാരനെപ്പോലെ ചിലരുടെ അടുക്കല്‍ അവന്‍ വരും സന്തോഷത്തിന്റെ സമ്മാനപൊതിയുമായ്.
എന്നാല്‍ ചിലര്‍ക്കുള്ള സമ്മാനം ഞെട്ടിപ്പിക്കുന്നതായിരിക്കും.
മലബാര്‍ ഹോസ്പിറ്റല്‍ ഐ.സി.യു വിന്റെ വാതില്‍ തള്ളിത്തുറന്നു അവന്‍ നിന്നിലേക്ക് അടുത്തപ്പോള്‍ നിന്റെ അമ്മയുടെയും അച്ഛന്‍റെയും കണ്ണുനീരവന്‍ കണ്ടില്ലേ...?
അത് അവന്റെ കരളലിയിചില്ലേ?
ഇല്ല പെറ്റമ്മയുടെ കണ്ണുനീരിനോ പ്രിയപെട്ടവരുടെ തേങ്ങലുകള്‍ക്കോ അവന്റെ മനസ്സിനെ ഇളക്കനാവില്ല. കുറ്റപെടുത്താനാവില്ല അവനെ , അവനെ ഏല്‍പ്പിച്ച ജോലിയില്‍ അവന്‍ കൃത്യത പാലിക്കുന്നു.
പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രം ഇവിടെ തോറ്റുപോയിരിക്കുന്നു കൂട്ടുകാരി...ഡോക്ടര്‍മാര്‍ നിന്നെ കൈവെടിഞ്ഞപ്പോള്‍ നിന്റെ അമ്മയും അച്ഛനും ദൈവത്തിന്മേല്‍ പ്രതീക്ഷയര്‍പ്പിച്ചു.പക്ഷെ ദൈവവും അവര്‍ക്ക് മുന്നില്‍ കൈമലര്‍ത്തി. “മഞ്ഞപിത്തം” ഇത്രയും ഭീകരമാണോ ഈ രോഗം.
ഉച്ചക്ക് 12 മണി
ഞങ്ങള്‍ നിന്നെ കാണാന്‍ വന്നു. നീ അറിഞ്ഞുവോ ഞങ്ങള്‍ വന്നത് , നിന്റെ അമ്മ ഞങ്ങള്‍ വന്ന കാര്യം നിന്നോട് പറഞ്ഞില്ലേ...നീയത് കേട്ടുവോ .? ഇല്ല, കേട്ടില്ല , കേട്ടിരുന്നെങ്കില്‍ നീ കണ്ണു തുറക്കുമായിരുന്നില്ലേ?
നീ ഒരു യാത്രപോലും പറയാതെ പോയില്ലേ...
ഒരിക്കലും തിരിച്ചുവരാത്ത യാത്ര ദൂരേയ്ക്ക്.....ദൂരേയ്ക്ക്....
പക്ഷെ ഞങ്ങള്‍, നിന്റെ സഹപാഠികള്‍ വന്നിരുന്നു നിന്നെ യാത്രയാക്കാന്‍.
ഒരു കാര്യത്തില്‍ നീ ഭാഗ്യവതിയാണ് കൂട്ടുകാരി ...
മഞ്ഞപിത്തം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ നശിച്ച ലോകത്തില്‍ നിന്നും നീ രക്ഷപെട്ടുവല്ലോ നീ ഭാഗ്യവതിയാണ് ....
നിനക്ക് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഞാനിത് ഇവിടെ അവസാനിപ്പിക്കുകയാണ്.
ഇതെന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല . ഇതൊരു കഥയല്ല , എന്നാല്‍ ഒരു കവിതയുമല്ല , പാടാന്‍ ഇതിനു ഈണവുമില്ല.
പക്ഷെ , എനിക്ക് ഇതെഴുതണമായിരുന്നു. കാരണം,
“ഇതില്‍ നീയുണ്ട് നീ മാത്രം”
Shahad Marakkar C
Shahad Marakkar C
No comments:
Post a Comment